നിന്റെ വേണുവിനെ അവസാനം കണ്ടോളൂവെന്ന് ദൈവം നിശ്ചയിച്ചിരുന്നതുപോലെ; മനസ്സ് കീറിപ്പറിച്ച ചില മരണങ്ങൾ

അന്നേദിവസം കുറ്റൂരിൽ എത്തണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തൃശൂർ പൂങ്കുന്നത്തിനടുത്താണ് കുറ്റൂർ എന്ന സ്ഥലം. എന്നാൽ എന്നെ അന്ന് ആരോ നിർബന്ധമായി ആ ദിവസം കുറ്റൂരിൽ എത്തിക്കുകയായിരുന്നു. നീ അവനെ, നിന്റെ വേണുവിനെ അവസാനം കണ്ടോളൂവെന്ന് ദൈവം നിശ്ചയിച്ചിരുന്നതുപോലെ. ഞാൻ നാട്ടിലെത്തിയതറിഞ്ഞ് ആശുപത്രിക്കിടക്കയിലായിരുന്ന അവൻ ഡോക്ടറുടെ അനുവാദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം എന്നെ കാണാൻ പറന്നെത്തുകയായിരുന്നു. അന്ന് അവൻ എന്നോട് പറഞ്ഞു: കുടി നിർത്തിയതിന് ശേഷമാണ് അസുഖം വന്നത്. ഞാനവനെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു.
കുടി നിർത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും. പിന്നെ അതൊക്കെ മാറും. എന്റെ വാക്കുകൾ അവന് ഒരുപാട് ആശ്വാസമായി. കുറച്ച് സമയം ഞങ്ങൾ പരസ്പരം മതിമറന്ന് സംസാരിച്ചിരുന്നു. പടിയിറങ്ങുമ്പോൾ അവന്റെ കണ്ണൂകൾ ഈറനണിഞ്ഞിരുന്നു.
യാത്രാക്ഷീണം കാരണം ഞാനൊന്ന് കിടന്നതേ ഉള്ളൂ. ഒരു മയക്കത്തിൽ അനിൽ വിളിച്ച് പറയുന്നത് ഞാൻ കേട്ടു: മോഹനേട്ടാ... നമ്മുടെ വേണു....
എനിക്ക് ചുറ്റുമുള്ള ഭൂമി ആളിക്കത്തുകയാണോ അതോ ആർത്തലയ്ക്കുന്ന ആഴക്കടലിലെ ചുഴിയിൽപ്പെട്ട് ഞാൻ കരയിലെത്താൻ വെപ്രാളപ്പെടുകയാണോ ഒന്നുമെനിക്ക് മനസ്സിലായില്ല. വേദനയുടെ പാരാവാരം എന്നിലേക്ക് ആർത്തലച്ചെത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ ഓർമയില്ല. ഇനി എന്റെ വേണു ഇല്ല എന്ന തിരിച്ചറിവ് നിമിഷാർധങ്ങൾക്കുള്ളിൽ എന്നിലേക്ക് കടന്നുവന്നു. 
പ്രിയതോഴന്റെ വിയോഗം എന്നെ നിശ്ചലനാക്കി. ആരോടും പറയാതെ ആശുപത്രിക്കിടക്കയിൽനിന്ന് ഓടി വന്നത് എന്നെ നേരിൽ കണ്ട് യാത്രപറയാനായിരുന്നോ? അതോ റഫീക് അഹമ്മദ് എഴുതിയത് പോലെ മരണമെത്തുന്ന നേരത്ത് എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണം എന്ന് തോന്നലാണോ? അവൻ എന്നെത്തേടി വന്നതിന് പിന്നിൽ?
