Sorry, you need to enable JavaScript to visit this website.
Wednesday , January   27, 2021
Wednesday , January   27, 2021

ഖലാസി - കഥ

പങ്കായം

അലറിപ്പെയ്യുന്ന പെരുമഴക്കൊപ്പംസന്ധ്യക്ക് ഹാർബറിൽനിന്ന് കുഞ്ഞാലി തിരിച്ചു വന്നപ്പോഴാണ് അയിശൂനെ കാണാനില്ലെന്ന ഭീതി മീനാക്ഷി വേലിക്കപ്പുറത്തൂന്ന് നെഞ്ചിലേക്ക് കുടഞ്ഞിട്ടത്. 
സംസാര ശേഷിയില്ലാത്ത ത്രേസ്യയിലേക്കൊരുസംശയത്തിന്റെ നോട്ടമെറിഞ്ഞുകൊണ്ടയാൾ ചായ്പിൽ വെച്ചിരുന്ന *നൻപ് തിരഞ്ഞു. അതവിടെയില്ലല്ലോയെന്ന സ്വയംബോധ്യത്തിൽ പൊടുന്നനെ കണ്ണുവലിച്ചു.

ഉമ്മ മരിച്ചപ്പോൾ വാപ്പ കൂട്ടിക്കൊണ്ടുവന്നു പാർപ്പിച്ചതാണ് ത്രേസ്യാത്തള്ളയെ. കൊല്ലമൊന്നു തികയും മുന്നേ വാപ്പ പോയി. രണ്ടു സെന്റ് സ്ഥലവും ഉള്ള കൂരയും അങ്ങേര് അവർക്കെഴുതിവെച്ചു. വാപ്പാനെ കൈയും കാലും കാണിച്ച് എഴുതിച്ചെടുത്തതാണെന്നും ചിലര് പറയുന്നുണ്ട്. അവരെങ്ങാനും അയിശൂനെ തല്ലിയെറക്കിയോന്നോർത്ത് തള്ളക്കു നേരെ കൈവീശിക്കൊണ്ടയാൾ ഭ്രാന്ത് തുള്ളി.

'ത്രേസ്യാമ്മച്ചി ഒന്നും ചെയ്തിട്ടില്ല. അവള് വള്ളോം എടുത്താണ്ട് പോണത് ഞാങ്കണ്ടതാന്നേ..'

മീനാക്ഷി വേലി നൂണ്ട് ഇടയിൽ കേറിനിന്നു. 

'എന്നിട്ടെന്തിനാടീ.. അവ്വള ഒറ്റക്ക് വിട്ടത്?'

'കൊറച്ചങ്ങ നീങ്ങിക്കഴിഞ്ഞാ ഞാങ്കണ്ടത്. ഞാനും വരാന്നു പറഞ്ഞിട്ട് അവള് കേക്കണ്ടേ. അവളങ്ങാട്ടു പോയി' 

അയാൾ ടോർച്ചുമെടുത്ത് കടവിലേക്കിറങ്ങി.

കരക്ക് കയറ്റിവെച്ചിരുന്ന കൊതുമ്പുവള്ളമൊരെണ്ണം തള്ളി വെള്ളത്തിലേക്കിറക്കി. ശക്തമായ മഴ കരയിലും വെള്ളത്തിലും താണ്ഡവമാടിക്കൊണ്ടിരുന്നു. കായൽ തിരകൾ പതിവിലുമുച്ചത്തിൽ ഇറമ്പത്തു വന്നു തലതല്ലി.
ഖലാസികൾ വീണ്ടും താമസത്തിന് വരുന്നെന്നറിഞ്ഞപ്പോ മുതൽ പതിവില്ലാത്ത ധൈര്യത്തിലാണവളുടെ പെരുമാറ്റം. 
ഉറക്കത്തിൽ കിടന്നവൾ ആരെയോ കെട്ടിപ്പിടിക്കാറുണ്ടെന്ന് ത്രേസ്യാത്തള്ള ആംഗ്യം കാണിച്ചപ്പോ മുട്ടൻ തെറിയാണ് വായിൽ വന്നത്. അവള് നിന്റെ പെങ്ങള് തന്നാണോടാ'ന്ന് തള്ള തലേല് കൈവെച്ചുകൊണ്ടപ്പോൾ കൊഞ്ഞനം കുത്തി.

രണ്ടീസം മുന്നേയവൾ മീനാക്ഷിയോട് പറഞ്ഞത് കൊള്ളിയാൻ പോലെ പെട്ടെന്ന് തലയിൽ കേറി കൊളുത്തിവലിച്ചു.

