- ചരിത്രത്തിന്റെ ചാരത്ത്
ബ്രിസ്‌ബേൻ- ക്രിക്കറ്റ് ചരിത്രത്തിലെയും വർത്തമാനത്തിലെയും അഭിമാന പോരാട്ടമായ ആഷസ് പരമ്പരക്ക് തുടക്കം. ക്രിക്കറ്റ് ചരിത്രത്തിന്റെ ഓരത്തിലൂടെയാണ് ആഷസിന്റെ സഞ്ചാരം. ക്രിക്കറ്റിലെ രണ്ടു വൻശക്തികൾ നേർക്കുനേർ ഏറ്റുമുട്ടുന്നു എന്നത് മാത്രമല്ല, ജയവും പരാജയവും അഭിമാനത്തിന്റെ നേട്ടവും കോട്ടവുമാകുന്ന മത്സരം കൂടിയാണ് ആഷസ്. ഇംഗ്ലണ്ടും ഓസീസും തമ്മിൽ ഏറ്റുമുട്ടുന്ന പരമ്പര ഇത്തവണ ഓസ്‌ട്രേലിയയിലാണ്. അഞ്ചു പരമ്പരകളുള്ള മത്സരത്തിന്റെ തുടക്കം ഗബ്ബ സ്റ്റേഡിയത്തിലാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഓസീസിന്റെ സ്റ്റീവ് സ്മിത്തുമാണ് നായകൻമാർ.
പേസ് ബൗളർമാരായ മിച്ചർ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ഓഫ് സ്പിന്നർ നഥാൻ ലയോൺ എന്നിവരാണ് ഓസീസ് നിരയുടെ കരുത്ത്. മികച്ച വിക്കറ്റ് വേട്ടക്കാരായ ജെയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. 2015 ൽ നടന്ന ആഷസ് പരമ്പര ജേതാക്കൾ കൂടിയാണ് ഇംഗ്ലണ്ട്. 3-2 എന്ന നിലയിലാണ് രണ്ടു വർഷം മുമ്പ് നടന്ന ആഷസ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതേവരെ നടന്ന 98 ആഷസ് ടെസ്റ്റുകളിൽ 23 എണ്ണത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇംഗ്ലണ്ടിനേക്കാൾ ഇരട്ടിയലധികം ജയം ഓസീസ് നേടിയിട്ടുണ്ട് 50 കളികളിലാണ് ഓസീസ് ജയിച്ചത്.
നാലു വർഷം മുമ്പ് ഓസ്‌ട്രേലിയൻ മണ്ണിൽ 5-0 ത്തിന് വൈറ്റ്‌വാഷ് ചെയ്യേണ്ടി വന്നതിന്റെ ഓർമ്മകൾ കൂടിയുണ്ട് ഇംഗ്ലണ്ടിന്. ആതിഥേയത്വം വഹിച്ച 36 ആഷസ് മത്സരങ്ങളിൽ ഇരുപത്തിനാലിലും ജയിച്ച റെക്കോർഡാണ് ഓസീസിനുള്ളത്. പരിക്കേറ്റ ഡേവിഡ് വാർണർ ആദ്യ ടെസ്റ്റിൽ കളിക്കുമെന്നാണ് പ്രതീക്ഷ. പരിശീലനത്തിനിടെ കഴുത്തിന് പരിക്കേറ്റ വാർണറുടെ അസുഖം ഭേദമായിട്ടുണ്ടെന്നും ആദ്യ ടെസ്റ്റിൽ തന്നെ കളിക്കാനാകുമെന്നും നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. മത്സരം തുടങ്ങുമ്പോഴേക്കും വാർണർ പൂർണമായും സജ്ജമാകുമെന്നും സ്മിത്ത് വ്യക്തമാക്കി. വാർണർക്ക് പകരം ആരെ തേടണമെന്ന് സെലക്ടർമാർ ആലോചിച്ചിരുന്നുവെന്നും എന്നാൽ താൻ കളിക്കാൻ സജ്ജനാണെന്ന് അദ്ദേഹം അറിയിച്ചതോടെ അത് വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖാജ എന്നീ ബാറ്റ്‌സ്മാൻമാരും ഓസീസ് പ്രതീക്ഷക്ക് നിറംപകരുന്നു.
ഇംഗ്ലണ്ട് നിരയിൽ അലെയ്സ്റ്റർ കുക്കിനൊപ്പം മാർക് സ്റ്റോൻമാൻ ഓപണറാകും. വെസ്റ്റീൻഡീസിനെതിരെ തിളങ്ങിയ സ്റ്റോൻമാൻ ഓസീസിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറിയും നേടി.
ടീം ഓസീസ്- ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്, ഉസ്മാൻ ഖ്വാജ, സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റൻ), പീറ്റർ ഹാൻസ്‌കോമ്പ്, ഷോൺ മാർഷ്, ടിം പെയിനേ(വിക്കറ്റ് കീപ്പർ), മിച്ചർ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നഥാൻ ലയോൺ, ജോഷ് ഹേസിൽവുഡ്.
ടീം ഇംഗ്ലണ്ട്: അലിയെസ്റ്റർ കുക്, മാർക് സ്റ്റോൺമാൻ, ജെയിംസ് വിൻസ്, ജോറൂട്ട്(ക്യാപ്റ്റൻ), ഡേവിഡ് മലാൻ, മുഈൻ അലി, ജോണി ബെയര്‍സ്റ്റോ(വിക്കറ്റ് കീപ്പർ), ക്രിസ് വോക്‌സ്, സ്റ്റ്യുവർട്ട് ബ്രോഡ്, ജിമ്മി ആൻഡേഴ്‌സൺ, ജെയ്ക് ബോൾ.