വേണുവിന്റെ  ഓർമകൾ എന്നെ കൊണ്ടെത്തിച്ചത് അവനെ ആദ്യം പരിചയപ്പെട്ട ദിനങ്ങളിലേക്കാണ്. എന്റെ ഭാര്യ സോനയുടെ അനുജത്തി സിന്ധുവിന് ഭൂമി അന്വേഷിച്ച് നടന്ന സമയത്ത് യാദൃച്ഛികമായാണ് വേണുവിനെ പരിചയപ്പെടുന്നത്. വേണു കൊട്ടേക്കാട് കാണിച്ചുതന്ന സ്ഥലം വാങ്ങി. ആ ഭൂമി വാങ്ങിച്ചു തന്നതിന് വേണുവിന് കമ്മീഷനായി ഒരു നല്ല തുക ഞാൻ നൽകി. സന്തോഷത്തോടെ അവനത് വാങ്ങിയിട്ട് പറഞ്ഞു: എത്രയോ സ്ഥലങ്ങൾ പല വലിയ ഭൂമിക്കച്ചവടക്കാർക്കും വാങ്ങി നൽകിയിട്ടുണ്ട്. അവരാരും ഒരു പൈസ പോലും എനിക്ക് നൽകിയിട്ടില്ല.
എന്റെ ജീവിതത്തിൽ ആദ്യമായി ഇത്രയും കമ്മീഷൻ തരുന്നത് മോഹനേട്ടനാണ്. സാധാരണ രീതിയിൽ മറിച്ചു വിൽക്കുന്ന കച്ചവടക്കാർക്ക് ഭൂമി വാങ്ങിക്കൊടുത്താൽ, ആ ഭൂമി വീണ്ടും വിൽക്കുമ്പോഴാണ് അവർ കമ്മീഷൻ കൊടുക്കുന്നത്. 
അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. അവിടെ നിന്നാണ് വേണുവുമായുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത്. അവനോടുള്ള സൗഹൃദം ദൃഢമാകാനുള്ള കാരണം അവന്റെ നിഷ്‌കളങ്കമായ പെരുമാറ്റവും സത്യസന്ധതയുമായിരുന്നു. മുമ്പ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു വേണു. കൈയിൽ വന്നിരുന്ന കാശ് ആവശ്യക്കാർക്ക് നൽകുക എന്നത് അവന്റെ ശീലമായിരുന്നു. അത് തിരിച്ചു ചോദിക്കാൻ അവന്റെ മനസ്സ് അനുവദിച്ചിരുന്നില്ല.
അന്ന് നടന്ന ആ ഭൂമിക്കച്ചവടം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി, എന്റെ നെഞ്ചിൽ കൂടുകൂട്ടി അവൻ താമസമാരംഭിച്ചു. ഞാൻ സൗദിയിലായിരുന്നപ്പോൾ എല്ലാ ദിവസവും വിളിച്ച് അവന്റെ വിവരങ്ങൾ അന്വേഷിക്കുക പതിവായി. ഞങ്ങളുടെ ബന്ധം സ്ഫടികം പോലെ തെളിമയാർന്നതായി.


വേണുവിന്റെ സത്യസന്ധതയും അത്മാർഥതയും സ്മരിക്കുമ്പോൾ ആ നാട്ടിൽ തന്നെ അരക്കള്ളനും മുക്കാൽ കള്ളനുമായി ജീവിക്കുന്ന രണ്ട് വ്യക്തികളെ കുറിച്ച് പറയാതിരിക്കാൻ നിർവാഹമില്ല. അവരുടെ യഥാർഥ പേരുകൾ ഈ അവസരത്തിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ്  എന്നെ കബളിപ്പിച്ച് എന്നിൽനിന്ന് കോടികൾ കൈപ്പറ്റി കോടീശ്വരന്മാരായ അവരെ അരക്കള്ളനും മുക്കാൽ കള്ളനെന്നും വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. അവർ ചെയ്തിരുന്ന കള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ധൈര്യപ്പെട്ടിരുന്നത് വേണു മാത്രമായിരുന്നു.
