Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: കര്‍ശന നടപടികളുമായി ദുബായ്

ദുബായ്- കോവിഡ് വ്യാപനം പിടിവിട്ടതോടെ ദുബായില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. സ്വകാര്യ ചടങ്ങുകള്‍, വിവാഹങ്ങള്‍, ഭക്ഷ്യസ്ഥാപനങ്ങള്‍, ജിംനേഷ്യം, ആശുപത്രി എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കും.
ദുബായ് സാമ്പത്തിക വകുപ്പ്, മുനിസിപാലിറ്റി, ടൂറിസം വിഭാഗങ്ങള്‍ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നടത്തുന്ന പരിശോധന ശക്തമാക്കും. 27 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് പുതിയ നിബന്ധനകള്‍.
വിവാഹം, മറ്റു കൂട്ടായ്മകള്‍, സ്വകാര്യ പാര്‍ട്ടികള്‍ തുടങ്ങിയവയില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കാവൂ. അനുവദനീയമായവരുടെ എണ്ണം കൂടിയത് 10 പേരാക്കിയതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്കും ഈ നിയമം ബാധകമാണ്.

മൂന്നു മീറ്റര്‍ അകലത്തില്‍ മാത്രമേ റസ്‌റ്റോറന്റുകളില്‍ തീന്‍മേശകള്‍ ഒരുക്കാവൂ. നേരത്തെ ഇത് 2 മീറ്ററായിരുന്നു. ഒരു ടേബിളിന് ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണവും 10ല്‍ നിന്ന് ഏഴാക്കി കുറച്ചു.

കാര്‍, പിക്കപ്പ്, ഡെലിവറി വാന്‍, 3 ടണ്‍ പിക്കപ്പ് ഡബിള്‍ കാബിന്‍ എന്നിവയില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ മാത്രമേ സഞ്ചരിക്കാവൂ. പാസഞ്ചര്‍ വാനില്‍ ഡ്രൈവറെ കൂടാതെ 5 പേര്‍ക്കും ടൊയോട്ട കോസ്റ്റര്‍ ബസില്‍ 13 പേര്‍ക്കും യാത്ര ചെയ്യാം. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ െ്രെഡവര്‍ക്കായിരിക്കും പിഴ.
ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ജിം എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. വ്യായാമത്തിന് ഉപയോഗിക്കുന്ന സാമഗ്രിയും പരിശീലകനും തമ്മിലുള്ള സാമൂഹിക അകലം 2 മീറ്ററില്‍ നിന്ന് 3 മീറ്ററാക്കി വര്‍ധിപ്പിച്ചു.
അനുമതി നല്‍കിയ എല്ലാ സ്‌റ്റേജ് ഷോകളും ദുബായ് ടൂറിസം വിഭാഗം പിന്‍വലിച്ചു.

 

Latest News