ഓള് ഏതാ ജാതി, ഏതാ നാട്? 

ഇന്ദ്രപ്രസ്ഥത്തിൽ കൃഷിക്കാരുടെ ആണിരോഗം സുഖപ്പെടുത്താനുള്ള പരിപാടികൾ ഗംഭീരമായി അരങ്ങേറുന്നു. രണ്ടു മാസമായി ഇത് ഇന്ത്യയിലെ വിഷയം മാത്രമായിരുന്നു. അമേരിക്കയിലെ പോപ്പ് ഗായിക റിഹാനയ്ക്ക് കോവിഡ് കാരണം ഇപ്പോൾ കാര്യമായ ബുക്കിംഗൊന്നുമില്ല. എന്നാലിരിക്കട്ടെ ഒരു ട്വീറ്റ് എന്ന മട്ടിൽ മൂപ്പത്തി ദില്ലിയിലെ കൃഷിക്കാർക്ക് കഞ്ഞിയ്ക്ക് കൂട്ടാൻ മാങ്ങ അച്ചാർ കിട്ടുന്നില്ലായെന്നോ മറ്റോ തട്ടിയതാണ്. കുറച്ചു മാസങ്ങളായി പണിയില്ലാത്തത് റിഹാനയുടെ മാത്രം കാര്യമല്ല. ആഗോള തലത്തിൽ കോടിക്കണക്കിനാളുകൾ ഇത് പോലെ ഒന്നും ചെയ്യാനില്ലാതെ തെക്കും വടക്കും നടന്ന് നേരം കളയുന്നുണ്ട്. കാനഡയിലും ഓസ്‌ട്രേലിയയിലും പെനാംഗിലുമിരിക്കുന്നവർ റിഹാനയുടെ വചനങ്ങൾ വോളിബോൾ തട്ടുന്നത് പോലെ തട്ടിക്കളിച്ചു. സെക്കന്റുകൾക്കകം ദൽഹിയിലെ കർഷകരുടെ ട്രാക്റ്ററോട്ടൽ കഥകൾ മനുഷ്യരുള്ളിടത്തെല്ലാം പാട്ടായി. ഈ പെമ്പറന്നോത്തിയുടെ പേരിൽ ഖലീഫയെന്നോ ഷെയ്ക്ക് എന്നോ ഉണ്ടായിരുന്നുവെങ്കിൽ ഏതാണ് ഇനമെന്ന് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു. തോറ്റാലും അടങ്ങൂലായെന്ന് വാശി പിടിച്ച ട്രംപണ്ണൻ പോരാട്ടമെല്ലാം മതിയാക്കി ടെക്‌സസിലെ തറവാട്ടിലെ മാവിൽ കയറി മാങ്ങയിട്ട് നേരം കൊല്ലുകയാണല്ലോ. രണ്ടാഴ്ച മുമ്പാണെങ്കിൽ ബഹുരസമായിരുന്നേനെ. ട്രംപും ഗുണ്ടകളും തന്നെ ചാനലുകൾക്കും പത്രങ്ങൾക്കും വേണ്ടതെല്ലാം നൽകുമായിരുന്നു. ദൽഹിയിലെ  ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച സിഎൻഎൻ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച റിഹാന നമ്മൾ എന്തുകൊണ്ടാണ് ഇതേപറ്റി സംസാരിക്കാത്തത് എന്നും ചോദിച്ചു. ഇതിൽ പന്തികേട് തോന്നിയ ഇന്ത്യാ ടുഡേ ചാനൽ  ആദ്യമേ റിപ്പോർട്ട് ചെയ്തിരുന്നു. റിഹാനയ്ക്കും മറ്റും മറുപടി നൽകിയ കോഹ്‌ലി, കങ്കു, അക്ഷയകുമാരൻ തുടങ്ങി നമ്മുടെ സ്വന്തം ഉഷ വരെ എല്ലാവരും ഒരേ ട്യൂഷൻ സെന്ററിൽ ചെന്നാണ് മറുകുറി തയാറാക്കിയത്. ഒരേ വാക്കുകൾ. ബുദ്ധിജീവികൾ ഒരേ പോലെ ചിന്തിക്കുമെന്നാണല്ലോ. വിട്ടേക്കാം. 
റിഹാന ശീർഷകങ്ങളിൽ തിളങ്ങി നിന്ന ഘട്ടത്തിൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരഞ്ഞത് റിഹാന മുസ്‌ലിമാണോ, പാക്കിസ്ഥാൻകാരിയാണോ എന്നാണെന്ന് ഗൂഗിൾ മനസ്സിലാക്കി. മേരാ ഭാരത് മഹാൻ.. 

