സൗദി ഫുട്‌ബോളിന്റെ മാത്രമല്ല, ഏഷ്യൻ ഫുട്‌ബോളിന്റെ തന്നെ ഭാവിയായി വിലയിരുത്തപ്പെടുകയാണ് അബ്ദുല്ല അൽഹംദാൻ എന്ന യുവ കളിക്കാരൻ. കഴിഞ്ഞ വാരം അൽശബാബിൽ നിന്ന് അൽഹിലാലിലേക്കുള്ള ഹംദാന്റെ കൂടുമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ടു. സാധാരണ ഗതിയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന കളിക്കാരുടെ ട്രാൻസ്ഫറാണ് ഇതുപോലെ ചർച്ച ചെയ്യപ്പെട്ടിരുന്നത്.
സൗദിയിലെ വളർന്നുവരുന്ന പ്രതിഭകളെ അൽഹിലാൽ സ്വന്തമാക്കുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ റെക്കോർഡായ പതിനാറു തവണ സൗദി ലീഗ് ചാമ്പ്യന്മാരായ അൽഹിലാൽ ഇത്ര ദൂരവ്യാപക പ്രത്യാഘാതമുളവാക്കിയേക്കാവുന്ന ഒരു ട്രാൻസ്ഫറിൽ ഒപ്പിട്ടത് അപൂർവമാണ്. വരും നാളുകളിൽ ഇരുപത്തൊന്നുകാരന്റെ മുന്നേറ്റം സൗദിയിലെ ഫുട്‌ബോൾ പ്രേമികൾ ശ്രദ്ധാർപൂർവം നിരീക്ഷിക്കും. കാരണം സൗദി ഫുട്‌ബോളിന്റെ ഭാവി ഈ കളിക്കാരന്റെ കാലുകളിലാണെന്ന് കരുതുന്നവരേറെയാണ്. അബ്ദുല്ല അൽഹംദാന് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചാൽ സൗദി ടീമിന്റെ മുന്നേറ്റത്തിന് അത് കളമൊരുക്കും. ഹംദാൻ പരാജയപ്പെടുകയാണെങ്കിൽ ദേശീയ ടീമിനെയും അത് ഗുരുതരമായി ബാധിക്കും. 2018 ലെ ലോകകപ്പിന് യോഗ്യത നേടിയതു വഴി ഡച്ച് കോച്ച് ബെർടി വാൻ മാർവിക് തുടങ്ങിവെച്ച മാറ്റത്തിന് ഗതിവേഗം നൽകാൻ അബ്ദുല്ല അൽഹംദാന് സാധിക്കും.
ഈ പതിറ്റാണ്ടിലെ മികച്ച ഏഷ്യൻ കളിക്കാരിലൊരാളായി ഹംദാൻ വളർന്നു വരുമെന്ന് കരുതുന്നവരേറെയാണ്. ഇപ്പോഴത്തെ കണക്കുകൾ വെച്ച് അത് വലിയ മോഹമാണ്. ടോട്ടനത്തിന്റെ തെക്കൻ കൊറിയൻ താരം സോൻ ഹ്യുംഗ് മിന്നാണ് ഇപ്പോൾ ഏഷ്യയിലെ ഒന്നാം നമ്പർ താരം. ഹംദാനെ പോലൊരു യുവ താരത്തിന് സോനിന്റെ സിംഹാസനം ഇളക്കാൻ സാധിക്കുമോയെന്ന് സ്വാഭാവികമായും സംശയമുയരാം. പ്രത്യേകിച്ചും താരത്തിന്റെ ഇപ്പോഴത്തെ നേട്ടങ്ങൾ താരതമ്യം ചെയ്യുമ്പോൾ. 15 സൗദി പ്രൊഫഷനൽ ലീഗ് മത്സരങ്ങളിൽ വെറും രണ്ടു ഗോളാണ് ഹംദാന്റെ സമ്പാദ്യം. എന്നാൽ ഗോളുകളുടെ കണക്കല്ല ഹംദാന്റെ മികവിനെ തിട്ടപ്പെടുത്തുന്നത്. എട്ട് ഗോളുകൾക്ക് ഹംദാൻ അവസരമൊരുക്കി. സൗദി ഫസ്റ്റ് ഡിവിഷനിൽ മറ്റാർക്കും ആറിലേറെ അസിസ്റ്റ് സാധ്യമായിട്ടില്ല. അൽഹിലാലിലെ ആഘോഷിക്കപ്പെട്ട കളിക്കാരായ ആന്ദ്രെ കാരിയോക്കും (മൂന്ന്) സെബാസ്റ്റിയൻ ജിയോവിൻകോക്കും (രണ്ട്) സാധിച്ചതിനേക്കാളും കൂടുതൽ.
