തന്റെ ആദ്യ കഥ ഇത്രയും ശ്രദ്ധയാകർഷിക്കുമെന്നു അനികെത് ഒരിക്കലും നിനച്ചിരുന്നില്ല. വായനയിൽ ചെറുപ്പം മതുലേ താൽപര്യമുണ്ടെങ്കിലും തന്റെ എഴുതാനുള്ള കഴിവ് ഈ കൊച്ചുബാലൻ തിരിച്ചറിയുന്നത് ഇപ്പോഴാണ്. ദി മാജിക്കൽ സ്റ്റോൺ എന്ന തന്റെ ആദ്യ ചെറുകഥ ചെന്നൈ ആസ്ഥാനമായ നോഷൻ പ്രസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിന്റെ നിർവൃതിയിലാണ് ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അനികെത് ബാലൻ. ആമസോൺ, ഫഌപ് കാർട്ട് തുടങ്ങിയ പ്രസാധകരുടെ വെബ്സൈറ്റിൽ പുസ്തകം പ്രസിദ്ധീകരിച്ചു വന്നതും ഇരട്ടിമധുരമായി. ഇതോടെ ബഹ്റൈൻ മലയാളി സമൂഹത്തിന്റെ തന്നെ അഭിമാനമായി മാറുകയാണ് അനികെത്. വായനയിലും വരകളിലും നേരത്തെ തന്നെ അനികെത് താൽപര്യം കാണിച്ചിരുന്നുവെന്നു മാതാപിതാക്കളായ യു.കെ ബാലനും ശ്രീഷയും സാക്ഷ്യപ്പെടുത്തുന്നു.
കാർട്ടൂണുകൾ വരക്കുകയെന്നതും തന്റെ ഹോബിയിൽ അനികെത് ചേർത്തുവെച്ചിരുന്നു. ഇടയ്ക്കിടെ ചെറിയ കഥകളൊക്കെ തന്റെ ആത്മനിർവൃതിക്കായി എഴുതുമായിരുന്നുവെങ്കിലും ഇപ്പോഴാണ് പ്രസിദ്ധീകൃതമായത്. കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് ഈ പന്ത്രണ്ടു വയസ്സുകാരൻ ദി മാജിക്കൽ സ്റ്റോണിന്റെ പണിപ്പുരക്ക് തുടക്കമിട്ടത്. എന്നാൽ പൂർത്തീകരിക്കാനായി ഒരു വർഷത്തോളമെടുത്തു. തന്റെ ആദ്യകഥ മികവുറ്റതാക്കണമെന്ന അനികെതിന്റെ ആഗ്രഹം സഫലീകൃതമായപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കും സന്തോഷമായി. എന്നാൽ എഴുതുന്നതിനു മുമ്പ് അവരോടൊന്നും ഇതേക്കുറിച്ചു സൂചിപ്പിച്ചിരുന്നില്ല. കഥ പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനായി അയക്കുന്നതിനു മുൻപ് താൻ പഠിക്കുന്ന ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ മോളി മാമനെ തന്റെ ആഗ്രഹമറിയിച്ചു. അവർ അനികെതിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. ദി മാജിക്കൽ സ്റ്റോൺ ഒരു സാഹസിക കഥയാണ്. ഈ ആഹ്ലാദത്തിൽ തന്റെ അടുത്ത കഥക്കുള്ള ആലോചനയിലാണ് അനികെത്.
ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും റോയൽ കോർട്ടിലെ ഷെഫുമാണ് വടകര ഓർക്കാട്ടേരി സ്വദേശിയായ പിതാവ് യു.കെ. ബാലൻ. സഹോദരൻ അകുല അങ്കജ്. പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, അമൃത് ലാൽ തുടങ്ങിയവരൊക്കെ അനികെതിന്റെ ചെറുകഥയെ പ്രശംസിച്ചു.






