Sorry, you need to enable JavaScript to visit this website.

പ്രവാസത്തിൽ സ്‌നേഹം തുന്നിച്ചേർത്ത 'അനാക്ക ടൈലേഴ്‌സ്'

അനാഖ ടൈലേഴ്‌സ് - ബാബ് മക്ക 
വടക്കൻ അഹമ്മദ് കുട്ടി ഹാജി കെ.എം.സി.സി യോഗത്തിൽ 
അഹമ്മദ് കുട്ടി ഹാജി സയ്യിദ് അബുബക്കർ ബാഫഖി തങ്ങളോടൊപ്പം
അഹമ്മദ് കുട്ടി ഹാജി പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളോടൊപ്പം 

ജിദ്ദയുടെ കവാടം എന്നറിയപ്പെടുന്ന ബാബ്മക്കയിലെ ആദ്യകാല പ്രവാസികളുടെ ഒത്തു കൂടൽ കേന്ദ്രമായിരുന്നു 'അനാക്ക' എന്ന തയ്യൽക്കട. 
ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകളും,  ഇന്റർനെറ്റ്, സോഷ്യൽ മീഡിയ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് പരസ്പര വിശേഷങ്ങൾ പങ്കുവെക്കാനും നാട്ടുകാര്യങ്ങൾ അറിയാനുമൊക്കെ പലരും എത്തിയിരുന്നതും ജോലി സമയം കഴിഞ്ഞാൽ ഒത്തൊരുമിച്ച് നാട്ടുവർത്തമാനങ്ങളിൽ മുഴുകിയിരുന്നതും ഇവിടെയായിരുന്നു. നാട്ടുകാരായ ചിലർ നിത്യവും മറ്റുള്ളവർ  വാരാന്ത്യങ്ങളിലും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നു. 
ഇവിടെ ജോലി ചെയ്തിരുന്ന മലപ്പുറം പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടി സ്വദേശി പരേതനായ വടക്കൻ അഹമ്മദ്കുട്ടി ഹാജി ഇന്നും പഴയ പ്രവാസികൾക്കെല്ലാം സ്‌നേഹഭരിതമായ ഓർമയാണ്. നാട്ടിൽനിന്നും ആദ്യമായി ഇവിടെയെത്തുന്നവർക്ക് ആശയും ആശ്രയവുമായിരുന്നു അഹമ്മദ് കുട്ടി ഹാജി. ജോലിയില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണവും താമസവും അദ്ദേഹത്തിന്റെ വകയായിരുന്നു. 


മുസ്‌ലിംലീഗ് പ്രവർത്തകനായിരുന്ന അഹമ്മദ്കുട്ടി ഹാജി ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും തുടർന്ന് കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു. അതിനാൽ അനാഖ അന്നത്തെ ലീഗ് പ്രവർത്തകരുടെ  സംഗമകേന്ദ്രം കൂടിയായിരുന്നു. ബാബ്മക്ക കെ.എം.സി.സിയുടെ ആസ്ഥാനം അനാഖയായിരുന്നു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിലെയും നാഷണൽ കമ്മിറ്റിയിലെയും നേതാക്കളിൽ പലരും ഇവിടെ നിത്യസന്ദർശകരായിരുന്നു. 


അക്കാലത്ത് ഹജ് നിർവഹിക്കാൻ വന്നിരുന്ന മുസ്‌ലിംലീഗ് നേതാക്കളിൽ പലരും ഇവിടെ സന്ദർശനം നടത്തിയിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി മാനു  മുസ്‌ലിയാർ,  കൂടാതെ ലക്ഷദ്വീപ് സ്വദേശിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന പി.എം സഈദ് തുടങ്ങിയവരൊക്കെ ഇവിടെ സന്ദർശിച്ചിട്ടുണ്ട്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ചെറിയ മകൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ ഇടയ്ക്കിടെ അനാഖ സന്ദർശിക്കാറുണ്ടായിരുന്നു.
പണ്ട് നാട്ടിൽ നിന്നും ആദ്യമായി വരുന്നവർക്ക് താമസം, ഭക്ഷണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും അഹമ്മദ്  കുട്ടി ഹാജി ചെയ്തു കൊടുത്തിരുന്നതായും അനാക്ക ടൈലറിംഗ് ഷോപ്പ്  നാട്ടുകാരായ പ്രവാസികൾക്ക് ഒരു അത്താണിയായിരുന്നുവെന്നും ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മുൻ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ) ഓർക്കുന്നു. വാർത്താ വിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് വിവരങ്ങൾ അറിയാനും നാട്ടിൽ നിന്നും വരുന്ന കത്തുകൾ ലഭിക്കാനുമെല്ലാം പ്രവാസികൾ ആശ്രയിച്ചിരുന്നത് അനാക്കയെന്ന ഈ കൊച്ചുസ്ഥാപനത്തെയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ വാരാന്ത്യങ്ങളിൽ ചില സുഹൃത്തുക്കൾ വരാറുണ്ടെന്നും എന്നാൽ പണ്ടത്തെപ്പോലെ മറ്റാവശ്യങ്ങൾക്കൊന്നും ആളുകൾ വരാറില്ലെന്നും ഇവിടെ ജോലി ചെയ്യുന്ന അഹമ്മദ് കുട്ടി ഹാജിയുടെ മകനായ നൗഷാദലി എന്ന കുഞ്ഞുട്ടി പറഞ്ഞു.


മറ്റൊരു മകനായ അൻവർ മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ മറ്റൊരു സ്ഥാപനത്തിലാണ്. പിതാവ് അഹമ്മദ് കുട്ടി ഹാജിയുടെ  സേവന പാരമ്പര്യവും പരസ്‌നേഹതൽപരതയും മക്കളും കാത്തു സൂക്ഷിക്കുന്നു. 
ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ നിലവിൽ വന്നതോടെ അനാക്കയിലേക്ക്  പ്രവാസികളുടെ ഒഴുക്ക് കുറഞ്ഞു. മാത്രവുമല്ല മലയാളികളുടെ സംഗമ കേന്ദ്രം ബാബ്മക്കയിൽ നിന്നും ഷറഫിയയിലേക്കു പറിച്ചു നടപ്പെട്ടു. ബാബ്മക്കക്ക് പഴയ മലയാളി പ്രതാപം നഷ്ടപ്പെട്ടു. കൂടുതൽ മലയാളികളും ബാബ്മക്കയെ കൈവിട്ടു. എന്നാൽ പഴയ പ്രവാസികളുടെ മനസ്സിൽ ബാബ് മക്കയിലെ അനാക്ക ടൈലറിംഗ് കടയും അവിടെ മലയാളികളുൾപ്പെടെയുള്ളവരുടെ താങ്ങും തണലുമായിരുന്ന അഹമ്മദ് കുട്ടി ഹാജിയും ഇപ്പോഴും പച്ച പിടിച്ചുതന്നെ നിൽക്കുന്നു. 

Latest News