ഫുട്‌ബോൾ ഹംദാന്റെ രക്തത്തിലുണ്ട്. പിതാവ് അബ്ദുറഹ്്മാൻ അൽഹംദാൻ മുമ്പ് ശബാബിന് കളിച്ചിട്ടുണ്ട്. സ്‌പെയിനിൽ സ്‌പോർടിംഗ് ഗിഹോണിന് കളിച്ച പരിചയവുമുണ്ട് അബ്ദുല്ല ഹംദാന്. എന്തുകൊണ്ടാണ് ഹംദാനുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെടാൻ ഇത്ര താൽപര്യം കാട്ടിയത് എന്നത് ആരെയും അദ്ഭുതപ്പെടുത്തേണ്ടതില്ല. പ്രത്യേകിച്ചും യുവ സൗദി താരങ്ങളെ ആവേശത്തോടെ ടീമിലുൾപ്പെടുത്തുന്ന അന്നസർ പോലും അവഗണിച്ച ഒരു പ്രതിഭയെ.
ദീർഘകാലമായി ഉറക്കത്തിലായിരുന്നു സൗദി ഫുട്‌ബോൾ. 1996 ലാണ് ഗ്രീൻ ഫാൽക്കൻസ് അവസാനമായി ഏഷ്യൻ കപ്പ് ജയിച്ചത്. 12 വർഷത്തിനു ശേഷമാണ് കഴിഞ്ഞ ലോകകപ്പിൽ സൗദിക്ക് മുഖം കാണിക്കാനായത്.
സൗദി ടീം റഷ്യയിലെ ലോകകപ്പിൽ ഉജ്വല പ്രകടനം കാഴ്ച വെച്ചെങ്കിലും ടീമിന്റെ ദൗർബല്യങ്ങൾ പ്രകടമായിരുന്നു. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ 16 ഗോളടിച്ചതിന്റെ പെരുമയുമായി എത്തിയ മുഹമ്മദ് അൽസഹ്്‌ലവി മുൻനിരയിൽ ഏകാകിയായി. ലോകകപ്പിനു ശേഷം ഒരു ഇന്റർനാഷനൽ മത്സരം കളിക്കാൻ സഹ്്‌ലവിക്ക് സാധിച്ചിട്ടില്ല. 2014 ലെ ഏഷ്യൻ പ്ലയർ ഓഫ് ദ ഇയർ നാസർ അൽശംറാനിക്ക് ലോകകപ്പാവുമ്പോഴേക്ക് തന്നെ പ്രതാപകാലം കഴിഞ്ഞ് സടകൊഴിഞ്ഞ സിംഹത്തെ പോലെയായിരുന്നു. അൽഇത്തിഹാദിന്റെ വിംഗർ ഫഹദ് അൽമുവല്ലദുമായാണ് സൗദി 2019 ലെ ഏഷ്യൻ കപ്പ് കളിച്ചത്. വൻ പ്രതീക്ഷകൾ പൂവണിയാതെ പ്രി ക്വാർട്ടറിൽ സൗദി പുറത്തായി.
ഈ ശൂന്യതയിലേക്കാണ് അബ്ദുല്ല അൽഹംദാൻ വരുന്നത്. ഫ്രഞ്ചുകാരൻ ഹെർവി റെനാഡ് ദേശീയ കോച്ചായി ചുമതലയേറ്റ ശേഷം കൊറോണ കാരണം സീസൺ അലങ്കോലപ്പെട്ടിരിക്കുകയാണ്.
