Sorry, you need to enable JavaScript to visit this website.

കാരുണ്യം ജീവിത മുദ്ര, ഇതാ, വിസ്മയങ്ങളുടെ ഒരു വിജയഗാഥ

പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അർഹനായ സൗദിയിലെ ഇറാം ഗ്രൂപ്പ് സി.എം.ഡി പാലക്കാട് മങ്കര സ്വദേശി ഡോ. സിദ്ദീഖ് അഹമ്മദിന്റെ ജീവിത കഥ

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ  മലയാളി അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരിലൂടെയും മലയാളത്തിന്റെ ഇതിഹാസകാരൻ ഒ.വി. വിജയനിലൂടെയും (വിജയന്റെ അച്ഛൻ ഓട്ടുപുലാക്കൽ വേലുക്കുട്ടി പിറന്ന നാട്) ദേശീയ ഭൂപടത്തിൽ ഇടം പിടിച്ച മങ്കര എന്ന ശാന്തമായ പാലക്കാടൻ ഗ്രാമത്തിൽ നിന്ന് വിസ്മയങ്ങളുടെ വിജയഗാഥ രചിച്ച, ജീവകാരുണ്യത്തിന്റെ മറുവാക്ക്. അതാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നിന്ന് അർഹതയുടെ അംഗീകാരം തേടിയെത്തിയ മങ്കരക്കാരൻ ഡോ. സിദ്ദീഖ് അഹമ്മദ്. മങ്കര പനംതറയിൽ അഹമ്മദ് ഹാജിയുടെയും കൊട്ടിലിൽ മറിയുമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവൻ. ഇന്നിപ്പോൾ സൗദി അറേബ്യയും ബഹ്റൈനുമുൾപ്പെടെ ഒരു ഡസനിലേറെ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ഇറാം ഗ്രൂപ്പിന്റെ അമരക്കാരനാണ് ഈ മങ്കരക്കാരൻ. വിവിധ ബ്രാന്റുകളിലായി അമ്പതോളം സ്ഥാപനങ്ങൾ. ഇരുപതിനായിരത്തോളം ജീവനക്കാർ. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ, അതിലേറെയും മലയാളികൾ. 
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സാരഥികളിൽ ഫോബ്സ് പട്ടികയിൽ രണ്ടു തവണ സ്ഥാനം പിടിച്ച ഏക മലയാളിയും സിദ്ദീഖ് അഹമ്മദ് തന്നെ.
ഇറാം എന്ന പേരിൽ സന്തോഷവും സമാധാനവും സംതൃപ്തിയുമെല്ലാം അടങ്ങിയിരിക്കുന്നുവെന്നത് അടിവരയിടുന്നതായിരുന്നു ചെന്നൈ നഗരം പ്രളയക്കെടുതിയിലമർന്നപ്പോൾ രണ്ടു കോടി രൂപയുടെ ദുരിതാശ്വാസവുമായി ഇറാം കമ്പനി എത്തിയത്. ഡോ. സിദ്ദീഖ് അഹമ്മദിന്റെ അത്യുദാരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. 
അന്യനെ സ്നേഹിക്കുക, അന്യന്റെ ദുഃഖത്തിൽ പങ്ക് ചേരുകയെന്നത് സിദ്ദീഖിന് ഉമ്മയിൽ നിന്ന് ലഭിച്ച മഹാപുണ്യമാണ്. മങ്കരയിലെ വീട്ടിൽ ഉമ്മ വെച്ചുവിളമ്പുന്നത് കഴിക്കാനെത്തുന്നവരിൽ ചുറ്റുവട്ടത്തെ ആബാലവൃദ്ധം ആളുകളുണ്ടായിരുന്നു. പഴങ്ങൾ കൊടുക്കുമ്പോൾ അതിഥികൾ പുറത്തേക്ക് തുപ്പുന്ന പഴക്കുരുക്കൾ പെറുക്കിയെടുത്ത് അവ മുറ്റത്ത് കൊണ്ടുപോയി കുഴിച്ചിടുമായിരുന്നു സിദ്ദീഖിന്റെ മാതാവ്. നന്മയുടെ നറുമരങ്ങളായി അവ ചുറ്റിലും പരിമളം പരത്തി. പരിസ്ഥിതി സ്നേഹവും വൃക്ഷ സ്നേഹവുമൊക്കെ ഉമ്മയിൽ നിന്ന് കിട്ടിയ സദ്ഗുണങ്ങൾ. കച്ചവടക്കാരനായ ബാപ്പയിൽ നിന്നാണ് സിദ്ദീഖ് അഹമ്മദിലെ ബിസിനസുകാരൻ ചെറുപ്പത്തിലേ നാമ്പെടുത്തതും സൗദിയുടെ മണ്ണിൽ അത് പുഷ്ടിപ്പെട്ടതും.
