Sorry, you need to enable JavaScript to visit this website.

അനിതര സേവനത്തിന്റെ ആൾരൂപം

ബാബുക്കയെന്ന ഹസൻ സിദ്ദീഖ് ബാബു 

മാഷേ, ചില കാര്യങ്ങൾ അറിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് നമുക്ക് ഉറക്കം കിട്ടില്ല. കഴിഞ്ഞ ദിവസം ജിദ്ദയിലെ ഹദ്ദ ജയിലിൽ പോയിരുന്നു. പല തരത്തിലുള്ള അപരാധങ്ങൾ ചെയ്തു തുറുങ്കിലായവർ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ ദുരിത ജീവിതം നയിക്കുന്നതിന്റെ കരളലിയിപ്പിക്കുന്ന കാഴ്ചകളാണവിടെ കണ്ടത്.  അതിൽ  ഏതാനും പേരെ നേരെ നാട്ടിലേക്ക് അയക്കാനുള്ള സൗഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹമെന്ന് സംസാരത്തിൽ തെളിയുന്നുണ്ടായിരുന്നു. ജയിൽ സന്ദർശിച്ചപ്പോൾ കേട്ട ഏതാനും കദന കഥകൾ സൗഹൃദ ഭാഷണത്തിനിടെ  കുറഞ്ഞ നേരത്തിനുള്ളിൽ ചെയ്യുന്ന നന്മകളെ കുറിച്ച് പറയുന്നതിൽ പൊതുവെ വല്ലാതെ പിശുക്ക് കാണിക്കുന്ന ബാബുക്ക പങ്കുവെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. 


അദ്ദേഹം നേരിട്ടു കണ്ടതും കേട്ടതുമായ കാര്യങ്ങൾ  ആരിലും ഞെട്ടലുണ്ടാക്കും. തുഛമായ  ലാഭത്തിന് വേണ്ടി അരുതാത്തത് ചെയ്തു അകത്തായവരാണ് ഇന്ത്യക്കാരിലധികവും. വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും തീരാകണ്ണീർക്കയത്തിലാഴ്ത്തിയ പലരുടെയും കഥ വർണനാതീതം തന്നെ. ഇതിന്റെയൊക്കെ ബാക്കി പത്രങ്ങൾ അതിലേറെ കരളലിയിപ്പിക്കുന്നവയാണ്. മകൻ ജയിലിൽ ആയതിനെ തുടർന്ന് ഭക്ഷണമുപേക്ഷിച്ച് അവശയായി  മരിച്ചുപോയ വൃദ്ധയായ മാതാവ്, ആങ്ങള ജയിലിലാണെന്ന കാരണത്താൽ മാത്രം പെങ്ങളെ വീട്ടിലേക്ക് തിരിച്ചയച്ച അളിയന്മാരുടെ ക്രൂരത. കുടുംബ നാഥൻ അകത്തായതിനെ തുടർന്ന് വരുമാനമില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന കുരുന്നു മക്കൾ, ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ട കുടുംബങ്ങൾ.  ജയിലിൽ മാറാരോഗം ബാധിച്ച് അവശരായിപ്പോയവരുടെ തീരാസങ്കടങ്ങൾ...പരത്തി പറയാൻ ഇഷ്ടമില്ലാത്ത ബാബുക്ക കുറഞ്ഞ വാക്കുകളിൽ പതിഞ്ഞ ശബ്ദത്തിൽ ഇതൊക്കെ പറഞ്ഞു കേൾക്കുമ്പോൾ  തടവറയിൽ അകപ്പെട്ടവരുടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പറയാക്കഥകൾ നമുക്കൂഹിക്കാവുന്നതേയുള്ളൂ. 


