Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

മഞ്ജു വാരിയരുടെ വിവാഹവും ഒളിഞ്ഞുനോക്കുന്ന മലയാളിയും

പണ്ടു കാലത്ത് കോഴിക്കോട്ടെ ബസ് സ്റ്റാന്റുകളിൽ സായാഹ്ന പത്രം വിറ്റു കൊണ്ടിരുന്ന ഒരാൾ എപ്പോഴും വിളിച്ചു പറയും- പരീവാ..നച്ചത്രബലാ... ഒരു സാധു മനുഷ്യൻ. അയാളോട് സങ്കടം തോന്നി അമ്പത് പൈസ മുടക്കി പലരും പത്രം വാങ്ങും. കുറച്ചു ദിവസങ്ങൾ ശ്രവിച്ചാൽ മനസ്സിലാവും പ്രദീപം നക്ഷത്രഫലം എന്നാണ് മൂപ്പര് പറയുന്നത്. അപ്പോഴതാ വരുന്നു കേരളത്തിലെ ആദ്യ ഓഫ്്‌സെറ്റ് ഡബിൾ ഡമ്മി ഈവനിംഗ് പേപ്പറായി കാലിക്കറ്റ് ടൈംസ്. മുപ്പത് കൊല്ലം മുമ്പ് അതായിരുന്നു ട്രെൻഡ്. പയ്യാനക്കൽ ഭാഗത്തു നിന്നൊരാൾ ഈ പത്രം വിൽക്കാനും ബസ് സ്റ്റാന്റുകളിലെത്തും. ബസ് സ്റ്റാന്റിന്റെ ഒരു   ഭാഗത്ത് പാലക്കാട്, മലപ്പുറം, തിരൂർ ബസുകളും മറ്റേ ഭാഗത്ത്്് പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി 
ബസുകളും. ബസുകളിലെത്തുന്ന പത്രത്തിന്റെ സെയിൽസ്മാൻ എഡിഷൻ തിരിച്ച് ഹെഡിംഗ് വിളിച്ചു പറയുന്നതിൽ വിദഗ്ധനായിരുന്നു. വടക്കൻ ബസുകളിൽ കയറി തലശ്ശേരിയിൽ ബയങ്കര കൊയപ്പവും തെക്കോട്ട് പോകുന്നവയിലെ യാത്രക്കാരെ ഉദ്ദേശിച്ച് തിരൂരിലെ ബാര്യയെ കൊന്ന് കിണറ്റിൽ തള്ളിയ ബർത്താവിനെ കുറിച്ചുമെല്ലാം ആകർഷക മുദ്രാവാക്യങ്ങൾ മുഴക്കി. വാട്ട്‌സപ്പും സിഗ്്‌നലുമില്ലാത്ത കാലത്ത് പത്രം ചൂടപ്പം പോലെ വിറ്റഴിയും. യാത്രക്കാർ വായിച്ചു തുടങ്ങുമ്പോഴേക്ക് ബസുകൾ സിറ്റി ലിമിറ്റ് കടന്നിരിക്കും. ഈ ഹെഡിംഗുകളിൽ ബിറ്റ് വാർത്ത പോലും കണ്ടില്ലെങ്കിലും ആർക്കും പരാതിയുണ്ടാവില്ല. ഇക്കാര്യങ്ങൾ ഓർത്തുപോയത് സോഷ്യൽ മീഡിയയിൽ റൊണാൾഡ് നിഷാന്ത് എന്നയാൾ പങ്കു വെച്ച കുറിപ്പ് വായിച്ചപ്പോഴാണ്.  മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ  വീണ്ടും വിവാഹിതയാകുന്നുവോ? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ ഉയർന്ന ചോദ്യമാണിത്. ഇതു സംബന്ധിച്ച കുറിപ്പ്്  വൈറലാവുകയും ചെയ്തു.  മഞ്ജു വാരിയരുടെ  വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ നിമിഷ നേരം കൊണ്ട് പത്രം വിറ്റു പോയ രസകരമായ സംഭവത്തെ കുറിച്ചാണ് കുറിപ്പ്. മഞ്ജുവിന്റെ  പ്രണയവും വിവാഹവും വിവാഹമോചനവും സിനിമയിലേക്കുള്ള തിരിച്ചുവരവുമൊക്കെ ഏറെ ചർച്ചയായതാണ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ പൊതു സ്വഭാവത്തെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. അതിങ്ങനെ- 

മഞ്ജു വാരിയർ  വിവാഹിതയാവുന്നു... 
