ദുബായ്- ഫ് ളാറ്റ് പങ്കിട്ടിരുന്ന യുവതിയെ വാട്സാപ്പില്‍ തെറി വിളിച്ച സംഭവം പോലീസ് കേസായതറിയാതെ യു.എ.ഇ വിടാനൊരുങ്ങിയ ബ്രിട്ടീഷ് വനിത എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
കഴിഞ്ഞ ഒക്ടോബറില്‍ ലോക്ഡൗണ്‍ വേളയില്‍ താമസസ്ഥലത്തുവെച്ച് ജോലി തുടങ്ങിയപ്പോള്‍ ഡൈനിംഗ് ടേബിള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കേസിനാസ്പദമായ സംഭവം.
കുടുംബത്തോടൊപ്പം കഴിയുന്നതിനായി യു.കെയില്‍ തന്നെ ജോലി ശരിയാക്കി മടങ്ങുകയായിരുന്ന 31 കാരിയെയാണ് ക്രമിനില്‍ കേസ് ചൂണ്ടിക്കാട്ടി എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. രണ്ട് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ഉള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2018 മുതല്‍ ദുബായില്‍ ജോലി ചെയ്തുവരുന്ന യുവതിയാണ് കേസില്‍ കുടുങ്ങിയത്. സാധനങ്ങളെല്ലാം നാട്ടിലയച്ച് പരിമിതമായ വിമാനങ്ങളിലൊന്നില്‍ സീറ്റ് തരപ്പെടുത്തി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് അധികൃതര്‍ യാത്ര മുടക്കിയത്. പരാതി നല്കിയ ഉക്രേനിയന്‍ വനിതയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ക്രിമിനല്‍ കുറ്റമാണെന്നാണ് അവരുടെ പ്രതികരണം.