സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. മനുഷ്യന്റെ അടിസ്ഥാന ചോദനകളിലൊന്നാണത്.സ്‌നേഹത്തിന്റെ കർമഫലം ദുരിതമാവരുതല്ലോ? ജീവിതാനന്ദമായിരിക്കേണ്ടേ?
രണ്ടു സുന്ദരിമാരെ സ്‌നേഹിച്ച ഒരാളുടെ കഥ വായിച്ചതോർക്കുന്നു.രണ്ടുപേർക്കും അറിയണം ആരെയാണ് അയാൾ കൂടുതൽ സ്‌നേഹിക്കുന്നതെന്ന്. അങ്ങനെ ഒരു ദിവസം അവർ രണ്ടുപേരും അയാളെ ഒരു തടാകത്തിൽ ബോട്ട് യാത്രക്കായി ക്ഷണിച്ചു. ബോട്ട് തടാകമധ്യത്തിൽ എത്തിയപ്പോൾ പെട്ടെന്ന് എൻജിൻ നിർത്തി അവർ പറഞ്ഞു. ഇപ്പോൾ തീരുമാനിക്കണം, ഞങ്ങളുടെ ഹൃദയം അത്രമേൽ ഭാരം പേറുകയാണ്. സത്യം അറിഞ്ഞുകഴിഞ്ഞാൽ പതുക്കെപ്പതുക്കെ ഞങ്ങൾക്ക് അതുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോവാമല്ലോ? സത്യം പറയാതിരുന്നാൽ ഞങ്ങൾ ഇങ്ങനെ ഇരുട്ടിൽ തപ്പുന്നത് തുടരുകയും ഞങ്ങളിലെ മുറിവ് വർദ്ധിതമാവുകയും ചെയ്യും. ഇത് കേട്ട് ഒന്നും മനസ്സിലാവാതെ അമ്പരന്ന അദ്ദേഹം ചോദിച്ചു.
എന്താണ് കാര്യം? നേരെ ചൊവ്വേ പറയൂ. സുന്ദരിമാർപറഞ്ഞു: പറയൂ,ഞങ്ങളിൽആരെയാണ് താങ്കൾക്ക് ഏറ്റവും ഇഷ്ടം?. ഇത് കേട്ടതും അദ്ദേഹംഒരു വേള മൗനിയായി.വല്ലാത്തൊരു ധർമ്മ സങ്കടം തന്നെ.തടാകമധ്യത്തിൽ ഇങ്ങനെയൊരു ചോദ്യം അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.രണ്ടു സുന്ദരിമാർ സ്‌നേഹക്കൂടുതൽ ആരോടെന്നതിനെക്കുറിച്ച് ചോദിക്കുന്നു. രണ്ടുപേർക്കും പ്രയാസമില്ലാത്ത ഒരു ഉത്തരം പറയണം.സരസനായ അദ്ദേഹം പറഞ്ഞു എനിക്ക് നിങ്ങളിൽ ഓരോരുത്തരെയും മറ്റേയാളെക്കാൾ കൂടുതൽ ഇഷ്ടമാണ്. ഇത് കേട്ട്രണ്ടുപേർക്കും തൃപ്തിയായെന്നും അദ്ദേഹം സുരക്ഷിതമായി കരയിലെത്തിയെന്നുമാണ് കഥ.
പുരുഷന്റെ സ്‌നേഹത്തെ അടിക്കടി അളന്നുറപ്പിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന പല തന്ത്രങ്ങളുമുണ്ട്. സ്ത്രീകളിലെ പ്രണയ തീവ്രത അറിയാൻ പുരുഷനും വല്ലാത്ത വെമ്പലാണ്. സൗഹൃദങ്ങളിൽ ഇത് സ്വാഭാവികവുമാണ്. എന്നാൽ,ഹൃദ്യമായ രീതിയിൽ സ്‌നേഹാനുഭവങ്ങൾ ആസ്വദിക്കാതെ യാന്ത്രികമായി ദാമ്പത്യ ജീവിതം നയിക്കുന്നവരും സൗഹൃദങ്ങൾ മുഷിപ്പാർന്നതാക്കിനിറം കെടുത്തുന്നവരും അടുത്ത കാലത്ത് ധാരാളമാണ്.സോഷ്യൽ മീഡിയയിലൂടെ ഒഴുകി വരുന്ന വാർത്തകളിലും വരികളിലും സൂക്ഷ്മമായി ഇത്തിരി നേരം കണ്ണോടിച്ചാൽ ഇത് ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്.
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. മനുഷ്യന്റെ അടിസ്ഥാന ചോദനകളിലൊന്നാണത്.സ്‌നേഹത്തിന്റെ കർമഫലം ദുരിതമാവരുതല്ലോ? ജീവിതാനന്ദമായിരിക്കേണ്ടേ? അത് കൊണ്ട് തന്നെ ഗവേഷണ പഠനങ്ങൾ ധാരാളമായി നടക്കുന്ന ഒരു വിഷയം തന്നെയാണിതും.