മങ്കരയിലെ ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയായ കാലത്ത്  നാടകവും സിനിമയുമൊക്കെ സിദ്ദീഖിന് ഹരമായിരുന്നു. അന്ന് നാടകത്തിൽ അഭിനയിച്ചതിന് സോപ്പുപെട്ടി സമ്മാനം തന്ന അധ്യാപകന്റെ മകൻ ഇന്ന് സിദ്ദീഖ് അഹമ്മദിന്റെ അൽകോബാർ ഓഫീസിലെ ജീവനക്കാരനാണ്. പാലക്കാട്ട് നിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ സിദ്ദീഖ് പിന്നീട് മുംബൈയിലേക്ക് പോയി. മൂത്ത ജ്യേഷ്ഠൻ അബൂബക്കർ അന്ന് മുംബൈയിൽ റിക്രൂട്ടിംഗ് ഏജൻസി നടത്തുകയായിരുന്നു. മുംബൈ ജീവിതമാണ് സിദ്ദീഖിനെ ബിസിനസിന്റെ ബാലപാഠങ്ങൾ പരിശീലിപ്പിച്ചത്. എൺപതുകളുടെ മധ്യത്തിലായിരുന്നു ഇത്. ഐ.ടി.എൽ എന്നറിയപ്പെടുന്ന മികച്ച ട്രാവൽ ടൂറിസം സ്ഥാപനമായി ഇത് പിന്നീട് ഗൾഫിലും ഇന്ത്യയിലും വളർന്നു വലുതായി. 
തൊണ്ണൂറുകളുടെ ആദ്യം സൗദിയിലെത്തിയ സിദ്ദീഖ് അഹമ്മദ് ദമാം അൽമത്റൂത് കമ്പനിയിൽ ജോലിക്കു ചേർന്നു. ക്ലേശകരമായിരുന്നു ആ കാലം. ആദ്യമായി ഗൾഫിലെത്തുന്ന ഏത് മലയാളിയേയും പോലെ ഏറെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നു. എങ്കിലും മനോധൈര്യത്തോടെ പിടിച്ചു നിന്നു. കിട്ടിയ ഏത് ജോലിയും ആത്മാർഥതയോടെ ചെയ്യാൻ മനസ്സിനെയും ശരീരത്തെയും അഭ്യസിപ്പിച്ചു. 
ഇറാഖിന്റെ കുവൈത്തി അധിനിവേശ കാലത്ത് കിഴക്കൻ പ്രവിശ്യയിൽ നിന്ന് പലരും സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ സമയത്താണ് നിശ്ചയദാർഢ്യത്തോടെ  സ്വന്തമായ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. പലരും സഹായിച്ചു. ചിലരൊക്കെ പിന്തിരിപ്പിച്ചു. പക്ഷേ അളവറ്റ ദൃഢവിശ്വാസവും ഇഛാശക്തിയും സിദ്ദീഖിന്റെ ബിസിനസ് ശൃംഖലയെ വളർച്ചയുടെ പുതിയ പടവുകൾ കീഴടക്കാൻ പര്യാപ്തമാക്കി. 