***    ***    ***

ഈ ബഹളങ്ങൾക്കിടയിൽ ടൈംസ് നൗ ചാനലിൽ വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്ത. ചെന്നൈയിൽ ഐ.ടി. എൻജിനീയർമാരായ വി. ചിന്നദുരൈയും ശ്വേതയും തങ്ങളുടെ വിവാഹത്തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. ശുഭമുഹൂർത്തത്തിനായി ശാന്തമായ കടലിനെ കാത്തിരിക്കുകയായിരുന്നു അവർ. സമുദ്രത്തിനകത്ത് വെച്ച് വിവാഹിതരാകാനുള്ള ഉറച്ച തീരുമാനം തന്നെയായിരുന്നു ഇതിനു പിന്നിൽ. ഒടുവിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലിൽ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂർ സ്വദേശിനി ശ്വേതയും താലികെട്ടി. ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ച് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ഊളിയിട്ടു. വിവാഹവസ്ത്രത്തിനു പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയിൽ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ജീവൻ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവർ. ഈ ഭയത്തിൽനിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു. പിന്നീട് പരിശീലനം നേടുകയും സ്‌കൂബ ഡൈവിങ് പഠിക്കുകയും ചെയ്തപ്പോൾ ശ്വേതയിൽ ആത്മവിശ്വാസമുണ്ടായി. അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. 'ഞങ്ങൾ 45 മിനിറ്റ് വെള്ളത്തിനടിയിൽ ചെലവഴിച്ചു. ഞാൻ ശ്വേതയ്ക്ക് പൂച്ചെണ്ട് നൽകി. തുടർന്ന് താലി ചാർത്തി.' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പറഞ്ഞു. ഡൈവിങ് പരിശീലകൻ എസ്.ബി. അരവിന്ദ് തരുൺ ശ്രീയാണ് ഇരുവർക്കും പരിശീലനം നൽകിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. വിവാഹത്തിന് തീരദേശ പോലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നു.

***    ***    ***

ദേശീയ ടിവി ചാനലുകളിൽ കണ്ട രസകരമായ വാർത്ത മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്നാണ്. യുവാവിന്റെ അന്നനാളത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്തുള്ള അപൂർവ്വ ശസ്ത്രക്രിയ. ഭോപാൽ എയിംസ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. 14 സെന്റിമീറ്റർ നീളവും 3.5 സെന്റിമീറ്റർ വീതിയുമുള്ള കത്തിയാണ് അന്നനാളത്തിൽ നിന്ന് നീക്കം ചെയ്തത്. ഭോപാലിൽ നിന്ന് 330 കിലോമീറ്റർ അകലെ ഛത്തർപൂർ സ്വദേശിയുടെ അന്നനാളത്തിൽ നിന്നാണ് കത്തി നീക്കം ചെയ്തത്. ഇതാദ്യമായല്ല ഈ രോഗിയുടെ ശരീരത്തിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നത്. വയറ്റിൽ നിന്ന് ബാഹ്യവസ്തുക്കൾ നീക്കം ചെയ്തിട്ടുണ്ട്. കടുത്ത വേദനയും ഭക്ഷണം ഇറക്കാൻ കഴിയുന്നില്ല എന്ന പരാതിയുമായാണ് 32കാരൻ ആശുപത്രിയിൽ എത്തിയത്. ഭോപാൽ എയിംസിൽ എത്തുന്നതിന് രണ്ടുദിവസം മുമ്പ് കത്തി വിഴുങ്ങിയതായി ഇയാൾ വെളിപ്പെടുത്തി. എക്‌സ്‌റേയിൽ അന്നനാളത്തിൽ കത്തി കണ്ടെത്തി. പേനയുടെ റീഫിലും യുവാവും വിഴുങ്ങിയിരുന്നു. അന്നനാളം നാലു സെന്റിമീറ്റർ കീറിയാണ് ശസ്ത്രക്രിയ നടത്തിയത്. 

