Sorry, you need to enable JavaScript to visit this website.

ചാന്ത്‌മോൾ പകർന്ന സ്‌നേഹം

ഓർമ/അനുഭവം

നീണ്ട എത്രയോ സംവത്സരങ്ങളുടെ കടുത്തതും ഒപ്പം നിറമുള്ളതുമായ നിരവധി അധ്യായങ്ങൾ എന്റെ മുന്നിലുണ്ടെങ്കിലും, റിയാദിലെ എന്റെ സ്വർണ ഫാക്ടറിയും ജീവനക്കാരും ഒപ്പം കൊച്ചു ചാന്ത് മോളെയും എനിക്ക് ഓർക്കാതിരിക്കാനാവില്ല. ചാന്ത് എന്ന രണ്ടര വയസ്സുകാരി, ആ കുസൃതിക്കുരുന്നിന്റെ വളർച്ച മറ്റൊരു അധ്യായത്തിന്റെയും ജീവിതാനുഭവത്തിന്റെയും വിശാലഭൂമികയാണ് എനിക്ക് തുറന്നുതന്നത്.


സമൂഹത്തിൽ ഒരു പുഴു മാത്രമാണ് ഞാൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എങ്കിലും നാം നിസ്സാരമെന്ന് കരുതുന്ന പലതും നമ്മുടെ നെഞ്ചു പിളർത്തുന്ന അനുഭവങ്ങളായി മാറും. ഒപ്പം നമ്മെ  അടിമുടി മാറ്റുന്ന ദിശാസൂചികയുമാവുമത്. പുഴുവാണെന്നു വിശ്വസിക്കുന്ന എന്റെ  മനസ്സിലേക്കും ഹൃദയത്തിലേക്കും ആ പിഞ്ചുകുഞ്ഞ് നടന്നുകയറിയ വഴികൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവളുടെ ഇഷ്ടവും അവളെനിക്ക് തന്ന ബഹുമാനവും എന്നെ ഇപ്പോഴും അത്ഭുതത്തിന്റെ വഴികളിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നു.
ഞങ്ങളുടെ ഫാക്ടറി രാവിലെ ഏഴുമണിക്ക് തുറക്കുമ്പോൾ അച്ഛന്റെ കൈപിടിച്ച് കുഞ്ഞിക്കാലടികൾ വെച്ച് ചാന്തും അവിടെ എത്തിയിരിക്കും. ബംഗാളികളും തമിഴരും ദൽഹിക്കാരും ആന്ധ്രക്കാരും മഹാരാഷ്ട്രക്കാരും  മലയാളികളും സൗദികളുമടങ്ങിയ ജീവനക്കാരുടെ ഇടയിലെ കൊച്ചുമാലാഖയാണവൾ. നന്നായി സംസാരിക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും  എല്ലാ ഭാഷക്കാരോടും അവൾ സംസാരിക്കുന്നതു കാണുമ്പോൾ  നാം തന്നെ മൂക്കത്ത് വിരൽ വെച്ച് പോകും. ഈ കൊച്ചുമിടുക്കിയുടെ ചുണ്ടിൽ എല്ലാ ഭാഷകളും തത്തിക്കളിക്കും. ഏത് ഭാഷക്കാരനും അവളോട് അവന്റെ ഭാഷയിൽ സംസാരിക്കാനാവും. എല്ലാവരുടെയും അരുമയാണ് അവൾ. അതുകൊണ്ടുതന്നെ അവളുടെ വിഹാരകേന്ദ്രമായ ഫാക്ടറിയിൽ ചാന്തിന്റെ രണ്ടാം ജന്മദിനം ഞങ്ങൾ എല്ലാ ജീവനക്കാർക്കുമൊപ്പം ആഹ്ലാദാരവങ്ങളോടെയാണ് ആഘോഷിച്ചത്.