വേണുവിന്റെ വരവോടെ എനിക്ക് എന്റെ ബാല്യകാലത്ത് നഷ്ടപ്പെട്ടുപോയ സുബ്രു എന്ന ആത്മസുഹൃത്തിനെ വേണുവിലൂടെ ഞാൻ വീണ്ടെടുക്കുകയായിരുന്നു. സുബ്രു കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായിരുന്നു. ബാല്യകൗതുകങ്ങൾ നിറഞ്ഞ കാലത്തെ എന്റെ ആത്മമിത്രം. അത്തരമൊരു ബന്ധം പിന്നീട് എനിക്ക് ആരുമായും ഉണ്ടായിരുന്നില്ല. എങ്കിലും വേണുവിൽ സുബ്രുവിന്റെ നിരവധി സാദൃശ്യങ്ങൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ വീടിന് തൊട്ട് കിഴക്കെ മരപ്പണിക്കാരുടെ വീടും കഴിഞ്ഞാൽ സുബ്രുവിന്റെ വീടായി. പത്ത് സെന്റിലെ 'കൊച്ചുകുടിലിലെ ജന്മി'യായിരുന്നു സുബ്രു. കോരന്റെയും വള്ളിയുടെയും രണ്ടാമത്തെ മകൻ. എന്റെ മനസ്സിനെ അവന് കീഴടക്കാൻ കഴിഞ്ഞത് സ്നേഹം കൊണ്ടാണ്. കറതീർന്ന സ്നേഹം. ആ കൊച്ചുകുടിലിലാണ് സുബ്രുവിന് പുറമെ അച്ഛനും അമ്മയും നാല് സഹോദരങ്ങളും കഴിഞ്ഞിരുന്നത്. ചെറുപ്പംതൊട്ട് വളർന്നതാണ് ഞങ്ങളുടെ ബന്ധം. അത് കൂടുതൽ ദൃഢമാകുന്നത് ഒന്നിച്ച് സ്‌കൂളിലേക്ക് പോകാൻ തുടങ്ങിയതോടെയാണ്. കുളത്തിൽ നീന്തിത്തിമിർക്കാനും അത് പോലെ എന്തിന് എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചായിരുന്നു.
ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിൽ സമർത്ഥനായിരുന്നു സുബ്രു. അതുതന്നെയായിരുന്നു ഇഷ്ടവിനോദവും. ഇതിന് പുറമെ പഞ്ചായത്ത് ഓഫീസിന്റെ മൈതാനത്ത് പഴകിയ തുണികൾ ഉപയോഗിച്ച് ഫുട്ബോൾ വലിപ്പത്തിൽ പന്തുണ്ടാക്കി കളിക്കുന്നത് ഞങ്ങളുടെ ഇഷ്ടവിനോദമായിരുന്നു. പന്തിനേക്കാൾ വേഗത്തിൽ കുതിക്കുന്ന സുബ്രുവിന്റെ കാലിൽനിന്ന് പന്ത് തട്ടിയെടുക്കുക എളുപ്പമായിരുന്നില്ല. പന്തിന്, എന്നെ കാൽകൊണ്ട് തട്ടാൻ യോഗ്യൻ സുബ്രു മാത്രമാണെന്നു വിചാരമുള്ളതുപോലെയാണ് കളി കണ്ടാൽ തോന്നുക. എന്നാൽ സുബ്രു എത്രയോ തവണ പന്ത് തട്ടി എന്റെ കാലുകളിലേക്ക് എത്തിച്ചിട്ടുണ്ട്. മത്സരത്തിനിടയിലും സ്നേഹത്തിന്റെ നീരുറവകൾ സുബ്രു മനസ്സിൽ സൂക്ഷിച്ചിരുന്നു. അങ്ങിനെ എന്തെല്ലാം.... അന്തിക്കാട് കുളത്തിലെ കുളി നൽകിയ ആഹ്ലാദങ്ങൾ, ആരവങ്ങൾ, ഞങ്ങളുടെ സൗഹൃദത്തിന്റെ പൂവനം എന്നും പൂത്ത് പന്തലിച്ച് നിന്നിരുന്നു.
അന്തിക്കാട് കുളം എത്രയോ വലുതാണ്. അന്തിക്കാട്ടുകുളം കേരളത്തിൽത്തന്നെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണ്. ആ കുളത്തിനെ മുറിച്ച് നാൽപത് റൗണ്ട് ഞാനും സുബ്രുവും നീന്തി ഞങ്ങളുടെ വാശി വിജയിപ്പിച്ചെടുത്തിട്ടുണ്ട്. സുബ്രുവിന് ഒരു ചേട്ടനുണ്ടായിരുന്നു. എന്തോ അസുഖം വന്ന് ആ കുട്ടി മരണപ്പെട്ടതിന് ശേഷമാണ് സുബ്രു ഉണ്ടായത്. അതിനാൽ അച്ഛനമ്മമാരുടെ സ്നേഹനിധിയായിരുന്നു എന്നും സുബ്രു. അവരെപ്പോലെത്തന്നെ എന്റെ അമ്മയ്ക്കും അച്ഛമ്മയ്ക്കും ബാക്കി എല്ലാവർക്കും സുബ്രുവിനെ ജീവനായിരുന്നു. ഒഴിവ് കിട്ടുമ്പോഴൊക്കെ ഞാൻ സുബ്രുവിന്റെ കുടിലിൽ ഓടിയെത്തും. അവിടെ നിന്ന് എന്ത് കഴിക്കാൻ കിട്ടിയാലും അത് എനിക്ക് അമൃതായിരുന്നു. 