ഏതാനും വർഷങ്ങൾക്ക് മുമ്പ് പരിശുദ്ധ ഹജ് കർമത്തിന് രണ്ടാഴ്ച മുമ്പ് മക്കയിൽ ക്രെയിൻ പൊട്ടിയുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ പാലക്കാട് സ്വദേശി മുഅ്മിന എന്ന തീർഥാടകയുടെ മൃതദേഹം കാലവിളംബം കൂടാതെ വിട്ടുകിട്ടുന്നതിനും യഥാസമയം സംസ്‌കരിക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുന്നതിന് സിദ്ദീഖ് അഹമ്മദ് വഹിച്ച പങ്ക് വളരെ വലുതാണ്. ദമാമിൽ നിന്ന് സൗദി സുഹൃത്തുമായി മക്കയിലെത്തിയ സിദ്ദീഖ് അഹമ്മദ്, മക്കാ ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരന് ഇത് സംബന്ധമായി നൽകാൻ നിവേദനവും കരുതിയിരുന്നു. എന്നാൽ സംസാരമധ്യേ മുഅ്മിനയുടെ കാര്യം കേൾക്കേണ്ട താമസം ഗവർണർ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും മുഅ്മിനയുടെ മൃതദേഹം ഉടൻ വിട്ടുകിട്ടുകയും ചെയ്തു. അസാധാരണ മരണങ്ങൾ സംഭവിച്ചാൽ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ സൗദിയിൽ ഏറെ നാളുകൾ കാത്തിരിക്കേണ്ടിടത്താണ് വളരെ പെട്ടെന്ന് മൃതദേഹം വിട്ടുകിട്ടാനും മക്കയിൽ തന്നെ ഖബറടക്കാനും സാധിച്ചത്. മുഅ്മിനയോടൊപ്പം ഹജിനെത്തിയ ഭർത്താവിനും കുടുംബത്തിനും ആശ്വാസം പകർന്ന ഈ നടപടിയിലൂടെ സിദ്ദീഖ് അഹമ്മദ് മഹത്തായൊരു സേവനമാണ് നിർവഹിച്ചത്.
 നിതാഖാത്ത് നിയമം കൊണ്ടുവന്ന കാലത്ത് പല കാരണങ്ങളാൽ വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്ത നിരവധി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ദമാമിലെ നവോദയ കൾച്ചറൽ സെന്ററുമായി സഹകരിച്ച് നെടുമ്പാശ്ശേരിയിലേക്ക് സ്പെഷ്യൽ വിമാനം ചാർട്ടർ ചെയ്യുകയും നൂറിലധികം പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകുകയും ചെയ്യുക വഴി ജീവകാരുണ്യ രംഗത്ത് സിദ്ദീഖ് അഹമ്മദ് പുതിയ അധ്യായമാണ് എഴുതിച്ചേർത്തത്. ഇങ്ങനെ നാട്ടിലെത്തിയ മലയാളികളുടെയും അവരുടെ കുടുംബത്തിന്റെയും സ്നേഹവും നന്ദിയും നേരിട്ടനുഭവിക്കേ സിദ്ദീഖ് അഹമ്മദിന്റെ മനം നിറഞ്ഞു.
നിയമപരമോ സാമ്പത്തികമോ ആയ യാതൊരു ആലംബവുമില്ലാതെ, പല കാരണങ്ങളാൽ സൗദി ജയിലിനകത്തായ നിരവധിയാളുകളെ രക്ഷപ്പെടുത്തുന്നതിനായി സിദ്ദീഖ് അഹമ്മദിന്റെ നേതൃത്വത്തിലാരംഭിച്ച സ്വപ്നസാഫല്യം എന്ന പദ്ധതിയും നൂറുകണക്കിന് ഇന്ത്യക്കാർക്ക് സഹായമായി. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിതരാകാത്ത, ചെറിയ ചെറിയ കുറ്റങ്ങൾക്ക് പിടിയിലകപ്പെട്ട് പിഴയും മറ്റും അടയ്ക്കാനാകാതെ കഷ്ടപ്പെട്ട ഒട്ടേറെ പേർക്കാണ് സൗദി അധികൃതരെ ഇക്കാര്യത്തിൽ ഇടപെടുവിച്ച് ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ സാധിച്ചത്. കേരള ഗവൺമെന്റും നോർക്ക വകുപ്പും ഇക്കാര്യത്തിൽ സിദ്ദീഖ് അഹമ്മദിന് സമയോചിതമായ സഹായങ്ങൾ നൽകി.
