Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

മൈ ബ്രണ്ട്, ഇന്ത്യാസ് ബ്രണ്ട് 

എസ്.എഫ്.ഐ കാലത്ത് സദാ കേൾക്കാറുള്ള ഒരു മുദ്രാവാക്യമായിരുന്നു ടാറ്റ, ബിർള, ഗോയങ്ക കുത്തക മൂരാച്ചികൾ തുലയട്ടെ. ടാറ്റയുടെ ബസുകളും ലോറികളു റോഡിൽ ധാരാളമായി കാണുമെങ്കിലും ഈ സ്ലോഗൻ ചെലുത്തിയ സ്വാധീനം  കാരണം ടാറ്റ എന്ന വാക്ക് വെറുക്കപ്പെടേണ്ട പട്ടികയിൽ ഇടം പിടിച്ചു. ഈ കുത്തകകളും കേന്ദ്രം ഭരിക്കുന്ന കോൺഗ്രസും തമ്മിലുള്ള രഹസ്യ ബാന്ധവമാണ് ഇന്ത്യക്കാർ അനുഭവിക്കുന്ന സകല പ്രയാസങ്ങൾക്കും കാരണമെന്നും വിശ്വസിച്ചു. കാലം കുറെ കഴിഞ്ഞപ്പോൾ ടാറ്റയും ബിർളയും ഗോയങ്കയും ആരെയും അലോസരപ്പെടുത്തുന്നില്ല. മോഡിക്കാലത്ത് ഈ സ്ഥാനമേറ്റെടുത്തത് അദാനി, അംബാനി ആദികളാണ്. അതെന്തോ ആവട്ടെ. ടാറ്റ നല്ല കാര്യങ്ങൾ പലതും ചെയ്യുന്നുവെന്ന്് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വായിച്ചു. കേരളത്തിൽ കാസർകോട്ട് കോവിഡ് ആശുപത്രി തുടങ്ങാൻ മുൻകൈയെടുത്തതും ടാറ്റയാണ്. ഇന്ത്യയിൽ പ്രധാന നഗരങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് തനിഷ്‌ക ജ്വല്ലറി. ദീപാവലി കാലത്ത് തിരക്ക്് കൂട്ടി കോവിഡ് വ്യാപനത്തിനിടയാക്കരുതെന്ന്് ജ്വല്ലറിക്കാരൻ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത് ചിലർക്കൊന്നും രസിച്ചില്ല. അഹമ്മദാബാദിലുൾപ്പെടെ അതിക്രമങ്ങളുണ്ടായി. സ്ഥാപനം ടാറ്റയുടേതാണെന്ന്് തിരിച്ചറിഞ്ഞതോടെ വിസിലിട്ട് നിർത്തുന്നത് പോലെ ബഹളത്തിന് ഫുൾ സ്റ്റോപ്പായി. ടാറ്റ മേധാവി സർക്കാരിനെ സ്വാധീനിച്ച്  കാര്യങ്ങൾ നേടാൻ പോകാറില്ല, സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താൻ മാധ്യമങ്ങളുടെ സഹായം തേടാറില്ലെന്നതുമൊക്കെയാണ് രത്തൻ ടാറ്റയുടെ ഗുണങ്ങളായി പറഞ്ഞു കേൾക്കാറുള്ളത്. അതിലൊക്കെ ശ്രദ്ധേയമായത് പിന്നിട്ട വാരത്തിൽ സീ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പുനെ സന്ദര്ശനത്തെ കുറിച്ച് വന്ന റിപ്പോർട്ടാണ്. 
കോവിഡ്19 പശ്ചാത്തലത്തിലും പുനെയിലെ രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാനാണ്  രത്തൻ ടാറ്റ എത്തിയത്. പത്രങ്ങളിലും ചാനലുകളിലും ഇത് വാർത്തയായി. അദ്ദേഹം  സാമൂഹ്യ മാധ്യമത്തിലെ താരമാവുകയും ചെയ്തു.  ജീവനക്കാരന്റെ സുഹൃത്ത്്  യോഗേഷ് ദേശായി ഈ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെയാണ്  പുറംലോകം അറിയുന്നത്. ജീവനക്കാരൻ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിൽ കഴിയുകയാണ്. ഇത് അറിഞ്ഞതോടെയാണ് പുനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ 83 കാരനായ രത്തൻ ടാറ്റ തീരുമാനിക്കുന്നത്.
'രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ടു വർഷമായി അസുഖബാധിതനായ മുൻ ജീവനക്കാരനെ സന്ദർശിക്കുന്നതിനായി പുനെയിലെ  ഫ്രണ്ട്‌സ് സൊസൈറ്റിയിൽ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാ ജീവനക്കാരില്ല. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നിൽ ബഹുമാനത്താൽ ഞാൻ എന്റെ ശിരസ്സ് കുനിക്കുകയാണ്.' ജീവനക്കാരനുമായി സംസാരിക്കുന്ന രത്തൻ ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് കുറിച്ചു.

*** *** ***

ട്രംപണ്ണൻ പറയുന്നതേ പ്രവഷറപത്തിക്കൂ എന്ന് ലോകത്തിന് മൊത്തം ബോധ്യമായി. അമേരിക്കയിൽ അധികാര കൈമാറ്റം അത്ര എളുപ്പമായിരിക്കില്ലെന്ന്് നവംബറിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൊറോണ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഗുജറാത്തിൽ സ്റ്റേഡിയം സമർപ്പിക്കാനെത്തിയപ്പോഴേ മോഡിജിക്ക് ബ്രണ്ടിന്റെ പോക്കിൽ പന്തികേട് തോന്നിയത് കൊണ്ടാവണം, പേരിന്റെ സ്‌പെല്ലിംഗ് തെറ്റിച്ച് മൈ ബ്രണ്ട് ഡോളാണ്ട് ട്രംപ് എന്നു പറഞ്ഞത്. അഹമ്മദാബാദ്, മുംബൈ, കൊയിലാണ്ടി, ആഗ്ര വഴി കറങ്ങി നടന്ന നാളുകളിൽ ട്രംപിന് ഇഷ്ടം പോലെ സമയം കിട്ടിക്കാണും. സർക്കാർ അതിഥി മന്ദിരത്തിൽ കൊതുകുകടി കാരണം ഉറക്കം നഷ്ടപ്പെട്ട ട്രംപണ്ണൻ നേരം കളയാൻ ഇന്ത്യൻ ജീവിതവുമായി ബന്ധമുള്ള ചില പൊളിറ്റിക്കൽ വീഡിയോസ് കണ്ടിരിക്കാനിടയുണ്ട്. 
കണ്ണൂരിലെ എ.കെ.ജി ആശുപത്രി  ഇലക്ഷൻ, കേരള നിയമസഭയിലെ മാണി മുക്ത യജ്ഞം, മോഹൻലാൽ അഭിനയിച്ച പെരിച്ചായി സിനിമ പോലുള്ളവ. ഏതായാലും അതിന്റെയെല്ലാം ഫലമായി അമേരിക്കയുടെ ഗ്രാഫ് കുത്തനെ ഉയരകുയാണ്. കാപിറ്റോളിൽ നിന്ന് ബോംബും കഠാരയും പിടിച്ച വാർത്ത വായിച്ചപ്പോൾ തലശ്ശേരിയുടെ പ്രാന്ത ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രതീതി. കലാപം വന്നപ്പോൾ എം.പിമാർക്ക് ജീവനും കൊണ്ടോാടാൻ ഒര തുരങ്കമുണ്ടായത് നന്നായി. യു.എസ് കാപിറ്റോളിൽ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്‌നേഹികളെന്നാണ് പ്രസിഡന്റിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംപ് വിശേഷിപ്പിച്ചത്. അതാണ് കാര്യം. ദേശീയ ബോധം ഇടക്കൊക്കെ പ്രകടിപ്പിക്കുകയും വേണം. ഇതെല്ലാം സഹിക്കാം, മോഡിജി സുഹൃത്തിനെ ആപൽഘട്ടത്തിൽ കൈയൊഴിഞ്ഞത് കണ്ടില്ലേ. 
'വാഷിംഗ്ടൺ ഡി.സിയിലെ അക്രമത്തെയും കലാപത്തെയും കുറിച്ചുള്ള വാർത്തകൾ  പ്രയാസമുണ്ടാക്കുന്നു. ചിട്ടയോടെയും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. നിയമ വിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കാനാവില്ല' -ഇതായിരുന്നു മോഡിയുടെ ട്വീറ്റ്. 

*** *** ***

ലോക്ഡൗൺ നിയമങ്ങൾ നിലവിലിരിക്കേ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ താക്കീത് ചെയ്ത് ബ്രിട്ടീഷ് പോലീസ്. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലെ സലൂണിൽ മുടി കളർ ചെയ്യാനെത്തിയ പ്രിയങ്കയെയും അമ്മയെയുമാണ് പോലീസ് നേരിട്ടത്. പൊതുജനങ്ങളെ പുറത്തിറങ്ങുന്നത് തടയുന്നതിനിടെയാണ് താരത്തെയും അമ്മയെയും താക്കീതു ചെയ്തത്.  ജോഷ് വുഡ് കളർ സലൂണിലാണ് 38 കാരിയായ പ്രിയങ്ക ചോപ്ര എത്തിയത്. ഇവിടെ അപ്പോയിന്റ്‌മെന്റ് എടുത്തതായി വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി. ഹെയർ കളർ ചെയ്യാൻ എത്തിയത് ഒരു സിനിമക്ക് വേണ്ടിയാണെന്ന പേപ്പറുകൾ കാണിച്ചതോടെ താരത്തെ പിഴ ഈടാക്കാതെ പോലീസ് വിട്ടയച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ച ഒന്നര മാസം നീണ്ടുനിൽക്കുന്ന ഇത്രയും കർശനമായ ലോക്ഡൗണിനിടക്കും സിനിമാ ചിത്രീകരണമോ? പ്രിയങ്ക കുടുങ്ങിയ വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ പ്രമുഖ ദേശീയ ചാനൽ പറഞ്ഞത് പ്രിയങ്ക ചോപ്ര നിലവിൽ 28 കാരനായ ഭർത്താവ് നിക്ക് ജോണാസിന് ഒപ്പം ലണ്ടനിലാണ് താമസമെന്നാണ്. ഏഷ്യാനെറ്റിലെ കണ്ണീർ പരമ്പരയിലെ അമ്മായിഅമ്മയുടെ ഭാഷയായിപ്പോയി ഇത്. ഓളുടെ ഭർത്താവ് പത്ത്് വയസ്സ് ഇളയതാണെന്ന് പറയാതെയും ഇക്കാര്യം റിപ്പോർട്ട് ചെയ്യാമല്ലോ. 
പരസ്യത്തിൽ പറഞ്ഞ പോലെ ഹെയർ ഓയിൽ ഉപയോഗിച്ചിട്ട് മുടി വളർന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നടൻ അനൂപ് മേനോന് പിഴ. തൃശൂർ വൈലത്തൂർ സ്വദേശിയായ ഫ്രാൻസിസ് വടക്കന്റെ പരാതിയിലാണ് ഉപഭോകൃത തർക്കപരിഹാര കമ്മീഷൻ അനൂപ് മേനോനും ധാത്രിക്കുമെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഹെയർ ഓയിൽ വിറ്റ വൈലത്തൂരിലെ എ വൺ മെഡിക്കൽസ് ഉടമ മൂവായിരം രൂപയും പിഴ അടയ്ക്കണം. പിഴത്തുക  ഹരജിക്കാരനായ ഫ്രാൻസിസ് വടക്കന് നൽകാനാണ് കോടതി ഉത്തരവ്. ധാത്രി ഉപയോഗിച്ചിട്ട് ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്പനിക്കെതിരെ ഫ്രാൻസിസ് വടക്കൻ നോട്ടീസ് അയച്ചത്. ഇതോടെ ധാത്രി പരസ്യം ഒഴിവാക്കി. എന്നാൽ നഷ്ടപരിഹാരം നൽകാൻ തയാറാകാത്തതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മേനോനെ വിസ്തരിച്ചിരുന്നു.
അമ്മ കാച്ചിത്തരുന്ന എണ്ണയാണ് താൻ ഉപയോഗിക്കാറ്, ധാത്രി ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. നേരത്തെ ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം വർധിക്കുമെന്ന മമ്മൂട്ടിയുടെ പരസ്യത്തിന് നേരെയും കോടതി നടപടി സ്വീകരിച്ചിരുന്നു. 2013 ൽ ആയിരുന്നു ഇത്.
മമ്മൂട്ടിയുടെ പരസ്യം കേട്ട് ഒരു വർഷത്തോളം ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടു എന്നായിരുന്നു പരാതി. 50,000 രൂപയും മറ്റു ചെലവുകളും നൽകണമെന്നായിരുന്നു ഹരജിയിൽ പറഞ്ഞിരുന്നത്. ഒടുവിൽ ഇന്ദുലേഖ കമ്പനി 30,000 രൂപ കൊടുത്താണ് കേസ് ഒതുക്കിത്തീർത്തത്. തെന്നിന്ത്യയിലെ പ്രമുഖ നടി അമല പോൾ ചന്ദ്രിക സോപ്പിന്റെ പരസ്യത്തി്ൽ വരാറുണ്ട്. സോപ്പ് ഉപയോഗിച്ച് തുടങ്ങിയ ശേഷം ചൊറി മാറിയതെല്ലാം പറയുന്നുണ്ട്. അമലയ്ക്ക് ഭയം വേണ്ട. കൂട്ടുകാരി റിയ പറഞ്ഞിട്ടാണ് സോപ്പിന്റെ മഹത്വം തിരിച്ചറിഞ്ഞതെന്നാണ് പരസ്യത്തിൽ. റിയ കുടുങ്ങിക്കോട്ടെ. 

