Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

അരങ്ങിലെ അഗ്നിജ്വാല 

നാടകം ഉപജീവനം മാത്രമല്ല, അതിജീവനം കൂടിയാണെന്നു തിരിച്ചറിയുന്ന ഒരു കലാകാരൻ ഇവിടെയുണ്ട്. നാടകത്തെ തന്റെ ആത്മാവിന്റെ വെളിച്ചമായി കണ്ട് ആ ഇത്തിരിവെട്ടത്തിലൂടെ നിശ്ശബ്ദമായി സഞ്ചരിക്കുന്ന മനുഷ്യസ്‌നേഹി- സതീഷ് കെ. സതീഷ്.
കുട്ടിക്കാലത്ത് അമ്മ പറഞ്ഞുകേട്ട കഥകളിലൂടെ  എഴുത്തിന്റെ വഴിയിലേയ്ക്കു പിച്ചവെച്ച ചെറുപ്പക്കാരൻ. മാതൃബന്ധു സ്‌കൂളിലെ അമൃതാഞ്ജനം മണക്കുന്ന അപ്പുണ്ണിമാഷാണ് നാടകത്തിലേയ്ക്കു വഴിനടത്തിയത്. സ്‌കൂൾ നാടകങ്ങൾ എഴുതുകയും അവയിൽ വേഷമിടുകയും ചെയ്ത ബാല്യം.
വലുതായപ്പോൾ ജീവിതത്തിന്റെ കനൽവഴിയിൽ കാലുവെന്ത് അദ്ദേഹം നടന്നു. നാട്ടിലെ ലൈബ്രറികളിലെ പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചുതീർത്തു. കഥകളിലൂടെയായിരുന്നു എഴുത്തിന്റെ തുടക്കം. വായനയുടെയും പഠനത്തിന്റെയും ഇടവേളകളിൽ പഴയ നോട്ടുബുക്കിൽ ഒട്ടേറെ കഥകൾ എഴുതിക്കൂട്ടി. പ്രസിദ്ധീകരണത്തിനയച്ച അവയിൽ പല കഥകളും മടങ്ങിയെത്തിയതിനിടയിൽ   ആതിരനിലാവിൽ എന്ന കഥ അന്നത്തെ പ്രമുഖ മാഗസിനിൽ അച്ചടിച്ചുവന്നു. എഴുത്തിൽ സജീവമായതോടെ പല മാഗസിനുകളിലൂടെയും കഥകളും നാടകങ്ങളുമെല്ലാം പുറംലോകം കണ്ടുതുടങ്ങി.
കൗമാരത്തിലേയ്ക്കു കടന്നപ്പോൾ നാടകത്തെ സമരായുധമായികണ്ട് അരങ്ങിൽ അഗ്നി ജ്വലിപ്പിക്കാനായിരുന്നു ശ്രമം. കറുത്തപക്ഷിയുടെ പാട്ട് എന്ന നാടകത്തിന് ചെറുകാട് അവാർഡ് ലഭിച്ചതോടെ സതീഷിലെ നാടകകൃത്തിനെ ശ്രോതാക്കൾ അടുത്തറിയുകയായിരുന്നു.
