കഴിഞ്ഞ വ്യാഴാഴ്ച വാട്സപ്പ് തുറന്നപ്പോൾ ബ്രിട്ടീഷുകാരനായ സഹപ്രവർത്തകൻ റിച്ചാർഡ് ഗോഫിന്റെ ഒരു സന്ദേശം: ഇസ്മയിൽ, താങ്കൾക്ക് ഒരു പാർസൽ യൂണിവേഴ്സിറ്റി പോസ്റ്റ് ബോക്സിൽ കുറേ നാളുകളായി കിടപ്പുണ്ട്. നിങ്ങൾ ഇതുവരെയും കൈപ്പറ്റിയതായി കാണുന്നില്ലെന്ന് അവിടുത്തെ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നു. ഏതായാലും ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. അത് വഴി വരുമ്പോൾ താങ്കളെ ഏൽപിക്കാം. ഇതായിരുന്നു സന്ദേശം.
അന്ന് വൈകീട്ട്, പാർസൽ എടുക്കാൻവിട്ട് പോയതിൽ റിച്ചാർഡിന്റെക്ഷമാപണം. തുടർന്ന് വാരന്ത്യ അവധി ആയതിനാൽ ഞായറാഴ്ച മാത്രമേ അതെനിക്കെത്തിക്കാനാവൂ എന്നുംഅദ്ദേഹം കുറിച്ചു. പ്രശ്നമാക്കേണ്ടാ, നേരം പോലെ എത്തിച്ചാൽ മതിയെന്ന് ഞാനും. സാധാരണയായി യൂണിവേഴ്സിറ്റി അഡ്രസിൽ എത്താറുള്ളത് മൂല്യനിർണ്ണയം നടത്താനുള്ള ഗവേഷണ പ്രബന്ധങ്ങളോ, മറ്റെന്തെങ്കിലും ഡോക്യുമെൻസോ ഒക്കെ ആയിരിക്കും.
എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പാർസൽ പൊതിയുമായി ഞായറാഴ്ച വൈകീട്ട്റിച്ചാർഡ് എന്നെ കാത്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകമായി. അടുത്ത കാലത്ത് ഒന്നും ഓൺലൈൻ പർച്ചേസ് നടത്തിയതായും ഓർമയിലില്ല. പിന്നെ ആ പാർസൽ എന്തായിരിക്കും? എവിടുന്നായിരിക്കും, ആരായിരിക്കും തുടങ്ങി കുറെ ചോദ്യങ്ങൾ അകതാരിൽ മിന്നി. എന്റെ ആകാംക്ഷ കണ്ട് റിച്ചാർഡിനും താൽപര്യമായി. സിംഗപ്പൂരിൽ നിന്നാണ് പാർസൽ എന്ന് മനസ്സിലായി. അയച്ച ആളുടെ പേരില്ല. പൊതിയഴിച്ച് ബില്ല് ഉണ്ടോ എന്ന് പരിശോധിക്കാമെന്നായി റിച്ചാർഡ്. പൊതി അഴിക്കുമ്പോൾ വീണ്ടും ആവേശത്തള്ളിച്ച. എന്തായിരിക്കും അകത്ത്? ആരായിരിക്കും ഈ കുസൃതിയൊപ്പിച്ചത്! പ്രതീക്ഷ അസ്ഥാനത്തായി. ബില്ല് ഇല്ല. പ്രമുഖ കമ്പനിയുടെ മനോഹരമായ ഒരു സൺഗ്ലാസ് ആണ് താരം. പാർസൽ കവർ സൂക്ഷ്മമായി വീണ്ടും പരിശോധിച്ചു. വല്ല രഹസ്യ സന്ദേശവും കണ്ടേക്കുമോ? അങ്ങനെയൊന്നും കണ്ടില്ല. കുറച്ച് നേരത്തെ കുശലാന്വേഷണത്തിന് ശേഷം അപ്രതീക്ഷിത സമ്മാനത്തിൽ അങ്കലാപ്പോടെ അതിശയിച്ചു നിൽക്കുന്ന എന്നെ നോക്കി ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ച് റിച്ചാർഡ് നടന്നകന്നു.
