Sorry, you need to enable JavaScript to visit this website.

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് യു.എ.ഇ അംഗീകാരം

ദുബായ്- അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് യു.എ.ഇ അനുമതി നൽകി. സ്പുട്‌നിക് 5-നാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. പ്രതിരോധ സെല്ലുകളുടെ നിർമാണത്തിൽ അതിവേഗ ഫലം നൽകുന്ന ഈ വാക്‌സിൻ അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. യു.എ.ഇ അംഗീകരിച്ച മൂന്നാമത്തെ വാക്‌സിനാണിത്. സിനോഫാം, ഫൈസർ ബയോഎൻടെക് എന്നീ വാക്്‌സിനുകളാണ് നിലവിൽ കോവിഡ് പ്രതിരോധത്തിനായി കുത്തിവെച്ചുകൊണ്ടിരിക്കുന്നത്. 
റഷ്യൻ വാക്‌സിൻ കൂടി വരുന്നതോടെ യു.എ.ഇയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയും റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയവും ചേർന്നാണ് ഈ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. സ്പുട്‌നിക് 5 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു.എ.ഇയിലായിരുന്നു നടന്നത്. അബുദാബിയിൽ ജനുവരി ആദ്യം സ്പുട്‌നിക് 5- ന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷമാണ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്. യു.എ.ഇയിൽ ലഭ്യമായ എല്ലാ വാക്‌സിനുകളും ഇപ്പോൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 
അതേസമയം 84,919 പേരാണ് കഴിഞ്ഞ ദിവസം യു.എ.ഇയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ 2.24 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ജനസംഖ്യയുടെ 22.71 ശതമാനം പേർക്കും ഇതുവരെ വാക്‌സിൻ നൽകിക്കഴിഞ്ഞു. റഷ്യൻ വാക്‌സിന്റെ വരവോടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും മഹാമാരിയെ അതിവേഗം തുരത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.
 

Tags

Latest News