Sorry, you need to enable JavaScript to visit this website.

ദ ലൈൻ സ്മാർട്ട് സിറ്റി നഗരപ്പെരുമയുടെ നവ്യാനുഭവത്തിലേക്ക്...

റോഡും വാഹനങ്ങളുമില്ലാത്ത, പരിസ്ഥിതിയെ പരിപാലിക്കുന്ന, പ്രകൃതിമനോഹരമായ പട്ടണം. സൗദിയുടെ വടക്കൻ പ്രദേശത്ത് ഉയർന്നു വരുന്ന ദ ലൈൻ സ്മാർട്ട് സിറ്റി, ലോകത്തിന്റെ നെറുകയിലേക്ക് ഈ രാജ്യത്തെ ഉയർത്താൻ പോകുന്നു.

സൗദി അറേബ്യയിൽ സമൂലവും സമഗ്രവും നിസ്തുലവുമായ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിന്റെ മോഹങ്ങൾക്ക് അതിരുകളില്ലെന്ന് വ്യക്തമാക്കി ഈയിടെ പ്രഖ്യാപിച്ച ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി അഥവാ അത്ഭുതങ്ങളുടെ കലവറ. കാറുകളും റോഡുകളുമില്ലാത്ത നഗരം, ആഗോള താപനം അടക്കം പരിസ്ഥിതി അസന്തുലിതാവസ്ഥക്കും വ്യതിയാനങ്ങൾക്കും ഇടയാക്കുന്ന പരിസ്ഥിതി മലിനീകരണവും കാർബൺ ബഹിർഗമനവും ബഹളങ്ങളും തിരക്കുകളും തീരെയില്ലാത്ത നഗരം, പൂർണമായും ശുദ്ധമായ ഊർജത്തെ അവലംബിക്കൽ, പ്രകൃതി പൂർണമായും സംരക്ഷിച്ചും നിലനിർത്തിയുമുള്ള നിർമാണ, വികസന പ്രവർത്തനങ്ങളും പദ്ധതികളും, 170 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന സ്മാർട്ട് സിറ്റിയിലെ യാത്രകൾക്ക് നൂതന, അതിവേഗ സംവിധാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉല്ലാസ, വിനോദ കേന്ദ്രങ്ങൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങി സ്മാർട്ട് സിറ്റിയിലെ നിവാസികൾക്കും ജീവനക്കാർക്കും ആവശ്യമായ അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങളെല്ലാം മിനിറ്റുകൾ മാത്രം വേണ്ടിവരുന്ന കാൽനടയാത്രാ ദൂരത്തിൽ ഒരുക്കൽ, സർവ മേഖലകളിലും ഡാറ്റകൾ ഉപയോഗിച്ചുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയെല്ലാം ലോകത്തെ മറ്റു സ്മാർട്ട് സിറ്റികളിൽനിന്നും ഉത്തര സൗദിയിലെ ദി ലൈൻ സ്മാർട്ട് സിറ്റിയെ വേറിട്ടു നിർത്തും.

കടലോരങ്ങളും മരുഭൂമിയും മലനിരകളും താഴ്‌വരകളും അടങ്ങിയ ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി പ്രദേശം ആരുടെയും മനംകവരുന്ന മാസ്മരികമായ പ്രകൃതി വൈവിധ്യങ്ങളാൽ സമ്പന്നമാണ്.
പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ മാത്രം 20,000 കോടി ഡോളർ ചെലവഴിക്കുന്ന ദി ലൈൻ സിറ്റിയിലെ ഏറ്റവും ദൂരം കൂടിയ യാത്രക്ക് 20 മിനിറ്റ് മാത്രമേ എടുക്കൂ. കാർബൺരഹിത സമൂഹം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന് ശുദ്ധമായ കാർബൺരഹിത ഊർജ സമ്പദ്‌വ്യവസ്ഥാ തന്ത്രം പദ്ധതി പ്രദേശത്ത് അവലംബിക്കും. ലോകത്തെ ഏറ്റവും സുരക്ഷിത മേഖലയായിരിക്കും പദ്ധതി പ്രദേശം. ഇതിനായി ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിയമങ്ങളാണ് ദി ലൈൻ സിറ്റി ഉൾപ്പെട്ട നിയോം പദ്ധതി പ്രദേശത്തുണ്ടാവുക. ഇവിടെ കസ്റ്റംസ്, തൊഴിൽ, നികുതി നിയമങ്ങൾ അടക്കമുള്ള സാധാരണ നിയമങ്ങളെല്ലാം സൗദിയിലേതിന് വ്യത്യസ്തമായിരിക്കും. എന്നാൽ പരമാധികാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ പദ്ധതി പ്രദേശത്ത് അടക്കം രാജ്യത്ത് എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. 