മീൻപിടുത്തത്തിൽ മാത്രമല്ല കൃഷിപ്പണിയിലും സുബ്രുവിന് പ്രത്യേക കഴിവുണ്ടായിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഞാനും സുബ്രുവും ചേർന്ന് പച്ചക്കറി നട്ട് വളർത്തും. ഞങ്ങളുടെ വീടുകളിൽ വർഷക്കാലങ്ങളിൽ കഴിയാനുള്ള പച്ചക്കറി വയലിൽ നിന്ന് കിട്ടും. മത്തൻ, കുമ്പളം, വെള്ളരിക്ക, ചീര, വെണ്ട എന്തെല്ലാം പച്ചക്കറികൾ. ഞങ്ങൾ മത്സരിച്ചാണ് കൃഷി ചെയ്യുക. ആ ചെടികൾ നമ്മുടെ സൗഹൃദംപോലെത്തന്നെ പൂത്ത് തളിർത്ത്, ഫലങ്ങൾ തന്നുകൊണ്ടിരുന്നു.
സ്‌കൂളിൽ നടക്കുന്ന എല്ലാ കായിക മത്സരങ്ങളിലും സുബ്രു നേട്ടങ്ങൾ കൊയ്തപ്പോൾ, കൈയക്ഷര മത്സരത്തിലും ഒന്നുകിൽ അവന് ഒന്നാം സ്ഥാനം അല്ലെങ്കിൽ എനിക്ക്. ഇക്കാര്യം മാറിയും മറിഞ്ഞും വന്നു. എന്നിൽ നിന്ന് ഭിന്നമായി അവന് സി.പി.എമ്മിന്റെ പാർട്ടി പ്രവർത്തനമുണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് അവനെ കിട്ടാതാവുന്നത്. ഒഴിവ് സമയം കിട്ടുമ്പോൾ അവൻ പാർട്ടിക്ക് വേണ്ടി ബോർഡെഴുതുകയും ചുവരെഴുത്തിനും പോവുക പതിവാണ്. നേതാക്കളുടെ ചിത്രങ്ങൾ മിനിട്ടുകൾക്കുള്ളിൽ അവൻ വരച്ച് തീർക്കും. അവന്റെ ബ്രഷിൽ നിന്ന് ഇ.എം.എസും, എ.കെ.ജി.യും പിറവിയെടുക്കുന്നത്, ഞാൻ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. എന്റെ ഉറ്റവനിൽ നിന്നാണല്ലോ ദൈവമേ ഇതെല്ലാം പൊട്ടിവിടരുന്നതെന്നോർത്ത് ഞാനവനെ എത്രയോ തവണ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിട്ടുണ്ട്.
കോൾപ്പാടത്ത് വരമ്പ് വെച്ചശേഷം വളം വിതറി, പെണ്ണുങ്ങൾ വടക്കൻ പാട്ടിന്റെ ശീലിനൊപ്പം ഞാറ് നടുമ്പോൾ ഞാനും സുബ്രുവും അതിന്റെ ഭാഗമാകും. വയലിലെ അധ്വാനത്തിനൊപ്പം വടക്കൻ പാട്ട് ഞങ്ങളുടെ നാവിലും തത്തിക്കളിക്കും. ഞങ്ങളും എത്രയോ ഞാറുകൾ നട്ടിട്ടുണ്ട്. ഈ ഞാറുകൾ കതിരുകളായി പാൽക്കുടങ്ങൾ പോലെ നിറഞ്ഞ് നിൽക്കുന്ന കാഴ്ച എന്റെ അധ്വാനത്തെ എനിക്ക് ബോധ്യപ്പെടുത്തിയ ആദ്യപ്രതിഫലമാണ്. സുബ്രു മറ്റൊരാളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അവൻ എന്റെ ഉടപ്പിറപ്പാണ് എന്ന വിചാരമായിരുന്നു എനിക്ക് എപ്പോഴും. അതുതന്നെയാണ് അവനും തോന്നിയിരുന്നത് എന്നെനിക്കറിയാം.
