Sorry, you need to enable JavaScript to visit this website.

തണുപ്പത്ത് മരുഭൂമിയിൽ രാപ്പാർക്കാം; അബുദാബിയിൽ ഡെസേർട്ട് സഫാരിക്ക് ആറ് പുതിയ ഓഫ് റോഡ് റൂട്ട്

അബുദാബിയിലെ ഡെസേർട്ട് സഫാരി

അബുദാബി- കോവിഡ് വ്യാപന ഭീതി ഒഴിഞ്ഞതോടെ യു.എ.ഇയിൽ വിനോദ സഞ്ചാര മേഖലയും ഉണർന്നിരിക്കുകയാണ്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഭരണകൂടം പുതിയ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ഡെസേർട്ട് സഫാരി ഇഷ്ടപ്പെടുന്നവർക്കായി അബുദാബി ആറ് പുതിയ ഓഫ് റോഡ് ഡ്രൈവിംഗ് റൂട്ടുകൾ കൂടി ആരംഭിച്ചു. ഫോർവീലറിൽ മണൽക്കൂനകൾക്ക് മീതെ സാഹസിക സഞ്ചാരം നടത്താനാണ് പുതിയ റൂട്ടുകൾ. അബുദാബി സാംസ്‌കാരിക, ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

മരുഭൂ സഫാരിക്ക് വരുന്നവർക്ക് തണുപ്പ് ആസ്വദിച്ച് ഒരു രാത്രി മരുഭൂമിയിൽ രാപ്പാർക്കുന്നതിനു വേണ്ടി ടൂർ ഓപറേറ്റർമാർ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിൽ ടെന്റ് കെട്ടി താമസിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യമാണുള്ളത്. ഇതോടൊപ്പം നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്ത് വരുന്നുണ്ട്. മണൽക്കൂനകൾ, ആട്ടിൻപറ്റങ്ങൾ, മരുപ്പച്ചകൾ തുടങ്ങി മരുഭൂമിയെ അറിയാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഡെസേർട്ട് സഫാരി. 

അൽറിമാഹ്, അൽഐൻ-വൈറ്റ് സാൻഡ്, ഹലീം ലൂപ്, ഉമ്മുൽ ഔഷ്, ലിവ ക്രോസിംഗ്, അൽഖസന എന്നിവയാണ് പുതിയ റൂട്ടുകൾ. മരുഭൂമിയിലെ സൂര്യാസ്തമയവും തണുപ്പകറ്റി തീ കാഞ്ഞ് ചൂടുള്ള ഭക്ഷണം കഴിക്കലുമെല്ലാം വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. യാത്രക്ക് മുമ്പ് സുരക്ഷിതത്വത്തെക്കുറിച്ചും മറ്റും ബോധവൽക്കരണം നൽകും. അബുദാബിയുടെ അതിമനോഹരമായ മരുഭൂമിയെ ആസ്വദിക്കാനുള്ള അവസരമാണ് പുതിയ ഓഫ് റൂട്ടുകളിലൂടെ നൽകുന്നതെന്ന് ടൂറിസം വിഭാഗം എക്‌സിക്യുട്ടീവ് മേധാവി അലി ഹസ്സൻ അൽശൈബ പറഞ്ഞു. 

Tags

Latest News