വിവാഹം ജനുവരി: 14 ന്
ഇന്നലെ തമ്പാനൂർ സ്റ്റാന്റിൽ നിന്നും കൊട്ടാരക്കര കെഎസ്ആർടിസി ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. ചൂടുള്ള വാർത്ത. ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ. '. ആരും പത്രം വാങ്ങുന്നില്ല. 'ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്', അപ്പോഴുമില്ല ഒരനക്കവും.മഞ്ജു വാരിയർ  വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് 'നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത്. ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങനെ ഒരു വാർത്തയേ  ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്‌നെസ് എന്ന മനഃശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്റെ തലക്കെട്ട് കണ്ടല്ല ഇത് വാങ്ങിച്ചത് എന്ന് വിശ്വസിക്കുന്നു.
*** *** ***
മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ തിരിച്ചുവരുമെന്ന് ചാനലിന്റെ ചെയർമാനായിരുന്ന ഡോ: എംകെ മുനീർ എംഎൽഎ. ഇന്നും ഇന്ത്യാ വിഷൻ എന്ന സ്‌പേസ്  ഇവിടെയുണ്ട്.  ഇന്ത്യാവിഷൻ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയാണെന്നും ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ എം.കെ മുനീർ വ്യക്തമാക്കി. ഇപ്പോഴത്തെ ചാനലുകളിലുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യാവിഷനിൽ ഉണ്ടായിരുന്നവരാണ്. കോളേജ് കഴിഞ്ഞ് അലുംനി മീറ്റിൽ ഒത്തുകൂടാനുള്ള ഒരു വികാരം ഇന്ത്യാ വിഷനിലുണ്ടായിരുന്ന എല്ലാവരിലുമുണ്ട്.  നാളെ അത്തരത്തിൽ ഇന്ത്യാവിഷന്റെ  ഒരു അലുംനി  മീറ്റുണ്ടെങ്കിൽ അവർ എല്ലാവരും തന്നെ തിരിച്ചു വരുമെന്ന കാര്യം എനിക്കുറപ്പുണ്ട്.  എല്ലാവരുടേയും മനസ്സിൽ ഇന്ത്യാവിഷൻ തിരിച്ചു വരണം എന്ന വികാരമുണ്ട്. ഇന്ത്യാവിഷനെ വീണ്ടും പുനരാവിഷ്‌കരിക്കണമെന്ന ദൗത്യമാണുള്ളത്. ഇതിൽ ഇൻവെസ്റ്റ് ചെയ്തവരോടുള്ള എന്റെ കടമ കൂടിയാണത്. ചാനൽ പുറത്തു കൊണ്ടു വന്ന ഐസ്‌ക്രീം പാർലർ കേസും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും വ്യക്തിപരമായി എനിക്ക് നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്രയും നിഷ്പക്ഷതയോടെയാണ് ഇന്ത്യാവിഷൻ പ്രവർത്തിച്ചിരുന്നത്. ലീഗ് മാത്രമല്ല, പിണറായി വിജയനും ഒരിക്കലും ഇന്ത്യാവിഷനിൽ വരില്ലായിരുന്നു. കാരണം എസ്എൻസി ലാവ്‌ലിനുമായി ബന്ധപ്പെട്ടത് ചാനലിൽ വന്നിരുന്നു. ശ്രീധരൻ പിള്ളയും സിപിഐയും കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്ത്യാവിഷൻ എന്ന ചാനൽ ആരംഭിച്ചതിൽ ഇപ്പോഴും തനിക്ക് കുറ്റബോധം ഇല്ലെന്നും എം.കെ മുനീർ വ്യക്തമാക്കി.  മുഴുവൻ സമയ വാർത്തകൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അത്രയും വാർത്തകൾ ഇവിടെ ഉണ്ടാകുന്നില്ലായെന്നാണ് ഏഷ്യാനെറ്റ് പോലും കരുതിയിരുന്നത്. കേരളത്തിൽ ആദ്യമായി ഒബി വാൻ ഉപയോഗിക്കുന്നത് ഇന്ത്യാവിഷൻ ആയിരുന്നുവെന്നും എം.കെ മുനീർ പറഞ്ഞു.
