ആശയക്കുഴപ്പം വേണ്ട; ഇഖാമ തീര്‍ന്നാലും രണ്ടു മാസം തങ്ങാം 

ജിദ്ദ- ഇഖാമ കാലാവധി അവസാനിച്ചാലും ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചവര്‍ക്ക് രണ്ട് മാസംവരെ സൗദിയില്‍ തങ്ങാമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. 
ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തവര്‍ ഇഖാമ കാലാവധി അവസാനിക്കുന്നതിനു മുമ്പ് രാജ്യം വിടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം  ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ ഒരു പ്രവാസി ഉന്നയിച്ച ചോദ്യത്തിന് ജവാസാത്ത് കൃത്യമായ മറുപടി നല്‍കി. ഞാന്‍ ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ചിട്ടുണ്ട്. ഇഖാമ കാലാവധി തീരുകയും ചെയ്തു. ഇതു കൊണ്ട് പ്രശ്‌നമുണ്ടോ എന്നായിരുന്നു ചോദ്യം. 
ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്ത തീയതിക്കുശേഷം 60 ദിവസത്തിനകം രാജ്യം വിട്ടാല്‍ മതിയെന്നും ജവാസാത്ത് മറുപടി നല്‍കി. 
ഇഖാമ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് തങ്ങുന്നന്നത് 60 ദിവസത്തില്‍ കൂടാതിരുന്നാല്‍ മതി. 
നിയമലംഘകരില്ലാത്ത രാജ്യമെന്ന പൊതുമാപ്പ് കാമ്പയിനില്‍ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചവരില്‍ പലരും ഇപ്പോഴും രാജ്യത്ത് തങ്ങുന്നുണ്ട്. ഇവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം നിയമലംഘകരെ പിടികുടൂന്നതിന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കയാണ്.
 

Latest News