Sorry, you need to enable JavaScript to visit this website.

പ്രവാസം ചേതോഹരം, ചന്ദ്രമോഹനം 

നിറഞ്ഞ സഹൃദയനും എഴുത്തുകാരനുമാണെങ്കിലും മിക്ക സൃഷ്ടികളും തന്റെ സ്വകാര്യ നിധിയായി എഴുതിയും ആസ്വദിച്ചും സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. ഏതാനും  വർഷം മുമ്പാണ് അന്തരിച്ച തന്റെ പ്രിയപ്പെട്ട സുഹൃത്തായ സംഗീത സംവിധായകൻ രാജാമണി ചന്ദ്രമോഹന്റെ ചില ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ച്  പ്രശസ്തരായ ഗായകരെക്കൊണ്ട് പാടിച്ച് 'മഴനീർകണങ്ങൾ' എന്ന ആൽബം പുറത്തിറക്കിയത്.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ ചന്ദ്രമോഹൻ പിള്ള പ്രവാസ ലോകത്ത് സജീവമായ സാംസ്‌കാരിക പ്രവർത്തനത്തിന്റെ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്.  ഒരു പ്രമുഖ ബാങ്കിലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നപ്പോഴും തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിൽ പാട്ടും കലയും സിനിമയുമൊക്കെയാണ് ഈ ആലപ്പുഴക്കാരന്റെ ജീവിത താളം മനോഹരമാക്കിയത്. മാനവികതക്കും സൗഹൃദത്തിനും എന്നും വില കൽപിച്ച സഹൃദയനായ ഈ കലാകാരന്റെ സ്നേഹോഷ്മളമായ പെരുമാറ്റം ഏവരേയും ആകർഷിക്കുന്നതാണ്. 


നീണ്ട 38 വർഷങ്ങളോളം  ഒരേ ബാങ്കിന്റെ വിവിധ തസ്തികകളിൽ ജോലി ചെയ്ത്  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ  മികച്ച ജീവനക്കാരൻ എന്ന അംഗീകാരത്തോടെ സ്വദേശികളുടെയും വിദേശികളുടെയും മനം കവരുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതത്തിലും പ്രൊഫഷനിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന കുറെ മൂല്യങ്ങളും ചിട്ടകളുമാണ്.  
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ ദാമോദരൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാലു മക്കളിൽ മൂന്നാമനാണ് ചന്ദ്രമോഹൻ പിള്ള. ബംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്ത ശേഷം സെന്റ് മാർത്താസ് ഹോസ്പിറ്റലിൽ രണ്ട് വർഷത്തോളം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തു. അധ്യാപികയായിരുന്ന അമ്മയിൽ നിന്നാണ് ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ കരിയറിൽ ഏറ്റവും ഉയർന്ന നിലയിലെത്തുകയെന്നതിനാണ് അദ്ദേഹം എന്നും ശ്രദ്ധിച്ചത്. ബാങ്കിലെ ഒരു സാധാരണ ടെല്ലറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ വകുപ്പ് മേധാവി എന്ന പദവി വരെയെത്തിയതും നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും കൊണ്ടാണ്. 


ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹി എന്ന നിലയിലാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുക. കഴിഞ്ഞ ദിവസം ബാങ്കിലെ മലയാളി ജീവനക്കാർ ചേർന്നു നൽകിയ യാത്രയയപ്പിൽ പലരും മനസ്സു തുറന്നപ്പോൾ സാധാരണ ഗതിയിൽ വാചാലനാവാറുള്ള ചന്ദ്രമോഹൻ പിള്ള പോലും വൈകാരിക സമ്മർദത്താൽ വാക്കുകൾ കിട്ടാതെ പ്രയാസപ്പെടുകയായിരുന്നു. തങ്ങളുടെ ഒരു മുതിർന്ന സഹോദരനോടും രക്ഷാധികാരിയോടുമൊക്കെയുള്ള വികാരവായ്പും സ്നേഹവും പ്രകടിപ്പിച്ച ജീവനക്കാരുടെ വാക്കുകൾ പലരുടെയും കണ്ണു നനയിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വില പിടിച്ച അംഗീകാരം തന്റെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നിറഞ്ഞ സ്നേഹമാണെന്നാണ് ആ ചടങ്ങിൽ ചന്ദ്രമോഹൻ പിള്ള പറഞ്ഞത്. 
പ്രവാസ ലോകത്തെ ഓളങ്ങളിൽ നിന്നും മാറി എന്നും ക്രിയാത്മകതയുടെ മേഖലകളിൽ വ്യാപരിക്കുവാനാണ് അദ്ദേഹം  ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ കലാസാംസ്‌കാരിക സംഘടനകളിലോ പൊതുപ്രവർത്തന രംഗത്തോ അദ്ദേഹം അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല. ജാതി മത രാഷ്ട്രീയ പരിഗണനകൾക്കതീതമായി മനുഷ്യപ്പറ്റിന്റെ വികാരങ്ങൾക്കാണ് അദ്ദേഹം എന്നും മുൻതൂക്കം നൽകുന്നത്. മാത്രവുമല്ല ഇത്തരം മാനുഷിക പ്രവർത്തനങ്ങളൊക്കെ കഴിയുന്നത്ര സ്വകാര്യമായി ചെയ്യുമ്പോഴാണ് അത് കൂടുതൽ സാർഥകമാകുന്നത് എന്നാണ് അദ്ദേഹം കരുതുന്നത്. 
ജീവിതത്തിൽ സഹജീവികളെ സേവിക്കാനാവുന്നതും മാനവികതക്ക് മുതൽകൂട്ടാകുന്ന എന്തെങ്കിലും ചെയ്യുന്നതിനുമാണ് താൻ പ്രാമുഖ്യം നൽകുന്നതെന്ന് പറയുമ്പോൾ അദ്ദേഹം തന്റെ കർമനിയോഗവും നിലപാടുമാണ് വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ മായയിൽ പെട്ടുപോവാതെ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സഹജീവികളെ സഹായിക്കുമ്പോൾ ലഭിക്കുന്ന സായൂജ്യം വാക്കുകൾക്കതീതമാണ്. ഓരോരുത്തരും തങ്ങളുടെ സെൽഫ് റെസ്പക്ട് നിലനിർത്തുകയും അഹങ്കരിക്കുവാൻ മാത്രം ഒന്നുമില്ലെന്ന് തിരിച്ചറിയുകയും വേണം. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും തന്റേതു കൂടിയാകുന്ന നിലവാരത്തിലേക്ക് ഉയരുമ്പോഴാണ് നാം ശരിയായ മനുഷ്യരാകുന്നത്. ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ക്യൂടെൽ ജീവനക്കാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ കലയും  മകൾ ഡോ. സുനിതയും അദ്ദേഹത്തിന്റെ ഇതേ കാഴ്ചപ്പാടുകളുള്ളവരാണ് എന്നതും പ്രത്യേക പരാമർശമർഹിക്കുന്നു. 
ജീവിതം മനോഹരമാകുന്നത് നാം ഓരോരുത്തരും നമ്മുടെ കാൽപാടുകളും പാരമ്പര്യവും അടയാളപ്പെടുത്തുമ്പോഴാണ്. മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനമുണ്ടാവുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ മനസ്സിലും  ചിന്തയിലും പ്രാർഥനയിലും ജീവിക്കുവാനായാൽ ജീവിതം സാർഥകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 


