റിയാദ് - അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് മൂല്യവർധിത നികുതി ബാധകമല്ലെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.
അന്താരാഷ്ട്ര ചരക്ക് ഗതാഗതം, പാസഞ്ചർ സർവീസ്, അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, സീറ്റ് ബുക്കിംഗ്, അധിക ലഗേജിനുള്ള ഫീസ് എന്നിവക്ക് വാറ്റ് ബാധകമായിരിക്കില്ല. ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് വാറ്റ് ബാധകമായിരിക്കും. അടുത്ത വർഷാദ്യം മുതൽ വാറ്റ് നടപ്പാക്കുന്നതിനാൽ ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ ഉയരും.
ജനുവരി ഒന്നു മുതൽ സൗദിയിൽ മൂല്യവർധിത നികുതി നിലവിൽവരും. അഞ്ചു ശതമാനം വാറ്റ് ആണ് നടപ്പാക്കുക. റെമിറ്റൻസ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾക്ക് മൂല്യവർധിത നികുതി ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റെമിറ്റൻസ് തുകക്ക് വാറ്റ് ബാധകമല്ല. റെമിറ്റൻസ് ഫീസിനുള്ള അഞ്ചു ശതമാനം വാറ്റ് ഉപയോക്താവാണ് വഹിക്കേണ്ടത്. വായ്പകൾക്കുള്ള പലിശ, വായ്പാ ഫീസ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഈടാക്കുന്ന അധിക തുക, കാഷ് ഇടപാടുകൾ, ബോണ്ട് ഇടപാടുകൾ, കറണ്ട് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് വാറ്റ് ബാധകമല്ല.
സ്വകാര്യ സ്കൂളുകളിലെ ടേം ഫീസിന് അടുത്ത വർഷാദ്യം മുതൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി ബാധകമായിരിക്കും. ശമ്പളത്തിനും പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വാടകക്കും വാറ്റ് ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് മൂല്യവർധിത നികുതി അടയ്ക്കേണ്ടിവരും.
ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി മൂല്യവർധിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ വാറ്റ് ഈടാക്കുന്നതിന് ഒരു സ്ഥാപനത്തിനും അവകാശമില്ല. ഏതെങ്കിലും സ്ഥാപനം ഉപയോക്താക്കളിൽനിന്ന് വാറ്റ് ഈടാക്കുന്നതായി കണ്ടെത്തിയാൽ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.
പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഓരോ മാസവും നികുതി റിട്ടേണുകൾ സമർപ്പിക്കണം. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
പ്രതിവർഷ വരുമാനം പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ 20 നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി. എന്നാൽ പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല.