Sorry, you need to enable JavaScript to visit this website.

സൗദിയിലെ സര്‍വീസ് ആനുകൂല്യങ്ങള്‍; നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ അറിയാം

റിയാദ് - നാലു സാഹചര്യങ്ങളില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യം നിഷേധിക്കപ്പെടുമെന്ന് സൗദി തൊഴില്‍ നിയമം വ്യക്തമാക്കുന്നു.

രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പായി രാജിവെക്കല്‍, പ്രൊബേഷന്‍ കാലത്ത് പിരിച്ചുവിടല്‍, നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി 30 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നീ സാഹചര്യങ്ങളില്‍ സര്‍വീസ് ആനുകൂല്യം നിഷേധിക്കപ്പെടും.

ജോലിയില്‍ നിന്ന് രാജിവെക്കുന്നവര്‍ക്കും സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാര്‍ രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കില്‍ മൂന്നിലൊന്ന് സര്‍വീസ് ആനുകൂല്യത്തിനാണ് അര്‍ഹതയുണ്ടാവുക. അഞ്ചു വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മൂന്നില്‍ രണ്ട് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. പത്തും അതില്‍ കൂടുതലും സര്‍വീസുള്ളവര്‍ രാജിവെക്കുകയാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ തോതിലുള്ള സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. എന്നാല്‍ രണ്ടു വര്‍ഷത്തില്‍ കുറവ് മാത്രം സര്‍വീസുള്ളവര്‍ ജോലി രാജിവെക്കുകയാണെങ്കില്‍ അവര്‍ക്ക് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകില്ല.

സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തെ സര്‍വീസ് കാലത്തിന് കൊല്ലത്തില്‍ അര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള കാലത്തിന് വര്‍ഷത്തിന് ഒരു മാസത്തെ ശമ്പളം വീതവുമാണ് സര്‍വീസ് ആനുകൂല്യമായി ലഭിക്കുക. സര്‍വീസ് കാലത്തില്‍ പെടുന്ന വര്‍ഷത്തിലെ ഭാഗങ്ങള്‍ക്കും അതിനനുസൃതമായ സര്‍വീസ് ആനുകൂല്യത്തിന് ജീവനക്കാര്‍ക്ക് അവകാശമുണ്ട്.

ഏറ്റവും അവസാനം കൈപ്പറ്റുന്ന അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് ആനുകൂല്യം കണക്കാക്കുക. തൊഴില്‍ കരാര്‍ ബന്ധം അവസാനിച്ചാല്‍ തൊഴിലാളിക്ക് തൊഴിലുടമ സര്‍വീസ് ആനുകൂല്യം നല്‍കല്‍ നിര്‍ബന്ധമാണ്. ആദ്യത്തെ അഞ്ചു കൊല്ലത്തിന് അര മാസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സര്‍വീസ് ആനുകൂല്യമായി ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുള്ളത്.

 

 

Latest News