തൃശൂർ  കുന്ദംകുളം യൂണിറ്റി  ഹോസ്പിറ്റലിലാണ് ചാന്ത് ജനിച്ചത്. ഈ സുന്ദരിക്കുട്ടി ജനിച്ച സമയത്ത് ഞാൻ നാട്ടിലായിരുന്നു. ഞാൻ ആശുപത്രിയിൽ  പോയി കണ്ടിരുന്നു. എനിക്കും ഇങ്ങനെയൊരു കൊച്ച് ഉണ്ടായിരുന്നെങ്കിൽ  എന്ന് ഞാൻ  സദാ ആലോചിച്ചിരുന്നു. എന്റെ ഭാര്യ ഗർഭം  ധരിച്ചപ്പോൾ  അവളുടെ വയറ്റിൽ കിടക്കുന്നത് പെൺകുട്ടിയായിരിക്കണമേ ദൈവമേ എന്ന് ഞാൻ പ്രാർത്ഥിച്ചു നടന്നിരുന്നെങ്കിലും കിട്ടിയത് ആൺകുട്ടിയെ ആയിരുന്നു. അതിൽ എനിക്ക് ദൈവത്തോട് അശ്ശേഷം പരിഭവമില്ല. പഴയ കാരണവന്മാർ പറയുമായിരുന്നു മരിച്ചാൽ  കരയണമെങ്കിൽ  പെൺകുട്ടികൾ  തന്നെ വേണമെന്ന്. പെൺകുട്ടികൾക്കാണ് അച്ഛനമ്മമാരോട് കൂടുതൽ  സ്‌നേഹമെന്നും എനിക്ക് തോന്നിയിരുന്നു. (ഇതുകൊണ്ട് എന്റെ ആൺമക്കൾക്ക് എന്നോട് നീരസമാണെന്ന് നിങ്ങൾ വിചാരിക്കരുത്. അവർ സ്‌നേഹസമ്പന്നർ തന്നെ) ഫാക്ടറിയോടടുത്ത ഫഌറ്റിലാണ് ചാന്തുവിന്റെ അച്ഛനും അമ്മയും ദീദിയും താമസിക്കുന്നത്. അതിനാൽ  അവളെപ്പോഴും ഫാക്ടറിയിലും ഓഫീസിലും കറങ്ങിത്തിരിഞ്ഞ് നടക്കുന്നത് അവളുടെ ശീലമായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോൾതന്നെ എല്ലാവരും അവളെ കൊഞ്ചിച്ചിരുന്നു. അവർ കഴിക്കുന്നതിലെ ഒരു പങ്ക് നമ്മുടെ ചാന്തിനും നൽകി. ഇക്കാര്യത്തിൽ  ചാന്തിന്റെ അച്ഛനും അമ്മയ്ക്കും യാതൊരു പരിഭവവുമില്ലായിരുന്നു. അവർ  അത്ര പാവങ്ങളായതിനാൽ  ആരോടും മുഖം കറുപ്പിച്ച് പറയാൻ  അവർക്കാവില്ല. ചാന്തിന് ആരെങ്കിലും ഭക്ഷണം നൽകിയാൽ  അത് സന്തോഷത്തോടെ ഏറ്റുവാങ്ങാൻ  ചാന്തിനെ സന്നദ്ധമാക്കുകയായിരുന്നു.
