Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

വക്രദൃഷ്ടി 

ഒന്നൊത്താൽ മൂന്നൊക്കും എന്നൊക്കെ പഴമക്കാർ പറഞ്ഞു വെച്ചിട്ടുണ്ട്. പിണറായി സർക്കാരിൽ നിന്ന് ആദ്യ രണ്ട് വിക്കറ്റുകൾക്ക് പിറകേ അടുത്തതും പ്രതീക്ഷിച്ചവർക്ക് കുറച്ചു കാത്തു നിൽക്കേണ്ടി വന്നു. ബന്ധു, പെണ്ണ്, മണ്ണ് എന്നീ വിഷയങ്ങളാണ് യഥാക്രമം മൂന്ന് പേർക്കും വിനയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കളിയുടെ ഫൈനൽ. ഗൾഫുകാരെ പുനരധിവസിപ്പിക്കണമെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. ജോലി നഷ്ടപ്പെട്ട് വരുന്നവർക്ക് ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നൊക്കെ വലിയ വായിൽ പറയും. എന്നിട്ടൊരു സാധു നാട്ടിലൊരു ഏർപ്പാട് തുടങ്ങി പച്ച പിടിക്കാൻ നോക്കിയപ്പോൾ മാധ്യമ പ്രവർത്തകരും ബ്യൂറോക്രസിയും എല്ലാം ചേർന്ന് ഓടിച്ചില്ലേ. ഏത് മന്ത്രി ഭരിച്ചാലും ഒറ്റ പല്ലവിയാണ്-കെ.എസ്.ആർ.ടി.സിയ്ക്ക്  ഭീമമായ നഷ്ടം. ആര് വിചാരിച്ചാലും രക്ഷപ്പെടുത്താനാവില്ല. പെൻഷനും ശമ്പളവും കൊടുത്ത് മുടിഞ്ഞു. ട്രാൻസ്‌പോർട്ടിനെ രക്ഷപ്പെടുത്താൻ ഒരു എൻ.ആർ.ഐ എത്തിയത് താപ്പാനകൾക്ക് പിടിച്ചില്ലെന്ന് വേണം കരുതാൻ. 
കുവൈത്തിൽനിന്ന് ശത കോടീശ്വരൻ മന്ത്രിപദമേറ്റെടുത്ത വേളയിൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ മുതിർന്ന നേതാവ് പരേതനായ ഉഴവൂർ വിജയൻ പറഞ്ഞതെന്താണെന്ന് വീണ്ടും ഓർമപ്പെടുത്തുകയാണ്. ഇനി ട്രാൻസ്‌പോർട്ടിന്റെ കാര്യത്തിൽ ഒട്ടും ഭയം വേണ്ട. പണമില്ലാതെ നടത്താനാവാത്ത പ്രശ്‌നം ഇനിയുണ്ടാവില്ല. പുള്ളി കൈയിൽ നിന്നെടുത്തിട്ട് എല്ലാറ്റിനും പരിഹാരമുണ്ടാക്കും. നല്ല മനുഷ്യർ അങ്ങനെയൊക്കെയേ പറയൂ. കുവൈത്തിലെ കച്ചവടമെല്ലാം വിട്ടെറിഞ്ഞ് മൂപ്പർ കേരളത്തിലെ അലമ്പ് പരിപാടിയ്ക്ക് നിന്ന് കൊടുത്തത് വാസ്തവത്തിൽ ഒരു നഷ്ടകച്ചവടമായിരുന്നു. ഇത് അദ്ദേഹം തന്നെ രാജിവെച്ച ദിവസം വാർത്താ സമ്മേളനങ്ങളിൽ വ്യക്തമാക്കിയതുമാണ്. ഞങ്ങടെ പാർട്ടിയ്ക്ക് ആകെ രണ്ട് എം.എൽ.എമാർ. ശശിയ്ക്ക് തുടരാനാവാത്ത സാഹചര്യം വന്നപ്പോഴാണ് താൻ ഇത് വ്യക്തിപരമായ നഷ്ടം ഗൗനിക്കാതെ ഏറ്റെടുത്തത്. എന്തൊരു നല്ല മനുഷ്യൻ? ഇപ്പോഴും പൂർണമായും ഉപേക്ഷിച്ചല്ല അനന്തപുരി വിടുന്നത്. അത് എഗ്രിമെന്റിൽ വ്യക്തമാണ്. ആരാദ്യം കുറ്റവിമുക്തനായി കൈ കഴുകി വരുന്നുവോ അയാൾക്ക് വിഭവ സമൃദ്ധമായ സദ്യ.  നേരം പോക്കിന് ഫോൺ വിളിച്ച് കുടുങ്ങിയിരിക്കുകയാണല്ലോ മറ്റേ എം.എൽ.എ. ഏതോ ഒരു പെൺകൊച്ച് ട്രാൻസ്‌പോർട്ട് സ്റ്റേഷനിലെ ശോചനാലയത്തെ കുറിച്ച് ഫീച്ചർ തയാറാക്കാനാണ് മന്ത്രിയെ കാണാൻ പൂച്ചയെ പോലെ പതുങ്ങി എത്തിയത്. ഈ വിഷയത്തിന്റെ രാജ്യാന്തര സാധ്യത ചിന്തിച്ച കഥാനായകൻ ഒരു ഓഫർ മുന്നോട്ട് വെക്കുന്നു. കൊച്ചി ബസ് സ്റ്റാന്റിലെ ടോയ്‌ലറ്റിന്റെ കാര്യം വിട്. നമുക്ക് രാത്രിയിലെ ഫ്‌ളൈറ്റിന് കൊളംബോയിലേക്ക് പറക്കാം. പിന്നീടുള്ള വാഗ്ദാന പെരുമഴയുടെ കാര്യം പറയേണ്ടതില്ല. പൂച്ച കുഞ്ഞിനെ താലോലിക്കുന്നത് പോലെ പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്യുന്ന മുത്താണ് തന്റെ അതിഥിയെന്ന് ആ പാവം ചിന്തിച്ചതേയില്ല. കാലചക്രം