കവിതയെ സ്‌നേഹിച്ച് സ്വപ്‌നങ്ങൾ വിരിയിച്ച  ഹിബ...

കവിതയെ സ്‌നേഹിച്ച് സ്വപ്നങ്ങൾ വിരിയിച്ച കാവ്യാംഗനയായി മുന്നേറുകയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ ഹിബ. മലയാളത്തിലെ അറിയപ്പെടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബിയ ഷാഹുൽഹമീദ് എന്ന തൂലികാ നാമത്തിൽ കവിതകളായും ലേഖനങ്ങളായും രചനാ പാടവം തെളിയിച്ചിട്ടുള്ള ഹിബ നൂറോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരവുമായാണ് എത്തിയിരിക്കുന്നത്.


കോവിഡ് മഹാമാരിയാൽ ലോകം അടച്ചുമൂടപ്പെട്ട സഹചര്യത്തെ അതിജീവിക്കാൻ താൻ രചിച്ച നൂറോളം ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം 'ഷൈൻ വിത്ത് ഹോപ്‌സ് - ബി.എ ഡയമണ്ട്’ എന്ന പേരിൽ പ്രമുഖ പ്രസാധകരായ നോഷൻ പ്രസ്സ് വഴിയും ആമസോൺ ഓൺലൈൻ പോർട്ടൽ വഴിയും പുറത്തിറക്കിയിരിക്കുകയാണ്. എട്ടാം ക്ലാസ് മുതൽ ഇംഗ്ലീഷ് രചനകളാണ് ഹിബ കൂടുതലും നടത്തുന്നത്. സ്വന്തം ജീവിത ചുറ്റുപാടുകളിൽ നിന്നും പ്രകൃതിയിൽനിന്നും പാഠമുൾക്കൊള്ളുക എന്ന ഏറ്റവും മഹനീയമായ സന്ദേശമാണ് ഹിബ തന്റെ രചനകളിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നത്.


ഇപ്പോൾ പത്താം തരം വിദ്യാർഥിനിയായ ഹിബ തന്റെ മൂന്നാം ക്ലാസ് വരെയുള്ള പഠനം നാട്ടിലും തുടർ വിദ്യാഭ്യാസം ജിദ്ദ അൽനൂർ ഇന്റർനാഷണൽ സ്‌കൂളിലും, ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിലുമായി തുടരുന്നു. കവിതാ രചനയ്ക്ക് പുറമേ ലേഖനങ്ങൾ, പ്രസംഗം, ചിത്രരചന, കാലിഗ്രഫി, ക്വിസ് തുടങ്ങിയ വിവിധ മേഖലകളിലായി നിരവധി സമ്മാനങ്ങൾ ഹിബ നേടിയിട്ടുണ്ട്. 
ലേൺ എവെരി ഡേ, ബി ഹോപ്ഫുൾ, അസ്ട്രോഫിൽ സ്‌ക്രിബ്‌ലിങ്, ഡെക്കറേറ്റ് പീസ്, റിതം ഓഫ് ലൗ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുന്നത്. പാഠ്യ വിഷങ്ങളോടൊപ്പം തന്നെ വിവിധ മേഖലകളിൽ അഭിരുചി തെളിയിച്ചിട്ടുള്ള ഹിബ കവിതയോടൊപ്പം തന്നെ ബഹുഭാഷാ ലേഖനങ്ങൾ തുടങ്ങി സാംസ്‌കാരികതയുടെ ബഹുമുഖ പ്രതിഭയാണ്. 


എട്ടാം ക്ലാസിൽ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തന്റെ സർഗാത്മകമായ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് എന്നും, എഴുത്തിന് എന്നും പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽക്കുന്നത് പിതാവ് ഷാഹുൽ ഹമീദ് ആണെന്നും ഹിബ പറയുന്നു. ഉമ്മ ഹസനത്ത് പാഠ്യവിഷയങ്ങൾക്ക് കൂട്ടായി എന്നും എപ്പോഴും കൂടെയുള്ളത് ആ രംഗത്തും മികവ് പുലർത്തി മുന്നേറാൻ കരുത്ത് പകരുന്നു. വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഹിബ കൂടുതലും ഫിക്ഷനുകളാണ് തെരഞ്ഞെടുക്കാറുള്ളത്. 
ഭൗതികമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ആത്മീയ വിദ്യാഭ്യാസ രംഗത്തും ഹിബ മികവാർന്ന നേട്ടങ്ങൾ കൈവരിക്കാറുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്തുന്ന പൊതുപരീക്ഷയിൽ ഏഴാം തരത്തിൽ സൗദി ദേശീയ തലത്തിലെ നാലാം റാങ്കുകാരിയായിരുന്നു ഹിബ എന്ന ഈ കൊച്ചുമിടുക്കി. 


https://notionpress.com/read/shinewithhopesbeadiamond, https://www.amazon.in/dp/1638069182/ref=cm_sw_r_wa_apa_fabc_ S2DQQF2S8JJETANBHAW5,   എന്നീ ലിങ്കുകളിൽ പുസ്തകം ലഭ്യമാണ്. 
രണ്ടു പതിറ്റാണ്ടോളമായി സൗദി അറേബ്യയിലെ പ്രമുഖ കാർ പെയിന്റ് കമ്പനിയായ കളേഴ്‌സ് എസ്റ്റാബ്ലിഷ്മെന്റിൽ ജോലി ചെയ്യുന്ന, ജിദ്ദയിലെ സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ഷാഹുൽ ഹമീദ്-ഹസനത്ത് ദമ്പതികളുടെ ഏക മകളാണ് ഫാത്തിമ ഹിബ. ഹിബയെന്ന സ്വന്തം പേരിനെ അന്വർഥമാക്കുന്ന തരത്തിൽ പുതുപുത്തൻ വായനാനുഭവങ്ങൾ തീർത്തുകൊണ്ടൊരു കൊച്ചു മിടുക്കിയായി കവിതയെ സ്‌നേഹിച്ച് സ്വപ്നങ്ങൾ നെയ്ത് ലക്ഷ്യങ്ങളിലേക്ക് മുന്നേറുകയാണ് ഫാത്തിമ ഹിബ.

Latest News