നാടകങ്ങളോടും എഴുത്തിനോടുമുള്ള അഗാധപ്രണയം ജീവിതത്തിലെ പല സൗഭാഗ്യങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടിവന്നു. കോഴിക്കോട് പാളയത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വൈൽഡ് കാറ്റ് എന്ന ടൈലറിംഗ് സ്ഥാപനവും അച്ഛന്റെ മരണത്തോടെ കൈമോശം വന്ന ബാങ്ക് റോഡിലെ അമൃത സോഡാ ഫാക്ടറിയുമെല്ലാം അക്കൂട്ടത്തിലുണ്ട്. ആ സോഡാ കമ്പനിയിലിരുന്നാണ് കോഴിക്കോട് നഗരത്തെ അടുത്തുകണ്ടത്. രാധ, കോറണേഷൻ തിയേറ്ററുകളിൽ സോഡ കൊടുത്തിരുന്നതുകൊണ്ട് തിരക്കൊഴിയുമ്പോൾ സിനിമകൾ കാണാനും അവസരം ലഭിച്ചിരുന്നു. ഇത്തരത്തിൽ കണ്ട പല സിനിമകളും എഴുത്തിന്റെ വഴിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
അക്കാദമിക് പാണ്ഡിത്യങ്ങളുടെ അഹങ്കാരമോ, അവാർഡുകളുടെ തലക്കനമോ ഇല്ലാതെയുള്ള എഴുത്തിലൂടെ പല നാടകങ്ങളും പിറവികൊണ്ടു. ഗ്രീൻ റൂം, ജാലകം തുടങ്ങിയ നാടകങ്ങളിലൂടെ അമേച്വർ നാടകവേദിയിലും അദ്ദേഹം തിളങ്ങിനിന്നു. വെറുമൊരു നാടകക്കാരനെന്ന് പുച്ഛിച്ചിരുന്ന പലരും ഇത് ഞങ്ങളുടെ കുട്ടിയാ എന്നു പറഞ്ഞ് ചേർത്തുപിടിക്കാൻ തുടങ്ങി.


നാടകങ്ങളും കഥകളും തിരക്കഥകളുമെല്ലാം ആ തൂലികയിൽ പിറവികൊണ്ടു. പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും, മുത്തശ്ശിക്കഥ, റോസ് മേരി പറയാനിരുന്നത്, ഇലകൾ മഞ്ഞ പൂക്കൾ പച്ച, മാസ്‌ക് അഥവാ അഭിനന്ദനങ്ങൾകൊണ്ട് എങ്ങനെ വിശപ്പ് മാറ്റാം, സതീഷ് കെ.സതീഷിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. ചെറിയ ചെറിയ മഴസ്പർശങ്ങൾ, മഴവില്ലിന്റെ മനസ്സ്, ചിറക് തുടങ്ങിയ നോവലുകളും വായനയുടെ രസതന്ത്രം, നാടകകാലം, തിയേറ്റർ ടെക്സ്റ്റ്, തിയേറ്റർ ഓഫ് യൂത്ത്, കളിവീട്, നാടകകാലം രണ്ടാം വാള്യം, തിയേറ്റർ ട്രൂത്ത്, തിയേറ്റർ ടെക്റ്റ് രണ്ടാം വാള്യം എന്നീ കൃതികൾ എഡിറ്റ് ചെയ്യുകയും ചെയ്തു. ബലി, മഴനൂൽക്കനവ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്.
രാമേശ്വരം എന്ന കൊച്ചുദ്വീപിൽ ജനിച്ചുവളർന്ന് ചിറകുകളിൽ പ്രതിഭയുടെ അഗ്നിജ്വലനവുമായി സ്വപ്നലോകത്തേയ്ക്ക് സഞ്ചരിക്കുകയും ലോകമറിയുന്ന ശാസ്ത്രജ്ഞനായും രാഷ്ട്രത്തിന്റെ പ്രഥമ പൗരനുമായി മാറി ഇതിഹാസങ്ങൾ രചിച്ച എ.പി.ജെ അബ്ദുൾകലാമിന്റെ അഗ്നിച്ചിറകുകൾ എന്ന ആത്മകഥയ്ക്ക് നാടകരൂപാന്തരം നൽകിയതാണ് സ്വപ്നച്ചിറകുകൾ. കുട്ടികൾക്കായാണ് സതീഷ് ഈ നാടകം ചിട്ടപ്പെടുത്തിയത്. ഈയിടെ പ്രസിദ്ധീകരിച്ച ഫിദ എന്ന നോവലൈറ്റ് യുദ്ധഭൂമിയിൽ തന്റെ ജീവനെ ഹൃദയത്തിന്റെ ചൂടുകൊണ്ട് പൊതിഞ്ഞുനിന്ന പെൺകുട്ടിയായ ഫിദ ഫാത്തിമയുടെ നേർചിത്രമാണ്. അതിർത്തികളിലെ അശാന്തിയിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ഫിദ അനുഭവിപ്പിക്കുന്നത്. യുദ്ധവും ഭീകരതയും വിഷയമായി വരുന്ന ഈ കഥകളിൽ ആയുധംകൊണ്ടല്ല, സ്‌നേഹംകൊണ്ടാണ് സംസാരിക്കേണ്ടതെന്ന് അദ്ദേഹം അടിവരയിടുന്നു. പരസ്പര സ്‌നേഹംകൊണ്ട് പുണരുകയും ഭരിക്കുകയും ചെയ്യുന്ന നല്ലകാലത്തിന്റെ സ്വപ്നമാണ് എഴുത്തുകാരൻ പങ്കുവയ്ക്കുന്നത്.
