മാപ്പിളനാടിന്റെ വീരകഥകളുടെ ശൗര്യം തുടിച്ചു നിന്ന കോൽക്കളിയുടെ ചൈതന്യം വീണ്ടെടുക്കാൻ യത്‌നിക്കുന്ന നാസർ കാപ്പാട് എന്ന കലാകാരന്റെ ജീവിതത്തിലൂടെ...
നാടുനീങ്ങിത്തുടങ്ങിയ നാടൻ കലാരൂപങ്ങളിലൊന്ന് എന്ന ഖ്യാതി മാത്രമാണ് ഇന്ന് കേരളത്തിൽ കോൽക്കളിക്കുള്ളത്. പക്ഷെ, ഒരുകാലത്ത് അത് സാമൂഹിക സൗഹാർദ്ദം ഊട്ടിയുറപ്പിച്ചിരുന്ന കളി എന്ന നിലയിൽ സർവപ്രതാ പങ്ങളോടെ നിലനിന്നിരുന്ന ഒന്നാണ്. അരങ്ങിൽ വെളുത്ത ഉടയാടകളിൽ തിളങ്ങി, ദ്രുതചലനത്തോടെ കോലുകളുയർത്തി തട്ടിയും മുട്ടിയും പാട്ട് പാടി ചവിട്ടുനൃത്തം വെക്കുന്ന കലാകാരന്മാരുടെ വായ്ത്താരി: തരികിട താ വില്ലത്തൈ...
നാടിന്റെ തനതു പാരമ്പര്യവും പൈതൃകവും ഉൾക്കൊണ്ട്, ജാതിമതഭേദമന്യേ ഹിന്ദുവും മുസൽമാനും ഒരു പോലെ കൈയാളിയിരുന്ന ഒരു കലാവിനോദമെന്ന സവിശേഷതയുമുണ്ടതിന്. പക്ഷെ, കാലക്രമേണ മനുഷ്യമനസ്സുകളിൽ ജാതി-മത-വർഗീയതയുടെ വേരുകൾ ആഴ്ന്നിറങ്ങിത്തുടങ്ങിയപ്പോൾ കോൽക്കളിയിലെ സാമൂഹ്യ നിലപാടുകളിൽ ഭിന്നിപ്പ് വീഴുകയായിരുന്നു. ആ ഘട്ടത്തിലാണ് അത് മലബാറിലെ മാപ്പിളമാരുടെ മാത്രം കളി എന്ന നിലയിലേക്ക് ചുരുക്കപ്പെടുകയോ, വിവേചനത്തോടെ കാണാൻ തുടങ്ങുകയോ ചെയ്യുന്നത്.
അത്തരമൊരു സാഹചര്യത്തിൽ നിന്നും കോൽക്കളിയെ മോചിപ്പിക്കാനും പൊയ്‌പ്പോയ ഒരു കാലത്തെ അതിന്റെ സവിശേഷ വ്യക്തിത്വം നിലനിർ ത്താനും അശ്രാന്ത പരിശ്രമവുമായി ഒരാളിതാ - നാസർ കാപ്പാട്. കോൽക്കളിയെ അതിന്റെ തനിമയിൽ വീണ്ടെടുക്കാനുള്ള ആ ശ്രമം ഒരർഥത്തിൽ മലബാറിലെ മതസൗഹാർദ്ദ കൂട്ടായ്മകൾക്ക് ശക്തി പകരുന്ന ഒരു പുനരുത്ഥാന പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ്. കോഴിക്കോട്ട് കാപ്പാട് കടപ്പുറത്തെ പടിഞ്ഞാറെ വളപ്പിൽ എന്ന വീട്ടിൽ ദിവസവും കാലത്ത് ഉറക്കമുണർന്നാൽ നാസർ കണികാണുന്നത് വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച സ്തൂപമാണ്. കേരളീയനേയും ഭാരതീയനേയും ജാതി-മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ഭരിക്കാൻ ശ്രമിച്ച യൂറോപ്യൻ പാരമ്പര്യത്തിന്റെ ആ ആദിപിതാവിന്റെ സ്തൂപം നാസറിനെ എന്നും ഓർമപ്പെടുത്തിയത് മനുഷ്യൻ മതസൗഹാർദ്ദത്തോടെ കഴിയേണ്ടുന്ന യാഥാർഥ്യത്തെ കുറിച്ചുള്ള പ്രായോഗിക ചിന്തകളാണ്.
