രഞ്ജിയുടെ ഭാവി അടുത്തയാഴ്ച അറിയാം

ന്യൂദല്‍ഹി- രഞ്ജി ട്രോഫി ക്രിക്കറ്റ് ഈ വര്‍ഷം നടക്കാനിടയില്ലെന്ന വാര്‍ത്തകള്‍ക്കിടയില്‍ ബി.സി.സി.ഐ തീരുമാനം അടുത്തയാഴ്ച. കോവിഡ്മൂലം വെട്ടിച്ചുരുക്കപ്പെട്ട ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ രഞ്ജി ട്രോഫിയോ, വിജയ് ഹസാരെ ട്രോഫിയോ ഏതാണ് ഒഴിവാക്കേണ്ടതെന്ന് തീരുമാനമെടുക്കാനാവാതെ സംഘാടകര്‍. ഓണ്‍ലൈനായി ചേര്‍ന്ന ബി.സി.സി.ഐ ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുത്തില്ല. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായി കൂടിയാലോചിച്ചശേഷം അടുത്തയാഴ്ച തീരുമാനമെടുക്കാനാണ് ധാരണ. ഏതാനും ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ഒരു ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.
രണ്ട് ടൂര്‍ണമെന്റുകളും നടത്താനുള്ള സമയം ഇനിയില്ല. ബോര്‍ഡിന് താല്‍പര്യം രഞ്ജി ട്രോഫി നടത്തുന്നതിനാണെന്നും ഭാരവാഹി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന അസോസിയേഷനുകളില്‍ ഭൂരിപക്ഷത്തിനും വിജയ് ഹസാരെ ട്രോഫി നടത്തുന്നതിനോടാണ് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുണ്ട്.
രഞ്ജി ട്രോഫി അഞ്ച് ദിന മത്സരമാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റാണ്. ഇപ്പോള്‍ മുംബൈയില്‍ നടക്കുന്ന സെയ്ദ് മുഷ്താഖലി ട്വന്റി20 ടൂര്‍ണമെന്റിനുവേണ്ടി രൂപപ്പെടുത്തിയ ജൈവ കുമിള സമ്പ്രദായം കുറേക്കൂടി ദീര്‍ഘിപ്പിച്ച വിജയ് ഹസാരെ ട്രോഫിയും കൂടി നടത്തണമെന്ന് അഭിപ്രായമുണ്ട്. 
 

Latest News