നമ്മുടെ വാക്ക് വലിയ മൂർച്ചയുളള്ള ആയുധമാണ്. അതിനാൽ അത് വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം പ്രയോഗിക്കുവാൻ. മറ്റുള്ളവരെ പരിഗണിക്കുന്ന മനസ്സാണ് നമുക്ക്  വേണ്ടത്. മറ്റുള്ളവരുടെ വികാര വിചാരങ്ങളും വ്യക്തിത്വവുമൊക്കെ ആദരിക്കാനും  പരിഗണിക്കാനും ശീലിക്കുമ്പോഴാണ് നമ്മിൽ സാംസ്‌കാരിക പ്രബുദ്ധതയുണ്ടാവുന്നത്. 
യാതൊരു പ്രതിഫലവുമാഗ്രഹിക്കാതെ സമൂഹത്തിന് സേവനം ചെയ്യുവാനും കർമങ്ങളനുഷ്ഠിക്കുവാനുമാണ് ഒരോരുത്തരും ശ്രദ്ധിക്കേണ്ടത്. പ്രതിഫലമൊക്കെ താനേ വന്നുകൊള്ളും. നല്ല കർമങ്ങളാണ് ജീവിതത്തിന് എന്നും ശാന്തിയും സമാധാനവും നൽകുക. നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയിൽ കുറെ നല്ല മനുഷ്യരുമായി ഇടപഴകാനും പലരെയും സ്നേഹോഷ്മളമായ രീതിയിൽ സേവിക്കുവാനും അവസരം ലഭിച്ചുവെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. 
കുട്ടിക്കാലം മുതലേ കഥയും കവിതയും നാടകവുമൊക്കെ അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു. അമ്മയുടെ ശിക്ഷണത്തിൽ വായനയും ആസ്വാദനവും മുറക്ക് നടക്കുമ്പോൾ നൈസർഗിക വാസനകളും സർഗശേഷിയും പുഷ്‌കലമാവുകയായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ചെറുകഥക്ക് ഒന്നാം സമ്മാനം നേടിയതും കെ.പി. ഉമ്മറിൽ നിന്നും അതിന് സമ്മാനം സ്വീകരിക്കുകയും ചെയ്തത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. ബാംഗ്ലൂരിലെത്തിയ ശേഷം അവിടെ മലയാളി സമാജത്തിന്റെ വിവിധ വേദികളിൽ കഥയും കവിതയും നാടകവുമൊക്കെ അവതരിപ്പിച്ച് ചന്ദ്രമോഹൻ തന്റെ കഴിവ് തെളിയിച്ചു. 
ദോഹയിൽ ചന്ദ്രകല ആർട്സിന്റെ ബാനറിൽ കഴിഞ്ഞ അഞ്ച് വർഷമായി  അദ്ദേഹം സംഘടിപ്പിച്ചുവരുന്ന ഹൃദയരാഗങ്ങൾ സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. 
നിറഞ്ഞ സഹൃദയനും എഴുത്തുകാരനുമാണെങ്കിലും മിക്ക സൃഷ്ടികളും തന്റെ സ്വകാര്യ നിധിയായി എഴുതിയും ആസ്വദിച്ചും സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. ഏതാനും  വർഷം മുമ്പാണ് അന്തരിച്ച തന്റെ പ്രിയപ്പെട്ട സുഹൃത്തായ സംഗീത സംവിധായകൻ രാജാമണി ചന്ദ്രമോഹന്റെ ചില ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ച്  പ്രശസ്തരായ ഗായകരെക്കൊണ്ട് പാടിച്ച് 'മഴനീർകണങ്ങൾ' എന്ന ആൽബം പുറത്തിറക്കിയത്. കൂടാതെ താനെഴുതിയ ഒരു പിടി ഗാനങ്ങൾക്ക് സ്വന്തമായി ദൃശ്യാവിഷ്‌കാരം യുട്യൂബ് ചാനലിലൂടെ സംഗീതാസ്വാദകർക്ക് സമർപ്പിച്ച അദ്ദേഹം അഭിനയവും തനിക്ക് വഴങ്ങുമെന്നാണ് തെളിയിച്ചത്.  
മലയാള ചിത്രമായ 'വീര''ത്തിന്റെ നിർമാതാവായിരുന്നു ചന്ദ്രമോഹൻ പിള്ള എന്നതും പ്രത്യേക പരാമർശമർഹിക്കുന്നു. 


 

Latest News