കോൽക്കളി ഒരു മതവിഭാഗത്തിന്റേതുമാത്രമല്ല, അത് ഒരു ജനവിഭാഗത്തിന്റേതു കൂടിയാണ് എന്ന ചിന്തയാണ് നാസർ കാപ്പാടിനെ എന്നും നയി ക്കുന്നത്. അത് ഒരു മതത്തിന്റെയല്ല, ഒരു നാടിന്റെ സാംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്ന കലാരൂപമാണ് എന്നുമദ്ദേഹം വിശ്വസിച്ചു. പുരാതന മനുഷ്യർ ചെറുത്തു നിൽപ്പിനായി ഉപയോഗിച്ചിരുന്ന വടികളും എല്ലിൻ കഷ്ണങ്ങളും അവരുടെ വിശ്രമവേളകളിലെ വിനോദോപാധികളിൽ ഒന്നായപ്പോഴാണ് കോൽക്കളിയുടെ പ്രാകൃതരൂപം പാകപ്പെടുന്നത് എന്ന് ചരിത്രം.
കേരളത്തിന്റെ തനതു കായികാഭ്യാസമായ കളരിയിൽ നിന്നും കോൽക്കളി അതിന്റെ പരിണാമദശകളിൽ ചില അംശങ്ങളൊക്കെ സ്വീകരിച്ചിരുന്നു.
കോൽ എന്ന ആയുധം കൊണ്ടുള്ള കായികവിനോദം എന്ന നിലയിൽ ശ്രദ്ധേയമായ കോൽക്കളിക്ക് അതുകൊണ്ടു തന്നെ അപകടകരമായ ഒരു മാ നം കൂടിയുണ്ട്. ആളുകളുടെ കൂട്ടായ്മയാണ് ഈ കളിയുടെ കാതൽ. അതിനാൽ തന്നെ മാനസികമായി പക്വതയില്ലാത്തവർ കളിച്ചു കൂടാത്ത കളിയാണിത്. കളിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രകോപനം പോലും കളിക്കാർ തമ്മിൽ പരസ്പരം കോലുകൊണ്ടുള്ള അക്രമത്തിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അതിനാൽ കളരി പോലെ തന്നെ കോൽക്കളിയിലും കളിക്കാർ മാനസികമായി അച്ചടക്കമുള്ളവരായിത്തീരണം.
ആ അർഥത്തിൽ കുട്ടികളിൽ മാനസികമായി പക്വത കൊണ്ടുവരാനുള്ള പരിശീലനക്കളരി കൂടിയായിട്ടാണ് കോൽക്കളിയെ അദ്ദേഹം കാണുന്നത്. അത്തരക്കാരിൽ സഹനശക്തിയും പരസ്പരസഹവർത്തിത്വവും വിശാലമായ കാഴ്ചപ്പാടുകളും വളരും. ജാതി-മത ചിന്തകൾക്ക് അവരുടെ മനസിൽ സ്ഥാനമില്ലാതാകും എന്നാണ് ദീർഘകാലമായി കോൽക്കളി വിദഗ്ധനായി, ഉപാസകനായി, പരിശീലകനായി ജീവിക്കുന്ന നാസർ കാപ്പാടിന്റെ അഭിപ്രായം.
