സ്വപ്‌നച്ചിറകുള്ള പറക്കുംതളിക  

നാളെ പരീക്ഷ തുടങ്ങുകയാണ്. പുറത്തെ കർക്കടക മഴക്കുളിരിൽ,  ചെറുമയക്കം  പിടികൂടിയപ്പോഴാണ്. ഇലകളിൽ  വെയിലിന്റെ സ്വർണത്തരികൾ വീണ് കിടക്കുന്നത് കാണാൻ  പറമ്പിലേക്കിറങ്ങിയത്. തെക്കേയറ്റത്തുള്ള ചാമ്പ മരച്ചോട്ടിൽ നിൽക്കുമ്പോൾ,  ശക്തമായ ഒരു മിന്നൽ വെളിച്ചം എന്റെ കണ്ണുകളെ മൂടി. ഡിസ്‌ക് രൂപത്തിലുള്ള ഒരു പേടകം താഴേക്ക് പറന്നിറങ്ങുന്നത് കണ്ട് ഞാനാകെ പകച്ചു.  ചെറുമൂളലോടെ അതെന്റെയരികിൽ വന്നുനിന്നു. നിൽക്കണോ നിലവിളിച്ചുകൊണ്ടോടണോ എന്ന് സംശയപ്പെട്ട് നിൽക്കുമ്പോഴാണ്,  അതിൽ നിന്ന് ഒരു വിചിത്ര ജീവി പുറത്തിറങ്ങിയത്. ആന്റിന ഘടിപ്പിച്ച അതിന്റെ തലയിൽ നിന്ന് മൂന്ന് കണ്ണുകൾ പുറത്തേക്ക് തള്ളി. ആ ഒറ്റക്കാലൻ ജീവിക്ക്, മൂന്നുവീതം വിരലുകളുള്ള നാല് കൈകളുണ്ടായിരുന്നു. ആകെ ചുവന്ന് തുടുത്ത അത് ലോഹവസ്ത്രമാണ് ധരിച്ചിരുന്നത്. പറക്കും തളികയിൽ സഞ്ചരിക്കുന്ന  അന്യഗ്രഹജീവികളായ ഏതോ ഏലിയനാണ്  മുന്നിൽ നിൽക്കുന്നതെന്ന ഭയം എന്നെ പൊടുന്നനെ നിശബ്ദയാക്കിക്കളഞ്ഞു.


അയൺ ഓക്‌സൈഡിന്റെ ആധിക്യം കാരണം 'തുരുമ്പു പിടിച്ച അയൽക്കാരൻ'  എന്നു വിളിക്കുന്ന ചുവന്ന ഗ്രഹമായ ചൊവ്വയിൽ നിന്നെങ്ങാനും വന്നവരാണോ ഇവരെന്ന് ഞാൻ സംശയിച്ചു. ശേഷം സമാനരൂപികളായ  നാലു പേർ പുറത്തിറങ്ങി തലകുലുക്കിക്കൊണ്ട്  എന്നെ വളഞ്ഞു. അതിൽ പ്രധാനി, മൊബൈൽ ഫോൺ മാതിരി അൽപം വലിപ്പമുള്ള ഒരു സാധനം എനിക്കുനേരേ നീട്ടി. അത് വാങ്ങുമ്പോൾ എന്റെ കൈ വിറച്ചു. വീണ്ടും അവരൊന്നിച്ച് തലകുലുക്കുകയും തിരികെ പേടകത്തിൽ കയറി യാത്രയാവുകയും ചെയ്തു. ഒരു നിമിഷം സ്വപ്‌നത്തിലാണോയെന്നറിയാൻ ഞാനെന്റെ കവിളിൽ നുള്ളി. പിന്നീടതുമായി അയൽവാസിയായ റിച്ചാർഡ് സാറിന്റെയടുത്തേക്കോടി.  കോളേജിൽ നിന്ന് വിരമിച്ച അദ്ദേഹം ഏലിയൻ സിദ്ധാന്തങ്ങളുടെ ഗവേഷകനാണ്. ഞാൻ വള്ളിപുള്ളി വിടാതെ പറഞ്ഞതെല്ലാം അദ്ദേഹം അദ്ഭുതത്തോടെ കേട്ടിട്ട് ആ മെഷീൻ സ്വിച്ചോൺ ചെയ്തു. അപ്പോൾ വിചിത്രഭാഷയിലുള്ള  സന്ദേശം പ്രത്യക്ഷപ്പെട്ടു. അദ്ദേഹമത് ഡികോഡ് ചെയ്തു.
'' ഞങ്ങൾ റോബോട്ടുകളല്ല. ചൊവ്വയിൽനിന്ന് വരുന്നവരാണ്.  നീ ചെയ്ത ഉപകാരത്തിന് നന്ദി പറയുകയും നിന്നെ ഈ ഭൂമിയിൽനിന്ന് രക്ഷിക്കുകയുമാണ് ഞങ്ങളുടെ ദൗത്യം.  കോടാനുകോടി വർഷങ്ങൾക്ക് മുൻപ് ചൊവ്വയും ഭൂമിയെപ്പോലെ ജീവഗ്രഹമായിരുന്നു. പിന്നീട് സൗരവികിരണങ്ങളുടെ ആധിക്യത്താൽ ചൊവ്വ വരണ്ടു. അവസാന ജീവകണികയും ഇരുമ്പുതരികളാൽ മൂടപ്പെട്ടു. പക്ഷേ, നീ ഭൂമിയിൽനിന്ന് പമ്പ് ചെയ്തുതന്ന ആ ജലമാണ് ഞങ്ങളുടെ ഗ്രഹത്തെ വീണ്ടും ജീവസ്സുറ്റതാക്കിയത്. നൂറുകോടി വർഷങ്ങൾക്കപ്പുറത്ത് നിദ്രയിലായിപ്പോയ സൂക്ഷ്മജീവികളൊക്കെ കണ്ണു തുറന്നു.  സസ്യലതാദികൾ തളിരിട്ടു.  പാറകളിൽ സൂക്ഷിക്കപ്പെട്ട പൂർവ്വികരുടെ ഫോസിലുകളിൽനിന്ന് ഞങ്ങൾ പിറവിയെടുത്തു. ഹൈഡ്രജനും ഡ്യുട്ടീരിയവും, നൈട്രജനും മാത്രമുണ്ടായിരുന്ന ഞങ്ങൾക്കിപ്പോൾ, ഓക്‌സിജനും കാർബൺഡൈയോക്‌സൈഡുമുണ്ട്. നീ ഞങ്ങൾക്ക് തന്ന ഭൂപ്രളയജലമാണ് എല്ലാത്തിനും കാരണം.' അത്രയും വായിച്ച് സാർ എന്നെയൊന്നു നോക്കി.