ഫാക്ടറി ജീവനക്കാരുടെ എല്ലാവരുടെ മുറിയിലും അവൾക്ക് പ്രവേശനമുണ്ടായിരുന്നു. എല്ലാവരുമായി അവൾ  ചങ്ങാത്തത്തിലായി. അവരുടെ പ്രിയ തന്തോന്നിയായി ചാന്ത് മാറി. അത്യാവശ്യം ജീവനക്കാരെ ഭരിക്കാനും അവൾ തുടങ്ങി. എന്റെ അഭാവത്തിൽ  രണ്ടുകൈയും പിറകിൽ  കെട്ടി ഗൗരവത്തോടെ ജോലിക്കാരെ നോക്കുന്നതും മറ്റും കണ്ടാൽ എല്ലാവരും ആശ്ചര്യപ്പെടാറുണ്ട്. എന്നാൽ  അവർ നൽകുന്ന ചോക്ലേറ്റിനും ബിസ്‌ക്കറ്റിനും അവൾ  അയിത്തം കൽപിച്ചില്ല. അതവൾ സന്തോഷത്തോടെ വാങ്ങിത്തിന്നു. ജോലിക്കാർ   എന്നെ കണ്ട് ഭയപ്പെടുന്നത് കണ്ടിട്ടാവണം, അത് ശ്രദ്ധിച്ചാവണം, എന്നെ അനുകരിച്ച്, അവൾ  ആ ഗൗരവം മുഖത്തണിഞ്ഞ്  ജീവനക്കാർക്കിടയിൽ വിലസിനടന്നു.
ജോലിയിൽ   ആത്മാർഥതയും കൃത്യനിഷ്ഠയും വേണമെന്ന  നിഷ്‌കർഷ എനിക്കുണ്ട്. ബിസിനസ് വിജയിക്കണമെങ്കിൽ ഇത് വേണമെന്ന് അനുഭവങ്ങൾ  എന്നെ പഠിപ്പിച്ചിട്ടുണ്ട്. ജോലിക്കാര്യങ്ങളിൽ ഞാൻ  കർക്കശക്കാരനായി മാറിയത് അതുകൊണ്ടാണ്. ആര് തന്നെയായാലും ജോലിക്കാര്യങ്ങളിൽ  യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തതാണ് എന്നെ ഇവിടംവരെ എത്തിച്ചത്. ഞാൻ ഫാക്ടറിയിൽ  എത്തിയാൽ  വികൃതികാട്ടുന്ന ചാന്ത് പോലും നിശ്ചലയാവും. ഫാക്ടറിയിൽ എന്നെ പെട്ടെന്ന് കാണാൻ ഇടവന്നാൽ ജോലിക്കാർക്ക്  ഉണ്ടാവുന്ന അതിവേഗ ഭാവമാറ്റങ്ങൾ ചാന്ത് തിരിച്ചറിഞ്ഞതുകൊണ്ടാവാം ചാന്തും അത്തരമൊരു വഴിയിലേക്ക് പെട്ടെന്ന് മാറിയതെന്ന് എനിക്ക് തോന്നുന്നു. ഒരു ദിവസം ഫാക്ടറി ഗേറ്റ് തുറന്ന ഞാൻ കണ്ടത്, ചാന്ത്കുട്ടി അവളേക്കാൾ നാലിരട്ടി വലിപ്പമുള്ള വൈപ്പറിന്റെ വടിയെടുത്ത് ആരുടെയോ പിറകെ  ഓടുകയായിരുന്നു. എന്നെ കണ്ടതും സഡൺ ബ്രേക്കിട്ടതുപോലെ ഒരു നിൽപ്. എന്തോ കുറ്റബോധംകൊണ്ട് അവളുടെ തല താണിരുന്നു. രണ്ടുമൂന്ന് തവണ ഞാൻ പറഞ്ഞതിനുശേഷമാണ് അവൾ കുഞ്ഞിക്കാലടികൾ ചലിപ്പിക്കാൻ തുടങ്ങിയത്. ചാന്തിന്റെ എന്നോടുള്ള പേടി കണ്ട് വാസ്തവത്തിൽ  ഞാൻ    ഉള്ളിൽ  കരയുകയായിരുന്നു. ഞാനത് പുറത്ത് കാണിക്കാൻ  മെനക്കെട്ടില്ല. ദൈവമേ കൊച്ചു ചാന്ത് പോലും എന്നെ ഭയപ്പെടുന്നുവോ എന്ന് വിചാരിച്ചപ്പോൾ മനസ്സ് നൊന്തു.