നാളുകൾക്കു മുമ്പ് പ്രിയപ്പെട്ട ആരോ അയച്ച സമ്മാനപ്പൊതി കോവിഡ് കാലമായതിനാൽ, ഓൺലൈൻ ടീച്ചിംഗിന്റെ പശ്ചാത്തലത്തിൽ കൈപ്പറ്റാതെ യൂണിവേഴ്സിറ്റിയിൽ കിടക്കുകയായിരുന്നു. യാത്ര ചെയ്ത സ്ഥലങ്ങളിലെ പല പരിചിത മുഖങ്ങളും മനസ്സിൽ തെളിഞ്ഞു. പഠിപ്പിച്ച വിദ്യാർത്ഥികളുടെ മുഖങ്ങളുംകടന്നുപോയി. അവരിലാരെങ്കിലുമായിരിക്കണം ഈ സുകൃതം ഒപ്പിച്ചത്. തുടർന്ന് മക്കളോടും ഭാര്യയോടും രസകരമായ ഈ അനുഭവം പങ്ക് വെച്ചപ്പോൾഅവർ ബാർകോഡ് സെർച്ച് ചെയ്താൽ പാർസൽ അയച്ച കൃത്യമായ സ്ഥലവും തീയതിയും കണ്ടെത്താമെന്നായി. സിംഗപ്പൂരിൽ നിന്നും അങ്ങനെ ഒരു സമ്മാനമയക്കാൻ സന്മനസ് കാണിച്ച ആ സുഹൃത്ത്പേര് വെച്ചയക്കാതിരുന്നത് ഈ കൺഫ്യൂഷൻ ഉണ്ടാക്കാൻ വേണ്ടിയായിരിക്കുമോ? കോവിഡ് കാലത്തിന് മുന്നേ സിംഗപ്പൂരിൽ പോയ ചില സുഹൃത്തുക്കളോട് തന്ത്രത്തിൽ പലതും ആരാഞ്ഞു. അവരാരെങ്കിലുമാണോ അയച്ചതെന്നറിയാൻ ചില ശ്രമം നടത്തി നോക്കി. എന്നിട്ടും അയച്ച ആളെ ഇതുവരേയുംപിടികിട്ടിയില്ല. ഇത് വായിക്കുന്ന ആരെങ്കിലുമാണതയച്ചതെങ്കിൽ പറഞ്ഞേക്കാം താങ്കൾ സ്നേഹപൂർവ്വം എന്നോ സിംഗപ്പൂരിൽ നിന്നയച്ച പ്രിയ സമ്മാനം ഒരുപാട് നാളുകൾക്ക് ശേഷമാണെങ്കിലും ഭദ്രമായി ഇവിടെ കൈപ്പറ്റിയിട്ടുണ്ട്, ഉദ്ദേശിച്ച കൺഫ്യൂഷൻ നില നിൽക്കുന്നുണ്ട് എന്ന കാര്യവുംനന്ദിയോടെപ്രാർത്ഥനാപൂർവ്വം അറിയിക്കുന്നു.
പറഞ്ഞു വരുന്നത് സമ്മാനങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു പ്രത്യേകതരം അനുഭൂതി സമ്മാനിക്കുന്നുവെന്നാണ്. ഒത്തിരി സമ്മാനങ്ങൾ കൈപ്പറ്റിയവരും കൈമാറിയവരുമാണ് നമ്മിൽ അധിക പേരും. എന്തെന്ത് സമ്മാനങ്ങൾ? ഓർക്കുന്തോറും മനസ്സ് നിറയുന്ന കണ്ണ് നനയുന്ന സ്നേഹാദരങ്ങളിൽ ചാലിച്ച എത്രയെത്രെ സമ്മാനങ്ങളാണ് നാം നൽകിയതും സ്വീകരിച്ചതും.
നമുക്കു ലഭിക്കുന്ന സമ്മാന വസ്തുവിന്റെ വിലയേക്കാൾ മൂല്യമേറിയതാണല്ലോ സമ്മാനങ്ങൾ നൽകുന്ന സന്തോഷം. സമ്മാനം നൽകുന്ന ഒരാൾ ഏതോ ഒരു നിമിഷത്തിൽ നമ്മെ സവിശേഷമായി ഓർത്തതിന്റെ അടയാളമായി തയ്യാറാക്കുന്ന, വാങ്ങുന്ന, പൊതിയുന്ന, അയക്കുന്ന, വിലയിടാനാവാത്ത കരുതൽ കൂടിയാണ് ഓരോ സമ്മാനത്തെയും അമൂല്യമാക്കുന്നത്. അകതാരിൽ മറ്റൊരാളോടുള്ള സ്നേഹത്തെയാണ്, ആദരവിനേയാണ് സമ്മാനത്തിലൂടെ പലപ്പോഴും നാം പ്രകാശിപ്പിക്കുന്നത്.