***    ***    ***

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ച് വലിയ സംശയമാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങൾക്കുമുള്ളത്. ഈ സംശയത്തിന് വിത്ത് പാകിയത്  പ്രതിപക്ഷ പാർട്ടികളുമാണ്. നിലവിലെ ഇവിഎം സമ്പ്രദായത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയർന്നിട്ടു തന്നെ നാളുകൾ ഏറെയായി. ബി.ജെ.പി തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതാണ് പ്രതിപക്ഷത്തിന് സംശയം വർദ്ധിക്കാൻ കാരണമായിരുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാനുറച്ചിരിക്കുകയാണിപ്പോൾ മഹാരാഷ്ട്ര സർക്കാർ. പ്രത്യേക നിയമം പാസാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് ദേശീയ ചാനലായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. മാർച്ചിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് നിയമസഭാ സ്പീക്കർ നാന പട്ടോലയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ബില്ലിന്റെ കരട് തയ്യാറാക്കിവരികയാണ്. കരട് തയ്യാറായിക്കഴിഞ്ഞാൽ വരുന്ന ബജറ്റ് സമ്മേളനത്തിൽ വോട്ടെടുപ്പും നടക്കും. നിയമം പാസായാൽ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായിരിക്കും ഇനി മുതൽ നടക്കുക. പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇത് ബാധകമായിരിക്കില്ലെങ്കിലും ബാലറ്റ് പേപ്പർ സംസ്‌കാരത്തിലേക്ക് പോകണമെന്ന സമ്മർദ്ദം കേന്ദ്ര സർക്കാറിനെയും വെട്ടിലാക്കും. ഈ ഘട്ടത്തിൽ ഇലക്‌ട്രോണിക് വോട്ടിങ്ങിന് വേണ്ടി വാശി പിടിച്ചാൽ അത് ബി.ജെ.പിക്കെതിരെ കൂടുതൽ സംശയം ഉയരാനാണ് വഴിവെക്കുക. ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന നിർണ്ണായക നീക്കമാണ് മഹാരാഷ്ട്ര സർക്കാർ നടത്തുന്നതെന്ന് വ്യക്തം. നിയമം പാസ്സാക്കുന്നതിന് സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് സ്പീക്കർ നാനാ പട്ടോല ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ അനുച്ഛേദം 328 പ്രകാരം സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസ്സാക്കാൻ കഴിയും. 

***    ***    ***

സിനിമയും ക്രിക്കറ്റും മുടങ്ങിയാൽ താരങ്ങളെന്ത് ചെയ്യും? പണം തടയുന്ന മുന്തിയ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുക. അത് റമ്മി കളിയായാലെന്ത്, എന്തെങ്കിലും  വീശി ജീവിതം തുലക്കുന്നതിനെ പറ്റിയായാലെന്ത്? ദോഷം പറയരുതല്ലോ. ദുരിതം പിടിച്ച ഇക്കാലത്ത് ഇങ്ങിനെ കിട്ടുന്ന പരസ്യങ്ങൾ പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ജീവവായുവാണ്. കുടുങ്ങിയത് സെലിബ്രിറ്റികളാണ്.  ഓൺലൈൻ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയെ തുടർന്ന് ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസ് അയച്ചു.  നടൻ അജു വർഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി  എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹരജിയെ തുടർന്നാണ് നടപടി. സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ പോളി വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ബ്രാൻഡ് അംബാസഡർമാരായ താരങ്ങൾ പ്രേക്ഷകരെ ആകർഷിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 21 ലക്ഷം രൂപ ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ട യുവാവ് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ റമ്മിയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടർന്ന് വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനീതാണ് ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.പല പ്രാവശ്യത്തെ കളിയിലൂടെയാണ് വിനീതിന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു വർഷത്തോളമായി വിനീത് റമ്മികളിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. സ്വകാര്യകമ്പനികളിൽ നിന്നെല്ലാം പണം വായ്പയെടുത്തിട്ടാണ് വിനീത് ഓൺലൈനായി റമ്മി കളിച്ചിരുന്നത്. എന്നാൽ പല കളികളിലും കൈയ്യിലെ പണം നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാവുകയായിരുന്നു. മറ്റ് പോംവഴികൾ ഇല്ലാതെയായതോടെ വിനീത് വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയിരുന്നു. പോലീസ് ഇടപെട്ടാണ് വിനീതിനെ അന്ന് കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ വീട്ടിലേക്ക് തിരികെ എത്തിയിട്ടും വിഷാദത്തിന് അടിമയായിരുന്നു വിനീതെന്നും വീട്ടുകാർ പറയുന്നു. വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത് ലോക്ഡൗൺ കാലത്താണ്. എന്നാൽ വീട്ടുകാർ ഇക്കാര്യം അറിയുന്നത് 21 ലക്ഷത്തിന്റെ കടം വന്നതിനു ശേഷമാണ്. പിന്നീട് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം തിരികെ അടക്കുകയായിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്. റമ്മി കളിക്കു പരസ്യങ്ങളിലൂടെ പ്രോത്സാഹനം നൽകുകയാണ് താരങ്ങൾ ചെയ്യുന്നത്.