ശബാബിന്റെ ഫസ്റ്റ് ടീമിൽ അദ്ഭുതമൊന്നും കാഴ്ച വെക്കാൻ ഹംദാന് സാധിച്ചിട്ടില്ല. ഏഴ് വിദേശ കളിക്കാർക്ക് അവസരം നൽകിയതോടെ പ്രാദേശിക പ്രതിഭകൾക്ക് അവസരം കുറഞ്ഞിരിക്കുകയാണ്. 43 മത്സരങ്ങളിൽ ഹംദാൻ ശബാബിന് കളിച്ചു. അതിലേതാണ്ട് പകുതിയും പകരക്കാരന്റെ റോളിലായിരുന്നു. മറ്റു ടീമുകളിലെ സൗദി കളിക്കാരുടെ അവസ്ഥയും ഇതു തന്നെയാണ്. 16 ടീമിലും ഉറച്ച സ്ഥാനമുള്ള സൗദി സ്‌ട്രൈക്കർമാർ കുറവായിരുന്നു.
അൽഹിലാലിനെ സംബന്ധിച്ചിടത്തോളം ദേശീയ കിരീടങ്ങളല്ല അവരുടെ പ്രധാന ലക്ഷ്യം. അതിനേക്കാൾ വളരെ ഉയരത്തിലാണ്. ഹിലാലിന്റെ മുൻനിരയിൽ ഫ്രഞ്ചുകാരൻ ബെഫതിംബി ഗോമിസ് ചോദ്യം ചെയ്യപ്പെടാനാവാത്ത സാന്നിധ്യമാണ്. ഇരുപത്തേഴുകാരൻ സാലിഹ് അൽശെഹ്‌രി അത്ര തന്നെ പ്രാഗദ്ഭ്യമുള്ള സ്‌ട്രൈക്കറാണ്. 2018-19 സീസണിൽ 25 സൗദി പ്രീമിയർ ലീഗ് മത്സരങ്ങളിൽ സാലിഹ് 16 ഗോളടിച്ചിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ അബ്ദുല്ല ഹംദാൻ കരിയറിൽ ആകെ നേടിയ സൗദി ലീഗ് ഗോളുകൾ കൈവിരലിലെണ്ണാം -അഞ്ചെണ്ണം. എന്നാൽ ഗോമിസിനൊപ്പം കളിക്കാൻ കിട്ടുന്ന അവസരം ഹംദാന് വലിയ പാഠമാവും. 2022 ൽ ഗോമിസിന്റെ കരാർ അവസാനിക്കുമ്പോൾ ഹംദാൻ ആ സ്ഥാനമേറ്റെടുക്കുമെന്നാണ് ഹിലാൽ ആരാധകർ കരുതുന്നത്.
ഒമ്പതാം നമ്പർ താരങ്ങളിൽ നിന്ന് വലിയ സംഭാവന ആഗ്രഹിക്കുന്ന ക്ലബ്ബിന് അത്ര വരെ കാത്തുനിൽക്കാനുള്ള ക്ഷമയുണ്ടാവുമോയെന്നതാണ് ചോദ്യം. ഏഴ് വിദേശ കളിക്കാർ ആധിപത്യം പുലർത്തുന്ന കാലത്ത് സ്ഥിരം സ്ഥാനം നേടണമെങ്കിൽ അബ്ദുല്ല ഹംദാൻ അസാധ്യമായതെന്തെങ്കിലും ചെയ്യണം. അല്ലെങ്കിൽ ഗോമിസ് പോവുമ്പോൾ അതുപോലൊരു വിദേശ താരത്തെ തേടാൻ ക്ലബ് നിർബന്ധിതമാവും. എങ്ങനെയാണ് ഹംദാന്റെ ഭാവി എന്നത് അതുകൊണ്ടു തന്നെ സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.