Sorry, you need to enable JavaScript to visit this website.
Thursday , March   04, 2021
Thursday , March   04, 2021

ലോകത്തിന് അഭിമാനമായി  തളങ്കരയുടെ മുത്ത് 

കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അതികായന്‍ മുഹമ്മദ് അസ്ഹറുദ്ദീനില്‍ ആരാധന മൂത്ത് എട്ട് മക്കളില്‍ മൂത്ത സഹോദരന്‍ അദ്ദേഹത്തിന്റെ  പേര് തന്നെ കുഞ്ഞനുജന് നല്‍കിയത് വെറുതെയല്ലെന്ന് ഒറ്റ രാത്രിയിലെ ബാറ്റിങ് വെടിക്കെട്ടോടെ തെളിയിക്കുകയായിരുന്നു കാസര്‍കോട് തളങ്കരക്കാരുടെ പ്രീയപ്പെട്ട മുത്ത് മുഹമ്മദ് അസ്ഹറുദ്ദീന്‍. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം മുംബൈയെ വിറപ്പിച്ചുവിട്ടതില്‍, സംസ്ഥാനത്തെങ്ങുമില്ലാത്ത അത്രയും ആഘോഷമായിരുന്നു കാസര്‍കോട് തളങ്കരയില്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ അതിവേഗ സെഞ്ചുറിയും കേരളത്തിന്റെ ഗംഭീര വിജയവും രാത്രി മുഴുവന്‍ അവര്‍ ആഘോഷമാക്കി. തളങ്കര കടവത്തെ തളങ്കര ക്രിക്കറ്റ് ക്ലബില്‍ ഇരുന്നാണ് അവിടത്തെ ആരാധകര്‍ അസ്ഹറുദ്ദീന്റെ ബാറ്റിങ് പ്രകടനം കണ്ടത്. 37 പന്തില്‍ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സെഞ്ചുറി പിറന്നപ്പോള്‍ ആവേശം കൊണ്ട് അവര്‍ ആര്‍പ്പു വിളിച്ചു, ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 20 പന്തുകളില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അസ്ഹര്‍ ശേഷിക്കുന്ന 17 പന്തുകളിലാണ് 100 പിന്നിട്ടത്. അതും ദേശീയ ടീമില്‍ മത്സരപരിചയം ഏറെയുള്ള മുംബൈയുടെ ബോളര്‍മാര്‍ക്കെതിരെ. സൂപ്പര്‍ ക്ലാസ് എന്നാണ് ക്രിക്കറ്റ് വിദഗ്ധരെല്ലാം അസ്ഹറിന്റെ ബാറ്റിങ്ങിനെ വിലയിരുത്തുന്നത്. ഗ്രൗണ്ട് ഷോട്ടുകളിലും പുള്‍ ഷോട്ടുകളിലും യുവതാരത്തിന്റെ പ്രതിഭ ആവോളമുണ്ടായി. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ അസ്ഹര്‍ 30 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം ഈ വിജയത്തിലും അസ്ഹറുദ്ദീന് വലിയ പങ്കുണ്ട്. ഇപ്പോഴിതാ രണ്ടാം മത്സരത്തില്‍ കേരളത്തെ ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചു. ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍ പോയിരുന്നു അസ്ഹറുദ്ദീന്‍. പക്ഷേ കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ഒരു തവണ ഐപിഎല്‍ ലേലത്തിലും വന്നിരുന്നു. കേരളത്തിനായി ഇനിയും മിന്നും പ്രകടനങ്ങള്‍ നടത്തിയാല്‍ അടുത്ത സീസണില്‍ അസ്ഹര്‍ ഏതെങ്കിലും ഐ.പി.എല്‍ ടീമിനായി കളിക്കാനിറങ്ങുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് താരത്തിന്റെ പ്രിയപ്പെട്ട ടീം. എം.