ഡബ്ലിൻ- സ്വന്തം നാട്ടിൽ അയർലന്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ഡെൻമാർക്ക് ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. പ്ലേ ഓഫ് മത്സരത്തിൽ ക്രിസ്ത്യൻ എറിക്‌സണിന്റെ ഹാട്രിക്കാണ് ഡെൻമാർക്കിന് കൂറ്റൻ വിജയം സമ്മാനിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് എന്ന നിലയിൽ മുന്നിട്ടു നിന്ന ഡെൻമാർക്ക് പിന്നീട് ആക്രമണത്തിന്റെ ശക്തി കൂട്ടുകയായിരുന്നു. യൂറോപ്പിൽ നിന്ന് ലോകകപ്പിൽ കളിക്കാനുള്ള അവസാന ഇടത്തിനായി പോരാടിയ മത്സരത്തിൽ ഡെൻമാർക്കിന് മുന്നിൽ പഞ്ചപുഛമടക്കിനിന്ന അയർലന്റിനെയാണ് കാണാനായത്. പ്രതിരോധ നിരയിലെ പാകപ്പിഴകൾ അയർലന്റിന് വിനയായി.
ഡെന്മാർക്കിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ ജയിക്കുന്നവർക്ക് റഷ്യയിലേക്ക് ടിക്കറ്റ് എന്ന നിലയിലായിരുന്നു. മത്സരത്തിന്റെ ആറാമത്തെ മിനിറ്റിൽ അയർലന്റ് ഗോൾ നേടുകയും ചെയ്തു.
അയർലന്റ് ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ ഡെൻമാർക്ക് താരങ്ങൾക്ക് പിഴക്കുകയായിരുന്നു. ഷെയ്ൻ ഡഫിയാണ് ഗോൾ നേടിയത്. എന്നാൽ മത്സരത്തിന്റെ കടിഞ്ഞാൺ ഡെൻമാർക്കിന്റെ കയ്യിലായിരുന്നു. ഇരുപത്തിയൊൻപതാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ഡെൻമാർക്ക് ഒപ്പമെത്തി. മൂന്നു മിനിറ്റിന് ശേഷം ടോട്ടൻഹാമിന്റെ മധ്യ നിര താരം ക്രിസ്ത്യൻ എറിക്‌സൻ ഡെൻമാർക്കിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ അയർലന്റ് പരിശീലകൻ മാർട്ടിൻ ഒനിൽ രണ്ടു മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. എന്നാൽ അറുപത്തിമൂന്നാമത്തെ മിനിറ്റിൽ ക്രിസ്ത്യൻ എറിക്‌സൻ വീണ്ടും ഗോൾ നേടി. 73 ാം മിനിറ്റിൽ അയർലൻഡ് പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് എറിക്‌സൻ ഹാട്രിക് തികച്ചു. കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കേ നിക്കോളാസ് ബെൻറ്റ്‌നർ ഡെന്മാർക്കിന്റെ അഞ്ചാം ഗോൾ നേടിയതോടെ ഈ സീസണിലെ തന്നെ മികച്ച വിജയങ്ങളിലൊന്ന് നേടാൻ ഡെൻമാർക്കിന് സാധിച്ചു.






