Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

ഇടപ്പള്ളിക്കോട്ടയിലെ സ്‌നേഹക്കൂട്ടായ്മ 

കല, കായികം, ജീവകാരുണ്യം വിദ്യാഭ്യാസം എന്നീ മനുഷ്യസാധ്യമായ മേഖലകളിൽ സജീവമായ പ്രസ്ഥാനം. കൊല്ലം-ഇടപ്പള്ളിക്കോട്ടയിൽ സ്‌നേഹവും സേവനവും ചാലിച്ച് മാനവികതയുടെ കോട്ട പണിതുയർത്തുന്ന ഹായ്' എന്ന കൂട്ടായ്മയെക്കുറിച്ച്...

ഐക്യരാഷ്ട്രസഭ ഭൂമുഖത്തെ ജനങ്ങളുടെ ക്ഷേമത്തിനും മനുഷ്യത്വത്തിലധിഷ്ഠിതമായ വികാസവും പുരോഗതിയും ലക്ഷ്യം വെച്ച് 2015 ൽ പ്രഖ്യാപിച്ച 17 ലക്ഷ്യങ്ങളാണ് എസ്-ഡി-ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ 2030 ഓടെ നേടിയെടുക്കുക എന്നതാണ് യു.എന്നിന്റെ ലക്ഷ്യം. 
അത്തരം ലക്ഷ്യങ്ങളിൽ പെട്ടതാണ് ദാരിദ്ര്യ നിർമ്മാർജനം, വിശപ്പില്ലാത്ത അവസ്ഥ, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും ശുചിത്വവും, താങ്ങാവുന്നതും ശുദ്ധവുമായ ഊർജം, മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും എന്നിവയൊക്കെ. ഐക്യരാഷ്ട്രസഭ ഈ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും ഒന്നര പതിറ്റാണ്ടുമുമ്പ് കേരളത്തിലെ പ്രശസ്തമായ കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തുള്ള ഒരു കൂട്ടം യുവജനങ്ങൾ തങ്ങൾക്കാവും വിധം ജനക്ഷേമത്തിനായ് കർമപദ്ധതികൾ ‘ഹായ്' എന്ന സംഘടനയിലൂടെ ആവിഷ്‌കരിച്ചു നടപ്പാക്കി തുടങ്ങിയിരുന്നു. 2007 ൽ ഔദ്യോഗികമായി സംഘടന രജിസ്റ്റർ ചെയ്ത് നിലവിൽ വന്നു. ആരെയും ആകർഷിക്കുന്ന അവരുടെ അനിതര സാധാരണമായ പ്രവർത്തന പന്ഥാവിലൂടെ:


കല, കായികം, ജീവകാരുണ്യം, വിദ്യാഭ്യാസം എന്നീ മനുഷ്യസാധ്യമായ നാനാവിധ മേഖലകളിൽ സജീവമായി  കൊല്ലം-ഇടപ്പള്ളിക്കോട്ടയിൽ നിന്നും സ്‌നേഹവും സേവനവും ചാലിച്ച് മാനവികതയുടെ കോട്ട പണിതുയർത്തുന്ന ‘ഹായ്' എന്ന കൂട്ടായ്മ. 
ഇന്ത്യയിൽ തന്നെ സാമൂഹ്യ സേവന രംഗത്ത് നിരന്തരവും സജീവവുമായി ഇടപെടുന്ന അപൂർവ്വം സംഘടനകളിലൊന്നാണ് ഒലമഹവേ അംമസലിശിഴ കിേെശൗേലേ (ഒഅക). കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കു സമീപം ഇടപ്പള്ളിക്കോട്ട  കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ‘ഹായ്' എന്ന ചുരുക്കപ്പേരുള്ള സാംസ്‌കാരിക സംഘടനയുടെ പ്രവർത്തനങ്ങൾ മഹത്തായൊരു മാതൃകയാണ്.