അമേരിക്ക നാഗസാക്കിയിൽ പരീക്ഷിച്ച അണുബോംബ് പരീക്ഷണത്തിൽ തകർന്നടിഞ്ഞ ഒരു ജനതയുടെ നേർചിത്രമാണ് സഡാക്കോ സസാക്കി എന്ന പുതിയ രചന. ഇനിയും ഒരു യുദ്ധം അരുതെന്ന നിശ്ശബ്ദ നിലവിളികളോടെ സമാധാനത്തിന്റെ ലോകത്തേയ്ക്ക് അകന്നുപോയ കൗമാരക്കാരിയായിരുന്നു സഡാക്കോ സസാക്കി.
സ്വന്തം രചനകളെക്കുറിച്ച് യാതൊരു അവകാശവാദവും ഈ എഴുത്തുകാരനില്ല. ''നാടകലോകം ഈ ലോകത്തോളം വിശാലമാണെന്ന് ഞാൻ കരുതുന്നു. ഒരു എൽ.കെ.ജിക്കാരന്റെ പതറുന്ന മനസ്സാണ് എനിക്കെന്നതാണ് സത്യം. അറിവില്ലായ്മയാണ് ഏറ്റവും വലിയ ദാരിദ്ര്യമെന്ന ജോൺ എബ്രഹാമിന്റെ വരികൾ തന്നെയാണ് എനിക്കും പറയാനുള്ളത്. നാടകത്തെക്കുറിച്ച് ആധികാരികമായി പറയാൻ ഞാനൊരുക്കമല്ല. എപ്പോഴോ അരങ്ങിനോടു ചേർന്നുനിന്നതിനാൽ എന്തൊക്കെയോ എഴുതി എന്നുമാത്രം. എഴുതാതെ അടങ്ങിയിരിക്കാൻ എനിക്കാവില്ല. പലരുടെയും നിർബന്ധംകൊണ്ടാണ് പല നാടകങ്ങളും എഴുതിയത്. എന്നാൽ അവയിലെല്ലാം എന്റേയായ ഒരു കയ്യൊപ്പ് ചാർത്താൻ  കഴിഞ്ഞു. എഴുതാനാഗ്രഹിച്ച് കഴിയാതെ പോയ ഒട്ടേറെ നാടകങ്ങളുണ്ട്. ഏതൊരു എഴുത്തുകാരനും എഴുതിയതിനേക്കാൾ കൂടുതൽ എഴുതാത്തവയായിരിക്കും അവന്റെ മനസ്സിൽ അടിഞ്ഞുകൂടിയിട്ടുണ്ടാവുക.''
'നാടകം വെറുതെ കളിച്ചുപോകേണ്ട ഒരു കലാസൃഷ്ടിയല്ല. അതിന് ചില രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ഒരു ജനതയുടെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂർച്ചപ്പെടുത്താൻ നാടകമെന്ന വിശുദ്ധകലയ്‌ക്കേ കഴിയൂ. അവിടെയാണ് ഒരു നാടകകൃത്ത് പ്രവാചകദൗത്യം ഏറ്റെടുക്കുന്നത്. വരാനിരിക്കുന്ന കാലത്തിന്റെ കെടുതികളെയാണ് ലോകത്തോടു പറയുന്നത്. എന്നോടുതന്നെയുള്ള എന്റെ പോരാട്ടമാണ് എന്റെ രചനകൾ.''- സതീഷ് പറയുന്നു.