യുവ അത്ലറ്റുകളെയും ഫുട്ബോൾ താരങ്ങളെയും കണ്ടെത്തി അവർക്ക് അർഹമായ പ്രോത്സാഹനം നൽകുന്നതിനും സിദ്ദീഖ് അഹമ്മദ് മുൻകൈ എടുത്ത് പ്രവർത്തിച്ചു. മോട്ടോർ റേസിംഗിൽ ദേശീയ താരമായി ഉയർന്ന തൃശൂർ സ്വദേശി ദിൽജിത്തിനെ കണ്ടെത്തി സഹായം നൽകുന്നതിനും സിദ്ദീഖ് അഹമ്മദ് മുന്നിട്ടിറങ്ങി. 
വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയനുസരിച്ച് അമ്പതോളം വീടുകൾ നിർമിച്ചു നൽകുന്നതിനും പദ്ധതിയിട്ടു. തന്റെ ഉമ്മയുടെ പേരിലാണ് മറിയുമ്മ സ്നേഹവീടുകൾ പദ്ധതി ആവിഷ്‌കരിച്ചത്. 
കച്ചവടത്തിലെ സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും ബാലപാഠങ്ങൾ സിദ്ദീഖ് അഹമ്മദിന് ലഭിച്ചത് ബാപ്പയിൽ നിന്നു തന്നെയാണ്. തൃശൂർ എടക്കഴിയൂരിൽ നിന്ന് കഞ്ചിക്കോട്ടെത്തി പലചരക്ക് കച്ചവടം നടത്തിയാണ് ബാപ്പ മക്കളെ പോറ്റിയത്. മങ്കരയിൽ നിന്ന് കല്യാണം കഴിച്ച് പിന്നീട് മങ്കരയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സിദ്ദീഖ് അഹമ്മദിന് പത്ത് വയസ്സുള്ളപ്പോൾ ബാപ്പയെ നഷ്ടപ്പെട്ടു. എങ്കിലും ബാല്യസ്മൃതികളിൽ കഞ്ചിക്കോട്ട് ബാപ്പയെ കടയിൽ സഹായിച്ചതും മറ്റും നിറമുള്ള ഓർമകളാണ് ഇദ്ദേഹത്തിന്. 
ഗൾഫ് യുദ്ധകാലത്താണ് സിദ്ദീഖ് അഹമ്മദിന്റെ സൗദിയിലെ ബിസിനസ് സ്വപ്നങ്ങൾ പൂവിടാനാരംഭിച്ചത്. കുവൈത്ത് അതിർത്തിയിൽ നിന്ന് പാട്രിയറ്റ് മിസൈലുകളും തിരിച്ച് സ്‌കഡ് മിസൈലുകളും പറന്നു പൊട്ടുകയും അതിനു മുന്നോടിയായി അൽകോബാറിൽ സൈറണുകൾ മുഴങ്ങുകയും ചെയ്ത അക്കാലത്ത് പല സ്വദേശികളും വിദേശികളും രാജ്യം വിട്ടു. ബാക്കിയുള്ളവർ ഭീതിയൊഴിയാതെ ആദ്യദിനങ്ങൾ കഴിച്ചുകൂട്ടി. നമുക്ക് അന്നം തരുന്ന രാജ്യം ഭീഷണി നേരിടുമ്പോൾ ആ രാജ്യത്തോടൊപ്പം നിൽക്കുകയല്ലേ വേണ്ടത് എന്ന ചിന്ത തനിക്കുണ്ടായതായി സിദ്ദീഖ് അഹമ്മദ് പറയുന്നു. പിന്നീട് അന്തരീക്ഷം തണുത്തപ്പോൾ തന്റെ പങ്കാളിത്തത്തോടെയുള്ള കടകൾ വിൽക്കുകയും അവ വിറ്റുകിട്ടിയ പണം ആദ്യ നിക്ഷേപമായി ഇറാം ഗ്രൂപ്പിന് അടിത്തറ പാകുകയും ചെയ്തു. സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും സഹായിച്ചു. ഇൻഡസ്ട്രിയൽ കോൺട്രാക്ടിംഗ് മുതൽ ഐ.ടി രംഗം വരെ നീളുന്ന വ്യത്യസ്ത മേഖലകളിൽ വെന്നിക്കൊടി നാട്ടിയ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കമായിരുന്നു അത്. 