*** *** ***

ഇന്ത്യയിലെ  കോവിഡ് വാക്‌സിൻ സംബന്ധിച്ച ഇന്ത്യ ടി.വി ചെയർമാന്റെ വാദം പൊളിച്ചടക്കുന്ന ഫാക്ട് ചെക്ക് റിപ്പോർട്ട്. ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിനു വേണ്ടി 190 രാജ്യങ്ങൾ മുൻകൂർ ബുക്ക് ചെയ്തിട്ടുണ്ടെന്ന ഇന്ത്യ ടി.വി ചെയർമാന്റെ വാദം അടിസ്ഥാനരഹിതമാണെന്നാണ്  വാർത്തകൾ. ആഗോള തലത്തിൽ വാക്‌സിൻ നൽകുകയെന്നത് കമ്പനിയുടെ ലക്ഷ്യമാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ ജനുവരി മൂന്നിന്  പ്രസ്താവനയിൽ പറഞ്ഞിരുന്നു. 70 രാജ്യങ്ങളിലെ വിദേശ പ്രതിനിധികൾ ഡിസംബർ 9 ന് കമ്പനിയുടെ മാനുഫാക്ചറിംഗ് യൂനിറ്റുകൾ സന്ദർശിച്ചിരുന്നുവെങ്കിലും ഓർഡറുകളെക്കുറിച്ചോ പ്രീ ബുക്കിംഗിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 190 രാജ്യങ്ങൾ വാക്‌സിൻ മുൻകൂർ ബുക്ക് ചെയ്‌തെന്നായിരുന്നു ഇന്ത്യ ടി.വി ചെയർമാൻ രജത് ഷർമ്മ ട്വീറ്റ് ചെയ്തത്. മോഡിയുടെ നയങ്ങൾ കാരണമാണ് ഇത് നടന്നതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

*** *** ***

മലയാളത്തിൽ ദൃശ്യമാധ്യമങ്ങൾ സജീവമാവുന്നതിന് മുമ്പ്് ദൂരദർശൻ മലയാളം മാത്രമാണുണ്ടായിരുന്നത്. മലയാളികളുടെ സ്വീകരണ മുറിയിൽ ആദ്യം എത്തിയ ന്യൂസ് റീഡർമാരാണ് ഹേമലതയും കണ്ണനും.  1985 ജനുവരി രണ്ടിന് കണ്ണനും  ജനുവരി 3 നു ഹേമലതയുമാണ് വാർത്ത വായിച്ചത്. കഴിഞ്ഞ 36 വർഷമായി തിരുവനന്തപുരം ദൂരദർശൻ വാർത്താ വിഭാഗത്തിലെ അംഗമാണ് ഡി. ഹേമലത. നീണ്ട ഇടവേളക്ക്് ശേഷം ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ദൂരദർശനിൽ മലയാളം വാർത്ത വായിച്ചത് ഡി. ഹേമലതയാണ്.

Latest News