ഭാവിയിൽ നഗര സമൂഹങ്ങൾ എങ്ങനെയായിരിക്കാമെന്നതിന്റെ ഒരു മാതൃകയും, പ്രകൃതിക്കിണങ്ങി ജീവിക്കുന്നതിനുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനുള്ള രൂപരേഖയുമാണ് ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി. 2030 ഓടെ 3,80,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 18,000 കോടി റിയാൽ സംഭാവന ചെയ്യും. ദി ലൈൻ സിറ്റി പദ്ധതിയിൽ പത്തു ലക്ഷം നിവാസികളെയാണ് ലക്ഷ്യമിടുന്നത്. ഉയർന്ന കാർബൺ ബഹിർഗമനം, സമുദ്ര നിരപ്പ് ഉയരൽ എന്നിവ കാരണം വിദൂര ഭാവിയിലല്ലാത്ത കാലത്ത് 100 കോടി ജനങ്ങൾ ഭവനരഹിതരാക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി സൗദി അറേബ്യ ആസൂത്രണം ചെയ്തിരിക്കുന്നത്. 
ശുദ്ധമായ ഊർജം, വ്യവസായം, സാങ്കേതികവിദ്യ, ഗവേഷണം, പുതുമ എന്നീ മേഖലകളിൽ ലോകത്തെ കേന്ദ്രമായി ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി മാറുമെന്നും അടുത്ത 100 വർഷക്കാലത്ത് സൗദി അറേബ്യയുടെ പെട്രോളിതര വരുമാനം വർധിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്നും നിയോം പദ്ധതി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ പറയുന്നു. 
വികസനത്തിനു വേണ്ടി നാം എന്തിന് പ്രകൃതിയെ ബലികഴിക്കണമെന്ന് ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി ആരാഞ്ഞു. പരിസ്ഥിതി മലിനീകരണം മൂലം പ്രതിവർഷം 70 ലക്ഷത്തോളം ആളുകൾ മരണപ്പെടുന്നു. വാഹന അപകടങ്ങളിൽ പ്രതിവർഷം പത്തു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. യാത്രകൾക്കു വേണ്ടി എന്തിന് മനുഷ്യ ജീവിതത്തിലെ വർഷങ്ങൾ പാഴാക്കപ്പെടണം. ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന പരിഹാരമാണ് പുതിയ സ്മാർട്ട് സിറ്റി പദ്ധതിയെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറയുന്നു. 


170 കിലോമീറ്റർ നീളത്തിൽ പരന്നുകിടക്കുന്ന ദി ലൈൻ സിറ്റി പദ്ധതി പ്രദേശത്തെ 95 ശതമാനം പ്രകൃതിയും സംരക്ഷിക്കും. സമൂഹങ്ങളുടെ വികസനത്തിലൂടെ നഗരവികസനം എന്ന ആശയം ദി ലൈൻ സ്മാർട്ട് സിറ്റി പുനർനിർവചിക്കും. ഭൂമിയിലെ ജീവിതത്തിന് അർഥം നൽകുന്ന ദി ലൈൻ സിറ്റി മനുഷ്യനാണ് ഏറ്റവും വലിയ ശ്രദ്ധ നൽകുക. ഇത് ജീവിത ഗുണമേന്മ മെച്ചപ്പെടുത്തും. പുതുമകൾ ഉൾക്കൊള്ളുന്ന ഒരു ബിസിനസ് അന്തരീക്ഷവും ജീവനക്കാരുടെ അസാധാരണ ജീവിത നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി നൽകും. മാനവികതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന നഗരവൽക്കരണത്തിന്റെ വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ നൽകുന്നതിന് ലോകമെമ്പാടുമുള്ള വിദഗ്ധരുമായി ദി ലൈൻ സ്മാർട്ട് സിറ്റി കൂടി ഉൾപ്പെട്ട നിയോം സിറ്റി സഹകരിക്കും. സൃഷ്ടിവൈഭവമുള്ളവർക്കും സംരംഭകർക്കും നിക്ഷേപകർക്കും ആകർഷകമായ അന്തരീക്ഷമായിരിക്കും ദി ലൈൻ സിറ്റി ഒരുക്കുകയെന്നും സൗദി കിരീടാവകാശി അറിയിട്ടുണ്ട്. 


