Sorry, you need to enable JavaScript to visit this website.

വർണാഭം, ഷംലിയുടെ വരകൾ

വരകളുടേയും വർണങ്ങളുടേയും ചേതന തുടിക്കുന്ന ലോകത്ത്് ഷംലി ഫൈസൽ മഹാവിസ്മയങ്ങൾ തീർക്കുന്നു. 
പ്രവാസ ലോകത്ത് നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന യൗവ്വനത്തെ ലോകമെന്ന മഹാ പ്രപഞ്ചത്തിന്റെ വിഹായസ്സിലേക്ക് മാസ്മരികമായ ഉൾക്കാഴ്ചയിൽ നിന്നും ക്യാൻവാസിൽ വിരിയുന്ന ചിത്രങ്ങൾക്ക് രൂപ കൽപന ചെയ്യുമ്പോൾ അവയുടെ ആത്മാവ് കൂടി സൃഷ്ടിച്ചെടുക്കുകയാണ് ഈ കലാകാരി. സർഗാത്മകമായ കഴിവുകൾ കൊണ്ട് നിരവധി ആളുകൾ വിവിധ മേഖലകളിൽ തിളങ്ങുന്നതും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതും പലപ്പോഴും വാർത്തയാകുന്ന ഇക്കാലത്ത് തീർത്തും വ്യത്യസ്തമായ ശൈലിയിൽ ഷംലി തന്റെ വരകളിൽ ചാരുത തീർക്കുകയാണ്. 


അക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിലൂടെ സഹൃദയരുടെ കണ്ണും കരളും കവർന്നു ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറങ്ങി ഷംലി താരമാവുകയാണ്. ദീപിക പദുക്കോണിന്റെയും ദുൽഖറിന്റെയും നിവിൻ പോളിയുടെയും ചിത്രങ്ങൾ ഷംലിയുടെ ക്യാൻവാസിൽ വെറും ഒരു പടമായിരുന്നില്ല, അതിനപ്പുറം ചലനാത്മകമായ വർണപ്പൊലിമ നിലനിർത്തുകയായിരുന്നു. 
വയനാട് വെള്ളമുണ്ട സ്വദേശിയായ ഷംലി തന്റെ സ്വപ്‌നങ്ങൾക്കും ചിന്തകൾക്കും നിറം നൽകാൻ ചിത്രകലയെ നെഞ്ചോടു ചേർക്കുകയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ പഠനത്തോടൊപ്പം വരയും കൊണ്ട് നടന്ന ഷംലി ഫൈസൽ പ്ലസ് ടു വിനു ശേഷം ഫൈൻ ആർട്‌സ് ഡിപ്ലോമക്ക് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കുന്നതിനു മുൻപേ വിവാഹവും പിന്നീടു പ്രവാസത്തിലേക്കും പറിച്ചു നടുകയായിരുന്നു. പ്രവാസ ലോകത്തെ നാല് ചുവരുകൾക്കിടയിൽ തന്റെ സർഗ്ഗാത്മക വൈഭവത്തെ തളച്ചിടാതെ നീണ്ട ഇടവേളക്കു ശേഷം പുറത്തേക്കു വന്ന ഷംലി പ്രവാസ ലോകത്ത് നിന്ന് കൊണ്ട് തന്നെ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. 


തന്റെ മനസ്സിനെയും സ്വപ്നങ്ങളെയും വർണാഭമാക്കാൻ പെൻസിലുകളുമായും ക്യാൻവാസുകളുമായും ഷംലി സല്ലപിച്ചു തുടങ്ങിയതോടെ തന്റെ ഭർത്താവും കുടുംബവും സാമൂഹ്യ മാധ്യമങ്ങളും ശക്തമായ പിന്തുണ നൽകി ഏറ്റെടുക്കുകയും അതിലൂടെ തന്റെ വരയുടെ ലോകം വീണ്ടെടുക്കുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഫേസ് ബുക്കിലുമെല്ലാം പുതിയ ചിത്രങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും ഗവേഷണം നടത്തിയ ഷംലി ഓരോ പുതിയ ചിത്രത്തിനും ജീവൻ നൽകി പുതുമകൾ നൽകിയതോടെ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. വരകളോടൊപ്പം അതിന്റെ വീഡിയോകളും കൂടി സമൂഹത്തിൽ പ്രചരിച്ചതോടെ കൂടുതൽ ജനകീയ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.
അൽകോബാറിൽ താമസിക്കുന്ന ഷംലിയുടെ ചിത്രരചനാ വൈഭവം തിരിച്ചറിഞ്ഞു വാർത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും അത് ഏറ്റെടുത്തു വൈറലാക്കിയതോടെ പ്രമുഖ നടന്മാരും സിനിമാ പ്രവർത്തകരും അവരുടെ പേജുകളിൽ പോസ്റ്റ്്്് ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തതോടെ ഷംലി ത്രില്ലടിച്ചിരിക്കയാണ്. നടൻ ടൊവിനോ തന്റെ ചിത്രം വരച്ചതു കണ്ടു  അദ്ദേഹത്തിന് അയച്ചു തരുമോ എന്നുള്ള സന്ദേശവും നടൻ മമ്മൂട്ടിയുടെ ചിത്രത്തെ കുറിച്ച് വളരെ നന്നായിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ സന്ദേശവും കൂടുതൽ പ്രചോദനവും ആവേശവുമാവുകയായിരുന്നു ഷംലിക്ക്. 