എല്ലാ ബിസിനസ് ശാഖകളും ആധുനികവൽക്കരിക്കുകയും ശാസ്ത്രീയമാക്കുകയും ചെയ്യുന്നതിലൂടെ കാലത്തിന്റെ മാറ്റം വളരെ വേഗം ഉൾക്കൊള്ളാൻ ഇറാം ഗ്രൂപ്പിന് സാധിച്ചു. 
ഇന്ത്യയിലാദ്യത്തെ ഇ. ടോയ്ലറ്റ് പദ്ധതി ആവിഷ്‌കരിക്കുന്നതിന് ഇറാമിന് സാധിച്ചത് അതുകൊണ്ടാണ്. വിവിധ സംസ്ഥാനങ്ങളിലായി 1800 ഇ. ടോയ്ലറ്റുകൾ ഇപ്പോഴുണ്ട്. കേരളത്തിൽ ഇത് വേണ്ടത്ര വിജയം കാണാത്തത് എന്താണെന്ന ചോദ്യത്തിന് സിദ്ദീഖ് അഹമ്മദിന്റെ മറുപടി: നമ്മുടെ പഞ്ചായത്തുകളെയോ നഗരസഭകളെയോ ആണ് ഇവയുടെ ചുമതല ഏൽപിച്ചിരുന്നത്. സാങ്കേതികമായ പല കാരണങ്ങളാലും അവർക്ക് വേണ്ട രീതിയിൽ ഇ. ടോയ്ലറ്റ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല എന്നതാണ് പ്രധാന കാരണം. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ പക്ഷേ ഈ പദ്ധതി വിജയം കണ്ടു. പുതിയ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഇറ്റാലിയൻ ടെക്നോളജിയിലൂടെയുമാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രധാനമന്ത്രിയിൽ നിന്ന് സഫായിഗിരി പുരസ്‌കാരം സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങിയതും ഇത്തരം പദ്ധതികളുടെ ഭാവനാ സമ്പന്നതക്ക് ലഭിച്ച അംഗീകാരമാണ്. ഇറാം ഗ്രൂപ്പിന്റെ ആർ ആന്റ് ഡി (റിസർച്ച് ആന്റ് ഡെവലപ്മെന്റ്) പദ്ധതിക്ക് ദേശീയ തലത്തിൽ സ്വീകാര്യത ലഭിച്ചതും അത്  കൊണ്ടു തന്നെ.
വ്യക്തിപരമായ നേട്ടങ്ങൾക്കുപരി സാമൂഹിക നന്മയും രാജ്യനന്മയും മുന്നിൽ കണ്ടുകൊണ്ടാണ് സിദ്ദീഖ് അഹമ്മദും അദ്ദേഹത്തിന്റെ ടീമും ഓരോ ബിസിനസ് സംരംഭവും ആസൂത്രണം ചെയ്യുന്നതും അവയെ വിജയത്തിലേക്ക് നയിക്കുന്നതും. പ്രകൃതി സംരക്ഷണം, പരിസര ശുചിത്വം, മനുഷ്യാവകാശം, സാമ്പത്തികോന്നമനം എന്നീ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ പങ്കാളിത്തത്തോടെ കാമ്പയിനു തന്നെ ഇറാം തുടക്കമിട്ടുകഴിഞ്ഞു. 