നമുക്ക് പ്രിയപ്പെട്ടവരോടുള്ള സ്നേഹത്തെയും വാൽസല്യത്തേയും ഇമ്പത്തോടെ അവതരിപ്പിക്കാനും ഓർമ്മിപ്പിക്കാനും സമ്മാനങ്ങൾ ഏറെ സഹായിക്കുന്നു. സുഹൃത്തുക്കൾ തമ്മിലെ പിണക്കങ്ങൾ അവസാനിപ്പിക്കാനും സൗഹൃദങ്ങൾ പുനഃസ്ഥാപിക്കാനും നല്ല സമ്മാനങ്ങൾക്ക് കഴിയും. അവരുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുള്ള നമ്മുടെഹൃദ്യമായ വായന കൂടി നാം നൽകുന്ന സമ്മാനങ്ങൾ ഉൾകൊള്ളുന്നുണ്ട്.സമ്മാനങ്ങൾ ഉത്ഭവിക്കുന്നത് ഹൃദയത്തിൽ നിന്നാണെന്ന് പറയാം. സമ്മാനിതനാവുന്നയാളുടെ അഭിലാഷത്തെ തിരിച്ചറിഞ്ഞ് നൽകുന്ന സമ്മാനങ്ങൾക്ക് മാറ്റുകൂടുമെന്ന് പറയേണ്ടതില്ലല്ലോ? സൗഹൃദങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കി സമ്മാനങ്ങൾ വാങ്ങിച്ചു നൽകുന്നവർ കേവലം ഒരു സമ്മാനം മാത്രമല്ല നൽകുന്നത്,മറിച്ച് ഒരു അംഗീകാരം കൂടിയാണത് പ്രദാനം ചെയ്യുന്നത്. വർണ്ണകടലാസോ പ്രൈസ് ടാഗോ അല്ല നല്ല സമ്മാനങ്ങളുടെ മാനദണ്ഡം. നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന സമ്മാനങ്ങൾ എപ്പോഴും വലിയ വിലപിടിപ്പുള്ളവ ആവണമെന്നുമില്ല. നാട്ടിലായിരുന്നപ്പോൾ ഒരു മന്ദാരച്ചെടി കൊറിയർ വഴി സമ്മാനമായെത്തി അദ്ഭുതപ്പെടുത്തിയത് ഓർമ്മ വരുന്നു. താക്കോൽ വാങ്ങികാറിന്റെ പിൻഭാഗം തുറന്ന് , പ്രിയ വിദ്യാർത്ഥിനി ആദരപൂർവ്വം വെച്ച വർണ്ണപ്പെട്ടിയിൽ ഏറെ പ്രിയത്തോടെ നാളുകളായി തുന്നിക്കൂട്ടിയ മനോഹരമായ പൂക്കളായിരുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ ആഹ്ലാദം ചെറുതായിരുന്നില്ല.
പ്രവാസത്തിന്റെ ആദ്യ നാളുകളിലൊന്നിൽ ജിദ്ദ എയർപോർട്ടിൽ നിന്നും വീട്ടിലുണ്ടോയെന്ന് വിളിച്ചു ചോദിച്ച്, നേരെ വീട്ടിലെത്തി മുഹമ്മദ് രിഫായി എന്ന ജിസാൻകാരനായ വിദ്യാർത്ഥി ഏൽപിച്ച സമ്മാനം രണ്ട് കാർട്ടൺ നിറയെ മുഴുത്ത മധുര മാങ്ങകളായിരുന്നു. അവിസ്മരണീയമായ എത്രയെത്ര സമ്മാനങ്ങൾ തേടിയെത്തിയിരിക്കുന്നു ഇതിനകം. പൊടുന്നനെ മനസ്സിൽ ഇരച്ചെത്തിയ വൈവിധ്യമാർന്ന ഏതാനും ചിലത് ഓർത്ത് പോയെന്നേയുള്ളൂ.
സമ്മാനം നൽകാൻ പ്രത്യേക സീസണുകൾക്കായി കാത്തിരിക്കണമെന്നില്ല. സമ്മാനം നൽകിയത് കൊണ്ട് ആരും ദരിദ്രരായിട്ടുമില്ല. നൽകിയത് എപ്പോഴും ഓർത്തിരിക്കണമെന്നുമില്ല. സ്വീകരിക്കുന്നത് മറക്കരുതെന്നേയുള്ളൂ.
സമ്മാനം നൽകുവിൻ സ്നേഹം പകരുവിൻ എന്നർത്ഥമുള്ള തഹാദൗ തഹാബ്ബൂ എന്ന മഹിത വചനത്തെ ജീവിതചര്യയാക്കി മാറ്റി അനുചരർക്ക് ജീവിതാനന്ദം പകർന്ന പ്രവാചകനെ കൂടുതലടുത്തറിയുമ്പോൾ സമ്മാനം നൽകുകയെന്നത് അതീവ പുണ്യമേറിയ സൽകർമ്മം കൂടിയാണെന്ന് നമുക്ക് വ്യക്തമാവും.






