സിദാനും അഗ്വിരോക്കും  കൊറോണ

മഡ്രീഡ് - റയല്‍ മഡ്രീഡ് കോച്ച് സിനദിന്‍ സിദാനും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയൊ അഗ്വിരോക്കും കൊറോണ ബാധ. മൂന്നാം ഡിവിഷന്‍ ടീം അല്‍കോയാനോയോട് തോറ്റ് സ്പാനിഷ് കോപ ഡെല്‍റേയില്‍നിന്ന് പുറത്തായതിന് വിമര്‍ശനം നേരിടുന്ന ഘട്ടത്തിലാണ് സിദാന് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് ഡിപോര്‍ടിവൊ അലാവെസിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തിന് റയല്‍ ഇറങ്ങുക അസിസ്റ്റന്റ് കോച്ച് ഡേവിഡ് ബെറ്റോണിക്കു കീഴിലാണ്. 
രണ്ടാഴ്ച മുമ്പ് സിദാന്‍ കൊറോണ ബാധിച്ച ഒരു വ്യക്തിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെഗറ്റിവുമായിരുന്നു. 
പരിക്കു കാരണം വലയുന്നതിനിടയിലാണ് അഗ്വിരോക്ക് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. മുപ്പത്തിരണ്ടുകാരന്‍ ഈ സീസണില്‍ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് കൡച്ചത്. ജൂണില്‍ ഇടതു കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്തിരുന്നു. അടുത്ത സമ്പര്‍ക്കത്തിലുള്ള ഒരാള്‍ക്ക് രോഗം ബാധിച്ചതോടെ അഗ്വിരൊ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. 

Latest News