Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാഹനം ഓടിക്കുന്നതിനിടെ വാക്‌സിനെടുക്കാം; യു.എ.ഇയിൽ പുതിയ പദ്ധതി

അബുദാബി - വാഹനം ഓടിക്കുന്നവർക്ക് ഡ്രൈവിംഗിനിടയിൽ വാക്‌സിൻ നൽകാനുള്ള പദ്ധതിയുമായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. വാക്‌സിനേഷൻ സെന്ററുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അബുദാബി ഹെൽത്ത്‌കെയർ സർവീസിന്റെ സഹകരണത്തോടെ നഗരത്തിന് പുറത്ത് പ്രത്യേക കൗണ്ടറുകൾ തുറന്നാണ് ഈ സേവനം പൊതുജനങ്ങൾക്ക് നൽകുന്നത്. പ്രതിരോധ കുത്തിവെപ്പ് രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിന് മുകളിലുള്ളവരിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കം.
218 ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യമാണ്. 16 വയസ്സിനു മുകളിലുള്ള ആർക്കും വാക്‌സിൻ സ്വീകരിക്കാം. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിരോധ ശേഷി വർധിപ്പിച്ച് കോവിഡ് രോഗത്തിന്റെ ഭീഷണിയെ ചെറുക്കുകയാണ് വാക്‌സിനേഷന്റെ ലക്ഷ്യം. പ്രതിരോധ കുത്തിവെപ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നും കോവിഡിനെ ചെറുക്കാൻ ഇതുവഴി സാധിക്കുമെന്നും ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ മുഹമ്മദ് അൽ ഉവൈസി പറഞ്ഞു. 


മാർച്ച് അവസാനത്തോടെ 50 ശതമാനം പേർക്ക് വാക്‌സിൻ എത്തിക്കുക എന്ന ദൗത്യം പൂർത്തീകരിക്കും. ദിശാബോധമുള്ള യു.എ.ഇ ഭരണാധികാരികളുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ച് അധികം വൈകാതെ രാജ്യം വൈറസ് മുക്തമാകും. -അദ്ദേഹം കൂട്ടിച്ചേർത്തു. 
ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന വാക്‌സിനാണ് യു.എ.ഇയിൽ വിതരണം ചെയ്യുന്നതെന്ന് അബുദാബി ആരോഗ്യ വിഭാഗം ചെയർമാൻ ശൈഖ് അബ്ദുല്ല അൽഹമദ് പറഞ്ഞു. ഒരു ഭയവും കൂടാതെ വാക്‌സിൻ സ്വീകരിച്ച് സ്വന്തം ആരോഗ്യവും രാജ്യത്തിന്റെ ആരോഗ്യവും സംരക്ഷിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആദ്യ ഡോസ് സ്വീകരിച്ച ശേഷം 21-28 ദിവസത്തിനകമാണ് വാക്‌സിന്റെ രണ്ടാമത് ഡോസ് സ്വീകരിക്കേണ്ടത്. 

 

Latest News