'ഡീ കൃഷ്ണൻതുരുത്തിലൊന്നു പോയാലോ..'
അയാൾ ചുണ്ടിൽ പതിഞ്ഞ ഭയത്തിന്റെ മഴത്തുണ്ടുകൾ ഉപ്പിനൊപ്പം നാവുകൊണ്ട് നുണഞ്ഞുകൊണ്ട് വള്ളമൂന്നി. കാടുകേറിക്കിടക്കുന്ന കൃഷ്ണൻ തുരുത്തിൽ പണ്ട് ബേപ്പൂരിൽനിന്നു വന്ന ഖലാസികൾ താമസിച്ചിരുന്നതാണ്. പുറംകടലിലേക്കുള്ള കൂറ്റൻ മച്ചുവകൾ ഉണ്ടാക്കിയിരുന്നതവരാണ്. പെരുമൺ ദുരന്തത്തിൽ വെള്ളത്തിൽ പോയ തീവണ്ടി പൊക്കാൻ പോയതും ഇവരുടെ കുടുംബക്കാരാണെന്ന് കരക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. പെട്ടെന്നൊരു ദിവസം വന്ന വെള്ളപ്പൊക്കത്തിൽ എല്ലാവരും തുരുത്തുപേക്ഷിച്ചു പോയതാണ്.
ഇന്നവിടം നിറയെ എരുമകളും മൂരികളുമാണ്. അതിനെയൊക്കെ മേയ്ക്കാൻ മുടന്തുള്ള ഒരു ചെറുക്കനും.
ഇടക്കിടക്കൊരു സ്ത്രീയും മകനും പണിക്കാരുമായി വരും. അപ്പോഴൊക്കെയവിടെ രാത്രിയിലും തീ കത്തുന്നത് കാണാം. ചിലപ്പോഴൊക്കെ വലിയ വള്ളത്തിൽ വന്ന് സൈസ് ഒത്ത നാൽക്കാലികളെയൊക്കെ കേറ്റിക്കൊണ്ടുപോകും. ഓരോ വരവിനും അവർ ഇക്കരേല് വന്ന് മുഴുത്ത മീനും മറ്റും വാങ്ങിപ്പോകാറുണ്ട്.
അവർ വരുമ്പോഴൊക്കെ ആ ചെറുക്കൻ കൂടെക്കാണും.
പോയിക്കഴിയുമ്പോളവന്റെ കാളച്ചൂരിന്റെ മണമിറക്കി ആയിശു മുടന്തി നടക്കുന്നതോർത്തപ്പോഴാണ് ഇടിയോടു കൂടിയൊരു കൊള്ളിയാൻ വെള്ളത്തിലേക്ക് തുളച്ചിറങ്ങി പുകഞ്ഞുനിന്നത്. തുഴഞ്ഞുകൊണ്ടിരുന്ന *നൻപിലേക്കത് അരിച്ചുകയറി ശരീരം മൊത്തം കരണ്ടടിപ്പിച്ചു.
പണിതീരാത്ത വലിയ മച്ചുവകളുടെ അസ്ഥികൂടങ്ങൾ തുടരെത്തുടരെയുള്ള മിന്നൽവെട്ടത്തിൽ തലപൊക്കി പേടിപ്പെടുത്തിക്കൊണ്ടിരുന്നു.
എതിർദിശയിലേക്ക് വീശുന്ന മഴത്തുള്ളികൾ മുഖത്തു കുത്തിനോവിച്ചു.
ഏറെ പ്രയാസപ്പെട്ടയാൾ കൃഷ്ണൻതുരുത്തിലേക്ക് വള്ളം വലിച്ചു കെട്ടി.
എവറഡി ടോർച്ചിന്റെ മഞ്ഞവെളിച്ചം ശക്തമായ മഴയിൽ കൂരിരുട്ടിനെ ഭേദിച്ച് മുന്നോട്ടു നീങ്ങി. ഓര്കാറ്റിൽ കൈതക്കാടുകൾ ഇളകിയാടി. ഉറങ്ങിക്കിടന്നിരുന്ന നാൽക്കാലികളുടെ അലർച്ചകൾ നാലുപാടും ചിതറിയോടി.
ദ്രവിച്ചു വീഴാറായ വീടിന്റെ ചെങ്കൽ ഭിത്തിയിൽ മഞ്ഞവെട്ടം ഗോളാകൃതി പൂണ്ട് ഇടംവലം ചുറ്റി. 