ഇന്ത്യയിൽ കോൽക്കളിയുടെ ചരിത്രം ആര്യസംസ്‌കാരത്തിന്റെ അധിനിവേശത്തോടെ ആരംഭിച്ചതാണ്. പക്ഷെ അനേകം ഐതിഹ്യങ്ങൾക്കും കെ ട്ടുകഥകൾക്കുമപ്പുറം അതിന് തെളിവാർന്ന ചരിത്രരേഖകളൊന്നുമില്ല. അതെ ന്തായാലും ദ്രാവിഡ പാരമ്പര്യമുള്ള കടലോര ഹൈന്ദവ മുക്കുവരായിരുന്നു കേരളത്തിലെ ആദ്യത്തെ കോൽക്കളിക്കാർ. കൊയിലാണ്ടിയിലെ പൈതൽ
മരക്കാർ എന്ന മൽസ്യത്തൊഴിലാളിയിൽ നിന്നത്രെ മുസ്‌ലിംകൾ ഈ കല സ്വായത്തമാക്കുന്നത്. 1930-കളിൽ പൈതൽ മരക്കാറിൽനിന്നും കോൽക്കളി പഠിച്ച ആദ്യകാല മുസ്‌ലിംകളിലൊരാളായിരുന്നു നാസറിന്റെ വലിയുപ്പ ഉപ്പാലക്കണ്ടിപ്പറമ്പി ൽ അസൈൻ. ആ കൂട്ടത്തിലെ ഹുസൈൻകുട്ടി ഗുരുക്കളാണ് കോൽക്കളി കോഴിക്കോട്ട് പരിചയപ്പെടുത്തുന്നത്. തുടർന്ന് മൂസക്കുട്ടി ഗുരുക്കൾ തീരദേശമായ ചാലിയത്തും ആലിക്കുട്ടി ഗുരുക്കൾ ജില്ലയുടെ കിഴക്കൻ മേഖലയായ എടരിക്കോട്ടും മമ്മത് ഗുരുക്കൾ തിക്കോടിയിലും കോൽക്കളി പ്രചാരത്തിലാക്കി. ആ കളി കൊയിലാണ്ടിയിലെത്തിച്ച മമ്മു ഗുരുക്കൾ എന്നയാളാണ് നാസർ കാപ്പാടിന്റെ കോൽക്കളി ഗുരു.
ഇന്ത്യയിൽ കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി 26 സംസ്ഥാനങ്ങളിൽ വിവിധ രൂപങ്ങളിലായി കോൽക്കളിയുണ്ട്. ഓരോ സ്ഥലത്തേയും കേൽക്കളിക്ക് അതിന്റേതായ വൈവിധ്യങ്ങളുണ്ടെന്നു മാത്രം. കളിക്കാരുടെ ചുവടുവെപ്പിലും അംഗവിക്ഷേപങ്ങളിലും പാട്ടുകളിലും വസ്ത്രധാരണത്തിലും എല്ലാം ഈ വ്യത്യസ്തയുണ്ട്. ഒരു കോലും രണ്ടു കോലും വച്ച് കളിക്കുന്നവരുണ്ട്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന കോൽക്കളികളുമുണ്ട്. ഗുജറാത്തിൽ 'ഗർഭ' എന്നാണ് കോൽക്കളി അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ അത് ഡ്രാന്റിയ ആണ്. രാജസ്ഥാനിൽ കുംമ്ര. ആന്ധ്രയിൽ കോലാട്ട. തമിഴ്‌നാട്ടിലത് കോലാട്ടം ആണ്. കേരളത്തിൽ തന്നെ കോൽക്കളി പലതാണ്. രാജസൂയം, നാടോടി കോൽക്കളി, ആദിവാസി കോൽക്കളി, ചുവടുകുത്തി കോൽക്കളി, ചരടുകുത്തി കോൽക്കളി എന്നിങ്ങനെ വകഭേദങ്ങൾ ധാരാളം. മൊത്തം 26 ഇനം കോൽക്കളികളുണ്ട് എങ്കിലും ഇന്ന് പത്തോ പതിനഞ്ചോ എണ്ണം മാത്രമാണ് പ്രചാരത്തിലുള്ളത്. കേരളത്തിൽ മലബാറാണ് കോൽക്കളിക്ക് പ്രസിദ്ധം. പ്രത്യേകിച്ചും കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ.