എല്ലാവരും ഞാൻ  വരുന്നത് കണ്ടാൽ  ദാ വര്ണ്ട്, വര്ണ്ട് സൂക്ഷിച്ചോ, ശ്രദ്ധിച്ചോ എന്നൊക്കെ പറയുന്നത് കേട്ടാവും ചാന്തിന്റെ മനസ്സിലും എന്നോടുള്ള ഭയം ഉടലെടുത്തതെന്ന് തോന്നുന്നു. ചാന്തിന്റെ ഈ പെരുമാറ്റത്തിനുശേഷം ജീവനക്കാരോട് ഞാൻ പറയുകയുണ്ടായി- നിങ്ങൾ  എല്ലാവരും ചേർന്ന് കൊച്ചുകുട്ടിയുടെ മുന്നിലും എന്നെ ദുഷ്ടനാക്കി എന്ന്. എന്നാൽ പിന്നീട്  ഞാൻ  എന്നെ തന്നെ പുതുക്കിപ്പണിയുകയായിരുന്നു.  
ജ്വല്ലറി ഫാക്ടറിയിൽ സ്വർണം കുറയുന്നതും പണിക്കാർ തന്ത്രപൂർവം അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതും സാധാരണ സംഭവമാണ്. 'തട്ടാൻ തൊട്ടാൽ എട്ടിൽ ഒന്ന്' എന്ന ഒരു പഴഞ്ചൊല്ലും, തള്ളക്കു താലി പണിതാലും തട്ടുമെന്നുള്ളതുമൊക്കെ നമ്മുടെ പഴയ കാരണവന്മാരുടെ പഴഞ്ചൊല്ലുകളാണ്. പഴഞ്ചൊല്ലിൽ  പതിരില്ലെന്നുള്ളത് എത്രയോ യാഥാർഥ്യവുമാണ്.
ഞാൻ എപ്പോഴൊക്കെ സൗദിക്ക് പുറത്ത് പോകുന്നുവോ, അപ്പോഴൊക്കെയാണ് സാധാരണയായി കളവുകൾ നടന്നിരുന്നത്. ലക്ഷക്കണക്കിന് റിയാലിന്റെ സ്വർണം പലപ്പോഴായി കളവ് പോകാറുണ്ടെങ്കിലും ഞാൻ അതിന്റെ പിറകെ പോകാറില്ല. കാരണമെന്തെന്നാൽ അവരുടെ കയ്യിൽ പണം ഇല്ലാത്തതിനാലല്ലേയെന്നും അവരെല്ലാം ചേർന്ന് അധ്വാനിച്ചിട്ടല്ലെ എന്റെ കച്ചവടം ഉഷാറായത് എന്നുള്ള ചിന്തയും ഉള്ളിൽ ഒരു കള്ളച്ചിരിയോടെ ഉടലെടുക്കും.
ഞാൻ എത്രയോ കാലമായി പ്രമേഹരോഗിയാണെങ്കിലും മധുരം ഞാൻ  ഇതുവരെ വർജിച്ചിട്ടില്ല. ഇപ്പോഴും അഞ്ചു മുതൽ എട്ട് ചോക്ലേറ്റ് വരെ ഞാൻ  ദിവസവും കഴിക്കും. ചിലപ്പോൾ  എന്റെ ചാന്ത്കുട്ടിക്കും ഞാൻ കഴിക്കുന്ന ചോക്ലേറ്റ് നൽകും. അതവൾ  സന്തോഷത്തോടെ എന്റെ കയ്യിൽ നിന്ന് വാങ്ങിത്തിന്നും. അവൾ  എന്നോട് ഞാനറിയാതെ തന്നെ അടുക്കുകയായിരുന്നു. ദീദി സ്‌കൂളിൽ  പോകുമ്പോൾ  ഞാൻ  ചോദിക്കും: ചാന്തിന് സ്‌കൂളിൽ  പോകണ്ടേ എന്ന്. പെട്ടെന്ന് തന്നെ ചാന്തിന്റെ ഉത്തരംവരും. നോ. ആ ഉത്തരം കേട്ട് എനിക്ക് മനസ്സിൽ  ചിരി പൊട്ടും    സ്‌കൂളിൽ   പോയാൽ  അവൾക്ക് ഇവിടെ ഇങ്ങനെ വിലസാൻ  പറ്റില്ലല്ലോ എന്നാവും ചാന്ത് കരുതുന്നത്. എന്നാൽ  അവളുടെ പ്രായത്തിലുള്ള കുരുന്നുകൾ  അവൾക്ക് കൂട്ടായി മാറുമെന്ന കാര്യം  അവൾക്കറിയില്ലല്ലോ - പൊട്ടിപ്പെണ്ണ്.
