Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

കൃഷിപാഠങ്ങളുടെ പ്രകാശം

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള മായനാട്ടെ നമ്പിയേരി വീട്ടിലേക്ക്്്്  വരിക. അവിടെ കർഷകരുടെ ഉറ്റമിത്രമായി, കൃഷിയെ സ്‌നേഹിക്കുന്ന ഒരു മനുഷ്യനുണ്ട്. പ്രകാശൻ തട്ടാരി. വില്പനനികുതി വകുപ്പിലായിരുന്നു ഉദ്യോഗമെങ്കിലും കൃഷിക്കാരന് സഹായകമാകുന്ന ഉപകരണങ്ങൾ നിർമ്മിക്കാനായിരുന്നു ഇദ്ദേഹത്തിനിഷ്ടം. സർവീസിൽനിന്നും വിരമിച്ചതിനുശേഷം മുഴുവൻ സമയവും കാർഷിക ഉപകരണങ്ങളുടെ നിർമ്മാണത്തിലേയ്ക്കു കടന്നപ്പോൾ തെങ്ങു കയറാനും അടയ്ക്ക പറിക്കാനുമുൾപ്പെടെ ഒട്ടേറെ ഉപകരണങ്ങളാണ് അദ്ദേഹം രൂപകൽപന ചെയ്തത്.


കാർഷിക മേഖലയ്ക്കും കർഷകർക്കും ഉപകാരപ്രദമായ കണ്ടുപിടിത്തത്തിനുള്ള പോയ വർഷത്തെ ബെസ്റ്റ് ഇന്നൊവേഷൻ പുരസ്‌കാരം നൽകിയാണ് സംസ്ഥാന സർക്കാർ ഈ പ്രകൃതിസ്‌നേഹിയെ ആദരിച്ചത്. കവുങ്ങിൽ കയറാതെ അടയ്ക്ക പറിച്ചെടുക്കാനുള്ള ഉപകരണമായ വണ്ടർ ക്‌ളൈംബർ കണ്ടുപിടിച്ചതിനാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്. കൈകൊണ്ടാണ് വണ്ടർ ക്‌ളൈംബർ പ്രവർത്തിക്കുന്നത്. കപ്പിയും കയറും സംവിധാനത്തിലാണ് കവുങ്ങിൽ കയറുന്നതും ഇറങ്ങുന്നതും. ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന വണ്ണംകൂടിയ കയർ വലിക്കുകയും അത്രതന്നെ അയച്ചുവിടുകയും ചെയ്യുമ്പോൾ യന്ത്രം കവുങ്ങിനു മുകളിലേയ്ക്കുള്ള സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരിക്കും. യന്ത്രത്തിന്റെ മുകൾ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക തരത്തിലുള്ള കത്തി അടയ്ക്കാകുലയുടെ ആറിഞ്ച് താഴെ നിർത്തി ശക്തിയോടെ വലിക്കുക. കത്തി കുലയിൽതട്ടി കുല മുറിഞ്ഞ് യന്ത്രത്തിന്റെ ക്ലാമ്പിൽ കുടുങ്ങിനിൽക്കും. യന്ത്രത്തിൽ ഘടിപ്പിച്ച വണ്ണം കുറഞ്ഞ കയർ വലിച്ചാൽ യന്ത്രത്തെ കുലയോടൊപ്പം താഴേയ്ക്ക് ഇറക്കാം. കവുങ്ങിൽ രണ്ടു കുലയുണ്ടെങ്കിൽ ആദ്യത്തെ കുല പറിച്ചതിനുശേഷം വണ്ണം കുറഞ്ഞ കയർ ഒരു വശത്തേയ്ക്ക് വലിച്ചാൽ യന്ത്രം ആ ദിശയിലേയ്ക്കു മാറും. ആദ്യത്തെപോലെ രണ്ടാമത്തെ കുലയും പറിച്ചെടുക്കാൻ സാധിക്കും.
കാർഷിക ഉപകരണങ്ങളുടെ നിർമ്മിതിയിലേയ്ക്കു പ്രകാശനെ നയിച്ചത് തെങ്ങുക്കയറ്റ തൊഴിലാളികളുടെ ദൗർലഭ്യം കൂടിയായിരുന്നു. അറുപതോളം കവുങ്ങുകളും കുറച്ചു തെങ്ങുകളുമുള്ള തന്റെ പുരയിടത്തിൽ അടയ്ക്കയും തേങ്ങയും വീണുനശിക്കുന്നതുകണ്ടപ്പോഴാണ് പരിഹാരം കണ്ടെത്തണമെന്ന ചിന്തയുദിച്ചത്. ഇന്ധനം ആവശ്യമില്ലാത്ത വണ്ടർ ക്‌ളൈബർ കൈകൊണ്ടാണ് പ്രവർത്തിപ്പിക്കുന്നത്. മൂന്നുവർഷംകൊണ്ടാണ് ഈ ഉപകരണം രൂപപ്പെടുത്തിയെടുത്തത്. 2011 ൽ രൂപകൽപന ചെയ്ത ഇതിന് ഇന്നും ഏറെ ആവശ്യക്കാരുണ്ട്. ഇതിനകം മൂവായിരത്തോളം ഉപകരണം കർഷകർക്ക് നൽകിക്കഴിഞ്ഞു. എണ്ണായിരത്തിനു മുകളിലാണ് വില. അടയ്ക്ക പറിക്കുന്നതിനൊപ്പംതന്നെ മരുന്നു തളിക്കാനുള്ള സംവിധാനവും യന്ത്രത്തിൽ ഘടിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. നൂറു മീറ്റർ ദൂരംവരെ മരുന്നടിക്കാൻ ഈ യന്ത്രത്തിന് കഴിയുമെന്ന് പ്രകാശൻ പറയുന്നു. കയറുകൊണ്ട് നിയന്ത്രിച്ച് മരുന്നു തളിക്കാനുള്ള സംവിധാനത്തിനു പുറമെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിച്ച് മരുന്നു തളിക്കാനുള്ള റിമോ സ്‌പ്രെയർ എന്ന ഉപകരണവും അദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. മായനാട് എ.യു.പി സ്‌കൂളിനു സമീപത്തുള്ള പ്രകാടെക് എന്ന സ്ഥാപനത്തിലാണ് യന്ത്രനിർമ്മാണം. കൂട്ടിന് മൂന്നു സഹായികളുമുണ്ട്.