കോൽക്കളിയെ ജനകീയമാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ പരിശീലകരിൽ ഒരാളായിട്ടാണ് ഇന്ന് നാസർ കാപ്പാട് അ റിയപ്പെടുന്നത്. ഒരു ഉപജീവന മാർഗം എന്ന നിലയിൽ ഒരിക്കലും കൊണ്ടു നടക്കാൻ പറ്റാത്ത ഒരു കലാരൂപമാണ് അതെന്നറിഞ്ഞിട്ടും തീവ്രമായ അഭിനിവേശം ഒന്നുമാത്രമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെറുപ്പത്തി ലെ കളരി അഭ്യസിച്ചതും പ്രചോദനമായി. അതിലുപരി അന്യംനിന്നു പോകുന്ന ആ കലാരൂപത്തെ വീണ്ടെടുത്ത് അതിന്റെ തനിമയും പാരമ്പര്യവും നിലനിർത്തുമ്പോൾ കേരളീയ മനസുകളിൽ കലയിലൂടെ മതേതരത്വ കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കാൻ ആവുമെന്ന പ്രത്യാശയും അദ്ദേഹത്തിനുണ്ട്. നാടകനടൻ, രചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ കൂടി പ്രവർത്തിക്കുന്ന നാസറിന് കോൽക്കളിക്കാരൻ എന്നറിയപ്പെടാനാണ് ഏറെ ആഗ്രഹം.
കോൽക്കളിയെ കുറിച്ച് പത്തു വർഷത്തോളം നാസർ കാപ്പാട് ഗവേഷണം നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. അനന്തരഫലമായിട്ടാണ് കണ്ണൂർ ഫോക്‌ലോർ അക്കാദമിയിൽ അദ്ദേഹം ഒരു ഗവേഷണ പ്രബ ന്ധം അവതരിപ്പിച്ചത്. അതിന് കോൽക്കളി ഗവേഷകൻ എന്ന പദവി നൽകി അവർ അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. പിന്നീട് ഈ പ്രബന്ധം വിപുലീകരിച്ച് 'കോൽക്കളി-ചരിത്രവും ശൈലീഭേദങ്ങളും' എന്ന പേരിൽ പുസ്തകമായി ഇന്ത്യയിൽ തന്നെ ഒരുപക്ഷെ, കോൽക്കളിയെ സമഗ്രമായി വിലയിരുത്തുന്ന ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിൽ ഒന്നാണിത്.
1991 മുതൽ 1994 വരെയുള്ള തുടർച്ചയായ നാലു വർഷം കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവ് സ്‌കൂൾ, സബ്ജില്ല യുവജനോത്സവങ്ങളിൽ കോ ൽക്കളിക്ക് സമ്മാനം വാങ്ങിയതിൽ അവിടുത്തെ കോൽക്കളി പരിശീലകനായ നാസറിന് വലിയ പങ്കുണ്ട്. അതിന്റെ ഭാഗമായി സ്‌കൂളിന്റെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധ സാഹിത്യകാരനായ യു.എ.ഖാദർ ഉപഹാരം നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. വടകര, മണിയൂർ നവോദയ സ്‌കൂളിലെ കുട്ടികളെ കോൽക്കളി പരിശീലിപ്പിച്ച് അദ്ദേഹം ഹൈ ദരാബാദിൽ മത്സരത്തിന് കൊണ്ടുപോവുകയുണ്ടായി. അവിടെ കോൽക്കളിയുടെ ഏറ്റവും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് അവർക്ക് കാണികളുടെ കൈയ്യടി നേടാൻ കഴിഞ്ഞു. ആ ടീമിന്റെ മികച്ച പരിശീലകൻ എന്ന നിലയിൽ നാ സറിന് ആന്ധ്ര സർക്കാരിന്റെ പ്രത്യേക അംഗീകാരവും കിട്ടി.