എന്നാലും അദ്ദേഹത്തിന്റെ സംസാരത്തിൽ വല്ലാത്ത ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു.  ജയിലധികൃതരിൽ പെട്ട ഒരുന്നത ഉദേ്യാഗസ്ഥനെ  പരിചയപ്പെട്ടതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബാബുക്ക. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയേണ്ടി വരുന്ന ഇങ്ങനെയുള്ള  ഹതഭാഗ്യരെ നാട്ടിലെത്തിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ സന്നദ്ധതയുള്ള ആ ഉദ്യോഗസ്ഥന്റെ  അനുഭാവപൂർണമായ സമീപനത്തിൽ  ബാബുക്കക്ക് ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്..  
നഹ്ദി ബാബുക്കയെന്ന് ജിദ്ദ മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന ഹസൻ സിദ്ദീഖ് ബാബു സാഹിബിന്റെ അതുല്യമായ ജീവകാരുണ്യ സേവനങ്ങൾ പത്രമാധ്യമങ്ങളിലും ബ്ലോഗുകളിലും ആരും അധികം വാഴ്ത്തുന്നത് നാം കാണാറില്ല. കാരണം ബാബുക്ക വേദിക്ക് പിന്നിലാണധികവും. സ്വതവേ മിതഭാഷിയായ അദ്ദേഹം തന്റെ  പേരിനും പ്രശസ്തിക്കും പ്രാധാന്യം ഒട്ടും കൽപിക്കാറില്ല. കുന്നിക്കുരു കുന്നായി വാഴ്ത്തപ്പെടുന്ന സോഷ്യൽ മീഡിയയിൽ ഇദ്ദേഹം ആത്മാപദാനങ്ങളുമായി പ്രത്യക്ഷപ്പെടാറുമില്ല.  നിശ്ശബ്ദ സേവനത്തിന്റെ ആൾരൂപമാണദ്ദേഹമെന്നത് വളരെയടുത്തറിഞ്ഞവർ മാത്രം വളരെ സാഹസപ്പെട്ട്  കിളച്ചെടുക്കുന്ന വിസ്മയിപ്പിക്കുന്ന രഹസ്യമാണ്. 


ലോകത്ത്  തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന 1300 ലധികം ഔട്ട് ലറ്റുകളുള്ള റീട്ടെയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അൽ നഹ്ദി കമ്പനിയിലെ ആദ്യ ജീവനക്കാരനായ കൊട്ടപ്പുറത്തുകാരൻ ബാബുക്ക നാലു പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസം തുടങ്ങിയിട്ട്. അബ്ദുല്ലാ ആമിർ നഹ്ദിയെന്ന ഉദാരനായ  തന്റെ ബോസുമായുള്ള ആത്മബന്ധം മലയാളക്കരയ്ക്കു നൽകിയ സംഭവാനകൾ നിസ്തുലമാണ്. നൂറ്റി ഇരുപതോളം പേർക്ക് ഒരേ സമയത്ത് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന കൊണ്ടോട്ടിയിലെ ഡയാലിലിസ് സെന്റർ, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കാൻസർ രോഗികളുടെ അഭയ കേന്ദ്രമായ സി.എച്ച് സെന്ററിന്റെ രണ്ട് നിലകൾ, കാഴ്ചശേഷിയില്ലാത്തവർക്ക്  വായിക്കാനുതകുന്ന പുസ്തകങ്ങളും മാസികയും പ്രിന്റ് ചെയ്യുന്ന  കേരളത്തിലെ ആദ്യത്തെ ബ്രയിൽ പ്രിന്റിംഗ് പ്രസ് തുടങ്ങി  ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്തെ ഒരുപാട് സ്ഥാപനങ്ങളും സംരംഭങ്ങളും ബാബുക്കയുടെ ദീർഘവീക്ഷണത്തോടെയുള്ള  ശ്രമഫലമാണെന്നറിയുന്നവർ വളരെ ചുരുക്കമായിരിക്കും. 


കൊണ്ടോട്ടിയിലെ ഡയാലിസിസ് സെന്ററിനായി  നാൽപത് സെന്റ് സ്ഥലവും നൂറ്റമ്പത് രോഗികൾക്ക്  ഒരേ നേരം ചികിൽസ നൽകാനുള്ള തരത്തിൽ കെട്ടിടം നവീകരിക്കാനാവശ്യമായ വൻ മുതൽമുടക്കും  കൂടാതെ ഒന്നിന് ആറ് ലക്ഷം രൂപ വിലയുള്ള  ഇരുപത്തഞ്ചോളം ഡയാലിസിസ് മെഷീനുകളും മലബാറിലെ നിർധനരായ രോഗികൾക്ക്  ലഭ്യമാക്കിയത് ആ അനുപമ ബന്ധമാണ്.  ഇതിനകം ആറ് കോടിയിലധികം രൂപ വില വരുന്ന ഡയാലിസിസ് സൗജന്യമായി നടന്നു കഴിഞ്ഞു. 
അബ്ദുല്ല നഹ്ദി ബ്രയിൽ പ്രിന്റിംഗ് പ്രസിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനാമതസ്ഥരായ  നൂറുകണക്കിന് വരുന്ന കാഴ്ചയില്ലാത്തവർക്ക് സൗജന്യ പി.എസ്.സി പരിശീലനവും നടന്നുവരുന്നുണ്ട്. എട്ടോളം പേർ ഇതിനകം സർക്കാർ ജോലിയിൽ പ്രവേശിച്ചു. നൂറ് നിർധന കുടുബങ്ങൾക്കു് പത്ത് വർഷത്തോളമായി സമൃദ്ധമായ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിന്റെ പിന്നിലും ഈ മനുഷ്യ സ്‌നേഹിയുടെ ദയാവായ്പുണ്ട്. 


