വിദേശ എന്‍ജിനീയര്‍മാര്‍ സൗദിയില്‍ പ്രവേശിക്കുംമുമ്പ് ടെസ്റ്റ് പാസാകണം

റിയാദ്- സൗദിയിലേക്ക് വരുന്ന എന്‍ജിനീയര്‍മാര്‍  വിദേശ രാജ്യങ്ങളില്‍വെച്ച് തന്നെ പരീക്ഷ എഴുതി പാസാകേണ്ടി വരും. സൗദികളല്ലാത്ത എന്‍ജിനീയര്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രൊഫഷണല്‍ ടെസ്റ്റിനെ കുറിച്ച് എജുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷനിലേയും സൗദി എന്‍ജിനീയേഴ്‌സ് കൗണ്‍സിലിലേയും (എസ്.സി.ഇ)  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എന്‍ജിനീയറിംഗ് ജോലിയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ വിദേശ ജോലിക്കാര്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ നടത്തണമെന്ന് മുനിസിപ്പല്‍, ഗ്രാമീണ കാര്യ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ എസ്.സി.ഇയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതക്കുപുറമെ, അവരുടെ പ്രായോഗിക പരിചയവും പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു.
പുതിയ എന്‍ജിനീയര്‍മാര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിനുമുമ്പ് പരീക്ഷ പാസാകണമെന്ന് എജുക്കേഷന്‍ കമ്മീഷന്‍ പറയുന്നു. ആഗോള പങ്കാളിയായ പിയേഴ്‌സണ്‍ വി.ഇ.യു സഹായത്തോടെയാണ് വിവിധ രാജ്യങ്ങളില്‍ പരീക്ഷ നടത്തുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാണ് പിയേഴ്‌സണ്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

 

Latest News