'ഖലാസീ..
ഞാൻ നിന്റെ മാത്രമാണ്.... '

വായിക്കാനറിയാത്ത ലിപികൾ കൊണ്ട് കരിക്കട്ടകൾ ചുവരിൽ എന്തൊക്കെയോ ചിത്രം വരച്ചിരിക്കുന്നു. ആയിശൂന്റെ പുസ്തകത്തിൽ കണ്ട അതേ ചിത്രങ്ങൾ കണ്ടയാൾ ഞെട്ടി. കുഴിച്ചുമൂടിയ കണ്ടൽകാട്ടിൽനിന്നും പേടിച്ചുവിറച്ചൊരു നിലവിളി മുടന്തി മുടന്തി മുന്നിൽ വന്നു നിന്നു.
ടോർച്ച് വെളിച്ചം അതിൽനിന്ന് ഭയന്നുമാറി, വശംതൂങ്ങിയ കതകിനിടയിലൂടെ മാറാല കെട്ടിയ അകത്തളത്തിലേക്ക് നൂണ്ടു കയറി.
ഉള്ളിലൊരു കൂറ്റൻ മൂരിയിൽ തട്ടി പുറത്തു പോകാനാവാതെ ഭ്രാന്തമായി മുരണ്ടുനിന്നു. നരിച്ചീറുകളുടെ ചിലമ്പിച്ച ശബ്ദം നാലുപാടും ചിതറിപ്പറന്നു. ചിലതു ഭിത്തിയിൽ തട്ടി താഴെ വീണു. വെളിച്ചം തെന്നിമാറി ചിതറിക്കിടക്കുന്ന കരിയിലകൾക്കിടയിൽ ചുരുണ്ടുകിടക്കുന്ന അയിശൂന്റെ ദേഹത്ത് പതിച്ചു വിറച്ചുകൊണ്ടിരുന്നു.

'അയിശൂ ......'

കുഞ്ഞാലിയുടെ പതർച്ച പുറത്തു കടക്കാനാവാതെ ചുവരുകളിൽ കുടുങ്ങി. ടോർച്ച് അയാളവൾക്കരികിൽ കെടാതെയിട്ടു. അള്ളിപ്പിടിച്ചിരുന്ന നരച്ചീറുകൾ ഒരിക്കൽ കൂടി പറന്നുപൊങ്ങി. മുരണ്ടു ചീറ്റിവന്ന കാളക്കൂറ്റന്റെ കൊമ്പിലയാൾ കടന്നുപിടിച്ചു. അതയാളെ കുടഞ്ഞു തെറിപ്പിച്ചിട്ടു പുറത്തേക്കോടി. ഒടിഞ്ഞുതൂങ്ങിയ വാതിലയാളമർത്തിയടച്ചു. തുരുമ്പിച്ച ഞരക്കത്തോടെയത് പിന്നോക്കം മറിഞ്ഞു. കരിയിലക്കൾക്കൊപ്പം പൊടിപടലങ്ങൾ മഞ്ഞവെളിച്ചത്തിൽ ഉയർന്നുപൊങ്ങി. മരവിച്ചുകിടക്കുന്ന അവൾക്കരികിലയാൾ എതിർക്കില്ലല്ലോയെന്ന ധൈര്യത്തിൽ ഉത്തേജിച്ചിരുന്നു. 
ത്രേസ്യാമ്മയെ പേടിച്ചു പലവട്ടം വലിഞ്ഞുകളഞ്ഞ കണ്ണുകൾ അവളെയുഴിഞ്ഞു. ടോർച്ച് വെട്ടം കൊണ്ട് മാറിടമിളക്കി. പൊടുന്നനെയവളിൽ ഖലാസിയുടെ മുടന്തുള്ള ആത്മാവ് കുടഞ്ഞെഴുന്നേറ്റു. കൈയിലിരുന്ന *നൻപ് കൊണ്ടവൻ കുഞ്ഞാലിയുടെ മുഖത്താഞ്ഞടിച്ചു. അന്ന് കൈതക്കാട്ടിലെറിഞ്ഞ *നൻപ് കണ്ട് നടുങ്ങും മുന്നേ അടുത്ത അടിയിലയാൾ ദൂരോട്ടു തെറിച്ചുപോയി. ഞൊണ്ടി ഞൊണ്ടിവന്നവൻ അയാളെ വടം കൊണ്ട് വലിഞ്ഞുകെട്ടി. ഖലാസികളുടെ തുരുമ്പിച്ച കപ്പിയും കയറും കൊണ്ട് അയാൾക്കു വേണ്ടിയൊരു തൂക്കുമരമുയർത്തി.
അവനെ തൂക്കിക്കൊന്നയതേയുത്തരത്തിൽ....
അയിശു ആത്മഹത്യ ചെയ്ത അതേ ഉത്തരത്തിൽ.

*പങ്കായം
 

Latest News