നവാസിന്റെ ചിത്രലോകം

കോഴിക്കോട്ടുകാരൻ പി.ടി. മുഹമ്മദ് നവാസ് എന്ന ചിത്രകാരൻ ഇപ്പോൾ യു.എ.ഇ സ്വദേശികളുടെ കൂടി ഇഷ്ട കലാകാരനാണ്. പതിനാല് വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്ന ഈ പ്രതിഭ അറേബ്യൻ ജനതയുടെ ഇതിഹാസങ്ങളും പൈതൃകങ്ങളുമെല്ലാം കാൻവാസിലേക്ക് മനോഹരമായി പകർത്തുന്നതിൽ മുൻനിരയിലാണ്.
നാട്ടിലെ ജീവിതത്തേക്കാളും മരുഭൂമിയിലെ ദിനരാത്രങ്ങൾ മുഹമ്മദ് നവാസിലെ ചിത്രകാരനെ കർമോത്സുകനാക്കുകയായിരുന്നു.  അങ്ങനെ അറബ് സംസ്‌കൃതിയെ നേരിൽ കണ്ടും കാൻവാസിലേക്ക് പകർത്തിയും മുഹമ്മദ് നവാസ് ഇമാറാത്തിന്റെ മനോഹരവും ധന്യവുമായ നിറക്കൂട്ടുകളിൽ വിസ്മയം തീർക്കുകയാണ്.
ഷാർജ അല്ലീം അച്ചീവ്‌മെന്റ്‌സിന്റെ 2018ലെ ബ്രാൻഡ് അംബാസഡർ അവാർഡ് നേടിയതോടെയാണ് നവാസിന്റെ ചിത്രങ്ങൾ മരുദേശത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അറേബ്യൻ ജീവിതത്തെ ഹൃദ്യമായ നിറക്കാഴ്ചകളിലേക്ക് ആത്മാവ് ചോരാതെ പകർത്തുന്നതിൽ നവാസിന്റെ സംഭാവനകൾ മികച്ചതാണെന്ന് ഇതോടെ അംഗീകരിക്കപ്പെട്ടു. 
ചെറുപ്പം മുതൽ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നു നവാസിന്. ഒരു ചിത്രകാരൻ എന്ന നിലയിൽ വരയിലെ എല്ലാ മേഖലകളും വഴങ്ങുമെങ്കിലും ഡിജിറ്റൽ ചിത്രങ്ങളോടാണ് കൂടുതൽ താത്പര്യം. ബാല്യകാലത്ത് അടുക്കും ചിട്ടയുമില്ലാതെ പല ചിത്രങ്ങളും നവാസ് കടലാസുകളിൽ കോറിയിടുമായിരുന്നു. തന്റെ ആത്മമിത്രം സമീറിന്റെ പിതാവ് മുഹമ്മദ്കുട്ടി എന്ന ചിത്രകാരൻ വരച്ച ചിത്രങ്ങൾ ഒരിക്കൽ നവാസ് കാണാനിടവന്നു. അതോടെയാണ് തനിക്കും വരയ്ക്കണമെന്ന മോഹം സജീവമായത്. തുടർന്ന് ചിത്രങ്ങൾ വരയ്ക്കാൻ നിരന്തരമായി പരിശീലിച്ചു. സ്‌കൂളിൽ നിരവധി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തു. 