അതിവേഗം കറങ്ങിയപ്പോഴതാ വീണ്ടും പണി ചാൻസ് തെളിഞ്ഞു വരുന്നു. എല്ലാം കോംപ്ലിമെന്റാക്കാൻ തയാറായ മാർജാരി. കേസ് പിൻവലിക്കാൻ 'ജേണലിസ്റ്റ്' തയാറെന്ന് പത്ര വാർത്ത. കേരളത്തിലെ ഗതാഗത വകുപ്പ് അനാഥമാവില്ല. തീർച്ച. സോളാർ ആന്റ് ഓറൽ സ്റ്റഡീസ് സർവകലാശാലയിൽനിന്ന് വിശുദ്ധ പട്ടം നേടിയ മറ്റൊരു പാർട്ടിക്കാരന്റെ പേരും പരിഗണനയിലുണ്ടെന്ന് ഓൺലൈൻ മാധ്യമങ്ങൾ. അല്ലെങ്കിലും പാർട്ടി എന്തായാലെന്താ, മനുഷ്യർ ഉത്തമന്മാരായാൽ പോരേ? 'അവളോടൊപ്പം' എന്ന ഹാഷ് ടാഗിനെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ഈ ദേശീയ പാർട്ടിയുടെ നയ പരിപാടികൾ. ഗോവയിൽ ബി.ജെ.പിയ്‌ക്കൊപ്പം, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ ബഹുജന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളി. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം ഭരിക്കാനും ഒട്ടും മടിയില്ല. എങ്ങനെയെങ്കിലും നാട് പുരോഗമിക്കണമെന്ന ഒറ്റ ലക്ഷ്യമേ നേതാക്കൾക്കുള്ളു. മന്ത്രി രാജിവെച്ച ദിവസം റിപ്പോർട്ടർ ചാനലിലെ ബുള്ളറ്റിന്റെ ഹെഡ് ലൈൻ ഇങ്ങനെ: ഉദ്യോഗങ്ങൾക്ക് അന്ത്യമായി, മന്ത്രി രാജിവെച്ചു.  മന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ ലൈവ് മിക്ക ചാനലുകളിലുമുണ്ടായിരുന്നു. താൻ നിരപരാധിയാണെന്ന വാദത്തിൽ ഉറച്ച് അദ്ദേഹം പറഞ്ഞു. ഏതോ കോടതിയിലെ ജഡ്ജി നടത്തിയ പരാമർശനങ്ങളുടെ പേരിലാണ് താനൊഴിയുന്നത്. മലയാള ഭാഷ സമ്പന്നമാകുന്ന ലക്ഷണമുണ്ട്. പ്രവാസി വ്യവസായിയുടെ ബിസിനസ് സാമ്രാജ്യത്തിൽ വിദ്യാലയങ്ങളുമുണ്ടെന്നോർക്കുമ്പോഴാണ് ഒരു റിലാക്‌സേഷൻ. 
ഇന്ത്യയ്ക്ക് പുറത്ത് ബിസിനസ് നടത്തി തെളിഞ്ഞവനെ കേസ് നടത്തിപ്പിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് പുംഗവന്മാർ പഠിപ്പിക്കാൻ നോക്കരുത്. തങ്കം പോലുള്ള കോൺഗ്രസ് എം.പി  വിവേക് തൻഖയാണ് ഹൈക്കോടതിയിലെത്തിയത്. ഇത് രസിക്കാത്ത  എം.എം.ഹസൻ വിവേക് തൻഖയെ ഫോണിൽ വിളിച്ച് എതിർപ്പ് അറിയിച്ചു. ഹൈക്കമാൻഡിനെയും  അറിയിച്ചു. ഹസന്റെ ആവശ്യം തള്ളിയ തങ്കു  താൻ ഹാജരാകുന്നത് അഭിഭാഷകൻ എന്ന നിലയിലാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കോൺഗ്രസ് പാരമ്പര്യം അറിയാത്തവർക്കേ എതിർക്കാൻ കഴിയൂ. പണ്ട് ഡി.ഐ.സി കാലത്ത് തെരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിൽ മത്സരിക്കുന്നവരുടെ പട്ടിക തയാറാക്കാൻ ലീഡർ തോമസ് ചാണ്ടിയോട് നിർദേശിച്ചു. ഇതിലൊരെണ്ണം ചാണ്ടിയ്ക്കുള്ളതാണ്. ചാണ്ടി അമ്പലപ്പുഴയിൽ മത്സരിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്. മണ്ഡലത്തിലെ സാമുദായിക ഘടന പരിശോധിച്ച കരുണാകരനാണ് വിപ്ലവ വീര്യമുള്ള കുട്ടനാട് നിർദേശിച്ചതും ജയിച്ചു കയറിയതും. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക ഡി.ഐ.സി അംഗമാണ് കുവൈത്ത് പ്രവാസി. ആലപ്പുഴ കലക്ടർ ടി.വി അനുപമയ്ക്ക് അഭിവാദ്യമർപ്പിക്കുന്ന  തിരക്കിലാണ് എല്ലാവരും. ആവേശ തള്ളിച്ചയിൽ സംഘ പരിവാർ പോസ്റ്ററുകളിൽ പ്രേമം സിനിമയിൽ മേരി ജോർജിനെ അവതരിപ്പിച്ച അനുപമയുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. 

