നാട്ടില്‍ കുടുങ്ങിയവര്‍ ഇഖാമ, റീ എന്‍ട്രി കാലാവധി ശ്രദ്ധിക്കണം, 14 മാസം മുമ്പ് വരെ പുതുക്കാം

ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ യാത്രാ നിയന്ത്രണം നീട്ടിയ പശ്ചാത്തലത്തില്‍ ധാരാളം പേര്‍ നാട്ടില്‍ കുടുങ്ങിയിരിക്കയാണ്. കോവിഡ് കേസുകള്‍ കുറയുകയും വിമാന സര്‍വീസുകള്‍ വൈകാതെ സാധാരണനിലയിലാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പലരും അവധിയെടുത്ത് നാട്ടിലേക്ക് പോയത്. സാധാരണ വിമാന സര്‍വീസ് തുടങ്ങിയില്ലെങ്കിലും ഇന്ത്യയും സൗദിയും തമ്മില്‍ ബബ്ള്‍ കരാറിലെത്തുകയും പരിമിത സര്‍വീസ് തുടങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ അസ്ഥാനത്താായിരിക്കയാണ്. എപ്പോഴാണ് സ്ഥിതിഗതികള്‍ മാറി നേരെയകുകയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ്.
ഈ പശ്ചാത്തലത്തില്‍ ഇഖാമയും എക്‌സിറ്റ് റീ എന്‍ട്രി വിസയും യഥാസമയം പുതുക്കുന്നതിന് പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാലാവധിക്ക് കാത്തുനില്‍ക്കാതെ വളരെ വേഗത്തില്‍തന്നെ കമ്പനികളുമായും സ്‌പോണ്‍സര്‍മാരുമായും ബന്ധപ്പെട്ട ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണം.
റീ എന്‍ട്രി വിസ പുതുക്കാതെ കാലഹരണപ്പെട്ടാല്‍ പുതിയ വിസയില്‍ അതേ സ്‌പോണ്‍സര്‍ക്കു കീഴില്‍ വരാന്‍ സാധിക്കുമെങ്കിലും മറ്റൊരു വിസയിലാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് മടങ്ങാനാവില്ല.
കാലാവധി പൂര്‍ത്തിയാകുന്നതിന് 14 മാസം മുമ്പ് ഗാര്‍ഹിക തൊഴിലാളികളുടേയും ആറു മാസം മുമ്പ് മറ്റു തൊഴിലാളികളുടേയും ഇഖാമ പുതുക്കാമെന്ന് ജവാസാത്ത് ചോദ്യത്തിനു മറുപടി നല്‍കി.
കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്ന് മാസം മുമ്പ് ഇഖാമ പുതുക്കാനാകുമോ എന്ന ചോദ്യത്തിനാണ് മറുപടി.
വര്‍ക്ക് പെര്‍മിറ്റിനും ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും കാലാവധിയുണ്ടെങ്കില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ ഇഖാമകള്‍ പുതുക്കാന്‍ സാധിക്കും.

 

Latest News