അന്ന് പെരിയാർ കരകവിഞ്ഞ് നമ്മുടെ വീടുകളൊക്കെ മുങ്ങിയപ്പോൾ, കടലിലേക്ക് ഒഴുകിപ്പോകാനാവാതെ ശ്വാസം മുട്ടിയ വെള്ളത്തെ ശക്തിയുള്ള ഒരു മോട്ടോറുപയോഗിച്ച്, നീളമേറിയ ഹോസ് വഴി ചൊവ്വയിലേക്ക്  പമ്പ് ചെയ്യുന്നതായി ഞാനൊരു വിചിത്രസ്വപ്‌നം കണ്ടിരുന്നു. അൽപം ജാള്യത്തോടെ ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വിസ്മയച്ചിരി ചിരിച്ച് ബാക്കി കൂടി വായിച്ചു. 
പ്രപഞ്ചത്തിന് ഇനി ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കും.  പ്രകൃതിക്കെതിരെ മനുഷ്യന്റെ അതിരുവിട്ട പ്രവർത്തനങ്ങൾ  കാരണം ഒരു മഹാപ്രളയം വരാനിരിക്കുന്നു ഒപ്പം മരുന്നു കണ്ടുപിടിക്കാത്ത ഒരു മഹാമാരിയും ഭൂമുഖത്തുനിന്ന് മനുഷ്യരെ ഇല്ലാതാക്കും. വാസയോഗ്യമല്ലാതെ ഭൂമിയും നശിച്ചുപോകും. അതിനുമുൻപ് നീ ഞങ്ങളുടെ കൂടെ വരിക. സമ്മതമാണെങ്കിൽ ഈ കോസ്മിക് ഫോണിന്റെ താഴെയുള്ള  ചുവന്ന ബട്ടനമർത്തുക. ഞങ്ങൾ തിരികെ വരും.


