Sorry, you need to enable JavaScript to visit this website.

ക്ലബ് ലോകകപ്പ് തുടങ്ങുന്നു, ഓക്‌ലന്റ് ടീം പിന്മാറി

ദോഹ - കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും അടുത്ത മാസം ദോഹയില്‍ ക്ലബ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് അരങ്ങേറുകയെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള ഒരുക്കം കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ വിദേശ കാണികളെ അനുവദിക്കില്ല. ഫാന്‍ സോണുകളുള്‍പ്പെടെ പൊതു പരിപാടികളുമുണ്ടാവില്ല. 
ലോകകപ്പിനായി തയാറാക്കിയ രണ്ട് സ്റ്റേഡിയങ്ങളാണ് ക്ലബ് ലോകകപ്പിന് ഉപയോഗിക്കുക. ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട അഹ്മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങള്‍. നാല്‍പതിനായിരത്തോളം ഇരിപ്പിടങ്ങളുള്ള രണ്ട് സ്റ്റേഡിയങ്ങളിലും മുപ്പത് ശതമാനം കാണികളെ പ്രവേശിപ്പിക്കും. ഓരോ മത്സരത്തിനും സാക്ഷിയാവാന്‍ ഉദ്ദേശിക്കുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റോ ആന്റിജന്‍ ടെസ്‌റ്റോ നടത്തിയിരിക്കണമെന്നും നെഗറ്റിവാകുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ എന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌പോര്‍ട്‌സ് അഡൈ്വസര്‍ അബ്ദുല്‍വഹാബ് അല്‍മുസ്‌ലിഹ് അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ഖത്തറിന്റെ രോഗസമ്പര്‍ക്കം നിരീക്ഷിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമാണ്. 
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ പശ്ചിമേഷ്യയിലെയും കിഴക്കനേഷ്യയിലെയും മത്സരങ്ങള്‍ക്കും ഫൈനലിനും ഖത്തറാണ് വേദിയൊരുക്കിയത്. സൗദി ടീമായ അല്‍ഹിലാലിലെ നിരവധി പേര്‍ക്ക് ടൂര്‍ണമെന്റിനിടെ കോവിഡ് പടര്‍ന്നിരുന്നു. അത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് മുസ്‌ലിഹ് അറിയിച്ചു.
ന്യൂസിലാന്റിലെ കോവിഡ് ചട്ടങ്ങള്‍ പാലിക്കാനാവില്ലെന്ന് വ്യക്തമാക്കി ഓക്‌ലന്റ് സിറ്റി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഓഷ്യാന മേഖലാ ചാമ്പ്യന്മാരാണ് ഓക്‌ലന്റ് സിറ്റി. ഖത്തര്‍ പ്രതിനിധികളായ അല്‍ദുഹൈല്‍, ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍അഹ്‌ലി (ഈജിപ്ത്), യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് (ജര്‍മനി), ഏഷ്യന്‍ ചാമ്പ്യന്മാരായ ഉള്‍സാന്‍ ഹ്യൂണ്ടയ് (തെക്കന്‍ കൊറിയ), കോണ്‍കകാഫ് പ്രതിനിധികളായ ടൈഗ്രേസ് യു.എ.എന്‍.എല്‍ (മെക്‌സിക്കോ) ടീമുകള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ ലിബര്‍ട്ടഡോറസ് ഫൈനല്‍ ഈ മാസം 30 നാണ്. ബ്രസീലിയന്‍ ക്ലബ്ബുകളായ പാല്‍മീരാസും സാന്റോസുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
 

Latest News