ചരിത്രനഗരത്തിന്റെ അമരത്ത്

''പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. മലബാർ ക്രിസ്ത്യൻ കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം സാർത്ഥകമായത് വർഷങ്ങൾ കഴിഞ്ഞാണ്. ബന്ധുകൂടിയായ വിക്ടർ ആന്റണി നൂൺ ഡിഗ്രി പഠനകാലത്താണ് ഇഷ്ടം തുറന്നുപറഞ്ഞത്. ആദ്യം എതിർത്തെങ്കിലും പിന്നീട് ബന്ധുക്കളുടെ അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നിക്കുകയായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകനാണ് അദ്ദേഹം.'' -കോഴിക്കോട് നഗരസഭാ മേയർ ഡോ. ബീന ഫിലിപ്പ് സംസാരിക്കുന്നു 


'വൃത്തിയും സൗന്ദര്യവുമുള്ള നഗരം എന്നതാണ് എന്റെ സ്വപ്‌നം. ചരിത്രമുറങ്ങുന്ന ഈ നഗരത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷയുണ്ട്. ഈ നഗരത്തിലാണ് എന്റെ കോളേജ് വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും ആരംഭിക്കുന്നത്. നഗരവാസികൾ നേരിടുന്ന മാലിന്യപ്രശ്‌നവും പാർപ്പിടപ്രശ്‌നവും വെള്ളക്കെട്ടുമെല്ലാം അടുത്തറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്ത് തുടങ്ങിവെച്ചതും പൂർത്തിയാക്കാത്തതുമായ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന. ഒപ്പംതന്നെ പുതിയ കൗൺസിലിന്റെ മാർഗനിർദ്ദേശങ്ങളനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളുമാണ് ഞങ്ങളുടെ ലക്ഷ്യം.'
ഇത് പറയുന്നത് കോഴിക്കോടിന്റെ ഭരണസാരഥ്യമേറ്റെടുത്ത മേയർ ഡോ. ബീനാ ഫിലിപ്പ്. അധ്യാപനവഴിയിൽനിന്നും നഗരസാരഥ്യത്തിലേയ്ക്ക് കടന്നുവന്ന വനിത. ഹൈസ്‌കൂൾ അധ്യാപികയായും പ്രധാനാധ്യാപികയായും ജോലി നോക്കിയ ടീച്ചർ, രാജ്യാന്തരതലത്തിൽതന്നെ ഏറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും പ്രിൻസിപ്പൽ പദവിയിൽനിന്നാണ് വിരമിച്ചത്. ആദ്യകാല കമ്മ്യൂണിസ്റ്റ് സഹയാത്രികനായ തൃശൂർ വെള്ളിക്കുളങ്ങരയിലെ എം.ജെ. ഫിലിപ്പിന്റെയും അമ്മിണിയുടെയും മകൾ അച്ഛന്റെ ആശയാദർശങ്ങൾക്കൊപ്പമാണ് ജീവിച്ചത്.