എന്റെ നാടകസ്‌ക്രിപ്റ്റിനായി എത്തുന്നവരുടെ ഇപ്പോഴത്തെ ആവശ്യം സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്ത നാടകം വേണമെന്നതാണ്. ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീക്ക് നാടകത്തിൽ സ്ഥാനം നൽകാതിരിക്കുന്നത് എങ്ങനെയാണ്. ഇതിനുകാരണം അഭിനയിക്കാൻ സ്ത്രീകൾ തയ്യാറാവാത്തതാണ്. ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാനും അതിനുവേണ്ടി എന്തു ത്യാഗത്തിനും പെൺകുട്ടികൾ തയ്യാറാകുമ്പോൾ നാടകത്തിൽ അഭിനയിക്കാൻ ഒരു പെൺകുട്ടിയെ കിട്ടില്ലെന്നു പറയുന്നതും നാടകലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്.''
നാടകരചനയിലൂടെ എന്തുനേടി എന്നു ചോദിച്ചാൽ നാടകമാണ് എന്നെ ഉണ്ടാക്കിയത് എന്നാണ് ഈ കലാകാരന്റെ മറുപടി. അങ്ങനെയല്ലെങ്കിൽ നിങ്ങളാരുമറിയാത്ത വെറുമൊരു സതീശനായി ഈ കോഴിക്കോട് നഗരത്തിൽ തുന്നൽപ്പണിയെടുത്ത് എന്റെ ജീവിതം ഒതുങ്ങിയൊടുങ്ങുമായിരുന്നു. നാടകം എന്നെ ഒരു മനുഷ്യനും സ്‌നേഹമുള്ളവനും വിനയമുള്ളവനുമാക്കിത്തീർക്കുകയായിരുന്നു. അംഗീകാരങ്ങൾക്കും അഭിനന്ദനങ്ങൾക്കും അപ്പുറം ഏറെ സൗഹൃദങ്ങളും പരിചയങ്ങളും തന്നു. കേരളത്തിനകത്തും പുറത്തുമായി കുറേ നല്ല ബന്ധങ്ങളുണ്ടായത് നാടകക്കാരനായതുകൊണ്ടു മാത്രമാണ്. കോടികളുടെ ബാങ്ക് ബാലൻസിന് തരാൻ കഴിയാത്തതാണത്. നാടകവുമായി ഊരു ചുറ്റുന്നതിനിടയിൽ സ്വന്തം വീടുപോലും നഷ്ടപ്പെട്ട് വെറുമൊരു പണയപ്പണ്ടംപോലെ വാടകവീടുകളിലേയ്ക്കു എടുത്തെറിയപ്പെട്ടുവെങ്കിലും ഈ വിശുദ്ധകല എന്റെ ആത്മാവിന്റെ വെളിച്ചമായി സങ്കടങ്ങളെ പൊതിഞ്ഞുനിന്നു.
നാടകങ്ങൾക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു. ഏതൊരു കലാരൂപത്തിനും സംഭവിക്കുന്ന തിരിച്ചുപോക്കും ശക്തിക്ഷയവും നാടകരംഗത്തും സംഭവിച്ചിട്ടുണ്ട്. നാടകത്തെ ആകാംക്ഷയോടെ കാത്തിരുന്ന വിപുലമായ ആസ്വാദകവൃന്ദം ഇന്നില്ല. ഇത്തരത്തിൽ അകന്നുപോയ ഒരു സദസ്സിനെ ആകർഷിക്കാൻ കഴിയുന്ന ശക്തമായ രചനകളുടെ അഭാവവും നിലനിൽക്കുന്നുണ്ട്. അനുകരണങ്ങളുടെയും ആവർത്തനങ്ങളുടെയും വലയത്തിനു പുറത്തുകടക്കാൻ കഴിയാതെ നാടകരംഗം ഇന്ന് ശ്വാസം മുട്ടുകയാണ്. അതിനിടയിലും ചില പുതുജ്വലനങ്ങൾ കാണാൻ കഴിയുന്നതാണ് ആശ്വാസം.