***    ***    ***

മുംബൈ നഗരത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ച് പൊലീസ്. കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടി കൊണ്ടിരിക്കെയായിരുന്നു പൊലീസിന്റെ ക്രൂരത. മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.  വഴിയാത്രക്കാരിലൊരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ പൊലീസിന്റെ നടപടി വിവാദമായി.  കുട്ടിയുടെയും അമ്മയുടെയും ജീവന് ഒരു വിലയും കൽപ്പിക്കാത്ത രീതിയിലാണ് പോലീസ് പെരുമാറിയത്. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞിന് സുഖമില്ല, പാല് കൊടുക്കുകയാണ്, ഉപദ്രവിക്കരുതെന്ന് സ്ത്രീ പറയുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു പൊലീസിന്റെ ചെയ്തി. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്ക് ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും മാത്രമാണ് പൊലീസ് ഇങ്ങനെ കാട്ടിയതെന്ന് യുവതി പറയുന്നു. വീഡിയോ പകർത്തുന്ന വഴി യാത്രക്കാരൻ ഉൾപ്പെടെയുള്ളവർ വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം തയാറാകാതിരുന്ന പൊലീസ് കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. യൂനിഫോമിൽ നെയിം പ്ലേറ്റ് പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. മനുഷ്യർക്ക് ഒരു ഗുണവുമില്ലാത്ത വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ദേശീയ മാധ്യമങ്ങൾ ഈ വിഷയം അന്തി ചർച്ചയിലൂടെ സജീവമാക്കിയത് അഭിനന്ദനാർഹമാണ്. 

