സ്‌റ്റെതസ്‌കോപ്പണിഞ്ഞ സുന്ദരി

എറിൻ
മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ഐറിൻ രക്ഷിതാക്കൾക്കൊപ്പം.
എറിൻ

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു അപൂർവ്വ നിമിഷത്തിനാണ് ഇക്കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കാമ്പസിൽ കളിച്ചുചിരിച്ചുനടന്ന തങ്ങളുടെ കൂട്ടത്തിലൊരാൾ 2020 ലെ മിസ് കേരള പട്ടത്തിന് അർഹയായിരിക്കുന്നു. വെർച്വൽ പ്ലാറ്റ്്്‌ഫോമിൽ ആദ്യമായി നടന്ന സൗന്ദര്യമത്സരത്തിലാണ് മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ എറിൻ ലിസ് ജോൺ കേരള സുന്ദരിപട്ടം ചൂടിയത്.
2011 ൽ ഡോ. എലിസബത്ത് താടിക്കാരനുശേഷം ഇത് രണ്ടാം തവണയാണ് ഒരു മെഡിക്കൽ വിദ്യാർത്ഥിനി മിസ് കേരളയായി തെരഞ്ഞെടുക്കപ്പെടുന്നത്. മത്സരത്തിനുശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറിൻ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. 


കോവിഡ് സാഹചര്യത്തിൽ ഇംപ്രസാരിയോ ഒരുക്കിയ സൗന്ദര്യമത്സരത്തിൽ ഇരുപതുകാരിയായ എറിൻ തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറ് മത്സരാർത്ഥികൾക്കിടയിൽ നിന്നാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ സൈക്യാട്രി വിഭാഗം ഡോക്ടറായ ടി.രാജൻ ജോണിന്റെയും മെഡിക്കൽ ട്രസ്റ്റിലെ പീഡിയാട്രീഷ്യനായ ഡോ. രേഖാ സക്കറിയാസിന്റെയും മകളാണ് എറിൻ. മാതാപിതാക്കൾ ആർമി ഓഫീസർമാരായിരുന്നതുകൊണ്ട് പൂനെയിലും ചണ്ഡീഗഢിലുമായിരുന്നു എറിൻ പഠിച്ചത്. പട്ടാളജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങിയതോടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം കൊച്ചിയിലെ നേവി സ്‌കൂളിലേയ്ക്കു മാറ്റി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്‌കൂളിൽനിന്നും പ്ലസ് ടു പഠനവും പൂർത്തിയാക്കി. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നത്.


കുട്ടിക്കാലംതൊട്ടേ ഫാഷനിലും മോഡലിങ്ങിലും അഭിനയത്തിലും തൽപരയായിരുന്നു എറിൻ. ഡോക്ടറായിരുന്നിട്ടും മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അമ്മയുടെ തികഞ്ഞ പിന്തുണയുണ്ടായിരുന്നു. 'അമ്മയുടെ പ്രചോദനമാണ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള ഊർജം പകർന്നത്. മോഡലിങ്ങിലും അഭിനയത്തിലും തൽപരയാണെങ്കിലും തികഞ്ഞ ഉത്തരവാദിത്തമുള്ള ഡോക്ടറാവുക എന്നതാണ് എന്റെ ലക്ഷ്യം.'- എറിൻ പറയുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു ആദ്യറൗണ്ട് മത്സരം അരങ്ങേറിയത്. ജനുവരിയിൽ രണ്ടാം റൗണ്ടും പൂർത്തിയാക്കി. രണ്ടാം റൗണ്ടിൽ അൻപതു മത്സരാർത്ഥികളുണ്ടായിരുന്നു. രണ്ട് റൗണ്ടുകളിലായുള്ള ഒഡീഷനുശേഷം അന്തിമ റൗണ്ടിൽ പതിനൊന്നു പേരാണുണ്ടായിരുന്നത്.  ഫൈനൽ മത്സരത്തിലും നാല് റൗണ്ടുകളുണ്ടായിരുന്നു. ഇന്ത്യൻ എത്തനിക് റൗണ്ട്, മനസ്സിന്റെ ശക്തിയും സൗന്ദര്യവും അളക്കുന്ന ആത്മന, സായാഹ്നങ്ങളിലെ സൗന്ദര്യം പകർത്തുന്ന വാസ്‌ക്, കേരളത്തിന്റെ പാരമ്പര്യം പ്രകടമാക്കുന്ന കേരളീയം തുടങ്ങിയവയായിരുന്നു അവ.