ഓരോ ദിവസവും ചാന്ത് എന്നിലേക്കടുക്കുകയായിരുന്നു. എന്റെ അരികിൽ  ചാന്തിന് വരാൻ  പ്രയാസമില്ലാതായി. ഓഫീസിൽ വന്നാൽ  ചാന്തിന് എന്റെ കസേരയിൽ  ഇരിക്കണം. മടിയിലും ഇരിക്കണം. ഞാൻ  എന്ത് പറഞ്ഞാലും ചാന്ത് അനുസരിക്കും. ഒരിക്കൽ  അത്യാവശ്യമായി ഞാൻ  അടുത്ത മുറിയിൽ  പോയപ്പോൾ  അവളെ മേശമേൽ  ഇരുത്തിയാണ് പോയത്. കുറച്ചുസമയം കഴിഞ്ഞ് വന്നുനോക്കുമ്പോൾ  ഞാനിരുത്തിയ അതേ സ്ഥലത്ത്   അതേ ഇരിപ്പിൽ  ഒരു മാറ്റവുമില്ലാതെ ഇരുന്ന് അവളുറങ്ങുന്നു.  ഒറ്റ നോട്ടത്തിൽ  ഉള്ളൊന്നന്താളിച്ചു പോയി, അവളെങ്ങാനും താഴേക്ക് വീണിരുന്നങ്കിലോ എന്ന് ഞാനൊന്ന് ചിന്തിച്ച് പോയി. ഞാൻ  പറയുന്നത് ഫാക്ടറിയിലും ഓഫീസിലുമുള്ളവർ  അനുസരിക്കുന്നത് അവൾ  കാണുകയാണല്ലോ. ആ അനുസരണയിൽ  ചാന്തും വളരുകയായിരുന്നു.
കുറച്ചുനാളായി  സ്ഥിരം ഓഫീസിൽ  ചാന്ത് വരാൻ  തുടങ്ങി. എന്നെ എന്റെ ചെയറിൽ  കണ്ടില്ലെങ്കിൽ  മാമനെവിടെ എന്ന് അവൾ അന്വേഷിക്കും. ഓഫീസിൽ   ഞാൻ  ബിസിനസ് കാര്യങ്ങൾ  സംസാരിച്ചിരുന്നാൽ അവളെ ശ്രദ്ധിച്ചില്ലെങ്കിൽ  ചില കുറുമ്പുകൾ   കാട്ടാനും ചാന്തിന് മടിയില്ലാതെയായി. അത്തരം കുറുമ്പുകളിൽ  അവളുടെ ചില ഭാവങ്ങൾ  കാണേണ്ടതാണ്. അക്കാര്യങ്ങൾ  എന്നെ ഉള്ളാലെ സന്തോഷിപ്പിക്കുകയും ചെയ്തു.
