Sorry, you need to enable JavaScript to visit this website.

അവസാന വേളയില്‍ ഗോള്‍, ബംഗളൂരുവിന് സമനില

ഫറ്റോര്‍ഡ - ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയം കണ്ടെത്താനാവാതെ മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി. ഒഡിഷ എഫ്.സിക്കെതിരെ 1-1 സമനിലയുമായി അവര്‍ രക്ഷപ്പെടുകയായിരുന്നു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എറിക് പാര്‍താ്‌ലുവാണ് സമനില ഗോളടിച്ചത്. എട്ടാം മിനിറ്റില്‍ തന്നെ ഡിയേഗൊ മചാഡോയിലൂടെ ഒഡിഷ മുന്നിലെത്തിയിരുന്നു. ബംഗളൂരുവിന്റെ അവസാന ജയം ഡിസംബര്‍ 17 ന് ഒഡിഷ എഫ്.സിക്കെതിരെയായിരുന്നു. 
തുടക്കം മുതലാണ് ബംഗളൂരുവാണ് കളി നിയന്ത്രിച്ചത്. എന്നാല്‍ കളിയുടെ ഗതിക്കെതിരെ കലിംഗ വാരിയേഴ്‌സ് മുന്നിലെത്തി. അതോടെ ഗോള്‍ മടക്കാന്‍ ബംഗളൂരു സര്‍വ അടവും പയറ്റി. ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ മിന്നല്‍ സെയവുകളാണ് ബംഗളൂരുവിനെ അകറ്റിനിര്‍ത്തിയത്. പാര്‍താലുവിന്റെയും രാഹുല്‍ ഭെക്കെയുടെയും ഗോളെന്നുറച്ച ഷോട്ടുകളും അര്‍ഷദീപ് രക്ഷിച്ചു. 
രണ്ടാം പകുതിയിലും സ്ഥിതി മാറിയില്ല. ബംഗളൂരു നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗോള്‍കീപ്പറെ കീഴടക്കാനായില്ല. പ്രത്യാക്രമണത്തില്‍ ഒരു തവണ ഒഡിഷയും ഗോളിനടുത്തെത്തി. ജെറി മാവിംതാംഗയുടെ ഷോട്ട് ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു ഇടത്തോട്ടു ചാടി തടഞ്ഞു. കോര്‍ണറുകളുടെ പരമ്പരക്കൊടുവിലാണ് ബംഗളൂരു സമനില നേടിയത്. ജേക്കബ് ട്രാറ്റിന്റെ കോര്‍ണര്‍ പാര്‍താലു ചാടിയുയര്‍ന്ന് വലയിലേക്ക് ചെത്തിവിട്ടു. 
തൊട്ടടുത്ത നിമിഷങ്ങളില്‍ ഇരു ടീമുകളും സുവര്‍ണാവസരങ്ങള്‍ പാഴാക്കി. ഗോള്‍കീപ്പര്‍മാരുടെ പോരാട്ടത്തിനൊടുവില്‍ സമനില സമ്മതിച്ച് ഇരു ടീമുകളും പിരിഞ്ഞു. 

Latest News