***    ***    ***

നമ്മുടെ രാഹുൽഗാന്ധി ഒരുപാട് നന്മകളുള്ള നേതാവാണ്. നിർഭാഗ്യവശാൽ പ്രധാനമന്ത്രിയാവാൻ കാത്തിരിക്കേണ്ടി വരുന്നുവെന്ന് മാത്രം. വിഷയങ്ങളിലിടപെട്ട് ജനങ്ങളേയും നേതാക്കളേയും ആവേശം കൊള്ളിക്കാൻ മിടുക്കനാണ്. എല്ലാം ക്ലൈമാക്‌സിലെത്തിയാൽ പിന്നെ മൂപ്പരെ സ്ഥലത്തേ കാണില്ല. നോട്ട് നിരോധന കാലത്ത് 23 പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചു. ആവേശം കൊടുമുടിയിലെത്തിയപ്പോൾ ഇറ്റലിയിലെ വല്യുമ്മ ചട്ടിപ്പത്തിരിയുണ്ടാക്കി കാത്തിരിക്കുന്നുവെന്ന വിവരം കിട്ടി. ഒട്ടും അമാന്തിച്ചില്ല, മിലനിലേക്കുള്ള ഫ്‌ളൈറ്റിൽ പറന്നു. കോഴിക്കോട്ടെത്തിയാൽ നാഷണൽ ഹൈവേ ബൈപാസിലെ കുമാരേട്ടന്റെ ചായ പീടികയിലെത്തി ലൈറ്റ് ചായയും ഉണ്ടാപ്പവും കഴിക്കും. 
സി.ഐ.ഡിയെ പോലെയെത്തിയ രാഹുൽജി കുമാരേട്ടന് ടിപ്പ് കൊടുത്ത വിവരം വരെ പിറ്റേന്ന് മനോരമയിൽ വായിക്കാം. ഇതിലൊന്നും അൽപ്പം പോലും മാറ്റമില്ല. ദൽഹിയ്ക്ക് തീ പിടിച്ച പ്രക്ഷോഭം നടക്കുമ്പോൾ വയനാട്ടിൽ സുബൈദ ആന്റി ചുട്ട പത്തിരിയും ബീഫ് വരട്ടിയതും കഴിച്ചു. ഒന്നാന്തരം അഭിപ്രായവും പാസാക്കി. തുടർന്ന് തമിഴ്‌നാട്ടിലെത്തി പങ്കെടുത്ത  കുക്കറി ഷോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

***    ***    ***

കേരളത്തിൽ ഇനി കാര്യമായ പരിഷ്‌കാരമൊന്നുമുണ്ടാവില്ല. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ സേവനം മതിയാക്കി വണ്ടി ആലപ്പുഴക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് ഒരു രസികൻ ഫേസ്ബുക്കിലിട്ട കമന്റ് ശ്രദ്ധേയമായി. വി.എസ് അച്യുതാനന്ദൻ നാല് മണിയ്ക്ക് വിടുന്ന ക്ലാസിൽ നിന്ന് 3.58ന് തന്നെ പുറത്തേക്ക് പോയ്ക്കളഞ്ഞു. 

Latest News