കോൾപ്പണി കഴിഞ്ഞ്, അന്തിക്കാട് കുളത്തിൽ പോയി കുളിച്ച്, വീട്ടിൽ വന്ന് പൈസ വാങ്ങിച്ച്, അന്നത്തെ അരിയും മറ്റു പാലചരക്കു സാധനങ്ങളും  കടയിൽനിന്ന് വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു സുബ്രുവിന്റെ രീതി. ഒരു ദിവസം കുളി കഴിഞ്ഞപ്പോൾ സുബ്രു പറഞ്ഞു ഞാൻ ഉടൻ വരാമെന്ന്. അന്തിക്കാട് അമ്പലത്തിന്റെ വളവിലേക്ക് നടന്നുമറയുന്ന സുബ്രുവിനെയാണ് ഞാൻ അവസാനമായി കണ്ടത്. കുളി കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോഴാണ് അവന്റെ കൊലപാതക വാർത്ത അറിയുന്നത്. രാഷ്ട്രീയ  പാർട്ടികൾ പിളർന്ന് ശത്രുതയിൽ നിൽക്കുന്ന കാലയളവിലായിരുന്നു സംഭവം. അന്ന് മറ്റൊരു സുബ്രുവിനെ കൊലപ്പെടുത്തേണ്ടതിന് പകരം ആള് മാറി നിഷ്‌കളങ്കനായ എന്റെ സുബ്രുവിനെ കൊലക്കത്തിക്കിരയാക്കുകയായിരുന്നു. ചോരയിൽ കുളിച്ച് വീണ് കിടന്നപ്പോഴും അവൻ പറഞ്ഞത് ഇക്കാര്യം മോഹനോടും അമ്മയോടും പറയരുതെന്നാണ്. അമ്മയോടുള്ള സ്നേഹം അതേ അളവിൽ അവന് എന്നോടുമുണ്ടായിരുന്നു.
അവന്റെ കൊലപാതകത്തിന് ശേഷം എന്റെ പ്രാണനിൽ നിന്ന് എന്തോ മുറിഞ്ഞ് ഇല്ലാതായതുപോലെയാണ് എനിക്ക് തോന്നിയത്. ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായതുപോലെ. സുബ്രുവും ഞാനും രണ്ടാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് അവന്റെ മരണമായിരുന്നു. സുബ്രുവിന്റെ കൊലപാതകം എന്നെ തകർത്ത് കളഞ്ഞു.. 
വേണു എന്നെ പലപ്പോഴും സുബ്രുവിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ഭൂമിക്കച്ചവടത്തിൽ ഞാൻ മുഖ്യബ്രോക്കർക്ക് കമ്മീഷൻ നൽകിയിരുന്നു. അവന്റെ കൂട്ടാളിയായിരുന്നു ബ്രോക്കർ രാംദാസ്. അവന് മുഖ്യബ്രോക്കർ പൈസ നൽകിയില്ലെന്ന് പറഞ്ഞ് എന്റെ വീടിന് മുന്നിൽവെച്ച് വാക്ക്തർക്കമായി. ഇക്കാര്യം അറിഞ്ഞ വേണു, ബൈക്കെടുത്ത് അവന്റെ വീട്ടിൽപോയി വഴക്കിടുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങളുടെ വീട്ടിലേക്ക് രാംദാസ് ഫോൺ ചെയ്തപ്പോഴാണ് വേണു ഭീഷണിപ്പെടുത്തിയ കാര്യം ഞാനറിയുന്നത്. കാര്യമറിഞ്ഞപ്പോൾ എന്റെ ഭാര്യ അവനെ ഒരുപാട് ശാസിച്ചു. അപ്പോൾ വേണു പറഞ്ഞത് എന്റെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം മോഹനേട്ടനും കുടുംബത്തിനും വേണ്ടി ഞാൻ ഉണ്ടാവുമെന്നും ആരെയും ഈ കുടുംബത്തിന് നേരെ വിരൽചൂണ്ടാൻ അനുവദിക്കില്ലെന്നുമാണ്. പലപ്പോഴും ഞങ്ങൾ വീടടച്ച് നാട്ടിൽനിന്നും പുറത്തേക്കുപോകുമ്പോൾ വേണു ഒരു കാവൽക്കരനെപോലെ ഞങ്ങളുടെ വീടും അന്തരീക്ഷവും സ്വന്തമെന്നപോലെ സംരക്ഷിച്ചിരുന്നു.