*** *** ***
പുതുതായി വരുന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ കിംഗ് പോലുള്ള സിനിമകൾ കണ്ടാൽ ഇങ്ങനെയിരിക്കും അനുഭവം. കൊച്ചിയിൽ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പോലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീതും കിട്ടി.  ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്‌റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെ  വിലയിരുത്തൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പോലീസ് സ്‌റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്‌റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്‌റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തിൽ സ്‌റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പോലീസ് തടഞ്ഞു ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തിൽ വന്നതു കണ്ടില്ലെന്നും സിവിൽ വേഷത്തിലായതിനാൽ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു. കൊച്ചി സിറ്റി പൊലീസിൽ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയർന്ന ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫിസർ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പോലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പുതുവർഷത്തിൽ ചുമതലയേറ്റെങ്കിലും മറ്റു പല കാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെ തിരുവനന്തപുരത്തു തന്നെയായിരുന്നു ഐശ്വര്യ.
പോലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും നടത്താനും സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നതിൽ ന്യായമില്ലെന്നും പോലീസുകാർ പറയുന്നു. സാധാരണ നിലയിൽ മേലുദ്യോഗസ്ഥരുടെ മാറ്റം പോലും സാധാരണ പൊലീസുകാർ അറിയുന്നത് മാധ്യമങ്ങളിലൂടെയും മറ്റുമാണ്.
*** *** ***
ജല്ലിക്കെട്ടിന്റെ ഓസ്‌കാർ എൻട്രി താൻ അത്ര ആഘോഷിച്ചില്ലെന്ന് സംവിധായകൻ ലിജോ പെല്ലിശ്ശേരി. മനോരമ ന്യൂസ്‌മേക്കർ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഓസ്‌കാറിനെക്കുറിച്ചും അവാർഡുകളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് ലിജോ പങ്കുവെച്ചത്.
‘ഞാൻ മനപ്പൂർവ്വം വലിയ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന ആളാണ്. അതുകൊണ്ട് ഓസ്‌കാർ എൻട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി എനിക്ക് തോന്നിയില്ല. ഞാൻ അത്ര ആഘോഷിച്ചില്ല. പക്ഷെ ആ സിനിമക്ക് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു അത്. അത് വലിയ കാര്യം തന്നെയാണ്.
രാജ്യം അതിനെ റെപ്രസന്റ് ചെയ്യാൻ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് ആ സിനിമക്ക് പുറകിലുള്ള എല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.' ലിജോ ജോസ് പറഞ്ഞു. ഓസ്‌കാർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമകളിൽ സലാം ബോംബെ, മദർ ഇന്ത്യ, ലഗാൻ എന്നീ മൂന്ന് സിനിമകൾക്ക് മാത്രമാണ് ഇതുവരെ നോമിനേഷൻ ലഭിച്ചിട്ടുള്ളത്. ആ നിരയിലേക്ക് ജെല്ലിക്കെട്ടും എത്തുമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ‘അങ്ങനെ സംഭവിക്കട്ടെ' എന്നായിരുന്നു ലിജോയുടെ മറുപടി.
ഓസ്‌കാർ നോമിനേഷനുകളെയും അവാർഡുകളെയും ഒരു സംവിധായകന്റെ ഏറ്റവും വലിയ നേട്ടമായി താൻ കാണുന്നില്ലെന്നും ലിജോ പറഞ്ഞു.സിനിമക്ക് അവാർഡുകൾ കിട്ടണം എന്ന പ്ലാനോടു കൂടി കൃത്യമായി ചെയ്യുന്ന സിനിമകളല്ല ഞാൻ ചെയ്യുന്നത്. ഒരു സമയത്ത് ഓഡിയൻസിലേക്ക് എത്തിക്കണം എന്നു തോന്നുന്ന ആശയമാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. അതിനെയാണ് സിനിമയായി എത്തിക്കാൻ ശ്രമിക്കുന്നത്. അവാർഡിന് വേണ്ടി എന്തു ചെയ്യാം എന്ന് ഞാൻ ആലോചിക്കാറില്ല. പ്രേക്ഷകരോട് എത്ര കൺവേ ചെയ്യാൻ സാധിച്ചു എന്നാണ് നോക്കാറുള്ളത്. ഓരോ കാലത്തും നമ്മുടെ ആശയങ്ങളും കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കും. ആ സിനിമ ഇറങ്ങുന്ന കാലഘട്ടത്തിൽ എന്താണോ ഞാൻ പ്രേക്ഷകനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് അതായിരിക്കും സിനിമ.എന്റെ ആശയങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുകയല്ല. എന്റെ കാഴ്ചപ്പാടുകൾ എന്റെ സിനിമയിലുണ്ടാകും. അതിന്റെയൊക്കെ ഭാഗമായി വരുന്ന ഒരു കാര്യം മാത്രമാണ് അവാർഡുകൾ'- ലിജോ പറഞ്ഞു.