വർഷങ്ങൾക്കുമുൻപ് ഒരു ജൂൺമാസത്തിലെ മഴ നനഞ്ഞ പ്രഭാതത്തിൽ തനിക്കരികിലേയ്ക്ക് വന്നുവീണ ദിനപത്രത്തിൽ കണ്ട സുരാസു ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ദ മാസ്‌ക് അഥവാ അഭിനന്ദനങ്ങൾകൊണ്ട് എങ്ങനെ വിശപ്പുമാറ്റാം എന്ന നാടകത്തിന് പ്രചോദനമായത്. ഒരു നാടകകൃത്തിനെ ഘോഷിച്ച് വാഴിച്ച് പീഡനങ്ങൾക്കൊടുവിൽ മരണത്തിന്റെ തണുത്തുറഞ്ഞ മടിത്തട്ടിലേയ്ക്ക് വലിച്ചെറിഞ്ഞുകൊടുത്തിരിക്കുകയാണ്. റോസ് മേരി പറയാനിരുന്നത് എന്ന നാടകമാകട്ടെ അമ്മയില്ലാത്ത പെൺകുട്ടി അവളുടെ അച്ഛനിൽനിന്നുതന്നെ പീഡനത്തിനിരയായതിൽ മനസ്സു മടുത്ത് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതും രക്ഷപ്പെട്ട് പാതികരിഞ്ഞ ശരീരവുമായി അതിജീവനത്തിന് പാടുപെടുന്നതുമാണ് പ്രമേയം.
നാടകവഴിയിൽ ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. ബഹ്‌റൈൻ കേരള ആർട്‌സ് സെന്റർ അവാർഡ്, കലാഷാർജ അവാർഡ്, ചെറുകാട് അവാർഡ്, അബുദാബി ശക്തി അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കോഴിക്കോട് കല അവാർഡ്, പി.എം.താജ് അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹസ്രാബ്ദ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, തൃശൂർ സർഗയുടെ രാജൻ തോമസ് പുരസ്‌കാരം, യുവനോവലിസ്റ്റിനുള്ള പ്രഥമ സൂര്യകാന്തി അവാർഡ്, നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ നടത്തിയ ഷോർട്ട് ഫിലിം തിരക്കഥാ മത്സരത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ്, മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്, 2012 ലെ കാരുണ്യ കെ.ടി.മുഹമ്മദ് അവാർഡ്, 2015ൽ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തിരുവനന്തപുരം കനൽ സാംസ്‌കാരികവേദിയുടെ ഡോ. വയലാ വാസുദേവപിള്ള അവാർഡ് തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കൂടാതെ അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ നാടകമത്സരത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച അവൾ എന്ന നാടകത്തിന് മികച്ച നാടകത്തിനുള്ള രണ്ടാം സമ്മാനം ലഭിച്ചിരുന്നു. അബുദാബി ശക്തി തിയേറ്റേഴ്‌സ് നടത്തിയ തെരുവുനാടകമത്സരത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച ജലമുറിവുകൾ എന്ന നാടകത്തിന് ഒന്നാം സമ്മാനവും ലഭിച്ചു.
ഭാര്യ വിനീത ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി നോക്കുന്നു. മകൻ ആദിത്ത് കെ. സതീഷ് മൾട്ടിമീഡിയ പൂർത്തിയാക്കി പരസ്യമേഖലയിൽ പ്രവർത്തിക്കുന്നു. കൂടാതെ സ്പിരിറ്റ്, പുതിയ തീരങ്ങൾ, കടൽ കടന്ന് മാത്തുക്കുട്ടി, കപ്പേള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുമുണ്ട്. മകൾ അഥീന കെ.സതീഷ് ബി.ബി.എ അവസാനവർഷ വിദ്യാർത്ഥിയാണ്.
കോഴിക്കോട് ട്രെന്റ് ബുക്‌സിൽ എഡിറ്ററായി ജോലി നോക്കുന്ന ഈ കലാകാരൻ പുതിയൊരു ചിത്രത്തിന്റെ തിരക്കഥാരചനയിലാണ്. അടുത്ത വർഷം ഈ ചിത്രം സംവിധാനം ചെയ്യണമെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു.
സതീഷിന്റെ ഫോൺ നമ്പർ: 7994622272