കോഴിക്കോട് മലാപ്പറമ്പിലെ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന ടീച്ചർ ഒരാഴ്ചയോളമായി വിശ്രമത്തിലാണ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒരാഴ്ചത്തെ ഐസൊലേഷൻ. അച്ഛനിൽനിന്നും പകർന്നുകിട്ടിയ കരുത്തും ഉൾക്കാഴ്ചയും ജീവിതത്തിലുടനീളം പ്രാവർത്തികമാക്കിയ ടീച്ചർക്ക് ഈ നഗരത്തിന്റെ  അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കൃത്യമായ ലക്ഷ്യമുണ്ടെന്ന് വാക്കുകളിൽ തെളിഞ്ഞുകാണാം.
''ശുചിത്വമുള്ളവന് അറപ്പില്ല'' എന്ന സി.ജെ. തോമസിന്റെ വരികൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കിയ ടീച്ചർ നഗരത്തെ മാലിന്യത്തിൽനിന്നും മോചിപ്പിക്കാനാണ് പ്രഥമ പരിഗണന നൽകുന്നത്. ആഴ്ചവട്ടം ഹയർ സെക്കണ്ടറി സ്‌കൂളിലെയും മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും അധ്യാപനകാലത്ത് കുട്ടികളോടൊപ്പം ചേർന്ന് ക്ലാസ് മുറികളും ഹാളുകളുമെല്ലാം കഴുകി പെയിന്റടിച്ച് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയ അതേ മനസ്സോടെയാണ് ടീച്ചറുടെ പ്രവർത്തനം.
ആദ്യമായി കോഴിക്കോട്ടെത്തിയപ്പോൾ കണ്ട ഈ നഗരം ഇന്ന് എത്രയോ മാറിയിട്ടുണ്ട്. എങ്കിലും നഗരത്തിന്റെ വൃത്തിയായിരിക്കണം പുറത്തുനിന്നും വരുന്ന ഒരാൾ ശ്രദ്ധിക്കേണ്ടത്. ഇപ്പോഴും പല സ്ഥലത്തും മാലിന്യക്കൂമ്പാരങ്ങൾ കാണാം. അതൊഴിവാക്കാനായി പലയിടത്തും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. പൊതുജനങ്ങൾ അവ ഉപയോഗിക്കുന്നതോടെ മാലിന്യപ്രശ്‌നത്തിന് ഏറെ പരിഹാരമാവും. ഇതിന് ബോധവത്കരണവും ആവശ്യമാണ്. സ്വന്തമായി പറമ്പുള്ളവർ മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടാൻ ശ്രമിക്കണം. എന്നാൽ പലരും വീടിനുചുറ്റും ടൈൽപതിച്ച് മനോഹരമാക്കുകയാണ്. കുറച്ചു മണ്ണെങ്കിലും മാറ്റിവെച്ചാൽ ഇതിന് പരിഹാരമാവും.


നഗരമാലിന്യങ്ങൾ ഒഴിവാക്കുന്നതാകട്ടെ ഞെളിയൻപറമ്പിൽ നിക്ഷേപിച്ചാണ്. എന്നാൽ അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴിവാക്കിയാൽ മാത്രമേ പുതിയ മാലിന്യങ്ങൾ ശേഖരിക്കാനാവൂ. അവിടെ പുതിയ  പ്ലാന്റിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽതന്നെ ആ പ്ലാന്റ് സജീവമാകും. മാലിന്യങ്ങൾ വേർതിരിച്ചാണ് ഇപ്പോൾ ശേഖരിക്കുന്നത്. എൺപതുശതമാനത്തോളം പ്ലാസ്റ്റിക്കുകൾ വീണ്ടും ഉപയോഗിക്കാനാവുന്നവയാണ്. അവ നിറവിന്റെ സഹകരണത്തോടെ കയറ്റി അയക്കുകയാണ്. ബാക്കി വരുന്നവ പ്ലാസ്റ്റിക് പെല്ലറ്റുകളാക്കി മാറ്റുന്നു.  അവ റോഡു നിർമ്മാണത്തിനും കട്ടകളുണ്ടാക്കാനും ഉപയോഗിക്കാവുന്നതാണ്.
നഗരത്തിലെ വെള്ളക്കെട്ടാണ് മറ്റൊരു പ്രശ്‌നം. കടലിലെ ജലനിരപ്പിനേക്കാൾ താഴെയാണ് നഗരത്തിലെ പല പ്രദേശങ്ങളും. സ്‌റ്റേഡിയം ജംഗ്ഷനിലെ വെള്ളക്കെട്ട് എന്നും തലവേദനയാണ്. അഴുക്കുചാലുകളും കനാലുകളും തോടുകളും വെള്ളം ഒഴുകിപ്പോകുന്ന തരത്തിലായിരിക്കണം. എവിടെയെങ്കിലും മാർഗ്ഗതടസ്സമുണ്ടോയെന്നും പരിശോധിക്കണം. അതിനായി ഒരു മാസ്റ്റർ പ്ലാൻ തന്നെ തയ്യാറാക്കുന്നുണ്ട്.
പാർപ്പിടപ്രശ്‌നമാണ് അടുത്തത്. ഇതിനകം ആയിരത്തഞ്ഞൂറോളം പേർക്ക് ലൈഫ് പദ്ധതിയിലൂടെ പാർപ്പിടം ഒരുക്കിനൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കല്ലുത്താൻകടവിലെ ഫഌറ്റിന്റെ രൂപത്തിൽ പാർപ്പിടമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ബേപ്പൂരിൽ നിർമ്മാണത്തിലിരിക്കുന്ന ഫഌറ്റിൽ എഴുപത്തിരണ്ട് കുടുംബങ്ങൾക്കാണ് താമസസൗകര്യമൊരുക്കുന്നത്. നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിനും പരിഹാരം കാണുന്നുണ്ട്.