എല്ലാവർക്കും ഒരേ ചോദ്യങ്ങളായിരുന്നു നൽകിയത്. ലോക്ഡൗൺ എങ്ങനെയാണ് ബന്ധങ്ങളെ സ്വാധീനിച്ചത് എന്നതായിരുന്നു ചോദ്യം. ലോക് ഡൗണിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായെന്നും സ്വയം തിരിച്ചറിയാനും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചുവെന്നുമായിരുന്നു എറിന്റെ മറുപടി. പശ്ചിമ ബംഗാളിലെ നർത്തകിയായ അരുണിമ ഗുപ്തയായിരുന്നു എറിന്റെ സ്‌റ്റൈലിസ്റ്റ്. കൊച്ചിയിൽ ദ ഫ്‌ളോർ എന്നൊരു ഡാൻസ് സ്റ്റുഡിയോ നടത്തുകയാണവർ. മത്സരത്തിനുവേണ്ട വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അവരായിരുന്നു രൂപകൽപന ചെയ്തത്. മേക്കപ്പ് മാനായി കൊച്ചിയിൽതന്നെയുള്ള സന്തോഷായിരുന്നു എത്തിയത്.
ഓൺലൈൻ മത്സരമായിരുന്നതുകൊണ്ട് പലരും ഞാൻ മത്സരത്തിൽ മാറ്റുരയ്ക്കുന്നത് അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഫലം പ്രഖ്യാപിച്ചപ്പോൾ എന്റെ സുഹൃത്തുക്കൾ പോലും അത്ഭുതപ്പെട്ടുപോയി.


മാതാപിതാക്കളുടെയും വെല്ലൂർ മെഡിക്കൽ കോളേജിൽ ഡോക്ടറായ സഹോദരൻ ഡോ. കെവിൻ റോബി ജോണിന്റെയുമെല്ലാം സഹകരണം ഒട്ടും മറക്കാനാവില്ലെന്ന് എറിൻ പറയുന്നു. മത്സരം കഴിഞ്ഞ് പഠനത്തിനായി കാമ്പസിലെത്തിയപ്പോൾ അധ്യാപകരും സഹപാഠികളും ഗംഭീരസ്വീകരണമാണ് എറിനു നൽകിയത്. ലോക്ഡൗണിനുശേഷം ക്ലാസിലെത്തിയപ്പോൾ നൽകിയ സർപ്രൈസ് പലരെയും ഞെട്ടിക്കുന്നതായിരുന്നു. മധുരം വിളമ്പിയും  അഭിനന്ദന നോട്ടീസുകൾ കാമ്പസിലാകെ ഒട്ടിച്ചുമായിരുന്നു എറിന്റെ വിജയം സുഹൃത്തുക്കൾ ആഘോഷിച്ചത്.


ഫൈനൽ റൗണ്ട് ശരിക്കും വിഷമമേറിയതായിരുന്നുവെന്ന് എറിൻ പറയുന്നു. സ്‌റ്റൈലിസ്റ്റായ അരുണിമ ഗുപ്തയാണ് പല കാര്യങ്ങളും പറഞ്ഞുതന്നത്. നമ്മുടെ നാടിനെക്കുറിച്ചും പ്രധാന സംഭവങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരിക്കണം. വിധികർത്താക്കൾ എന്താണ് ചോദിക്കുന്നതെന്ന് കൃത്യമായി പറയാനാവില്ല. എന്തു ചോദ്യം വേണമെങ്കിലും പ്രതീക്ഷിക്കാം. ഉടൻതന്നെ കൃത്യമായ മറുപടി പറയണം. ഭാഗ്യമെന്നു പറയട്ടെ ഞാൻ പറഞ്ഞ ഉത്തരങ്ങൾ അവർക്ക് ഇഷ്ടപ്പെട്ടു.
ഭാവിയിൽ ഒരു അഭിനേത്രിയെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് എറിൻ വ്യക്തമായ ഉത്തരം പറഞ്ഞില്ല. ''ഇപ്പോഴത്തെ ലക്ഷ്യം പഠനമാണ്. അച്ഛനമ്മമാരെയും സഹോദരനെയുംപോലെ ഒരു നല്ല ഡോക്ടറാകണം. അതിനുശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം.''- എറിൻ പറഞ്ഞുനിർത്തി.

Latest News