അബുദാബി- രാജ്യത്ത് ഇതിനോടകം 12 ലക്ഷം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് വിജയപ്രദമായി നടപ്പാക്കുന്ന ആരോഗ്യ പ്രവർത്തകരെ യു.എ.ഇ ഭരണാധികാരികൾ അഭിനന്ദിച്ചു. ആഗോളതലത്തിൽ അതിവേഗം വാക്സിൻ ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. കോവിഡ് നിയന്ത്രിക്കുന്നതിൽ രാജ്യം ബഹുദൂരം മുന്നോട്ടു പോയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനും അതിവേഗ രോഗമുക്തിക്കു വേണ്ടി മുഴുവൻ ആളുകളും വൈകാതെ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ഉണർവിന് കോവിഡിൽനിന്നുള്ള മുക്തി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഇതിനകം തന്നെ 1,275,000 വാക്സിനേഷൻ നൽകാൻ മുന്നിൽനിന്ന് പ്രവർത്തിച്ചവരെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ അഭിനന്ദിച്ചു. അധികം വൈകാതെ തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തീകരിക്കാനും രാജ്യത്തെ കോവിഡ് മുക്തമാക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്ത് വാക്സിൻ വിതരണം ഊർജിതമാക്കുന്നതിന് പ്രവാസി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകളും കോവിഡ് വാക്സിൻ വിതരണത്തിൽ സജീവമാണ്. ദിനംപ്രതി അര ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിൽ വാക്സിൻ സ്വീകരിച്ചു വരുന്നത്. എല്ലാ പ്രധാന പ്രവാസി കൂട്ടായ്മകളെയും വാക്സിൻ വിതരണത്തിൽ പങ്കുചേർക്കാനാണ് യു.എ.ഇ അധികൃതരുടെ തീരുമാനം. വാക്സിനെതിരായ പ്രചാരണങ്ങൾ ആരോഗ്യ മന്ത്രാലയം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വാക്സിനെതിരെ വന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകളാണ് ഇത്തരം കാര്യങ്ങൾക്ക് ആധാരമാക്കേണ്ടതെന്നും അധികൃതർ ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.