കടുത്ത പ്രതിസന്ധികൾ ചുട്ട് നീറി പ്രവാസികളുടെ ഉറക്കം കെടുത്തിയ കോവിഡ് തീവ്രകാലത്ത് പതിനായിരക്കണക്കിന് റിയാൽ വില വരുന്ന മരുന്നുകൾ ഇന്ത്യക്കാർക്ക് കെ.എം.സി.സിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നതിൽ ബാബുക്ക വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അപരിഹാര്യമായ യാത്രാവിലക്ക് നേരിട്ട ആ നാളുകളിൽ ഗർഭിണികളെയും വിസിറ്റിംഗ് വിസയിലെത്തി ഇവിടെ കുടുങ്ങിപ്പോയ പ്രായം ചെന്നവരെയും മാറാരോഗികളെയും നാട്ടിലെത്തിക്കാനുള്ള അടിയന്തര യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള ചാർട്ടേഡ് വിമാന സർവീസുകൾക്ക് പിന്നിലും കരങ്ങളിലൊന്നു ബാബുക്കയുടേതായിരുന്നു.  


ജയിൽ ശിക്ഷാകാലാവധി കഴിഞ്ഞ് നാട്ടിലെത്താൻ കഴിയാത്ത ഒരുപാട് പേരുടെ മടക്കയാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഫയൽ വർക്കുമായി  ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ അദ്ദേഹം.  തടങ്കലിലുള്ള അധിക ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളി ഹൗസ് ഡ്രൈവർമാരും പിടിക്കപ്പെട്ടത് തൽക്കാല ലാഭത്തിന് മദ്യവും മയക്കുമരുന്നും കൈമാറുന്നതിൽ ഇടനിലക്കാരായതിന്റെ പേരിലും ക്ഷണനേരത്തെ സുഖത്തിനായി  വീട്ടുവേലക്കാരുമായി  അവിഹിത ബന്ധത്തിലേർപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണെന്ന കാര്യം ആരും നിസ്സാരമായി കാണരുതെന്ന സരസനായ  ബാബുക്കയുടെ ഗൗരവമേറിയ  വാക്കുകൾ  പലരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. 


രാപ്പകലില്ലാതെ ജനസേവനത്തിൽ സ്വയമലിഞ്ഞു ചേർന്ന് ആദർശത്തെ കർമത്തിലേക്ക് നിരന്തരം വിവർത്തനം ചെയ്യുന്ന ഈ സൗമ്യനായ മനുഷ്യ സ്‌നേഹി ഒട്ടും വിശ്രമിക്കുന്നില്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ജിദ്ദയിലെത്തുന്ന പല പ്രമുഖർക്കും അസൂയാവഹമായ തരത്തിൽ വർഷങ്ങളായി ആതിഥേയത്വം നൽകുന്നത് ബാബുക്കയാണ്. 
ഓരോ ദിവസവും വ്യത്യസ്ത മേഖലകളിൽ പലർക്കും പലവിധ സേവനങ്ങൾ ചെയ്യുന്നതിൽ വ്യാപൃതനായ ഇദ്ദേഹം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുതകുന്ന ബാംഗ്ലൂർ നിംഹാൻസ് പോലുള്ള ഒരാതുരാലയം കൂടി  നാടണയും മുമ്പേ മലബാറിൽ സജ്ജമാക്കാനുള്ള സ്വപ്‌നം പൂവണിയിക്കാനുള്ള  പ്രാർത്ഥനയിലും പ്രയത്‌നത്തിലുമാണിപ്പോൾ. ബാബുക്കയെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ പ്രവാസ ലോകത്തെ അറിയപ്പെടാനാഗ്രഹിക്കാത്ത ഈ മഹാ ജനസേവകനോട് നമുക്ക് ആദരവ് കൂടും.
 

Latest News