സാമ്പത്തിക വൈവിധ്യവൽക്കരണവും രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിയും ലോകത്തെ മുൻനിര മാതൃകാ രാജ്യമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കാനും ലക്ഷ്യമിട്ട് കിരീടാവകാശി തന്നെ അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതിയിൽ പെട്ട ഏറ്റവും വലിയ പദ്ധതിയായ നിയോം പദ്ധതിയുടെ പ്രധാന ഭാഗമാണ് ദി ലൈൻ സ്മാർട്ട് സിറ്റി. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം ഉത്തര, പശ്ചിമ സൗദിയിൽ ചെങ്കടലിന്റെയും അഖബ ഉൾക്കടലിന്റെയും തീരത്ത് 468 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്ത് മൂന്നു വൻകരകളെ ബന്ധിപ്പിച്ച് 26,500 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് നടപ്പാക്കുന്നത്. സൗദി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ അതിർത്തികൾക്കകത്ത് യാഥാർഥ്യമാക്കുന്ന പദ്ധതി മൂന്നു രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ലോകത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാണ്. ഊർജം-ജലം, ഗതാഗതം, ബയോടെക്‌നോളജി, ടെക്‌നിക്കൽ-ഡിജിറ്റൽ സയൻസസ്, ഫുഡ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, മാധ്യമം-മീഡിയ നിർമാണം, വിനോദം, ജീവിത രീതി എന്നീ ഒമ്പതു പ്രധാന നിക്ഷേപ മേഖലകൾക്ക് നിയോം പദ്ധതി ഊന്നൽ നൽകുന്നു. പദ്ധതി പ്രദേശത്ത് 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങളാണ് നടത്തുന്നത്. 


ലോക ജനസംഖ്യയിൽ 70 ശതമാനം പേർക്ക് നിയോം പദ്ധതി പ്രദേശത്ത് എട്ടു മണിക്കൂറിനകം എത്തിച്ചേരാൻ സാധിക്കും. ചൈനയിലെ വൻമതിലിനേക്കാൾ വലിയ മതിൽ സോളാർ പാനലുകൾ ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് നിർമിക്കും. ദ്രുതഗതിയിലാണ് ഇവിടെ നിർമാണ ജോലികൾ നടക്കുന്നത്. ഉത്തര, പശ്ചിമ സൗദിയിലെ ശർമായിലെ നിയോം ബേ എയർപോർട്ടിൽ റെഗുലർ വിമാന സർവീസുകൾക്ക് തുടക്കമായിട്ടുണ്ട്. നിയോം പദ്ധതി പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെയാണ് നിലവിൽ വിമാന സർവീസുകളിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മാസങ്ങളായി നിയോം സിറ്റിയിലാണ് കഴിഞ്ഞുവരുന്നത്.  
2030 ഓടെ പ്രതിവർഷം പത്തു കോടി വിനോദ സഞ്ചാരികളെയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് സാക്ഷാൽക്കരിക്കാൻ ദി ലൈൻ സ്മാർട്ട് സിറ്റി പദ്ധതി ഉൾപ്പെട്ട നിയോം പദ്ധതിക്കു പുറമെ റിയാദിലെ ഖിദിയ വിനോദ നഗരി പദ്ധതി, ചെങ്കടലിലെ ദ്വീപുകൾ വിനോദ സഞ്ചാര വ്യവസായത്തിന് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള റെഡ് സീ പദ്ധതി, അമാലാ പദ്ധതി, മക്കയിലും മദീനയിലും ലക്ഷക്കണക്കിന് ഹജ്, ഉംറ തീർഥാടകർക്ക് താമസസൗകര്യങ്ങൾ ഒരുക്കാൻ സ്ഥാപിച്ച പുതിയ കമ്പനികൾ തുടങ്ങി നിരവധി വൻകിട പദ്ധതികൾ സമീപ കാലത്ത് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സർവമേഖലകളിലും രാജ്യം സാക്ഷ്യം വഹിക്കുന്ന അഭൂതപൂർവമായ പരിവർത്തനത്തിന്റെ ഭാഗമാണ് ഈ പദ്ധതികളെല്ലാം.  


ഭാവി നഗരങ്ങൾക്കും, സവിശേഷവും അനുയോജ്യമുമായ അന്തരീക്ഷത്തിൽ പുതിയ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാതൃക, സ്വപ്‌നങ്ങൾ കാണുന്നവർക്കുള്ള ലക്ഷ്യസ്ഥാനം, നവീകരണത്തിനും സർഗാത്മകതക്കുള്ള ആഗോള പ്ലാറ്റ്‌ഫോം, അറിവ്, സാങ്കേതികവിദ്യ, ഗവേഷണം, നാഗരികത എന്നിവയുടെ സംഗമകേന്ദ്രം എന്നിവ സാക്ഷാൽക്കരിക്കുന്ന ദി ലൈൻ സിറ്റി ഗുണപരമായ സ്വാധീനം മേഖലയിലും ആഗോള തലത്തിലും പ്രതിഫലിക്കും. 
ലോകത്ത് നിലവിലില്ലാത്ത സവിശേഷമായ ഒരു മാതൃകയിലൂടെ ദി ലൈൻ സിറ്റിയും നിയോം സിറ്റി മൊത്തത്തിലും സൗദി അറേബ്യയെ അതിവികസിത രാജ്യങ്ങളുടെ നിരയിൽ പ്രതിഷ്ഠിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 


 

Latest News