ജയസൂര്യ എന്റെ ഒപ്പമായിരുന്നുവെന്ന് പറയുന്നത് അഭിമാനം- കോട്ടയം നസീര്‍

കോട്ടയം- നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രമാണ് വെള്ളം. ജയസൂര്യയും പ്രജേഷ് സെന്നും ക്യാപ്റ്റന് ശേഷം വീണ്ടുമൊരുമിച്ച ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജയസൂര്യയുടെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്. മദ്യാസക്തിയെ കുറിച്ച് പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയതാണ്.
ഇപ്പോഴിതാ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നടന്‍ കോട്ടയം നസീര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കോട്ടയം നസീര്‍ ജയസൂര്യയെ അഭിനന്ദിച്ചത്. 'ജയസൂര്യ അഭിനയിച്ച വെള്ളം സിനിമ കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ മിമിക്‌സ് ട്രൂപ്പില്‍ വരുമ്പോള്‍ ജയന്‍ പറയുമായിരുന്നു എന്നോടൊപ്പം സഹകരിക്കുന്നത് അദ്ദേഹത്തിന് അഭിമാനമായിരുന്നെന്ന്. ഇന്ന് ഞാന്‍ അത് തിരുത്തി പറയുന്നു, ജയസൂര്യയെ പോലൊരു കലാകാരന്‍ എന്റെ കൂടെ ആയിരുന്നു എന്നു പറയുന്നത് എനിക്കാണ് അഭിമാനം' എന്നായിരുന്നു കോട്ടയം നസീറിന്റെ പ്രതികരണം.ജയസൂര്യയ്‌ക്കൊപ്പമുള്ള ചിത്രവും കോട്ടയം നസീര്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാലെ നസീറിന്റെ പോസ്റ്റ് പങ്കുവച്ച് ജയസൂര്യയും നന്ദി അറിയിച്ചു. അവാര്‍ഡിനേക്കാള്‍ വലുതാണ് ഇക്കയുടെ വാക്കുകളെന്നായിരുന്നു ജയസൂര്യ കുറിച്ചത്‌
 

Latest News