ഡിജിറ്റൽ മേഖലയിലെ ചിത്രങ്ങളിലേക്ക് ശ്രദ്ധ പതിഞ്ഞത്  ആറ് വർഷങ്ങൾക്ക് മുമ്പാണ്. ഫെയ്‌സ്ബുക്കിലെ ഡിജിറ്റൽ പെയ്ന്റിംഗുകളാണ് ഇതിന് മുഖ്യ പ്രചോദനമായത്. സോഷ്യൽ മീഡിയയിൽ സജീവമായ ചില ചിത്രകാരന്മാരുമായി ചങ്ങാത്തം സ്ഥാപിച്ചു. അവർ നൽകിയ പിന്തുണയും സഹായ സഹകരണങ്ങളും ഒരുപാട് അറിവുകൾ നൽകി. ഇതു കൂടാതെ വിവിധ ബ്ലോഗുകളിലെ ചിത്രങ്ങളും പ്രേരണയായി. 
അങ്ങനെ 2014ൽ മലയാളത്തിന്റെ പ്രിയ സിനിമാനടൻ മമ്മൂട്ടിയെയാണ് ഡിജിറ്റൽ പെയ്ന്റിംഗിലൂടെ ആദ്യമായി വരച്ചത്. രണ്ടാമതായി മുൻ മന്ത്രി ഡോ.എം.കെ മുനീറിനെയും. 2015ൽ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ ഭരണാധികാരികളെയും വരച്ചു. ഇതിനകം അമ്പതോളം പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നവാസ് വരച്ചിട്ടുണ്ട്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബ്ൻ സായിദ് അൽനഹ്യാൻ, യു എ ഇ പ്രധാനമന്ത്രിയും ദുബായ്
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ്‌നു റാഷിദ് അൽമക്തൂം, ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബ്ൻ മുഹമ്മദ് അൽഖാസിമി എന്നിവരുടെ ചിത്രങ്ങൾ ദുബായ് ഗവൺമെന്റിന്റെ സഅബീൽ ഓഫീസിലേക്ക് സമർപ്പിക്കുകയും ചെയ്തു.
യു.എ.ഇയിലെ ഫുജൈറ അൽ ത്വബൈ ഹെറിറ്റേജ് മ്യൂസിയത്തിൽ നവാസ് വരച്ച പെയ്ന്റിംഗ് സ്ഥാനം പിടിച്ചിട്ടുണ്ട്.  യാദൃഛികമായി ഒരു ദിവസം മ്യൂസിയം സന്ദർശിക്കാനെത്തിയ നവാസ് സ്ഥാപന മേധാവിയെ കണ്ടതിനെ തുടർന്നാണ് ഇതിന് സൗഭാഗ്യം ലഭിച്ചത്.  മ്യൂസിയത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗത്ത് പ്രദർശനത്തിന് വെച്ച ഈ പെയ്ന്റിംഗ് ഇപ്പോൾ നിരവധി സന്ദർശകരെ ആകർഷിക്കുന്നു.
യു.എ.ഇയുടെ തനത് സംസ്‌കാരങ്ങൾ, പൈതൃകങ്ങൾ, മരുഭൂമിയിലെ  പ്രകൃതി കാഴ്ചകൾ, അറേബ്യൻ ജീവിതരീതികൾ തുടങ്ങിയ നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട് നവാസ്. ഷാർജ ഗവൺമെന്റിന്റെ ചേംബർ ഓഫ് കോമേഴ്‌സ് ആൻറ് ഇൻഡസ്ട്രിയിൽ വെച്ച് ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അഥോറിറ്റി ചെയർമാൻ ഡോക്ടർ ശൈഖ് റാഷിദ് ഉമർ ജുമാ അല്ലീമിൽനിന്ന് അച്ചീവേർസ് പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് നാൽപ്പത്തിമൂന്നുകാരനായ നവാസ് പറയുന്നു. 
സിനിമാനടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ ചിത്രം വരച്ച് നവാസ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. ആ മധുരാനുഭവത്തെ കുറിച്ച് ജോയ് മാത്യു മുഖപുസ്തകത്തിൽ ഇങ്ങനെ എഴുതി: 'പണ്ടു പണ്ട് പ്രളയം വരുന്നതിനും മുമ്പ് കോഴിക്കോട്ട് ഞാൻ ഒരു പുസ്തകപ്രസാധകശാല നടത്തിയിരുന്നു. ബോധി ബുക്‌സ് എന്നായിരുന്നു അതിന്റെ പേർ. 
അവിടെ സൽസ്വഭാവിയും മിതഭാഷിയും സത്യസന്ധനുമായ  ഒരാൾ കമ്പ്യൂട്ടർ ഗ്രാഫിക്‌സിൽ ജോലി തേടിവന്നു. അയാളുടെ പേര് മുഹമ്മദ് നവാസ്. അന്ന് അയാൾ ട്രെയിനിയായിട്ടാണ് ജോലിയിൽ കയറിയത്. ഗ്രാഫിക്‌സ് വകുപ്പിന്റെ തലവനായ രഞ്ജിത്തിൽ നിന്നു അടവുകൾ പതിനെട്ടും പഠിച്ചു അയാൾ ദുബായിലേക്ക് പറന്നു. ഇപ്പോൾ അവിടെ മിടുക്കനായി ഡിജിറ്റലായി ജീവിക്കുന്നു. എന്റെ സന്ദർശനങ്ങളിലെല്ലാം കാണാൻ വരും. ഇപ്പോൾ എന്നോടുള്ള സ്‌നേഹം മൂത്ത് എന്നെത്തന്നെ ഡിജിറ്റലായി വരച്ചു പ്രതികാരം ചെയ്തിരിക്കുന്നു.
എല്ലാവരും ഒന്ന് കൈയടിച്ചേ ...
സന്തോഷം, നന്ദി മുഹമ്മദ് നവാസ്. 
കോഴിക്കോട് ചാലപ്പുറം ഈഡൻ എൽ.പി. സ്‌കൂൾ, ഗണപത് ബോയ്‌സ് ഹൈസ്‌കൂൾ, മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ നവാസ് കോഴിക്കോട് ബോധി ബുക്‌സ്, ഒലീവ് പബ്ലിക്കേഷൻ, വർത്തമാനം ദിനപത്രം എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2007ൽ  യു.എ.ഇയിൽ പ്രവാസ ജീവിതം തുടങ്ങി. ദുബായ് എ.എഫ്.ജി. കമ്പനി, മിഡിലീസ്റ്റ് ചന്ദ്രിക ദിനപത്രം, ഷാർജ അൽയമാനി പ്രിന്റിംഗ് പ്രസ്സ്, ദുബായ് ടെക്‌നോളജീസ് കമ്പനി, ഷാർജ മോഡൽ ഗ്രാഫിക്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2015 മുതൽ ഫ്രീലാന്റ്‌സ് ഗ്രാഫിക് ഡിസൈനറായി സേവനമനുഷ്ഠിക്കുന്നു.
കിണാശ്ശേരി കുളങ്ങരപ്പീടിക ‘കനിവി'ലെ  പി.ടി. കുഞ്ഞഹമ്മദിന്റെയും എം.പി നഫീസയുടേയും മകനായ നവാസ്  കുടുംബസമേതം ഷാർജയിലാണ് താമസിക്കുന്നത്. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എം.എസ്. ഷബാനയാണ് ഭാര്യ. ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ നിബ്രാസ്, റുമാന എന്നിവർ മക്കളാണ്.

Latest News