ലക്ഷ്യങ്ങൾ
ഹായ് നിലവിൽ നേരിടുന്ന പരിമിതികളാണ്  കളിസ്ഥലം, പരിശീലനത്തിനെത്തുന്നവർക്ക് ആവശ്യമായ  താമസ സൗകര്യം, ഭക്ഷണം എന്നിവ. അവ ലഭ്യമായാൽ വളരെ ഉദാത്തമായ നിലയിൽ തീർത്തും സൗജന്യമായി നടത്തുന്ന ഈ പ്രവർത്തനങ്ങളെ ലോക നിലവാരമുള്ള ഒരു മാതൃകാ പൊതുസ്ഥാപനമായി ഉയർത്താനാവും എന്ന ദൃഢവിശ്വാസത്തിലും ലക്ഷ്യത്തിലുമാണ് ഹായ് പ്രവർത്തകർ.
ഭാവിയിൽ കൂടുതൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും  ജനങ്ങൾക്ക് സന്തോഷവും സമാധാനവും സാക്ഷരതയും മനോവികാസവും വളർത്താൻ ഉപകരിക്കുന്ന നിരവധി അക്കാദമിക് പദ്ധതികളും ഹായ് നേതൃത്വം മനസ്സിൽ സൂക്ഷിക്കുന്നു. നല്ല സമൂഹത്തിനായി കൈകോർക്കാൻ നമ്മളും നാടും നാട്ടാരും ഒന്നാകുമെന്ന ആത്മവിശ്വാസത്തിലാണ് എന്നും ഹായ്.
കേരള പോലീസിൽ കൺട്രോൾ റൂം എസ്.ഐ കൂടിയായ ടി.എ നജീബിന്റെ മുന്നൊരുക്കത്തിൽ ഹായ് എന്ന സംഘടനയും അതിന്റെ പ്രവർത്തകരും നേതൃത്വവും അങ്ങനെ ഒരു നാടിന്റെ കരുത്തും കരുതലും ഇഴചേർന്ന സേവനത്തിന്റെ ജ്യോതി തെളിച്ചു മുന്നേറുകയാണ്. 

സ്ഥിരോൽസാഹവും കർമ്മകുശലതയും ചാലിച്ച നിരവധി പ്രവർത്തന പന്ഥാവുകളാണ് ‘ഹായ്' നാടിനായി കർമ്മനിരതമാക്കുന്നത്. കലാരംഗത്ത് സംഗീതത്തിന്റെയും വാദ്യോപകരണങ്ങളുടേയും അധ്യാപനത്തിന് ഹായ് മ്യൂസിക് സ്‌കൂൾ,  ഉദ്യോഗാർത്ഥികൾക്കു ഓൺലൈനായും ഓഫ് ലൈനായും നൽകുന്ന പി.എസ്. സി മത്സര പരീക്ഷാ പരിശീലനം, കായിക പരിശീലനങ്ങൾ, കായിക മത്സര സംഘാടനം, സന്നദ്ധ സേവന പ്രവർത്തനങ്ങൾ, മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ തീർത്തും സൗജന്യമായി ചെയ്യുന്ന സർവ്വതല സ്പർശിയായ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധ്യമാക്കുകയാണ് ഹായ്.‘ഹായ്' നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും നിരവധി കലാകായിക പ്രതിഭകൾ ഉയർന്നു വന്നിട്ടുള്ളതു മാത്രമല്ല നൂറുക്കണക്കിന് യുവതീ യുവാക്കൾക്ക് ഉദ്യോഗവും കരഗതമായിട്ടുണ്ട്.


നിലവിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഏകദേശം അഞ്ഞൂറോളം ആൺകുട്ടികളും പെൺകുട്ടികളും ചവറയിൽ താമസിച്ച് പരിശീലനം നേടുന്നു.  സമീകൃതാഹാരമുൾക്കൊള്ളുന്ന ലഘു ഭക്ഷണവും കുട്ടികൾക്ക് ഹായ് നൽകുന്നുണ്ട്. 
ദേശീയ അന്തർ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത കായിക പ്രതിഭകൾക്കും വിദഗ്ധർക്കും പുറമേ പരിശീലനത്തിനായി പോലീസ് മിലിട്ടറി സേനകളിൽ നിന്ന് വിരമിച്ച ഓഫീസർമാരും ശാരീരികവും അക്കാദമിക് പരവുമായ പരിശീലനം  കുട്ടികൾക്ക് സന്നദ്ധ സേവനമെന്ന നിലയിൽ നൽകാൻ ഹായോടൊപ്പം എത്തുന്നുണ്ട്. പ്രചോദനം നൽകാൻ സന്നദ്ധതയുള്ളവരും പ്രചോദിതരാവുന്ന യുവമനസ്സുകളും നേടിയ പരിശീലനത്തിന്റെ പക്വതയിൽ വിവിധ സേനകളിൽ യൂണിഫോമണിഞ്ഞ് ഇന്ന് ഉദ്യോഗസ്ഥരാണ്. ഒരാൾക്കു ഉദ്യോഗം ലഭ്യമാവുന്നതോടെ അയാളും കുടുംബവും സ്വയം പര്യാപ്തതയുടേയും സന്തോഷത്തിന്റെയും കൊടുമുടി കയറുന്നു. അതാണ് ഹായ് നിവർത്തിക്കുന്ന ഗുണപരമായ വിദ്യാഭ്യാസം, പട്ടിണി നിർമാർജ്ജനം, സന്തോഷ സൃഷ്ടിപ്പ് എന്നിവ.
ഏകദേശം പതിനയ്യായിരത്തോളം പേർക്ക് കായിക മത്സരപ്പരീക്ഷകൾക്ക് പരിശീലനം നൽകാനും ഏകദേശം അയ്യായിരത്തോളം പേർക്ക് യൂണിഫോമണിയുന്ന ഉദ്യോഗം കരഗതമാക്കുവാനും കഴിഞ്ഞ മൂന്നു പതിറ്റാണ്ടത്തെ പ്രവർത്തനത്തിലൂടെ ഹായ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹായിൽ പരിശീലനം ലഭിച്ചവർ പോലീസ് സേനയിൽ ഡി വൈ എസ് പി, സർക്കിൾ ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, സിവിൽ പോലീസ് ഓഫീസർ, എക്‌സൈസ് ഇൻസ്‌പെക്ടർ,  പ്രിസൺ, ഫയർ ഫോഴ്‌സ്, റെയിൽവേ, മിലിട്ടറി, നേവി തുടങ്ങി വിവിധ സേനകളിൽ ഹായിൽ കായികവും അക്കാദമികവും ഇന്റർവ്യൂ ഉൾപ്പടെയുള്ള മത്സര പരിശീലനം സിദ്ധിച്ചതിനാൽ ആയിരക്കണക്കിന് പേർക്ക് ഉദ്യോഗലബ്ധി ഉണ്ടായിട്ടുണ്ട്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ ഘടകത്തിന്റെ പിന്തുണയും കായിക പരിശീലനത്തിന് ലഭ്യമാവുന്നുണ്ടെന്ന്  ഹായ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സന്തോഷത്തിന്റെ ആഘോഷങ്ങൾ അലയടിച്ച നിരവധി കലാ-കായിക മേളകൾ സംഘടിപ്പിക്കാനും ഹായ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹായ്‌യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, ഖോ ഖോ മത്സരങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതാണ്.  

അംഗീകാരങ്ങൾ
ഹായ്‌യുടെ പ്രവർത്തന മികവുകൾക്ക് അനവധി 
അംഗീകാരങ്ങളും പുരസ്്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1. കേരള പോലീസ് ഓഫീസേഴ്‌സ് അസോ. ഫ്രീ കോച്ചിംഗ് സന്നദ്ധ പ്രവർത്തന പുരസ്‌ക്കാരം
2.  കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച്  പുരസ്‌കാരം  
3. എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി പുരസ്‌കാരം 
4. ദിശ സന്നദ്ധ സംഘടന പുരസ്‌കാരം 
5. കെ.സി പിള്ള സ്മാരക ഉദയ ലൈബ്രറി സന്നദ്ധ പ്രവർത്തന പുരസ്‌ക്കാരം
6. പത്തനംതിട്ട ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം
7. പ്രളയാനന്തര പുനരധിവാസ പ്രവർത്തന പുരസ്‌കാരം 
8. ബെസ്റ്റ് പോലീസ് കബഡി പ്ലെയർ പുരസ്‌കാരം 
9. യൂസഫലി കേച്ചേരി മ്യൂസിക്കൽ ഫൗണ്ടേഷൻ പുരസ്‌കാരം 
10. ഡോൺ ബോസ്‌കോ കോളജ് പുരസ്‌ക്കാരം
11.അലൻ തിലക് ഷട്ടോ റിയോ കരാട്ടെ പുരസ്‌കാരം 
12. ചവറ ലയൺസ് ക്ലബ്ബ് പുരസ്‌ക്കാരം  
13. കരുനാഗപ്പള്ളി കാരുണ്യ ചാരിറ്റി ട്രസ്റ്റ് പുരസ്‌കാരം 
14. ഗാന്ധി സ്മൃതി പുരസ്‌കാരം
15. മാരത്തൺ അസോ. പുരസ്‌കാരം
16. ഖോ ഖോ അസോ. പുരസ്‌കാരം
17. ദേശാഭിമാനി അറിവരങ്ങ് സംസ്ഥാനതല മത്സരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം

