വീണ്ടും പരിക്ക്: ഒന്നാം സ്ഥാനക്കാരന്‍ പിന്മാറി

അല്‍ഉല - ദകാര്‍ റാലിയിലെ ആവേശകരമായ പത്താം സ്റ്റെയ്ജില്‍ മോട്ടോര്‍ബൈക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനായ ചിലെയുടെ ഹോസെ ഇഗ്‌നാസിയൊ കോര്‍ണിയോക്ക് വീഴ്ചയില്‍ പരിക്കേറ്റു. പത്താം സ്റ്റെയ്ജില്‍ 252 കിലോമീറ്റര്‍ ദൂരമെത്തിയപ്പോഴാണ് ഇരുപത്താറുകാരന്റെ ബൈക്ക് തെറിച്ചുവീണത്. വീണ്ടും യാത്ര തുടര്‍ന്ന് സ്റ്റെയ്ജ് പൂര്‍ത്തിയാക്കിയെങ്കിലും റാലിയില്‍ നിന്ന് പിന്മാറി. രണ്ടു തവണ ചാമ്പ്യനായ ടോബി പ്രൈസ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റ് പിന്മാറിയിരുന്നു. പത്താം സ്റ്റെയ്ജ് ജയിച്ചത് കോര്‍ണിയൊ  ആയിരുന്നു. എട്ടാം സ്റ്റെയ്ജിനിടെയുണ്ടായ കനത്ത വീഴ്ചയെത്തുടര്‍ന്ന് ഫ്രഞ്ച് താരം സേവിയര്‍ സൂള്‍ട്രയ്റ്റും പിന്മാറി. നേരത്തെ പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ കഴിയുന്ന ഹോണ്ട ഡ്രൈവര്‍ സി.എസ് സന്തോഷ് വൈകാതെ ഇന്ത്യയിലേക്ക് മടങ്ങും. 

Latest News