വയോജനങ്ങൾക്കായുള്ള പകൽവീട് എന്ന സങ്കല്പം സാക്ഷാത്കാരത്തിന്റെ പാതയിലാണ്. പ്രമുഖ വ്യവസായി യൂസഫലി മൈലാമ്പാടിയിൽ ഇരുപത്തിമൂന്ന് സെന്റ് സ്ഥലം വാങ്ങി കോർപ്പറേഷന് നൽകിക്കഴിഞ്ഞു. അവിടെ കെട്ടിടമൊരുക്കി വൃദ്ധജനങ്ങളെ പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കുട്ടികൾക്കായി ഒരു ബഡ്‌സ് സ്‌കൂളും അവിടെ നിർമ്മിക്കാനുദ്ദേശിക്കുന്നുണ്ട്.
മിഠായിത്തെരുവിലും ബീച്ചിലുമെല്ലാം കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവും പരിഗണനയിലുണ്ട്. മാനാഞ്ചിറ എസ്.കെ. പാർക്കിനടുത്ത് ചെറിയ പരിപാടികൾ അവതരിപ്പിക്കാം. ചെറിയ സദസ്സിനു മുന്നിൽ അഞ്ചോ പത്തോ മിനിട്ട് ദൈർഘ്യമുള്ള സ്‌കിറ്റുകൾ ഒരുക്കാം. ബീച്ചിലാണെങ്കിൽ രണ്ടോ മൂന്നോ വേദികളൊരുക്കി സംഗീത സായാഹ്നങ്ങൾ സംഘടിപ്പിക്കാം. ഇതെല്ലാം വലിയ പണച്ചെലവില്ലാതെ ഒരുക്കാവുന്നവയാണ്.
മാനാഞ്ചിറയിലും പുതിയ ബസ്സ്റ്റാന്റിലുമെല്ലാം ചെറിയ നെറ്റ് കഫേകൾ ഒരുക്കി ഹൈസ്പീഡ് ഇന്റർനെറ്റു നൽകിയാൽ മിടുക്കരായ യുവതീയുവാക്കൾക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് പഠിക്കാം. കൂടാതെ അൻപതുകഴിഞ്ഞ സ്ത്രീകൾക്ക് തങ്ങളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാനായി കൂട്ടായ്മകളൊരുക്കണം. കുട്ടിക്കാലത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനാരുമില്ലാതെ അടുക്കളയിൽ ജീവിതം ഹോമിച്ച സ്ത്രീകൾക്ക് അവരുടെ കഴിവുകളെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും തുറന്ന ചർച്ചകൾ നടത്താനുള്ള വേദിയുണ്ടാവണം. കൗൺസിലർമാരാണ് ഇത്തരം വേദികൾക്കായി മുന്നിട്ടിറങ്ങേണ്ടത്. മറ്റൊന്ന് നഗരത്തിൽ സ്വസ്ഥമായി ഒരുമിച്ചിരിക്കാനും നടക്കാനും വ്യായാമം ചെയ്യാനുമുള്ള സ്ഥലം ഒരുക്കുകയെന്നതാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികളാണ് ടീച്ചറുടെ മനസ്സിലുള്ളത്.
സംഭവബഹുലമായിരുന്നു ടീച്ചറുടെ ജീവിതം. കുട്ടിക്കാലംതൊട്ടേ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്‌കൂൾ പഠനകാലത്ത് ഡാൻസും പാട്ടും നാടകവും പ്രസംഗവുമെല്ലാം കൂട്ടിനുണ്ടായിരുന്നു. സ്‌കൂൾ ലീഡറുമായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം കോൺവെന്റിലായിരുന്നു. അവിടെയും ലീഡറും ഗൈഡ്‌സ് ക്യാപ്റ്റനുമെല്ലാമായി. പള്ളിയിലെ പരിപാടികളിൽ പാട്ടിനും പ്രസംഗത്തിനുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നു. കലാതാല്പര്യം പഠനത്തെ ബാധിക്കുമോ എന്ന അച്ഛന്റെ ആശങ്കയാണ് ചെറിയച്ഛന്റെ വീടായ മലാപ്പറമ്പിലെ എൻ.ജി.ഒ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള കൂടുമാറ്റത്തിന് കാരണം. പ്രീഡിഗ്രി പഠനം മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു. ഡിഗ്രി പഠനം പ്രൊവിഡൻസ് കോളേജിലും.