പ്രളയം, മഴ, കോവിഡ് എന്നീ ദുർഘടം പിടിച്ച ഘട്ടങ്ങളിൽ 'ഹായ്' പ്രവർത്തകർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സദാ ജാഗരൂകമായ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏറെ പ്രശംസനീയമായ നിലയിലായിരുന്നു. 
‘ഹായ്' നേതൃത്വം നൽകുന്ന നല്ലാന്തറ അബ്ദുൽ അസീസ് സ്മാരക ലൈബ്രറിക്ക് നാട്ടുകാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കാൻ കഴിയുന്നുണ്ട്. ലൈബ്രറിയിൽ ഇപ്പോൾ തന്നെ ഏകദേശം എണ്ണായിരത്തിലധികം ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്.  കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ വീടുകളിൽ പുസ്തകമെത്തിച്ചു നൽകുന്ന പ്രവർത്തനത്തിന് മികച്ച പ്രതികരണം കിട്ടുന്നുണ്ട്.  നിലവിലെ ഗ്രന്ഥശാല പ്രസിഡണ്ട് ഫിറോസ് നല്ലാന്തറയും സെക്രട്ടറി ഷമീർ ബദറുദ്ദീനുമാണ്.കലാസ്വാദകർക്കായി ഹായ് മ്യൂസിക് സ്‌കൂൾ പ്രതിഭകളുടെ ഗാനമേളകൾ, പ്രശസ്ത ഗസൽ ഗന്ധർവ്വൻ ഉമ്പായി ഉൾപ്പടെയുള്ളവരുടെ ഗസൽ സന്ധ്യകൾ തുടങ്ങി നിരവധി കലോൽസവങ്ങൾക്കും ഹായ് വേദിയൊരുക്കി.


കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതരുടെ വീടുകൾ വൃത്തിയാക്കി താമസയോഗ്യമാക്കൽ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ, കൊറോണ ബാധിതർക്ക് ക്വാറന്റൈൻ കേന്ദ്രമൊരുക്കൽ, ഭക്ഷണവും മരുന്നുമെത്തിച്ചു നൽകൽ, ആരോഗ്യ സുരക്ഷാ  ബോധവൽക്കരണ പ്രവർത്തനങ്ങൾ, കൊറോണ പ്രതിരോധത്തിന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ വരുമാനം നിലച്ച കൂലിവേലക്കാർ, ഓട്ടോറിക്ഷ/ ടാക്‌സി ഡ്രൈവർമാർ തുടങ്ങിയവർക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ  ജീവകാരുണ്യത്തിന്റെ സ്‌നേഹസ്പർശമായി മാറാൻ 'ഹായ്'ക്ക് കഴിഞ്ഞുവെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്.അനുസ്യൂതം തുടരുന്ന ഇത്തരം സാമൂഹ്യ സാംസ്‌കാരിക, കലാകായിക ജീവകാരുണ്യ സപര്യയ്ക്ക് പ്രദേശവാസികളായ ഏകദേശം നൂറോളം സുമനസ്സുകളുടെ പ്രൊഫഷണലിസം ഉൾച്ചേർന്ന നിസ്വാർത്ഥമായ അശ്രാന്ത പരിശ്രമങ്ങളാണുള്ളത്. സ്ഥാപക പ്രസിഡണ്ട് പൻമന സ്വദേശിയായ നജീബ് ടി.എയും സെക്രട്ടറി കോതമംഗലം സ്വദേശി സേവ്യറുമായിരുന്നു.
ഹെൽത്ത് അവേക്കനിംഗ് ഇൻസ്റ്റിറ്റിയൂട്ട് എന്ന പേരിൽ സ്‌പോർട്‌സിൽ തൽപ്പരരായവരുടെ കൂട്ടായ്മയായി തുടങ്ങിയെങ്കിലും പിന്നീട് കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും സജീവമായി പ്രവർത്തനമേഖല വിപുലപ്പെടുത്തി.ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി രൂപീകരിച്ച മാരത്തൺ ക്ലബ്ബാണ് ഏറ്റവും അടുത്ത കാലത്ത് തുടക്കം കുറിച്ച ഹായ് പദ്ധതി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സേവനമനസ്‌കരായ അറുപതോളം സുമനസ്സുകളാണ് ഈ സദുദ്യമത്തിന്റെ ചൈതന്യവത്തായ ശക്തി. നിലവിൽ അഡ്വ. മുഹമ്മദ് അമീർ രക്ഷാധികാരിയും സന്തോഷ് കുമാർ പ്രസിഡണ്ടും  എഞ്ചിനീയർ നാസർ സെക്രട്ടറിയുമായുള്ള സമിതിയാണ് ഹായ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കായിക പരിശീലനങ്ങൾക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നതിനും പ്രചോദനമേകുന്നതും ടി.എ. നജീബ് ചെയർമാനായ സമിതിയാണ്.

സേവന പ്രവർത്തനങ്ങൾ
അശരണരായി വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് അത്താഴപ്പൊതി നൽകൽ,  ആഴ്ചയിലൊരിക്കൽ പൊതു ജനങ്ങളുടെ ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾ വൃത്തിയാക്കൽ, കലാഭിരുചിയുള്ള കുട്ടികളെ പ്രാദേശികമായി കണ്ടെത്തി സ്‌കൂൾ-കോളേജ് സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലിപ്പിക്കൽ, വോളിബാൾ, കബഡി, ഖോഖോ എന്നീ കായിക ഇനങ്ങളിൽ പരിശീലനം നൽകലും മത്സരങ്ങൾ സംഘടിപ്പിക്കലും ഹായ് സൗജന്യമായി നിർവ്വഹിക്കുന്നു. ചവറ ടൈറ്റാനിയം ഏരിയയിലുള്ള നിരവധി കാൻസർ രോഗികൾക്ക് ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം എന്നിവ നൽകിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികൾക്ക് സാമ്പത്തിക സഹായം, പഠനോപകരണങ്ങളുടെ സൗജന്യ വിതരണം മുതലായവയും നിർവ്വഹിക്കുന്നു. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം,  പഠനോപകരണങ്ങളുടെ സൗജന്യ വിതരണം മുതലായവയും നൽകുന്നു.
കേരള പോലീസ് ഓഫീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കടൽക്ഷോഭ പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി നടത്തുന്ന കണ്ടൽ വനവൽക്കരണ പരിപാടിയിലെ മുഖ്യപങ്കാളികൾ ഹായ് വളണ്ടിയർമാരാണ്. കായലോരങ്ങളിലും കടലോരങ്ങളിലും കണ്ടൽ ചെടികളും പുന്നമരങ്ങളും നട്ടുവളർത്തി മണ്ണൊലിപ്പും തിരമാലകളുടെ അടിച്ചു കയറൽ പ്രതിരോധിക്കുന്നതിനുമുള്ള ഫലപ്രദമായ പ്രതിരോധ മാർഗ്ഗമാണിത്. ഇന്ത്യയിലെ  വിവിധ സംസ്ഥാന പോലീസ് സേനകളിൽ ഇത്തരമൊരു പ്രകൃതി സൗഹാർദ്ദ വനവത്ക്കരണപദ്ധതി ഏറ്റെടുത്തിരിക്കുന്നത് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മാത്രമാണ്. വനമിത്ര പുരസ്‌കാരവും കെ.പി.ഒ.എ നേടിയിട്ടുണ്ട്.

Latest News