എസ്. ധോണിയും കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍. ദേശീയ ടീമിലെ 'അജ്ജുവിന്റെ' അരങ്ങേറ്റമാണ് കുടുംബാംഗങ്ങളുടെയും തളങ്കരക്കാരുടെയും സ്വപ്നം. ഒരിക്കല്‍ അതു സാധിക്കുമെന്ന് അസ്ഹറിനെ അറിയാവുന്നവര്‍ വിശ്വസിക്കുന്നു. മുബൈക്കെതിരായ ബാറ്റിങ് വെടിക്കെട്ടോടെയാണ് രാജ്യത്താകെയുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ അസ്ഹറിലെത്തുന്നത്. പക്ഷേ വര്‍ഷങ്ങളായി ഈ യുവ ക്രിക്കറ്റ് താരം നമുക്കിടയിലുണ്ട്. ആറു വര്‍ഷമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഭാഗമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിനായി കളിക്കുന്നു. ഈ വര്‍ഷമാണ് കേരളത്തിനായി ട്വന്റി 20 യില്‍ ഓപ്പണര്‍ ആകാന്‍ സാധിച്ചത്. അസ്ഹറിന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആകാനാണു താല്‍പര്യം. പക്ഷേ പലപ്പോഴും അതിന് അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരം മുതലാക്കിയപ്പോള്‍ രാജ്യമാകെ ക്രിക്കറ്റ് ആരാധകരുടെ പ്രശംസകള്‍ നേടി ഈ 26 വയസ്സുകാരന്‍. വിരേന്ദര്‍ സെവാഗ് മുതല്‍ ഹര്‍ഷ ഭോഗ്!ല വരെയുള്ളവര്‍ താരത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളെഴുതി. കാസര്‍കോട് സ്വദേശികളായ മൊയ്തുവിന്റെയും നഫീസയുടെയും എട്ടു മക്കളില്‍ ഏറ്റവും ഇളയവനാണ് അസ്ഹറുദ്ദീന്‍. മാതാപിതാക്കളുടെ മരണത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ സഹോദരന്‍ ഉനൈസിന്റെ കൂടെയാണ് അസ്ഹറുദ്ദീന്റെ താമസം. അസ്ഹറിന്റെ സഹോദരങ്ങള്‍ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗുകളില്‍ കളിച്ചിട്ടുണ്ട്. 11 വയസ്സുള്ളപ്പോള്‍ തളങ്കര ക്രിക്കറ്റ് ക്ലബിനായി കളിച്ചാണ് അസ്ഹര്‍ ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. അണ്ടര്‍ 13, 15  കാസര്‍കോട് ജില്ലാ ടീമുകളില്‍ കളിച്ചു, പിന്നീട് ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയുടെ ഭാഗമായതോടെ കോട്ടയത്തും കൊച്ചിയിലുമായിരുന്നു പിന്നീട് അസ്ഹറിന്റെ പഠനവും പരിശീലനവും. അണ്ടര്‍ 19, 23 കേരള ടീമുകളിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് സീനിയര്‍ ടീമിലെത്തി. 2015 നവംബര്‍ 14നു ഗോവയ്‌ക്കെതിരെ രഞ്ജിയില്‍ അരങ്ങേറി. പിന്നീട് കേരള ടീമിലെ സ്ഥിരസാന്നിധ്യമായി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 22 മത്സരങ്ങള്‍ കളിച്ച താരം 959 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 112. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും താരം നേടി. ലിസ്റ്റ് എയില്‍ 24 മത്സരങ്ങളില്‍നിന്ന് 445 റണ്‍സും ട്വന്റി 20യില്‍ 21 മത്സരങ്ങളില്‍ നിന്ന് 404 റണ്‍സും നേടിയിട്ടുണ്ട്.
ഈ വിജയത്തിന് ശേഷം ഡല്‍ഹിയെ നേരിടാനൊരുങ്ങുകയാണ് കേരളം. ഇതിനായി കഠിന പരിശീലനത്തിലാണ് ടീമംഗങ്ങള്‍. 

ബൈറ്റ് 
മത്സര വിജയത്തിന് ശേഷം അസ്ഹറുമായി സംസാരിച്ചു. കളി കഴിഞ്ഞപ്പോള്‍ സന്തോഷം അറിയിക്കാന്‍ അവന്‍ വിളിച്ചിരുന്നു, ടീമംഗങ്ങളെല്ലാം ഹാപ്പിയാണെന്ന് അവന്‍ പറഞ്ഞു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരവും ജയിക്കണം. കേരളത്തെ അടുത്ത റൗണ്ടിലെത്തിക്കണം. ബാക്കിയെല്ലാം അതിനു ശേഷം മാത്രം 

ഉനൈസ് തളങ്കര 
(അസ്ഹറിന്റെ സഹോദരന്‍ )
 

Latest News