പ്രകാശന്റെ കണ്ടുപിടിത്തങ്ങളിൽ മറ്റൊന്ന് കൊതുക് ഉന്മൂലനയന്ത്രമാണ്. കൊതുകുകൾക്ക് മുട്ടയിടാനുള്ള സാഹചര്യമൊരുക്കുകയും അത് ലാർവയാകുമ്പോഴേയ്ക്കും നശിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. വെള്ളവും വൈദ്യുതിയും ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിക്കുക. ഒരു പരന്ന പാത്രത്തിലേയ്ക്ക് ഫ്‌ളോട്ടിംഗ് നിയന്ത്രിത വാൽവിലൂടെ ജലം നിറയുന്നു. പാത്രത്തിന്റെ അടിഭാഗത്തുള്ള വലിയ ദ്വാരത്തിലൂടെ ഈ ജലം നാലു ദിവസം കൂടുമ്പോൾ ചെറിയ ഇലക്ട്രിക് പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് തറയിൽ ഒഴുക്കിക്കളയുന്നു. അതിലൂടെ കൊതുകിന്റെ മുട്ടകളും ലാർവകളും ഒഴുകിപ്പോകുന്നു. ഓട്ടോമാറ്റിക്കായാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്.
കർഷകർക്കാവശ്യമായ ചെറുതും വലുതുമായ ഒട്ടേറെ ഉപകരണങ്ങൾ ഇദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. കയർ വലിച്ചുകൊണ്ട് യന്ത്രം പ്രവർത്തിപ്പിച്ച് തെങ്ങിൽ കയറാതെ നാളികേരം പറിക്കുന്ന കേരാ പിക്കർ എന്ന യന്ത്രവും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിച്ച് തേങ്ങയിടുന്ന യന്ത്രവും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉണങ്ങിയ അടയ്ക്ക പൊളിച്ചെടുക്കാനുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ യന്ത്രവും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നിലം ഉഴുന്ന യന്ത്രവും മാവുകളിൽനിന്നും മാങ്ങ പറിച്ച് നിലത്തുവീഴാതെ താഴെയെത്തിക്കുന്ന ഉപകരണവും കാലുകൊണ്ടും കൈകൾ കൊണ്ടും പ്രവർത്തിക്കുന്ന തേങ്ങ പൊതിക്കുന്ന യന്ത്രവും പൊതിച്ച തേങ്ങ വേഗത്തിലും സുരക്ഷിതമായും ഉടച്ചെടുക്കാനുള്ള കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കേരളാ ഷെൽ ബ്രോക്കർ എന്ന ഉപകരണവുമെല്ലാം അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പലതും ജനങ്ങളിലേയ്‌ക്കെത്തിയിട്ടില്ല.
ചെറിയ കുഞ്ഞുകൾ ബക്കറ്റിലെ വെള്ളത്തിൽ വീണ് അപകടം സംഭവിക്കാതിരിക്കാനായി പ്രത്യേകമായി രൂപകല്പന ചെയ്ത ബേബി സേഫ്റ്റി ബക്കറ്റും അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തമാണ്. ഇതും വില്പനയ്ക്ക് തയ്യാറായിട്ടില്ല. സർക്കാരിൽനിന്നും സബ്‌സിഡിയൊന്നും ലഭിക്കാത്തതുകൊണ്ടാണ് തന്റെ ഉപകരണങ്ങൾക്ക് വില കുറയ്ക്കാനാവാത്തതെന്നും അദ്ദേഹം പറയുന്നു.
റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന തേങ്ങ പറിക്കൽ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ അംഗീകാരവും പ്രകാശനെ തേടിയെത്തിയിട്ടുണ്ട്. പതിനഞ്ചുലക്ഷം രൂപ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ഈ യന്ത്രത്തിന് ഫണ്ടായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സെയിൽസ് ടാക്‌സ് ഓഫീസറായാണ് വിരമിച്ചതെങ്കിലും ശാസ്ത്രവിഷയങ്ങളോടുള്ള താൽപര്യമാണ് സ്വതന്ത്രമായ ഗവേഷണങ്ങൾക്ക് പിറകെ സഞ്ചരിക്കാനുള്ള പ്രേരണ. എങ്ങനെ പുതിയ കണ്ടുപിടിത്തങ്ങൾ നടത്താം എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.
കംപ്രസ്ഡ് എയർ കൊണ്ട് എൻജിൻ പ്രവർത്തിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അതിന് കംപ്രസ് ചെയ്ത സിലിണ്ടർ മാത്രം മതി. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സംവിധാനവും അദ്ദേഹം രൂപപ്പെടുത്തുന്നുണ്ട്.
പ്രകാശന്റെ ശാസ്ത്രസപര്യയ്ക്ക് കൂട്ടായി വീട്ടമ്മയായ ഭാര്യ പ്രീതാറാണിയും മക്കളുമുണ്ട്. മൂത്ത മകൻ പ്രജിത്ത് ദുബായിയിൽ സോഫ്റ്റ്്് വെയർ എൻജിനീയറായി ജോലി നോക്കുന്നു. ഇളയ മകൻ പ്രശോഭ് എറണാകുളം ടി.സി.എസിൽ എൻജിനീയറാണ്.

Latest News