യു.പി താരത്തെ കൊച്ചി ക്ലബ് സ്‌പോണ്‍സര്‍ ചെയ്യും

കൊച്ചി- മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്ട്‌സിലെ (എം.എം.എ) ലോകത്തെ പ്രധാന മത്സരമായ ബ്രേവ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യു.പി സ്വദേശിയായ റാണാ രുദ്ര പ്രതാപ് സിംഗ് മത്സരിക്കും. പാകിസ്ഥാനെതിരായാണ് റാണയുടെ മത്സരം. കൊച്ചിയിലെ ബോക്സിംഗ് ക്ലബാണ് റാണ രുദ്ര പ്രതാപിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. മത്സരിച്ച എല്ലാ ഫൈറ്റുകളിലും വിജയം നേടിയ റാണ പരിശീലനത്തിനായി ഇന്നലെ കൊച്ചിയിലെത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി എം.എം.എ ഫൈറ്റിങ്ങില്‍ പരിശീലനം നടത്തുകയാണ് റാണ.
ദിവസേന അഞ്ച് മണിക്കൂര്‍ മാത്രമാണ് വിശ്രമം ഉള്ളതെന്നും മറ്റു സമയങ്ങളില്‍ പൂര്‍ണ പരിശീലനമാണ് നല്‍കുന്നതെന്ന് ബോക്സിംഗ് ക്ലബ് ഡയറക്ടര്‍ കെ.എസ്. വിനോദ്, കോച്ച് സ്വാമിനാഥന്‍ എന്നിവര്‍ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിക്‌സര്‍ മാര്‍ഷല്‍ ആര്‍ട്ട്‌സ് പുതുതലമുറയില്‍ ജനകീയമാകണമെന്നും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത് സഹായകരമാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം.എം.എ ചാമ്പ്യനും ചലച്ചിത്രതാരവുമായ രാജീവ് പിള്ള പറഞ്ഞു.
ബ്രേവ് ഫൈറ്റിങ് മത്സരത്തില്‍ എം.എം.എ വിഭാഗത്തില്‍ സെലക്ഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് റാണ. വരുന്ന മാര്‍ച്ചില്‍ യു.എ.ഇ യിലാണ് മത്സരം. വിജയം ഉറപ്പാക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കേരളത്തിലെ പരിശീലനം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും റാണാ രുദ്ര പ്രതാപ് പറഞ്ഞു. മത്സരത്തില്‍ നിന്ന് പിന്മാറണം എന്ന ആവശ്യവുമായി പാകിസ്താനില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ പിന്മാറാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News