അന്നൊരിക്കൽ ഭാര്യ സോന സുഖമില്ലാതെ തമ്മനത്ത് ആശുപത്രിയിൽ കിടന്നിരുന്ന സമയത്താണ് തിരുവാതിര ഞാറ്റുവേല കടന്നുവന്നത്. മണ്ണൂത്തി കാർഷിക സർവകലാശാലയിൽ നിന്ന് കൊണ്ടുവന്ന തെങ്ങിൻതൈകൾ കുഴിച്ചിടാൻ ആളെത്താത്തതിനാൽ ഞാൻ തന്നെ വലിയ തെങ്ങിൻകുഴി കുത്തി തൈകൾ നട്ടു. കണ്ടുനിന്ന വേണുവിനത് സഹിച്ചില്ല. എന്റെ കൂടെ അവനും ഇറങ്ങി തൈകൾ നടാൻ കുഴി കുത്തി.
വേണു തെങ്ങിൻകുഴി കുത്തിയ കാര്യം എന്റെ ഭാര്യ സോന അറിഞ്ഞപ്പോൾ വീട്ടിൽ ഒരു പണിയും ചെയ്യാത്ത നീ മോഹനേട്ടനെ ബോധ്യപ്പെടുത്താനാണ് ഇറങ്ങിയതെന്നായിരുന്നു അവളുടെ വിശദീകരണം. വെയിലും മഴയുംകൊണ്ട് എനിക്കൊപ്പം തെങ്ങിന് കുഴി കുത്തിയ വേണുവിനെ ഞാൻ ഓർത്തു. എനിക്ക് അവനോടുള്ള സ്നേഹം ഇരട്ടിക്കുകയായിരുന്നു. 
മഴയും വെയിലുംകൊണ്ട് അവൻ എന്നെ സഹായിക്കുകയായിരുന്നു. എന്നെ സ്വന്തമെന്ന് കണ്ട് സ്നേഹിച്ച അവന്റെ മനസ്സാണ് ഞാൻ കണ്ടത്.
അവസാനമായി വേണുവിനെ കാണാൻ സാധിച്ചത് വളരെ യാദൃച്ഛികമായാണ്. 2009 ഓഗസ്റ്റ് ആദ്യവാരത്തിൽ ഞാൻ മുംബൈയിൽ ജ്വല്ലറി എക്സ്ബിഷനെത്തിയിരുന്നു. സാമ്പത്തിക മാന്ദ്യം കാരണം എക്സിബിഷൻ നന്നായില്ല. ബിസിനസുമായി ബന്ധപ്പെട്ട് ആദ്യം ദൽഹിയിലേക്ക് പോകാനായിരുന്നു തീരുമാനം. പക്ഷെ ആ യാത്ര സാധ്യമായില്ല. രണ്ടുദിവസം കഴിഞ്ഞ് ഞാൻ നാട്ടിലെത്തി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ശാരദാമ്മായിയുടെ ഫോൺ വന്നു. ഗോപാലമ്മാവന്റെ ഭാര്യയാണ് ശാരദാമ്മായി. അവരുടെ മകനാണ് പ്രഭുദാസ്. അദ്ദേഹം വർഷങ്ങളായി സൗദിയിൽ ബിസിനസിൽ എന്നെ സഹായിക്കുന്ന വ്യക്തിയാണ്.