പ്രൊവിഡൻസ് കോളേജിലെ പഠനകാലം മറക്കാനാവില്ല. രാഷ്ട്രീയ പ്രവർത്തനങ്ങളില്ലാത്ത കാമ്പസിൽ രാഷ്ട്രീയം വേണമെന്ന തോന്നലാണ് ഒരു കൂട്ടം വിദ്യാർത്ഥികളെ ചേർത്ത് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റുണ്ടാക്കിയത്. ജില്ലാ കമ്മിറ്റിയിൽ അറിയിച്ചപ്പോൾ അവിടെനിന്നും ആളുകളെത്തി സഹകരിച്ചു. അവരുടെ വരവ് കോളേജിലെ സിസ്റ്റർമാർ കണ്ടുപിടിച്ചതോടെ സംഭവം വാർത്തയായി. ഗേറ്റിനടുത്ത പെട്ടിക്കടക്കാരനാണ് സംഭവം അറിയിച്ചത്. അതോടെ പുറത്തേയ്ക്കുള്ള പ്രവേശനം നിഷേധിച്ചു. ഒരിക്കൽ ജില്ലാ കമ്മിറ്റിയിൽനിന്നും ആളുകളെത്തിയപ്പോൾ പുറത്തേയ്ക്കു പോകാനായില്ല. കോളേജിന്റെ മതിൽ ചാടിയാണ് അന്ന് മീറ്റിംഗ് നടത്തിയത്.
കോളേജ് പഠനകാലത്തും കലാരംഗത്ത് സജീവമായിരുന്നു. എല്ലാവർഷവും നാടകം അവതരിപ്പിക്കും. മിക്ക നാടകങ്ങളിലും പുരുഷകഥാപാത്രമായിരിക്കും. കാരണവരുടെയോ ചെറുപ്പക്കാരന്റെയോ വേഷം. പുത്രകാമേഷ്ടിയിൽ ദശരഥനായിട്ടായിരുന്നു വേഷമിട്ടത്. എൻ.എൻ. പിള്ളയുടെ ഗറില്ല എന്ന നാടകത്തിൽ നായിക അക്കാമ്മയായി വേഷമിട്ടു. തിക്കോടിയന്റെ അമ്മയുടെ  ദുഃഖം എന്ന നാടകത്തിൽ പൈങ്കിളിയായിരുന്നു. ബിസോൺ കലോത്സവത്തിൽ ഈ നാടകം അവതരിപ്പിച്ചതുവഴി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനിടെ യൂസഫലി കേച്ചേരിയുടെ വനദേവത എന്ന ചിത്രത്തിൽ അവസരം ലഭിച്ചിരുന്നുവെങ്കിലും സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
മൈസൂരിലെ റീജനൽ കോളേജ് ഓഫ് എജ്യുക്കേഷനിലായിരുന്നു ബി.എഡ്. പഠനം. ലേണർ ഓട്ടോണമി ആന്റ് കൺസ്ട്രക്ടീവിസം എന്ന വിഷയത്തിലായിരുന്നു ഡോക്ടറേറ്റ്. ഗുജറാത്തി സ്‌കൂളിലായിരുന്നു അധ്യാപനജീവിതം തുടങ്ങിയതെങ്കിലും പിന്നീട് പി.എസ്.സി വഴി ബേപ്പൂർ ഫിഷറീസ് സ്‌കൂളിലെത്തി. കിണാശ്ശേരി, ആഴ്ചവട്ടം, പറയഞ്ചേരി, പാലാഴി, മാവൂർ, മെഡിക്കൽ കോളേജ് കാമ്പസ്, മോഡൽ സ്‌കൂൾ തുടങ്ങി വിവിധ സ്‌കൂളുകളിൽ അധ്യാപികയായി.
ആഴ്ചവട്ടം ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപന ജീവിതം ടീച്ചർക്ക് മറക്കാനാവില്ല. തടിമിടുക്കുള്ള എന്തിനുംപോന്ന വിദ്യാർത്ഥികളുടെ മുന്നിലാണ് എത്തിയതെങ്കിലും ആ വലുപ്പം കണ്ട് പേടിച്ചില്ല. യാതൊരു നിയന്ത്രണവുമില്ലാതെ വന്നുപോയിരുന്ന കുട്ടികളെ ക്ലാസിൽ അടക്കിയിരുത്താനും അവരെ സ്‌നേഹത്തിന്റെ ഭാഷയിലൂടെ ഒപ്പംനിർത്താനും ടീച്ചർക്ക് കഴിഞ്ഞു. ആജാനുബാഹുവെങ്കിലും മനസ്സ് ഇളനീരുപോലെയുള്ള ചന്ദ്രൻ മാസ്റ്ററായിരുന്നു എല്ലാത്തിനും കൂടെയുണ്ടായിരുന്നത്.


''പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. മലബാർ ക്രിസ്ത്യൻ കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം സാർത്ഥകമായത് വർഷങ്ങൾ കഴിഞ്ഞാണ്. ബന്ധുകൂടിയായ വിക്ടർ ആന്റണി നൂൺ ഡിഗ്രി പഠനകാലത്താണ് ഇഷ്ടം തുറന്നുപറഞ്ഞത്. ആദ്യം എതിർത്തെങ്കിലും പിന്നീട് ബന്ധുക്കളുടെ അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നിക്കുകയായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകനാണ് അദ്ദേഹം.''
മകൾ മഞ്ജുള സുകുമാരി നൂൺ ഫിസിയോ തെറാപ്പിയിലാണ് മാസ്റ്റർ ബിരുദമെടുത്തത്. ഭർത്താവ് ജോബി ജോയ്‌ക്കൊപ്പം അമേരിക്കയിൽ കഴിയുന്നു. മകൻ അർവിന്ദ് പോൾ നൂണും ഇൻഫോസിസിൽ ജോലി നേടി അമേരിക്കയിലാണ്.
മേയറാകാനുള്ള നിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് പാർട്ടി പുതിയ ദൗത്യമേൽപിച്ചത്. മത്സരിക്കണമെന്നുപറഞ്ഞപ്പോൾ നല്ലൊരു കൗൺസിലറാകാമെന്നു കരുതി. സ്ഥാനമാനങ്ങളോട് താൽപര്യമില്ലാതിരുന്നിട്ടും ഒടുവിൽ മേയർ പദവിയിലുമെത്തി. പാർട്ടി വിശ്വസിച്ചേൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റുക എന്ന കടമയാണ് മുന്നിലുള്ളത്.
നോട്ടത്തിലും നടപ്പിലും സംസാരത്തിലുമെല്ലാം കണിശതയോടെ, പക്വതയുടെ പ്രതീകമായി, രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ടീച്ചറുടെ പ്രവൃത്തികൾ കണ്ടറിയാൻ കാത്തിരിക്കുകയാണ് കോഴിക്കോട്ടെ ജനത.

 

Latest News