ദിവസങ്ങളോളം നീണ്ട ശ്രമവും അധ്വാനവും കൊണ്ട് മാത്രമേ നല്ല ഒരു ചിത്രം പൂർത്തിയാക്കാൻ സാധിക്കുവെന്നും അൽപ്പം ക്ഷമയോടെയുള്ള കാത്തിരിപ്പ് തുടർന്നാൽ പുതുമയാർന്ന ചിത്രങ്ങൾ വിരിയുമെന്നുമാണ് ഷംലിയുടെ പക്ഷം. ചിത്ര കലയോട് താൽപ്പര്യവും സർഗാത്മകമായ മനസ്സും ചേർത്ത് തങ്ങളുടെ സ്വപ്നങ്ങളെ താലോലിക്കുകയും കൂടി ചെയ്യുന്നതോടെ മികവാർന്ന സൃഷ്ടികൾക്ക്്് രൂപം നൽകാനാവുമെന്നു ഷംലി വിശ്വസിക്കുന്നു. 
വാട്ടർകളർ, കളർ പെൻസിലുകൾ, അക്രിലിക്ക് എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിലും ഷംലിക്ക് ഏറ്റവും പ്രിയങ്കരമായത് കളർ പെൻസിൽ തന്നെയാണ്. ചിത്രകല അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനം നൽകാൻ താൽപ്പര്യം ഉണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഷംലി പറയുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി ഷംലിയുടെ ചിത്രങ്ങൾക്ക് ആരാധകർ കൂടിയതോടെ ആവശ്യക്കാരും കൂടിവരുന്നതായും ചെറിയ വരുമാന മാർഗമായി മാറുകയും ചെയ്യുന്നുണ്ട്. കോവിഡാനന്തരം പ്രവാസ ലോകത്ത് ചിത്ര പ്രദർശനം നടത്തി പൊതു സമൂഹത്തിലേക്കു കൂടുതൽ ഇടപെടൽ ആഗ്രഹിക്കുന്നതായി ഷംലി പറയുന്നു. കലപരമായ കഴിവുകളുള്ളവർക്ക് അത് മറച്ചു വെക്കാൻ കഴിയില്ലെന്നും സർഗാത്മകമായ കഴിവുകൾ ജീവിതത്തിലെപ്പോഴെങ്കിലും അത് മറനീക്കി പുറത്തുവരും എന്നതിന് ഉദാഹരണമാണ് ഷംലിയുടെ ജീവിതത്തിൽ നിന്നും ലഭിക്കുന്ന പാഠം.


ലോക്്്ഡൗണിൽ ലോകമെമ്പാടും നിശ്ചലമായപ്പോൾ ഷംലി ഫൈസൽ തന്റെ മനസ്സിൽ സൂക്ഷിച്ചിരുന്ന കലാകാരിയെ പൊടി തട്ടിയെടുത്തു. സന്തോഷത്തിന്റെയും ആത്മ സംതൃപ്തിയുടെയും ലോകത്തിന്റെ ഉത്തുംഗത്തിലേക്ക്്് കുതിക്കുകയായിരുന്നു. തന്റെ ക്യാൻവാസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെയും പുഞ്ചിരിക്കുന്ന ചിത്രങ്ങൾ വരച്ചതോടെ തന്റെ മനസ്സിലെ ചിരിയും സന്തോഷവും പ്രകടിപ്പിക്കുവാനും ലോകം മുഴുവനായും പുഞ്ചിരിക്കുവാനുള്ള തന്റെ ആഗ്രഹം കോറിയിടാനുമാണ് ആർദ്രത വറ്റിയിട്ടില്ലാത്ത ഷംലിയുടെ ചനാത്മകമായ ഇടപെടൽ നൽകുന്ന സന്ദേശം. ഭർത്താവ് ഫൈസൽ അലിയും മകൻ അഭിയാനും ഷംലിയുടെ ജീവിതരേഖകൾക്ക്്് നിറം പകരുന്നു.

Latest News