അമ്മാവന് സുഖമില്ലെന്നായിരുന്നു. അമ്മായിയുടെ ഫോൺ. അമ്മാവന് പ്രായാധിക്യത്തിന്റെയും ശാരീരിക ക്ലേശങ്ങളുടേയും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആരും നിർബന്ധിച്ചിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കുന്നില്ല. മകനും, ഞാനും, അളിയനും മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഗോപാലമ്മാമനെ വളരെ പ്രയാസപ്പെട്ട് തൃശൂർ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത് മാമന് തീരെ ഇഷ്ടമായില്ല. അതിനാൽ എന്നെ കടുത്ത ഭാഷയിൽ ശകാരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അന്ന് ശപിച്ച വാക്കുകൾ ഇന്നും ചിലപ്പോഴൊക്കെ ഒരു ഇടിമുഴക്കം പോലെ തോന്നാറുണ്ട്.
തിരിച്ച് വീട്ടിലെത്തിയപ്പോൾ വൈകുന്നേരം അഞ്ച് മണി. അപ്പോഴാണ് വേണു വീട്ടിലെത്തിയത്. ഏകദേശം അരമണിക്കൂർ നടുമുറ്റത്തിരുന്ന് സംസാരിച്ചു.
വേണുവിനെ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
ഞാൻ വളരെ ക്ഷീണിതനായിരുന്നു. വിശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് വേണു മരണപ്പെട്ടുവെന്ന വാർത്ത അറിയുന്നത്. അരമണിക്കൂർ മുമ്പുവരെ അവൻ എന്റെ തൊട്ടടുത്തുണ്ടായിരുന്നു. ചെറുപ്പം മുതൽ ഒരുപാട് മരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അച്ചച്ഛന്മാർ, അച്ഛമ്മ, അമ്മാമ, അച്ഛൻ, അമ്മ, അയൽക്കാർ, എന്റെ കൊച്ചനുജത്തി അംബിക അങ്ങനെ എത്ര പേർ.... എത്രയോ മരണങ്ങൾ കണ്ട് എന്റെ കണ്ണും മനസ്സും ഹൃദയവും മരവിച്ചിരുന്നു. പിന്നീട് മരണവാർത്ത കേട്ടാലും എന്നെ വേദനിപ്പിച്ചിരുന്നില്ല. ഇതെല്ലാം ജീവിതത്തിലെ സാധാരണ വിഷയങ്ങൾ മാത്രമാണെന്ന തോന്നലായിരുന്നു എനിക്ക്. എന്നാൽ വേണുവിന്റെ മരണവാർത്ത എന്നെ തകർത്തു കളഞ്ഞു. സുബ്രുവിന്റെ മരണത്തിലേക്ക് ആ വിയോഗം എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എനിക്ക് വേണ്ടപ്പെട്ടവർ ഞാൻ ഇഷ്ടപ്പെടുന്നവർ എല്ലാം എന്നെ വിട്ടുപിരിയുന്നു. ഈ ചിന്ത എന്നെ നിഷ്‌ക്രിയനാക്കി. ഒരു കൊല്ലത്തോളം ഈ ചിന്തകൾ മാനസികമായും ശാരീരികമായും എന്നെ തളർത്തി. നിർവികാരാവസ്ഥ എന്നെ പൊതിഞ്ഞുനിന്നു. കച്ചവടത്തിൽ ശ്രദ്ധയില്ലാതെയായി. ശോകഗാനങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങി.
വേണു മരിച്ച ദിവസം ഞാൻ ഉറങ്ങിയില്ല. അടുത്ത ദിവസം മൃതദേഹം ചിതയിലേക്ക് കൊണ്ടുപോകാൻ വേണ്ടി എടുത്തപ്പോൾ, അവന്റെ ശരീരം ചിതയിൽ അമരുന്നത് കാണാൻ കഴിയാതെ ഞാൻ അവിടം വിട്ട് മറ്റൊരു വാഹനത്തിൽ എന്റെ ജോലി സ്ഥലത്തേക്ക് തിരിച്ചു. 
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് എം.ടി.വാസുദേവൻ നായർ പറഞ്ഞത് എത്ര അർത്ഥവത്താണെന്ന് എന്റെ ആത്മസുഹൃത്തുക്കളുടെ വേർപാടിലൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു. 

 

Latest News