ഞങ്ങൾ രണ്ടാളും കൂടി പോകാൻ തീരുമാനിച്ചു. പേടകം വീണ്ടും വന്നു. സാർ ഉള്ളതുകൊണ്ട് ആ ഇരുമ്പുമനുഷ്യരോടൊപ്പം പോകാനെനിക്ക് ധൈര്യമായിരുന്നു. പുറമേ ചെറുതെന്ന് തോന്നുമെങ്കിലും പേടകത്തിനകം അതിവിശാലമായിരുന്നു. ആദ്യം ഒരു ഭാരമില്ലായ്ക അനുഭവപ്പെട്ടെങ്കിലും  മർദ്ദം ക്രമീകരിച്ച ഒരു അറയ്ക്കുള്ളിലായിരുന്നു ഞങ്ങളിരുന്നത്. വികിരണങ്ങൾ തടുക്കുന്ന ഉടുപ്പുകൾ. ശരീരത്തിൽ ഘടിപ്പിക്കുന്ന ഓക്‌സിജൻ സിലിണ്ടറുകൾ,  മർദ്ദവ്യതിയാനമുണ്ടാകുമ്പോൾ,കണ്ണിലെ ഞരമ്പുകൾ പൊട്ടിപ്പോകാതിരിക്കാനുള്ള കണ്ണടയൊക്കെ വെച്ച് ഞാനൊരു സുനിത വില്യംസായി. ഗുരുത്വാകർഷണം മറികടന്ന് ഏഴെട്ട് മാസം സഞ്ചരിക്കണം ചൊവ്വയിലെത്താൻ.  ചില്ലുപാളിയിലൂടെ ഞാൻ ബഹിരാകാശം നോക്കിക്കണ്ടു. ആദ്യം കണ്ടത് ചന്ദ്രനെയാണ്. ഭൂമിയിൽനിന്ന് കാണുന്നതുപോലെയൊന്നുമല്ല. നിറയെ കുന്നുംകുഴികളുമായി ആകെയൊരു ചാരനിറം.  സാർ എല്ലാം വീഡിയൊ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. താഴേക്ക് നോക്കുമ്പോൾ, ഭൂമി ഒരു നീലപ്പന്തുപോലെ ചെറുതായിച്ചെറുതായി. തൊട്ടടുത്തായി പലതരം  പേരറിയാ പ്രകാശങ്ങൾ. നക്ഷത്രങ്ങളോ ഛിന്നഗ്രഹങ്ങളോ ആയിരിക്കും. വളരെ വേഗത്തിൽ താഴോട്ട് പതിക്കുന്ന നക്ഷത്രപ്പൊട്ടുകളെ കയ്യെത്തിപ്പിടിക്കാൻ തോന്നി എനിക്ക്. ദീർഘയാത്രയ്‌ക്കൊടുവിൽ ഞങ്ങൾ ചൊവ്വയുടെ ആകർഷണപരിധിയിലെത്തി. റോമൻ യുദ്ധദേവനായ മാർസിന്റെ പേരിലുള്ള ചുവന്ന ഗ്രഹത്തെ ഞങ്ങളുടെ പേടകം വലംവെച്ചു. ചുവന്നഗ്രഹത്തിലിപ്പോൾ പച്ചപ്പ് കാണാനാവുന്നു. അഗ്‌നിപർവ്വതങ്ങൾ,താഴ്‌വരകൾ മരുഭൂമികൾ, ഏറ്റവും വലിയ പർവ്വതമായ ഒളിമ്പസ് മോൺസിൽ ജീവജാലങ്ങളുടെ ഹരിതഭംഗി. ഉൽക്കാപതനം മൂലമുണ്ടായ ബൊറിലിസ് തടാകത്തിൽ  വെള്ളം നിറഞ്ഞ് അരയന്നങ്ങൾ നീന്തുന്നു.  സ്പിരിറ്റ്  ഓപ്പർച്ച്യൂണിറ്റി, ക്യൂരിയോസിറ്റി തുടങ്ങി മനുഷ്യരയച്ച ബഹിരാകാശ പേടകങ്ങളെയൊക്കെ പലയിടങ്ങളിലായി കണ്ടു. ഫോബോസ്, ഡീമോസ്  ഉപഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്നുണ്ട്. പൊടുന്നനെ, കോസ്മിക് ഫോണിൽ ഇറങ്ങാറായെന്നുള്ള സന്ദേശമെത്തി. മറ്റുള്ളവരോടൊപ്പം ഞങ്ങളും സീറ്റ്‌ബെൽറ്റൂരി  സിലിണ്ടറുകൾ  ഘടിപ്പിച്ച് ഇറങ്ങാനൊരുങ്ങി. പെട്ടെന്നൊരു കുലുക്കമനുഭവപ്പെട്ടതും, ഞെട്ടലോടെ കണ്ണുതുറന്ന്, ചൊവ്വയിൽ ലാന്റ് ചെയ്‌തോ എന്നുചോദിച്ചതും ഒരുമിച്ചായിരുന്നു.


അതുശരി.. പഠിക്കാൻ പറഞ്ഞിട്ട് ഇരുന്നുറങ്ങുകയായിരുന്നല്ലേ..ഞാനിരുന്ന ഊഞ്ഞാൽത്തൊട്ടിലിൽ പിടിച്ചുകുലുക്കി ഉമ്മ ദേഷ്യപ്പെട്ടു.
അടുത്തകാലത്തൊന്നും തോരില്ലായെന്നമട്ടിൽ ഇരുട്ടടച്ച് മഴ വാശിയോടെ പെയ്യുന്നു. സമ്പർക്കം മൂലം രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുകയാണെന്നും, മരണനിരക്കിൽ അമേരിക്കയെ മറികടക്കുമെന്നും വാർത്താ വായനക്കാരി ഖേദിക്കുന്നു.

 

Latest News