വീട്ടിൽ മുഹ്സിന്റെ വിളിപ്പേരും 'മുത്തെ'ന്നാണ്. എന്നാലിപ്പോൾ കാലയവനികക്കുള്ളിലേക്ക് മറഞ്ഞുപോയെങ്കിലും കോഴിക്കോട് തിക്കോടി എന്ന പ്രദേശത്തിന്റെയും നാട്ടുകാരുടെയുമെല്ലാം മനസ്സിൽ എന്നെന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന മാണിക്യമുത്തായി മാറിയിരിക്കുകയാണ് മുഹ്സിൻ എന്ന പതിനാറുകാരൻ.
2019 ഏപ്രിൽ 25 ന് കുളിക്കാനിറങ്ങി കടൽത്തിരയിൽപെട്ട മൂന്നു സഹപാഠികളെയാണ് തിക്കോടി പാലൂർ മിൻഹാസിൽ മുസ്തഫ-നാസില ദമ്പതികളുടെ മകനായ മുഹമ്മദ് മുഹ്സിൻ, ജീവനെടുക്കുമായിരുന്ന കടൽത്തിരമാലയിൽ നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ സഹപാഠികളുടെ ജീവന് വിലയായി മുഹ്സിൻ എന്ന 'മുത്തി'ന് നൽകേണ്ടിവന്നത് സ്വന്തം ജീവനായിരുന്നുവെന്നു മാത്രം.
രണ്ടു വർഷം മുൻപ് നടന്ന ആ ദാരുണ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പാലൂർ മിൻഹാസിലും അയൽവാസികൾക്കിടയിലും നാട്ടുകാർക്കിടയിലുമെല്ലാം വീണ്ടും സജീവ ചർച്ചാവിഷയമായി മാറി. കാരണം രാജ്യത്തിന്റെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതക്കുള്ള സർവോത്തം ജീവൻരക്ഷാ പതക് പുരസ്കാരം മരണാനന്തര ബഹുമതിയായാണ് തിക്കോടി-പാലൂരിലെ വീട്ടിലേക്കെത്തിയത്.
രണ്ടു വർഷം മുൻപ് കടലെടുത്ത തങ്ങളുടെ പ്രിയ മകനെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞ ഓർമകളിലായിരുന്നു മുഹ്സിന്റെ ബന്ധുക്കളെങ്കിലും രാജ്യത്തെ ധീരതക്കുള്ള പരമോന്നത പുരസ്കാരങ്ങളിലൊന്നായ രക്ഷാപതക് നേടി എന്നത് തങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന ഒരു കാര്യമായിരുന്നെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്.
ആ തിരയിൽപെട്ടു പോയത് തങ്ങളുടെ വീടിന്റെ വിളക്കായിരുന്നു. കണ്ടു കൊതി തീർന്നിരുന്നില്ല ഞങ്ങളുടെ മുത്തിനെ. എങ്കിലും രാജ്യം അവനെ ആദരിച്ചതിൽ അഭിമാനമുണ്ട്. അങ്ങകലെയുള്ള കടലിനെ ചൂണ്ടി ഉമ്മ നാസില വന്നവരോട് കണ്ണീരടക്കിക്കൊണ്ട് പറഞ്ഞതിതായിരുന്നു.
രണ്ടുപേരെ രക്ഷിച്ച് മൂന്നാമത്തെ സുഹൃത്തിനെ പിടിച്ച് കടലിലെ പാറക്കല്ലിലേക്കടുപ്പിക്കുമ്പോഴേക്ക് ശക്തമായ ഒഴുക്കിൽപെട്ട് മുഹ്സിൻ കടലിന്റെ അഗാധതയിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് പുലർച്ചെയാണ് മുഹ്സിന്റെ മൃതദേഹം കിട്ടിയത്. മുഹ്സിന്റെ പിതാവ് മുസ്തഫ ഖത്തറിലാണ്. അവിടെ നിന്നുള്ള സന്ദേശത്തിലൂടെ മകന് ലഭിച്ച ധീരതാ പുരസ്കാരം രാജ്യത്തെ ഓരോ പൗരനും സമർപ്പിക്കുന്നതായാണ് പറഞ്ഞത്.
മുസ്തഫയുടെയും സഹോദരന്മാരുടെയും മക്കളായി ഇവരുടെ തറവാട്ടിൽ എട്ടു പെൺകുട്ടികളായിരുന്നു. ഇവർക്കിടയിലുള്ള ഏക ആൺകുട്ടിയായിരുന്നു മുഹ്സിൻ. അങ്ങനെയാണ് മുത്തെന്ന വിളിപ്പേര് വീണത്. തിക്കോടി സി.കെ.ജി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു മരിക്കുമ്പോൾ മുഹ്സിൻ. ഇതിന് മുൻപ് ഇന്ത്യൻ കൗൺസിൽ ഫോർ വൈൽഡ് വെൽഫെയറിന്റെ ഭാരത് പുരസ്കാരവും മരണാനന്തര ബഹുമതിയായി മുഹ്സിനെ തേടിയെത്തിയിരുന്നു.