പാലക്കാട്ടെ പാടങ്ങളിലെ സെവൻസ് ഫുട്ബോൾ മുതൽ രാജ്യാന്തര സ്റ്റേഡിയങ്ങളിലെ വലിയ ടൂർണമെന്റുകൾ വരെ നീളുന്ന കളിയാസ്വാദനങ്ങൾ, ചാനൽ പ്രവർത്തനം മുതൽ സിനിമാ നിർമാണം വരെ (വിനോദ് മങ്കര സംവിധാനം ചെയ്ത കരയിലേക്കൊരു കടൽ ദൂരം, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രൻ എന്നിവയുടെ നിർമാതാവ് സിദ്ദീഖ് അഹമ്മദാണ്. വീരപുത്രന്റെ നിർമാണച്ചെലവ് നാലു കോടി രൂപ) നീളുന്ന സർഗാത്മക പ്രവർത്തനങ്ങൾ, ഐ.ടി ഗവേഷണവും ഗവൺമെന്റുമായി കൈകോർത്തുകൊണ്ടുള്ള നിരവധി സാമൂഹിക വികസന പദ്ധതികൾ, കുട്ടികൾക്ക് അറിവു പകർന്നു കൊടുക്കുന്ന ആകർഷകമായ പരിപാടികൾ ...ഇങ്ങനെ വിഭിന്നമായി നീണ്ടുപോകുന്നതാണ് സിദ്ദീഖ് അഹമ്മദിന്റെ കർമ സരണി.
ഇറ്റാലിയൻ നഗരമായ മിലാനിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടിക്കിടെയുണ്ടായ സംഭവം അന്ന് സിദ്ദീഖ് അഹമ്മദിനോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അനുസ്മരിക്കുന്നു:
ഹോട്ടലിലെ നിയോൺ പ്രകാശത്തിന്റെ വെട്ടത്തിൽ തീറ്റയും കുടിയും അരങ്ങ് കൊഴുപ്പിക്കുന്ന രാത്രി. ഫ്ളോറിൽ റഷ്യൻ ഗായിക. തീൻമേശയിലെ വിഭവങ്ങളിലേക്ക് നോക്കിയിരിക്കേ പുറത്ത് ചെറിയൊരു ബഹളം. പിന്നെ ആ ബഹളം വലുതായി. സിദ്ദീഖ് അഹമ്മദും സുഹൃത്തുക്കളും വാതിൽക്കലേക്ക് നോക്കിയപ്പോൾ കണ്ടത് യാചകവൃത്തിയിലേർപ്പെട്ട ഒരു വൃദ്ധ ഭക്ഷണത്തിനായി ആർത്തിയോടെ കൈ നീട്ടുന്നതും സെക്യൂരിറ്റിക്കാർ അവരെ ആട്ടിയോടിക്കുന്നതുമാണ്. ഉടനെ സിദ്ദീഖ് അഹമ്മദ് അവരെ കൈകാട്ടി വിളിക്കുകയും തന്റെ തീൻമേശക്കരികിലേക്ക് വിളിച്ചു കൂടെയിരുത്തി ഭക്ഷണമെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 
കണ്ടു നിന്നവർ അവിശ്വാസത്തോടെ നോക്കുകയും സെക്യൂരിറ്റിക്കാർ വീണ്ടും ശബ്ദമുയർത്തുകയും ചെയ്തു. പക്ഷേ സിദ്ദീഖ് അഹമ്മദ് ആ സ്ത്രീയുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും അവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്തു. അന്നേരമാണ് ആ വൃദ്ധ തന്റെ മകൻ പുറത്തുണ്ട് എന്ന് ആംഗ്യഭാഷയിൽ പറഞ്ഞത്. മകനെ കൂടി കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവർ ഓടിപ്പോയി പുറത്ത് കാത്തുനിന്ന മകനെയും തീൻമേശക്കരിക്കിലേക്ക് കൊണ്ടുവന്നു. ആ അമ്മയും മകനും ആർത്തിയോടെ വിശപ്പടക്കുന്നത് നിറഞ്ഞ സംതൃപ്തിയോടെയാണ് സിദ്ദീഖ് അഹമ്മദ് നോക്കിനിന്നത്. ഈ സംഭവമൊക്കെ പാട്ടിനിടയിലും കണ്ടുനിന്ന റഷ്യൻ ഗായിക ഓടിവന്ന് സിദ്ദീഖ് അഹമ്മദ് എന്ന ഹോട്ടൽ അതിഥിയുടെ ഔദാര്യത്തെ അറിയാവുന്ന എല്ലാ ഭാഷകളിലും വാഴ്ത്തുകയായിരുന്നു.