അടുപ്പം, അഭിനിവേശം, അർപ്പണം എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മനശ്ശാസ്ത്രജ്ഞനായ റോബർട്ട് സ്റ്റംബർഗ് സ്‌നേഹ ബന്ധങ്ങളെ വർഗീകരിച്ചതായി കാണാം. ഈ മൂന്ന് ഘടകങ്ങളുടേയും ചേരുവകളിലുള്ള വ്യത്യാസം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും ഒന്നിന്റേയോ രണ്ടിന്റേയോ അസാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ സ്‌നേഹ ബന്ധത്തിന്റെ ഗുണമേന്മയും സവിശേഷതയും നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത്.
കേവലം അടുപ്പം മാത്രമുള്ളത് ഇഷ്ടവും, അഭിനിവേശം മാത്രമുള്ളത് ഭ്രമവും അർപ്പണം മാത്രമുള്ളത് ശൂന്യ സ്‌നേഹവുമാണെന്നാണ് സ്റ്റംബർഗിന്റെ പക്ഷം. അടുപ്പവും അഭിനിവേശവും ചേർന്നതാണ് കാൽപ്പനികമായ സ്‌നേഹമെന്നും അടുപ്പവും അർപ്പണവും ചേർന്ന ബന്ധം വെറും ചങ്ങാത്തമാണെന്നും അഭിനിവേശവും അർപ്പണവും മാത്രമാവുമ്പോൾ അത്ദുർബല ബന്ധമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ ശ്രേഷ്ഠമായ സ്‌നേഹബന്ധത്തിൽ ഇവ മൂന്നും ശക്തമായി ഉൾചേർന്നിരിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.
അടങ്ങാത്ത അഭിനിവേശപൂർവ്വമുള്ള അനുരാഗവും നിതാന്തമായ അടുപ്പവും അനുതാപ പൂർണ്ണമായ അർപ്പണവുമാണ് ഉൽകൃഷ്ടമായ വൈവാഹിക ജീവിതത്തിന് വഴിയൊരുക്കുന്നതെന്ന് കാണാം. ഈ മൂന്ന് ഘടകങ്ങളുടേയും കാവ്യാത്മകമായ മേളനം സാധ്യമാക്കുന്നതിൽ ദമ്പതികൾ പഞ്ചേന്ദ്രിയങ്ങളുടെ മുഴുവൻ സാധ്യതകളെയുംപ്രസാദാത്മകമായി പ്രയോജനപ്പെടുത്തുമ്പോഴാണ് കുടുംബ ജീവിതം നയനാഭിരാമിയായ ഉദ്യാനം പോലെ ആനന്ദഭരിതമാവുന്നത്.
ശ്രുതിഭംഗവും താളപ്പിഴകളും മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണെന്നത് വിസ്മരിച്ചല്ല ഇത് കുറിക്കുന്നത്. മേൽപറഞ്ഞ മൂന്ന് ഘടകങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയുന്ന ഹൃദയാലുത്വമുള്ള ഇണകൾ സഹജമായ വീഴ്ചകൾ വരുന്നേടത്തൊക്കെ അപ്പപ്പോൾ പരസ്പരം അറിഞ്ഞും അറിയിച്ചും കരുതലോടെ പരിഹാരം കണ്ടെത്തുന്നവരായിരിക്കും. അത്തരം സുമനസ്സുകളുടെ കുടുംബ ജീവിതം ക്രമേണ പ്രേമസ്വരൂപനായ പ്രപഞ്ചസ്രഷ്ടാവിനോടുള്ള ആദരവുംആരാധനയായും മാറുന്നു.
അപശബ്ദങ്ങളേതുമേയില്ലാതെ ദിവ്യാനുരാഗത്തിന്റെസ്വരരാഗ സൗന്ദര്യം മാത്രം അനുഭവിക്കാവുന്നസംഗീതോപകരണം പോലെ അന്തരംഗം വിശുദ്ധമാവുന്ന അവസ്ഥയാണ് ആരോഗ്യമെന്ന് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവൽ ഹനിമാൻ പറഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ള ശ്രേഷ്ഠ സ്‌നേഹ ബന്ധങ്ങളിലും ആസ്വദിക്കാവുന്നത് ആ സ്വരരാഗമാധുരി അല്ലാതെ മറ്റെന്താണ്? അതൊക്കെ കൊണ്ടായിരിക്കണമല്ലോ അനുരാഗവും അനുതാപവും വഴിഞ്ഞൊഴുകുന്ന പ്രശാന്തസുന്ദര സമർപ്പണത്തിനായി വിവാഹത്തെ നിങ്ങൾക്കൊരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു എന്ന് വേദഗ്രന്ഥം ഉദ്‌ഘോഷിച്ചതും. ഇത്തരം വേദപ്പൊരുളുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരിക്കണം ദിവ്യഗാനാലാപനത്തിന്റെ ആനന്ദാതിരേകത്തിൽ സ്വയം മറന്ന് തമ്പുരാനായ തന്റെ ദൈവത്തെ എന്റെ തോഴാ എന്ന് വിളിച്ചു ഗീതാജ്ഞലിയിൽ രവീന്ദ്രനാഥ ടാഗോർ സ്വയമലിഞ്ഞ്പാടിയതും.