2016-ൽ പയ്യന്നൂർ കേന്ദ്രീകരിച്ച് ഒരു അഖിലകേരള കോൽക്കളി ഫെസ്റ്റ് കോൽമ എന്ന പേരിൽ ഒരു നടക്കുകയുണ്ടായി. നാസർ കാപ്പാടായിരുന്നു അതിന്റെ മുഖ്യ കോഡിനേറ്റർ. കേരളത്തിൽ നിന്നും 24 ടീമുകൾ പങ്കെടുത്ത ആ പരിപാടി ഒരു വൻവിജയമായിരുന്നു. ആ വിജയം ഒരർഥത്തിൽ നാസറിന്റെ മാത്രം സംഘടനാപാടവം കൊണ്ട് ഉണ്ടായതാണ് എന്ന് സംഘാടക സമിതി പോലും ഏകകണ്‌ഠേന അംഗീകരിക്കുകയുണ്ടായി. അതിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് 2018-ൽ ഒരു അഖിലേന്ത്യാ കോൽക്കളി ഫെസ്റ്റ് പയ്യന്നൂരിൽ തന്നെ സംഘടിപ്പിക്കപ്പെട്ടത്. അതിന്റെ പ്രധാന കോഡിനേറ്ററും നാസർ ആയിരുന്നു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അത്രയും ഗംഭീരമായി കോൽക്കളി ഫെസ്റ്റ് ഇന്നുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല.
സ്‌കൂൾ തലത്തിലും അല്ലാതെയുമുള്ള അനേകം കുട്ടികൾക്ക് നാസർ കാപ്പാട് കോൽക്കളിയിൽ പരിശീലനം നൽകുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിനായി പരിശീലന കളരികളുണ്ട്. കൂടാതെ വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'അലിഫ് രിഫാഈ' കലാ അക്കാദമി എന്ന ഒരു സ്ഥാപനത്തിന്റെ സെക്രട്ടറിയും അദ്ദേഹമാണ്. പ്രസിദ്ധ ദഫ് മുട്ട് വിദഗ്ധനായ പതിയാരക്കര ബഷീർ ഉസ്താദ് ചെയർമാനായ ആ സ്ഥാപനം കോൽക്കളിയുൾപ്പെടെയുള്ള മാപ്പിളകലകൾ പലതും അഭ്യസിപ്പിക്കുന്നുണ്ട്. ഫോക് ലോർ അക്കാദമിക്ക് വേണ്ടി സ്ഥിരമായി കോൽക്കളി, ഒപ്പന, ദഫ്മുട്ട് എന്നിവ അവതരിപ്പിക്കുന്നത് ഇവിടുത്തെ കുട്ടികളാണ്. വർഷങ്ങളായി കോൽക്കളിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നാസർ കാപ്പാടിനെ തേടി 2020-ലാണ് ഫോക്‌ലോർ അക്കാദമിയുടെ 2017-18 വർഷത്തെ അംഗീകാരം എത്തിയത്.
എന്നാൽ തന്നേക്കാൾ പ്രായമായവരും അർഹതയുള്ളവരും കഴിവുള്ളവരും അംഗീകരി ക്കപ്പെടാതെ ഈ രംഗത്ത് ഇപ്പോഴുമുണ്ട് എന്നതിനാൽ തനിക്ക് കിട്ടിയ ആ ബഹുമതി അദ്ദേഹം നിരസിക്കുകയായിരുന്നു.
അപ്പോഴും കലാകാരൻ അംഗീകാരങ്ങളെ നിരസിക്കുക എന്നത് വേദനാജനകമാണ് എന്നദ്ദേഹം പറയുന്നു. പക്ഷെ, അതിലൂടെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ കഴിയുമെങ്കിൽ തനിക്ക് അതിൽപ്പരം സന്തോഷം മറ്റൊന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യ- അസ്മ. മക്കൾ- നാസില ബഷീർ, ഷാഹുൽ നാസർ, അസ്‌ലം നാസർ എന്നിവർ ജീവിതത്തിലും കോൽക്കളിയിലും നാസർ കാപ്പാടിന് എല്ലാ പ്രോത്സാഹനവും നൽകി സദാ കൂടെയുണ്ട്.