മങ്കരയിലും പാലക്കാട്ടും കേരളത്തിലുമൊക്കെ ഒരു നേരത്തെ വിശപ്പടക്കാൻ പാടുപെടുന്ന അമ്മമാരെ ഒരു നിമിഷം സിദ്ദീഖ് അഹമ്മദ് ഓർത്തുകാണണം. ഇല്ലെങ്കിൽ ആർക്കാണ് ആഡംബരങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ആരവങ്ങൾക്കിടയിലേക്ക്, അതും ഒരു അന്യനാട്ടിൽ വെച്ച് യാചകവൃത്തിയിലേർപ്പെട്ട ഒരു സ്ത്രീയെയും മകനെയും ക്ഷണിച്ചിരുത്താനുള്ള ധൈര്യമുണ്ടാവുക? പിന്നിട്ട വഴിത്താരകൾ ഒരിക്കലും മറക്കാത്ത മനുഷ്യ സ്നേഹിയായ ബിസിനസുകാരനാണ് സിദ്ദീഖ് അഹമ്മദ്. - പക്ഷേ ഞാൻ തനി നാട്ടിൻപുറത്തുകാരനാണ്. നാട്ടുനന്മകൾ വറ്റിപ്പോകാത്ത മനസ്സുള്ള ആൾ. എന്റെ മങ്കരയും എന്റെ പാലക്കാടും എന്റെ കേരളവും കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ..
മാസത്തിൽ ഇരുപത് ദിവസവും വിമാനയാത്ര നടത്തുന്ന, ലോകരാജ്യങ്ങളിൽ ഏറെയും സഞ്ചരിച്ചിട്ടുള്ള സിദ്ദീഖ് അഹമ്മദിന് പാലക്കാട് സദാ നൊസ്റ്റാൾജിയ തന്നെ. അദ്ദേഹത്തിന്റെ അൽകോബാർ ഹെഡ് ഓഫീസിലെ എഴുപത് ശതമാനം ജീവനക്കാരും പാലക്കാട് ജില്ലക്കാർ. ഇതെന്തു കൊണ്ടാണെന്നു ചോദിച്ചപ്പോൾ സിദ്ദീഖ് അഹമ്മദ് ചിരിച്ചു: ബോധപൂർവം ഞാൻ പാലക്കാട്ടുകാരെ ജോലിക്കെടുത്തതല്ല. പക്ഷേ ജോലി തേടി എന്റെ അടുത്തെത്തുന്ന പാലക്കാട്ടുകാരെ ഞാൻ മടക്കി അയക്കാറുമില്ല...
ഭാര്യ പട്ടാമ്പി കരിങ്ങനാട് സ്വദേശി നുഷൈബ സിദ്ദീഖ് അഹമ്മദിന്റെ വളർച്ചയിലെ ശക്തിസ്രോതസ്സ് തന്നെ. മക്കൾ: റിസ്വാൻ അഹമ്മദ്. റിസാന മറിയം, റിസ്വി മറിയം.
 

Latest News