ഒരു ദിവസം തിരക്ക് പിടിച്ച് ഫാക്ടറിക്കുള്ളിൽ    എത്തിയപ്പോൾ   ചാന്ത് അവിടെ നിൽപുണ്ടായിരുന്നു. അവളോട്  മിണ്ടിയെന്ന് വരുത്തി അടിയന്തരമായി എനിക്ക് പോകേണ്ടതുണ്ടായിരുന്നു.  ഞാൻ വേഗത്തിൽ  സ്ഥലം വിടുകയും ചെയ്തു. അടുത്ത ദിവസം ഓഫീസിൽ  വന്നപ്പോഴാണ്   ഞാൻ കാര്യമറിയുന്നത്. ഫാക്ടറിയിൽ  നിന്ന് ഞാൻ പോയതിനുശേഷം ചാന്ത് അച്ഛൻ  സന്തോഷിനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവത്രെ!
ഫാക്ടറിയിൽ  കണ്ടിട്ടും അവളെ എടുക്കാതെ പോയതിനാലുള്ള സങ്കടം അവൾക്ക് സഹിക്കാനായില്ല. ഇക്കാര്യമറിഞ്ഞപ്പോൾ  എന്റെ ഉള്ളിലും സങ്കടക്കടൽ   ഇളകിമറിഞ്ഞു. ജോലി കഴിഞ്ഞ് അന്ന് രാത്രി മുഴുവൻ  ചാന്തിന്റെ  കളങ്കമില്ലാത്ത സ്‌നേഹമായിരുന്നു മനസ്സ് നിറയെ. ഞാൻ ആ സ്‌നേഹത്തിനു മുന്നിൽ തലകുമ്പിട്ടിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും കണ്ണുകൾ സജലങ്ങളായി. രാത്രി എനിക്ക് ഒരു പോള കണ്ണടക്കാനായില്ല. ഒന്ന് നേരം വെളുത്തുകിട്ടിയാൽ    അവളുടെ മുന്നിൽ  സമസ്താപരാധവും പറഞ്ഞ് സ്വസ്ഥമാവാൻ  മനസ്സ് ഏറെ കൊതിച്ചു. 


അടുത്ത ദിവസം ചാന്തിനോട് ഞാൻ  സോറി പറഞ്ഞപ്പോൾ  തലയാട്ടി സമ്മതിച്ച അവൾ  എന്നോട് നെവർമൈൻഡ്  എന്ന് വ്യക്തമാക്കുകയും ചെയ്തു. ആ മറുപടി എനിക്ക് സന്തോഷത്തിന്റെ പുതിയ ആകാശങ്ങൾ  നേടിത്തന്നു. ചാന്തിന്റെ   അച്ഛൻ സന്തോഷ്, എന്റെ   ഭാര്യാസഹോദരനാണ്. മൂത്ത കുട്ടി ഒരാൾ  മതിയെന്നും ആ കുട്ടിക്കു മാത്രം നിറയെ സ്‌നേഹം കൊടുത്ത് വളർത്താമെന്നുമായിരുന്നു അവരുടെ തീരുമാനം. എന്നാൽ  ഞാനാണ് സന്തോഷിനെ അക്കാര്യത്തിൽനിന്ന് പിന്മാറ്റിയത്. നിനക്ക് ഒരു മകളെയുള്ളൂ. ഇനിയും കുട്ടികൾ  വേണം അവർ നൽകുന്ന സന്തോഷം ഭാവിയിലേ മനസ്സിലാവൂ എന്ന്. 
ഭാര്യമാരും മക്കളും മരുമക്കളും എത്രത്തോളം കൂടുന്നുവോ അതിനൊത്താണ് സമൂഹത്തിൽ നിലയും വിലയും അറബിനാടുകളിൽ  കണക്കാക്കുന്നത്. കുറെ കുട്ടികളുള്ള അറബികളുടെ ആഹ്ലാദം ഞാൻ  എത്രയോ തവണ കണ്ടിട്ടുണ്ട്.  
