ദുബായ് - നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും ശാസ്ത്രജ്ഞരിലും ഡോക്ടര്‍മാരിലും എന്‍ജിനീയര്‍മാരിലും കലാകാരന്മാരിലും സാംസ്കാരിക നായകരിലും പെട്ട വിദഗ്ധര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യു.എ.ഇ പൗരത്വവും പാസ്പോര്‍ട്ടും അനുവദിക്കുന്നു. ഇതിനായി പൗരത്വ, പാസ്പോര്‍ട്ട് നിയമത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അറിയിച്ചു. വികസന പ്രക്രിയയില്‍ മികച്ച സംഭാവനകള്‍ നല്കുന്ന പ്രതിഭകളെയും വിദഗ്ധരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാണ് യു.എ.ഇ പ്രസിഡന്റ് അംഗീകരിച്ച നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.
യു.എ.ഇ പൗരത്വത്തിന് യോഗ്യരായവരെ മന്ത്രിസഭയും എമിറേറ്റുകളിലെ ഭരണാധികാരികളുടെ കോര്‍ട്ടുകളും (ദീവാനുകള്‍) കിരീടാവാകാശികളുടെ കോര്‍ട്ടുകളും എമിറേറ്റുകളിലെ എക്സിക്യൂട്ടീവ് കൗണ്‍സിലുകളും വഴി നാമനിര്‍ദേശം ചെയ്യും. പൗരത്വം അനുവദിക്കുന്ന ഓരോ വിഭാഗത്തിനും പ്രത്യേക മാനദണ്ഡങ്ങള്‍ ബാധകമാക്കും. തങ്ങളുടെ സ്വന്തം പൗരത്വം നിലനില്‍ത്താനും ഈ പ്രതിഭകളെ അനുവദിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു. തങ്ങളുടെ നിലവിലുള്ള പൗരത്വം നിലനിര്‍ത്താന്‍ നിക്ഷേപകരെയും പ്രതിഭകളെയും പുതിയ നിയമ ഭേദഗതി അനുവദിക്കുന്നത് പൗരത്വ നിയത്തിലെ വലിയ മാറ്റമാണ്. ഇതുവരെ യു.എ.ഇയിലെ നിയമം ഇരട്ട പൗരത്വം അനുവദിച്ചിരുന്നില്ല.