*** *** ***
പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിർബന്ധമുണ്ടോയെന്ന്് നടി നമിത പ്രമോദ്. അടുത്തിടെ സോഷ്യൽമീഡിയയെ ഇളക്കി മറിച്ച ‘വീ ഹാവ് ലഗ്‌സ്' കാമ്പയിനിൽ ഇടപെടാതിരുന്നത് എന്തെന്ന ചോദ്യത്തിനായിരുന്നു അങ്ങനെ പ്രതികരിക്കണമെന്ന നിർബന്ധമുണ്ടോയെന്ന താരത്തിന്റെ മറു ചോദ്യം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ മറുപടി. പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതിൽ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്'- നടി പറഞ്ഞു. ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിന് കൈ തട്ടി ലൈവ് ഒന്നും ആയിപ്പോകരുത് അതാണ് ഏറ്റവും വലിയ പേടി എന്നായിരുന്നു നമിതയുടെ മറുപടി. എന്നെ നേരിട്ട് ബാധിക്കുന്ന കാര്യമായതുകൊണ്ട് വളരെ ശ്രദ്ധിച്ചേ ഓരോ ഫോട്ടോയും ഇടാറുള്ളൂ. നല്ല കമന്റുകൾ ലൈക്ക് ചെയ്യാറുണ്ട്. മോശമായതും വരാറുണ്ട്. അത് ഡിലീറ്റ് ചെയ്യും. അവരെ ബ്ലോക്ക് ചെയ്യും. ചിലരുടെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് തേച്ചൊട്ടിച്ചിട്ടും ഉണ്ട്. ഏതു നല്ല കാര്യത്തിനൊപ്പവും മോശം കാര്യവും ഉണ്ടാവുമല്ലോ ചിലർ അങ്ങനെയാണ്. പിന്നെ സിനിമ പോലുള്ള ഷോ ബിസിനസിൽ നിൽക്കുമ്പോൾ ഇത്തരം കമന്റുകൾ പ്രതീക്ഷിക്കണം. അത് നേരിടുകയാണ് വേണ്ടത് -നമിത പറഞ്ഞു.
*** *** ***
മോഡേൺ വസ്ത്രത്തിൽ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പലതരത്തിലുള്ള വിമർശനമാണ് ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രജിനി ചാണ്ടി ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്‌റ്റൈലിഷ് ചിത്രങ്ങളെ പുകഴ്ത്തുന്ന മലയാളിയുടെ കാപട്യമായിരുന്നു രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന് കീഴിൽ വന്ന കമന്റുകൾ തുറന്ന് കാണിച്ചത്. ഇപ്പോഴിതാ പരിഹാസങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണെന്നാണ് രജിനി ചാണ്ടി പറയുന്നത്. പറയുക മാത്രമല്ല അൻപത് വർഷങ്ങൾ മുൻപുള്ള തന്റെ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. സന്ദർഭത്തിനും സ്ഥലത്തിനും അനുസരിച്ച് എല്ലാ വസ്ത്രങ്ങളും താൻ ധരിച്ചിരുന്നുവെന്നും ഇടേണ്ട അവസരമാണെങ്കിൽ സ്വിം സ്യൂട്ടും, ബിക്കിനിയും ഒക്കെ ഇടുമായിരുന്നുവെന്നും രജിനിചാണ്ടി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഇത്തരം ഓർമപ്പെടുത്തലുകൾ നല്ലതാണ്. 
*** *** ***
ചിരിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും  ഏറ്റവും  ഉത്തമമാണ്  എന്നാണ്  മിക്ക പഠനങ്ങളും  തെളിയിക്കുന്നത്.  ചിരി നമ്മുടെ ആയുസ് കൂട്ടുമെന്ന് മിക്ക ഗവേഷണങ്ങളും  പറയുന്നു. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിൽ ശരിയായ രീതിയിൽ രക്തയോട്ടം നടത്താനും   സഹായിക്കുന്നു.  
കൂടാതെ, മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് കുറയ്ക്കാനും ചിരി മൂലം കഴിയുന്നു.  അതിനാൽ തന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും. വിഷാദരോഗത്തിൽപ്പെട്ടവരെ വിഷാദത്തിൽ നിന്ന് അകറ്റി നിർത്താനും ചിരിക്ക് പ്രത്യേക കഴിവുണ്ട്.വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കും  അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.