ഇവിടെ അറബികൾ കുറെ  കല്യാണം കഴിക്കുന്നതും, അധികം കുട്ടികൾ ഉണ്ടാവുന്നതും അവർക്കേറ്റവും സന്തോഷമുള്ള  കാര്യമാണ്. ഒരുകാലത്ത് എന്റെ 'ബെസ്റ്റ് ഫുഡ്' കമ്പനിയുടെ പാർട്ണർ ആയിരുന്ന സുലൈമാൻ യാഹ്യയുടെ   വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ  ഒന്ന് രണ്ട് കമ്പനിയിൽ ഏകദേശം 7000 - 8000 ആളുകൾ ജോലി ചെയ്യുന്നുണ്ട്. സൗദി മുഴുവനും അവർക്ക് ബ്രാഞ്ചുകൾ ഉണ്ട്. പതിനഞ്ചേക്കർ സ്ഥലത്ത് നാലു മൂലകളിൽ വലിയ നാല് വില്ലകൾ, നടുഭാഗത്ത് വലിയ പാർക്കിൽ എല്ലാവിധ കളിസാധനകളും ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയതവിടെ  30 - 35 കുട്ടികൾ അങ്ങുമിങ്ങും കളിക്കുന്നത് കാണാൻ കഴിഞ്ഞു. അതൊരു പബ്ലിക് പാർക്ക് അല്ലെന്ന ധാരണ അദ്ദേഹം  തിരുത്തിത്തന്നു. ഈ കുട്ടികളെല്ലാം അദ്ദേഹത്തിന്റേതാണെന്നും ചിലരുടേതൊഴിച്ച്  എല്ലാവരുടെ പേരും അദ്ദേഹത്തിനറിയില്ലായെന്നുമായിരുന്നു. ഇനിയും കല്യാണങ്ങൾ കഴിക്കണം എന്ന ആഗ്രഹം കൊണ്ടാണദ്ദേഹം ഓടിച്ചാടി പണം കുന്നുകൂട്ടാൻ നടക്കുന്നത് എന്നെനിക്ക് തോന്നിയതിൽ  അത്ഭുതമില്ല. കാരണം വളരെയധികം അറബികളുമായി എന്റെ ബന്ധത്തിൽ നിന്നും മനസ്സിലായിട്ടുള്ളതാണ്. ആ അനുഭവത്തിൽ  നിന്നാണ് അന്ന് സന്തോഷിനെ അങ്ങനെ  ഉപദേശിച്ചത്. അങ്ങനെ നോക്കുമ്പോൾ അവൾ എന്റെ കൂടി കുട്ടിയാണെന്ന് പറയാം.
എന്റെ സത്യസന്ധതയും ആത്മാർത്ഥതയും ഹൃദയം നിറഞ്ഞ സ്‌നേഹവും പലർക്കുമിനിയും തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. കാരണം മറ്റൊന്നുമല്ല.
ഞാൻ  തെറ്റുകൾ  കാണുമ്പോൾ  അക്കാര്യം ചൂണ്ടിക്കാണിക്കുകയും അപ്പോൾ  തന്നെ അത് തിരുത്താനും പറയാറുണ്ട്. എന്നാൽ വളരെ ചുരുക്കം പേർ മാത്രമേ തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കാറുള്ളൂ. തെറ്റുകൾ തിരുത്താതെ  മുന്നോട്ട് പോകാത്തവർ സ്വാനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാത്തവരാണ്. അവർക്ക് സത്യസന്ധമായ ജീവിതം നയിക്കാനും സാധിക്കില്ലെന്ന് ഒരുപാട് ആളുകളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. പണ്ട് കാരണവന്മാർ പറയുന്നത് ഞാൻ  കേട്ടിട്ടുണ്ട്. കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ലെന്ന്'. അത് എന്റെ ജീവിതത്തിലും ആവർത്തിക്കുന്നു!  

Latest News