***    ***    ***

ഗുജറാത്തിൽ ഇത് തെരഞ്ഞെടുപ്പു കാലം. അഹമ്മദാബാദ് നഗരത്തിൽ പ്രത്യേക സമുദായക്കാരുടെ വീടുകളിൽ ക്രോസ് ചിഹ്നം രേഖപ്പെടുത്തിയതായി ടൈംസ് നൗ ചാനലിൽ വാർത്ത. 2002 ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നഗരവാസികളെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇങ്ങിനെ അടയാളപ്പെടുത്തിയത് മുനിസിപ്പാലിറ്റിയുടെ മാലിന്യ ലോറികൾക്ക് എളുപ്പം വരാനാണെന്നും സാമൂഹിക മാധ്യമങ്ങളിൽ വിശദീകരണമുണ്ടായിരുന്നു. ഏതായാലും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്  പതിവിൽ കവിഞ്ഞ പ്രാധാന്യം കൈവരിച്ചിരിക്കുകയാണ്. ഗുജറാത്തിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് എബിപി സിഎസ് ഡിഎസ് സർവേയിലും കണ്ടെത്തി. 113- 121 സീറ്റുകൾ നേടി ബിജെപി വിജയിക്കുമെങ്കിലും വൻതോതിൽ ബിജെപിക്ക് വോട്ട് ചോർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.  കോൺഗ്രസിന്റെ വിജയ ശതമാനം ഉയരുമെന്നും സർവേ റിപ്പോർട്ടിലുണ്ട്. 

***    ***    ***

ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി കേരളത്തിൽ നിന്ന് ഒരാൾ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചു.   കേരള പത്രപ്രവർത്തക യൂനിയന്റെ ദൽഹി ഘടകത്തിന് വേണ്ടി മാധ്യമ പ്രവർത്തകനായ സന്തോഷ് കോശി ജോയി നടത്തിയ അഭിമുഖത്തിലായിരുന്നു സർദേശായി ഇങ്ങനെ പറഞ്ഞത്. എൻഡിടിവിയും ഏഷ്യാനെറ്റും ഇത് റിപ്പോർട്ട് ചെയ്തു. കേരളത്തിൽനിന്ന് ആരായിരിക്കും പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള ആൾ എന്ന നിലയിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പുരോഗമിച്ചു. ശശി തരൂരിനെയാണ് പലരും അനുയോജ്യനായി കണ്ടെത്തിയത്. ഗെയിൽ പൈപ്പ് ലൈൻ സമരത്തിലെ യു.ഡി.എഫ് നിലപാട് അവ്യക്തമായി തുടരുന്നതിനിടെ മുൻ ആഭ്യന്തര മന്ത്രിയെ ഉൾപ്പെടുത്തി ട്രോളുകളിറങ്ങി. കൈലി സമരം ഞങ്ങൾ ഏറ്റെടുക്കുമെന്ന അദ്ദേഹത്തിന്റെ  പ്രഖ്യാപനം കേട്ട് തരിച്ചിരിക്കുന്ന ഉമ്മൻചാണ്ടി വൈറലായി. ഇതിന് തൊട്ടു പിറകെയാണ് മനോരമ ന്യൂസിലെ തിരുവാ എതിർവായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനത്തിലെ ഉദ്ധരണി ഹിറ്റായത്. പാതക വാചക വിതരണ പൈപ്പ് ലൈനിന്റെ പോക്കിനെ കുറിച്ചായിരുന്നു ചെന്നിത്തലയ്ക്ക് ആശങ്ക. ഒരേ പത്രസമ്മേളനത്തിൽ രണ്ട് തവണ ഇത് ആവർത്തിക്കുകയും ചെയ്തു. 

 

Latest News