റിയാദ് - ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി മൂല്യവർധിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇപ്പോൾ വാറ്റ് ഈടാക്കുന്നതിന് ഒരു സ്ഥാപനങ്ങൾക്കും അവകാശമില്ല. ഏതെങ്കിലും സ്ഥാപനം ഉപയോക്താക്കളിൽനിന്ന് വാറ്റ് ഈടാക്കുന്നതായി കണ്ടെത്തിയാൽ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. സൗദിയിലെ ഒരു റെസ്റ്റോറന്റ് മൂല്യവർധിത നികുതി ഈടാക്കുന്നത് വ്യക്തമാക്കുന്ന ബിൽ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചചരിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടാണ് പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി മൂല്യവർധിത നികുതി ഈടാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കിയത്.
സൗദിയിൽ ജനുവരി ഒന്നു മുതൽ മൂല്യവർധിത നികുതി നിലവിൽ വരും. ആഭ്യന്തര വിമാന ടിക്കറ്റുകൾ, സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്, ഹോട്ടലുകളിലെയും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലെയും വാടക എന്നിവയെല്ലാം മൂല്യവർധിത നികുതിയുടെ പരിധിയിൽ വരും. അഞ്ചു ശതമാനം വാറ്റ് ആണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ വാറ്റിൽനിന്ന് ഒഴിവാക്കും. പാർപ്പിട ആവശ്യങ്ങൾക്കുള്ള വീടുകൾക്കും ഫഌറ്റുകൾക്കും വാറ്റ് ബാധകമായിരിക്കില്ല. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് മൂല്യവർധിത നികുതി അടയ്‌ക്കേണ്ടിവരും. വാടക നിരക്കിന് അനുസരിച്ചാണ് വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് വാറ്റ് അടയ്‌ക്കേണ്ടിവരിക.
പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
പ്രതിവർഷ വരുമാനം പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ ഇരുപതിനു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി. എന്നാൽ പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല.